ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുട്ടിക്കാനത്തിനു സമീപം കൊല്ലം തേനി ദേശീയപാതയോടു ( പഴയ കോട്ടയം കുമളി റോഡ് ) ചേർന്ന് തല ഉയർത്തി നിൽക്കുന്ന,, ശില്പഭംഗി കൊണ്ടും പൗരാണികതയുടെ കുലീനതകൊണ്ടും ശ്രദ്ധേയമായ ഒരു വീടാണ് അമ്മച്ചിക്കൊട്ടാരം .
ഇരുന്നൂറിൽ പരം വർഷങ്ങൾ പഴക്കമുള്ള കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം തിരുവിതാംകൂർ രാജ കുടുംബത്തിന്റെ വേനൽക്കാല വസതി ആയിരുന്നു .
1800 ന്റെ ആദ്യവർഷങ്ങളിൽ പണികഴിപ്പിച്ച കൊട്ടാരം പുതുക്കിപ്പണിതു മോടി കൂട്ടിയത് തിരുവിതാംകൂറിന്റെ കിഴക്കൻ മലകളിൽ തോട്ടവ്യവസായത്തിനു തുടക്കം കുറിച്ച ജോൺ ഡാനിയേൽ മൺറോ എന്ന ജെ .ഡി മൺറോ ആയിരുന്നു .
പീരുമേട്ടിൽ അദ്ദേഹം സ്ഥാപിച്ച ഗ്ലെൻറോക്ക് എസ്റ്റേറ്റിന്റെ ഭാഗം ആയിരുന്നു അമ്മച്ചിക്കൊട്ടാരം .
1877ൽ മൺറോ തന്റെ പ്രശസ്തമായ ” ദി ഹൈറേഞ്ചസ് ഓഫ് ട്രാവൻകൂർ ” എന്ന പ്രശസ്ത ഗ്രന്ഥം എഴുതിയത് ഈ കൊട്ടാരത്തിൽ വെച്ചാണ്.
1924–1931 കാലയളവിൽ റീജന്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായി തിരുവിതാംകൂറിന്റെ വേനൽക്കാല തലസ്ഥാനമായി ഉപയോഗിച്ചിരുന്നത് അമ്മച്ചിക്കൊട്ടാരം ആയിരുന്നു .
രാജസഭകൾ കൂടാൻ ഉപയോഗിച്ചിരുന്ന ദർബാർ ഹാൾ ഈ കൊട്ടാരത്തിന്റെ പ്രത്യേകതയായിരുന്നു .
ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടുന്നതിനുള്ള രണ്ടു രഹസ്യ തുരങ്കങ്ങളും ഈ കൊട്ടാരത്തിൽ ഉണ്ട് . സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിന്റെ വസ്തുവകകൾ സംസ്ഥാന സർക്കാരിന്റെ ഭാഗം ആകുമായിരുന്നു എങ്കിലും
കാലങ്ങൾ പിന്നിട്ടപ്പോൾ ഈ കൊട്ടാരം ബെംഗളൂരു ആസ്ഥാനമായുള്ള ഏതോ ഒരു ഐടി കമ്പനിയുടെ ഉടമസ്ഥതയിലായി.
തിരുവിതാംകൂർ രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും സ്വാതന്ത്ര്യത്തിനു ശേഷം കേരള സർക്കാരിനു കീഴിൽ വരേണ്ടിയിരുന്നതുമായ ഈ കൊട്ടാരം എങ്ങനെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ വന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.
മരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന 25 ഏക്കറിന് നടുവിൽ എവിടെയോ ഒരു നിഗൂഢത ഒളിഞ്ഞിരിക്കും പോലെ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നു. കൊട്ടാരത്തിന്റെ നോട്ടക്കാരനായ ധർമ്മ ലിംഗം ചേട്ടൻ കഴിഞ്ഞ 52 വർഷമായി ഇവിടെയുണ്ട്.
കാർബൺ , ഇന്ദ്രിയം, പൈലറ്റ് തുടങ്ങിയ സിനിമകളിലും ഈ കൊട്ടാരം ഇടം പിടിച്ചിട്ടുണ്ട്.
പഴയ കാലത്ത് ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്ന് ബഹുമാനപൂർവ്വം വിളിച്ചിരുന്നു.
അതിനാലാണ് ഈ കൊട്ടാരത്തിന് " അമ്മച്ചി കൊട്ടാരം " എന്ന പേര് വീണതും.
ഇവിടെ നിന്ന് രണ്ടു രഹസ്യ ഇടനാഴികളും ഒരു ഭൂഗർഭപാതയും ഉണ്ട് .
ഭൂഗർഭ പാത പീരുമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് എന്ന് പറയപ്പെടുന്നു .
5 കി.മീ ദൂരം വരുന്ന ഈ തുരങ്കം ഇപ്പോൾ അടച്ചിരിക്കുന്നു.
പകലുകളിൽ മഞ്ഞുമൂടിയും ചെറുമഴത്തുള്ളികളാൽ പുണർന്നും സ്വീകരിക്കുന്ന പ്രകൃതിയാണ് കുട്ടിക്കാനത്തേത്.
നട്ടുച്ച നേരത്തും മഞ്ഞിൽ പാതി മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരം, കാഴ്ചക്കാരിൽ ചിത്രകഥകളിലെ ഭൂതത്താൻ കോട്ടയെ അനുസ്മരിപ്പിക്കും.
ജെ.ഡി.മൺറോ എന്ന വിദേശിയാണ് ഈ കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു.
കേരളീയ വാസ്തു ശില്പശൈലിയിൽ പണിതിരിക്കുന്ന ഈ കൊട്ടാരക്കെട്ടിന്റെ അകത്തളങ്ങൾക്കു വിദേശ നിർമിതിയുടെ മുഖഛായ നൽകിയിട്ടുണ്ട്.
കൊട്ടാരത്തിന് മരപ്പലകകളാൽ മച്ചുകൾ നിർമിച്ചിട്ടുണ്ട്.
നിലത്തിനു ഭംഗിയേകിയിരിക്കുന്നതു തറയോടുകളാണ്.
വിദേശ നിർമിത വിളക്കുകൾ, ബാത്റൂം ഉത്പന്നങ്ങള്‍, ടൈലുകൾ തുടങ്ങി അക്കാലത്തു ലഭ്യമായ മുന്തിയ സാമഗ്രികൾ എല്ലാം തന്നെ ഈ കൊട്ടാര നിർമിതിക്ക് ഉപയോഗിച്ചിട്ടുണ്ട്.
നാലുപുറവും നീളൻ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേർന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഹാളുകൾ മൂന്നു ശയന മുറികളും അടുക്കള കൂടാതെ രണ്ടു ഇടനാഴികളുമുണ്ട്.
ഇതിൽ ഒരു ഇടനാഴി കൊട്ടാരം സേവകർക്കു കൊട്ടാരത്തിന്റെ വിവിധഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ളതായിരുന്നുവെന്നു കരുതപ്പെടുന്നു..
No comments:
Post a Comment