കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ അശ്ലീല വിഡിയോയ്ക്കെതിരെ നടി ജൂഹി റുസ്തഗി കഴിഞ്ഞ ദിവസം സൈബർ സെല്ലിൽ പരാതി നൽകി. നടി ജൂഹിക്കെതിരെ നടന്നത് സൈബർ വ്യക്തിഹത്യയാണ്.
ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്നും ജൂഹി പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന അശ്ലീല പ്രചരണത്തിനെതിരെ കേസ് കൊടുത്ത കാര്യം ജൂഹി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. മലയാളികൾക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. ഫെയ്സ്ബുക്, വാട്സാപ് വഴി ഇത്തരം സൈബർ ആക്രമണം പതിവ് വാർത്തയാണ്. എന്നാൽ ഇത്തരക്കാർക്കെതിരെ ആരും പരാതി നൽകാനോ പ്രതികരിക്കാനോ പോകാറില്ല.
ജൂഹിയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ ഫെയ്സ്ബുക് വഴിയാണ് പുറത്തുവന്നത്. ഈ ഫോട്ടോ പിന്നീട് നിരവധി ഗ്രൂപ്പുകളിലും വാട്സാപ് വഴിയും പ്രചരിക്കുകയായിരുന്നു. സൈബർ സൈക്കോകളാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. അശ്ലീല കുറിപ്പോടെ വ്യാജ അക്കൗണ്ടിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് കമന്റിട്ട് ആസ്വദിക്കുന്നത് സൈബർ സൈക്കോകളുടെ പതിവ് ഹോബിയായി മാറിയിരിക്കുന്നു.
ചിത്രങ്ങൾ മോർഫ് ചെയ്തു മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നവരും കുറവല്ല. സ്ത്രീകളുടെ പേരും ഫോട്ടോകളും ഉപയോഗിച്ച് പേജുകളുണ്ടാക്കി അശ്ലീല പോസ്റ്റുകൾ ചെയ്യുന്നവർ നിരവധിയാണ്. ഇത്തരം അക്കൗണ്ടുകൾ ചിലതൊക്കെ ഫെയ്സ്‍ബുക് ബ്ലോക്ക് ചെയ്യുന്നുണ്ട്.
പ്രാദേശിക ഭാഷകളിലെല്ലാം സജീവമായ ഫെയ്സ്ബുക്കിൽ, ഓരോ ഭാഷയിലും പ്രാവീണ്യം നേടിയ എത്ര വിദഗ്ധർ ഇതിലെ ഉള്ളടക്കം പരിശോധിക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, പല അന്വേഷണത്തിനും വ്യക്തമായ ഉത്തരം ലഭിക്കാറില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്താൽ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടിയടുക്കുമെന്നാണ് ഫെയ്സ്ബുക് അധികൃതർ പറയുന്നത്.
ആധുനിക ടെക് ലോകത്ത് അവളെ ‘കൊല്ലാതെ കൊല്ലാൻ’ ഒരുപാട് പേരുണ്ട്, എന്നാൽ സുരക്ഷയോ ഇല്ല! തെരുവിൽ ആക്രമിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് സോഷ്യൽമീഡിയകളിലാണ്. ഗ്രാമങ്ങളിൽ ഉൾപ്പെടെ ഹൈസ്പീഡ് ഇന്റർനെറ്റ് നെറ്റ്‌വർക് ലഭ്യമാക്കാനും സർക്കാർ സേവനങ്ങളുൾപ്പെടെ ഓൺലൈൻ പ്ലാറ്റ്ഫോമിലെത്തിക്കാനും ലക്ഷ്യമിട്ട് ഡിജിറ്റൽ ഇന്ത്യ വിപ്ലവത്തിനു രാജ്യം തയാറെടുക്കുമ്പോൾ സൈബർ ഇടങ്ങളിലെ ഒളിയാക്രമണങ്ങളിൽ കാലിടറി വീഴുകയാണ് സ്ത്രീകൾ. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഓൺലൈൻ സ്പേസിലെ സ്ത്രീകളുടെ ഇടപെടലും സ്വതന്ത്രമായ അഭിപ്രായ, ആശയാവിഷ്കാരവും കടുത്ത ലൈംഗികച്ചുവയുള്ള പരാമർശങ്ങളോടെയാണ് ആക്രമിക്കപ്പെടുന്നത്.
