Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 30 April 2020

റ്റൈഫോയിഡ്‌ മേരി: സംഭവിച്ചത് തിരുത്താൻ ആവുന്ന ഒരു Undo ബട്ടൺ ഇല്ല ജീവിതത്തിൽ..

വടക്കൻ അയർലന്റിൽ നിന്ന് അമേരിക്കയിലേക്ക്‌ കുടിയേറിയ ഒരു കുക്ക്‌ ആയിരുന്നു മേരി മലൻ

1900 മുതൽ 1907 വരെ കാലഘട്ടത്തിൽ മേരി കുക്ക്‌ ആയി ജോലി ചെയ്ത ന്യൂയോർക്കിലെയും മാൻഹാട്ടനിലെയും പല കുടുംബങ്ങളിലായി ഒട്ടനവധി ആളുകൾക്ക്‌ റ്റൈഫോയ്ഡ്‌ പിടിപെട്ടു

മേരിക്ക്‌ റ്റൈഫോയ്ഡ്‌ ഉള്ളതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല

ആരും മേരിയെ സംശയിച്ചതുമില്ല

മേരി ജോലി ചെയ്ത ഒരു ധനിക കുടുംബം ജോർജ്ജ്‌ സോപ്പർ എന്ന റ്റൈഫോയ്ഡ്‌ ഗവേഷകനെ തങ്ങൾക്ക്‌ രോഗബാധ ഉണ്ടായത്‌ എങ്ങനെയെന്ന് അറിയാനായി നിയോഗിച്ചു

റ്റൈഫോയ്ഡ്‌ ബാധ മേരിയിൽ നിന്നാവാം ഉണ്ടായതെന്ന് സോപ്പർ അനുമാനിച്ചു

മേരി ജോലി ചെയ്ത 7 കുടുംബങ്ങളിലും റ്റൈഫോയ്ഡ്‌ ഉണ്ടായതായി സോപ്പർ കണ്ടെത്തി

എന്നാൽ മേരി ഇതൊന്നും അംഗീകരിച്ചില്ല. ആരോഗ്യപരിശോധനകൾക്ക്‌ വിധേയമാവാനും അവർ തയ്യാറായില്ല

1907 മുതൽ 1910 വരെ മേരിയെ നിർബന്ധ പൂർവ്വം ഐസൊലേഷനിൽ നിർത്തി

1908 ലാണ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ മേരിയെ "റ്റൈഫോയ്ഡ്‌ മേരി" എന്ന് വിളിക്കുന്നത്‌. ആ പേര്‌ പിന്നെ പ്രശസ്തമായി

ഐസൊലേഷൻ മൂന്ന് വർഷം പിന്നിട്ടപ്പോൾ, ഇനി കുക്ക്‌ ആയി ജോലി ചെയ്യില്ല എന്ന വ്യവസ്ഥയിൽ മേരിയെ മോചിപ്പിച്ചു

കുറച്ചുകാലം അലക്കുകാരിയായി ജോലി ചെയ്ത മേരി വീണ്ടും കുക്ക്‌ ആയി. പല പല കുടുംബങ്ങളിൽ ജോലി നോക്കിയ റ്റൈഫോയ്ഡ്‌ മേരി അവിടങ്ങളിലെല്ലാം റ്റൈഫോയ്ഡ്‌  പരത്തി

ഒരു കുടുംബത്തിൽ രോഗബാധ ഉണ്ടായാൽ ഉടനെ മേരി അവിടെ നിന്ന് സ്ഥലം വിടും. പിന്നെ വേറൊരു വീട്ടിൽ കുക്ക്‌ ആയി ജോലിക്ക്‌ ചേരും. ആ അഞ്ച്‌ വർഷവും മേരിയെ കണ്ടെത്താൻ കഴിഞ്ഞില്ല

ഒടുവിൽ 1915 ൽ പിടിയിലായ മേരിയെ പബ്ലിക്‌ ഹെൽത്ത്‌ അധികൃതർ നോർത്ത്‌ ബ്രദർ ദ്വീപിൽ ഐസൊലേഷനിൽ അയച്ചു