തങ്ങളുടെ വ്യക്തിവിവരങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടുമെന്ന സമ്മർദത്തിനു കീഴിലാണ് സ്ത്രീകളുടെ സൈബർ ഇടപെടലുകൾ. പ്രായ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളും ‘ഓൺലൈൻ അബ്യൂസ്’ നേരിടുന്നതായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന GOIS സോഫ്റ്റ്‌വെയർ ലാബ് നടത്തിയ പഠനം പറയുന്നു. 10,000 പ്രതികരണങ്ങൾ ലഭിച്ച ഈ ഓൺലൈൻ സർവേയിൽ പങ്കെടുത്ത 56% പേരും സോഷ്യൽ മീഡിയയിൽ നേരിടുന്ന പ്രധാന പ്രശ്നം കടുത്ത ലൈംഗിക പരാമർശങ്ങളാണെന്നു വ്യക്തമാക്കി.
ഓൺലൈൻ സുരക്ഷിതമായ ഇടമായി കാണുന്നില്ലെന്ന് സ്ത്രീകൾ അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.
ഏതാണ്ട് 46% പേരും ഇന്റർനെറ്റിൽ വ്യക്തി വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നം നേരിട്ടവരാണ്. ഫെയ്സ്ബുക് (89%), വാട്‌സാപ് (50) എന്നിവ വഴിയാണ് ഓൺലൈൻ അബ്യൂസേഴ്സ് സ്ത്രീകളെ ലക്ഷ്യമിടുന്നതെന്നു സർവേയിൽ പങ്കെടുത്തവർ പറയുന്നു. 36% സ്ത്രീകളും ഓൺലൈൻ സ്റ്റോക്കിങ്ങിന് വിധേയരായവരാണ്.
ഓൺലൈനിൽ കടുത്ത ആക്രമണം നേരിടുമ്പോഴും ഇതിനെതിരെ നിയമനടപടികൾക്കു സ്ത്രീകൾ മുതിരുന്നില്ലെന്നതാണ് മറ്റൊരു പ്രധാന വസ്തുത. 89% പേരും സൈബർ അക്രമിക്കെതിരെ പരാതി നൽകിയിട്ടില്ല. ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ അവഗണിക്കുകയാണു പതിവ്. നിയമം ഫലപ്രദമാണെന്നു കരുതുന്നില്ലെന്ന് 28% പേരും സൈബർ പൊലീസിന് സഹായിക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്ന് 11% പേരും അഭിപ്രായപ്പെട്ടു..
സുരക്ഷ പാളിയാൽ
സൈബർ സുരക്ഷ ചോദ്യചിഹ്നമായാൽ അതിന്റെ പ്രത്യാഘാതം ചില്ലറയാകില്ല.
സൈബർ ലോകത്ത് സ്ത്രീകൾക്കെതിരായ ആക്രമണം തടയാനും ഇത്തരം സോഷ്യൽ മീഡിയ ബിഹേവിയർ മെച്ചപ്പെടുത്താനും നടപടിയുണ്ടായില്ലെങ്കിൽ ഗുരുതരമായ സാമൂഹ്യ സാംസ്കാരിക വിപത്താകുമെന്നും ഇതു ഓൺലൈൻ വ്യാപാരരംഗമുൾപ്പെടെയുള്ള തലത്തിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നും GOIS സോഫ്റ്റ്‌വെയർ ലാബ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ നന്ദകിഷോർ ഹരികുമാർ പറയുന്നു.
യുഎസിൽ നടത്തിയ പഠനത്തിൽ ഏതാണ്ട് 30–40 ലക്ഷം ആളുകൾ സോഷ്യൽ മീഡിയ ഉപയോഗത്തിൻ നിന്നു പിന്മാറിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും സൈബർ ഇടങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതും വെബ്സൈറ്റ് വഴി ഉൽപന്നങ്ങൾ വാങ്ങുന്നതുമെല്ലാം ഇവർ നിർത്തി. ഓൺലൈൻ ഇടങ്ങളിലെ വ്യക്തിവിവരങ്ങളുടെ സുരക്ഷയും സൈബർ അബ്യൂസും ബാധിക്കപ്പെട്ടതിനാലായിരുന്നു ഇത്. ഓൺലൈൻ എന്നാൽ സോഷ്യൽ മീഡിയയിലെ ചാറ്റിങ് മാത്രമല്ലെന്നതും ഓൺലൈൻ വ്യാപാരം ഉൾപ്പെടെയുള്ളവ ഇതിനെ ആശ്രയിച്ചിരിക്കുന്നുവെന്നതും സൈബർ ഇടങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
ഇതേ രീതിയിൽ വൈകാരിക അരക്ഷിതാവസ്ഥയും ആക്രമിക്കപ്പെടുമെന്ന ആശങ്കയും വ്യാപകമാകുമ്പോൾ സ്ത്രീകളും ഓൺലൈൻ ഉപയോഗത്തിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനമെടുത്തേക്കാം. ഡിജിറ്റൽ ഇന്ത്യയായി വളരുന്ന രാജ്യത്തിൽ ഇതു ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമായാകും അനുഭവപ്പെടുക..
No comments:
Post a Comment