1938 ൽ മരിക്കുന്നത്‌ വരെ പിന്നീടുള്ള 23 വർഷം മേരി ഐസൊലേഷനിൽ കഴിഞ്ഞു

ഒരുപാട്‌ പേർക്ക്‌ റ്റൈഫോയ്ഡ്‌ പടർത്തിയ മേരിക്ക്‌ ഒരിക്കൽ പോലും റ്റൈഫോയ്ഡ്‌ രോഗ ലക്ഷണങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല

മരണശേഷം നടത്തിയ പരിശോധനയിൽ മേരി റ്റൈഫോയ്ഡ്‌ രോഗാണുവാഹക ആണെന്ന് സ്ഥിരീകരിച്ചിരുന്നു

പകർച്ചവ്യാധിയും പൊതുജനാരോഗ്യവും സംബന്ധിച്ച പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളി റ്റൈഫോയ്ഡ്‌ മേരിയെ പോലെയുള്ള  Asymptomatic Carrier അതായത്‌, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗാണുവാഹകർ, മുഖേന രോഗം പടരുന്നതാണ്‌

ഇതുകൊണ്ടാണ്‌, കോവിഡ്‌ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വന്നവർ, രോഗ ലക്ഷണം ഇല്ലെങ്കിലും, നിർബന്ധമായും ഹോം ഐസൊലേഷനിൽ കഴിയണം എന്ന് പറയുന്നത്‌

അത്‌ ആരോഗ്യ പ്രവർത്തകരുടെയും, സർക്കാരിന്റെയും നിർദ്ദേശപ്രകാരം നിർബന്ധമായും പാലിക്കണം. അല്ലെങ്കിൽ നമ്മളറിയാതെ നമ്മൾ മറ്റൊരു റ്റൈഫോയ്ഡ്‌ മേരി ആയി മാറും

അത് പോലെ തന്നെയാണ് ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കണം എന്ന നിർദ്ദേശവും. അത്തരം നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കേമമായി കല്യാണവും, സമ്മേളനങ്ങളും, സ്വീകരണങ്ങളും ഒക്കെ നടത്തി സ്വയം ടൈഫോയിഡ് മേരി ആവാതെ ശ്രദ്ധിക്കണം. 

സംഭവിച്ചത് തിരുത്താൻ ആവുന്ന ഒരു Undo ബട്ടൺ ഇല്ല ജീവിതത്തിൽ

നമുക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻ കരുതൽ നടപടികൾ, ആരോഗ്യവകുപ്പ്‌ പറഞ്ഞത്‌ പോലെ കൈക്കൊള്ളണം. നിർഭാഗ്യവശാൽ നമുക്ക്‌ അണുബാധ ഉണ്ടായാൽ, അത്‌ വേറെ ഒരാളിലേക്ക്‌ പോലും പകരാതിരിക്കാൻ വേണ്ട പ്രതിരോധവും ആരോഗ്യവകുപ്പ്‌ പറഞ്ഞത്‌ പോലെ അക്ഷരം പ്രതി കൈക്കൊള്ളണം

ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരാൾ ഐസൊലേഷനിൽ കഴിയണോ എന്ന് നിർദ്ദേശം നൽകേണ്ടത്‌ ആരോഗ്യവകുപ്പാണ്‌. ആ പണി നമ്മൾ എടുക്കാൻ നിൽക്കണ്ട. അത്‌ ശരിയായ പ്രവണതയല്ല. അനാവശ്യമായി അത്തരം ഭീതി പടർത്തുന്ന പണികൾക്ക്‌ ഇറങ്ങാതെയും ശ്രദ്ധിക്കണം 

ഇതിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തരുത്‌. മാനസികമായ പിന്തുണ നൽകണം, പരസ്പരം

നിർണ്ണായക സമയമാണ്‌. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം നിൽക്കണം, വേറെ ഒന്നിനും നേരമില്ല..

No comments:

Post a Comment