മാതൃത്വം ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്‍ അച്ഛനും പങ്കുണ്ട്.
എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്‍ഭധാരണത്തിന്റെയും ലക്ഷ്യം. 38 ആഴ്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ വളര്‍ച്ചയിലെത്താന്‍ വേണ്ട സര്‍വ ഘടകങ്ങളും നല്‍കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്.
ഗര്‍ഭധാരണം എപ്പോള്‍?
ഗര്‍ഭധാരണം ഒരിക്കലും 'അബദ്ധ'ത്തില്‍ ആവരുത്. ഒരു കുഞ്ഞിനെ വഹിക്കാന്‍ ശാരീരികവും മാനസികവുമായ ഒരുക്കം ആത്യാവശ്യമാണ്. എപ്പോള്‍ ഗര്‍ഭിണിയാവണം എന്നത് ആസൂത്രിതമായി ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഓരോ വ്യക്തിയുടെയും ജീവിതം ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്നു.
ഗര്‍ഭപാത്രത്തില്‍ കഴിയുന്ന 266 ദിവസങ്ങളില്‍ ഭാവിജീവിതത്തിന്റെ എല്ലാ അടിത്തറയും സൃഷ്ടിക്കപ്പെടുന്നു. പ്രത്യേകിച്ച് ആദ്യത്തെ 5 മാസത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക അവയവങ്ങള്‍ രൂപാന്തരപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയോടൊപ്പം ഈ 'ഭാരം' ചുമക്കാനായി ഗര്‍ഭിണിയുടെ ഗര്‍ഭപാത്രമടക്കം മറ്റെല്ലാ അവയവങ്ങളിലും മാറ്റം സംഭവിക്കുന്നു. ഹൃദയം, രക്തധമനികള്‍, വൃക്ക, കരള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പുതിയ അതിഥിക്ക് സൗകര്യമൊരുക്കാനായി തയ്യാറാവുന്നു.
ആരോഗ്യപ്രശ്‌നമുള്ളവര്‍ ശരിയായ തയ്യാറെടുപ്പില്ലാതെ ഗര്‍ഭിണിയാവരുത്. അത് ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നല്‍കാന്‍ ബുദ്ധിമുട്ടാവും. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവണം. പ്രമേഹ രോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച ശേഷമേ ഗര്‍ഭിണിയാകാവൂ. പ്രമേഹരോഗികളില്‍ അംഗവൈകല്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ രോഗം, അപസ്മാരം, തൈറോയിഡ് രോഗങ്ങള്‍, മറ്റു പാരമ്പര്യ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ. ഗര്‍ഭിണിയാവുന്നതിന്റെ ഒരു മാസം മുന്‍പെങ്കിലും ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുമൂലം ചിലതരം അംഗവൈകല്യങ്ങള്‍ തടയാനാവും.
മാനസിക തയ്യാറെടുപ്പ്
മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്‌നേഹവും പകര്‍ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാവുമോ? എങ്കില്‍മാത്രം മുന്നോട്ടു പോവുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സന്തോഷവും സമാധാനവുമുള്ളവരായിരിക്കണം.
പരിരക്ഷ
മാസമുറ തെറ്റുമ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് രണ്ട് ആഴ്ച വളര്‍ച്ചയായിട്ടുണ്ടാവും. മാസമുറ തെറ്റിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. പാരമ്പര്യ രോഗമുള്ളവര്‍, കുടുംബത്തില്‍ അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറോട് തുറന്നുപറയണം. ഏതെങ്കിലും മരുന്നിന് അലര്‍ജിയുണ്ടെങ്കിലും മറച്ചുവെക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേപ്പറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 7 മാസം വരെ മാസത്തില്‍ ഒരിക്കലും അതിനുശേഷം രണ്ടാഴ്ചയിലൊരിക്കലും ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമുള്ള വിറ്റാമിന്‍ ഗുളികകള്‍, അയേണ്‍, കാത്സ്യം ഗുളികകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കുകയും വേണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട ഘടകങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ശരിയായ ആഹാരരീതിയും അമ്മയുടെ മാനസിക അവസ്ഥ, ശരിയായ കുടുംബാന്തരീക്ഷം എന്നിവയാണ്.
ആഹാരക്രമം
ശരിയായ ഭക്ഷണക്രമം കുഞ്ഞിന്റെ കൃത്യമായ വളര്‍ച്ചയെ സഹായിക്കുന്നു. അമ്മ കഴിക്കുന്ന ആഹാരം രക്തത്തിലലിഞ്ഞ്, അതിലൂടെ ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ പോഷകം ലഭിക്കുന്നു.'പൊടി' വാങ്ങി കലക്കിക്കുടിച്ചാല്‍ മതി, ആരോഗ്യമുള്ള കുഞ്ഞുണ്ടാവും എന്ന പരസ്യവാചകത്തില്‍ മയങ്ങി, അതു മാത്രം കഴിക്കുന്ന അമ്മമാരും കുറവല്ല. വീട്ടില്‍ ലഭ്യമാവുന്ന ഊര്‍ജവും പോഷകവും നിറഞ്ഞ ആഹാരം കഴിക്കുന്നതാണ് ബുദ്ധി. ഇവയിലൂടെ ലഭിക്കുന്ന ഊര്‍ജവും പോഷകവും തീര്‍ച്ചയായും പരസ്യങ്ങളില്‍ കാണുന്ന ടിന്‍ഫുഡുകളില്‍ ഇല്ല. ചോറ്, പയറ്, കടല, പരിപ്പ്, മീന്‍, മുട്ട, പാല്‍, കൂവരക്, പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയെല്ലാം പ്രധാനമാണ്. നിത്യേന മൂന്നോ നാലോ ഗ്ലാസ് പാല്‍ അല്ലെങ്കില്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കണം . അഞ്ചു മുതല്‍ പത്തു വരെ കപ്പ് പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരം ഏഴു പ്രാവശ്യമായി ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ധാരാളം മീന്‍ കഴിക്കുന്നവര്‍ക്ക് ഗര്‍ഭകാല പ്രയാസങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.
മാസം തികയാതെയുള്ള പ്രസവം, തൂക്കം കുറഞ്ഞ കുഞ്ഞ് ഇവയെല്ലാം ധാരാളം മത്സ്യം കഴിക്കുന്നവരില്‍ കുറവാണ്. നിത്യേന കരിക്കിന്‍വെള്ളം കുടിച്ചാല്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയെ അത് സഹായിക്കും. പരസ്യങ്ങളില്‍ കാണുന്ന നിറം പിടിപ്പിച്ച പാനീയങ്ങള്‍ കുടിക്കരുത്.
രാവിലെയുള്ള ഛര്‍ദി
ഇത് ആദ്യത്തെ മൂന്നു മാസം സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടമാണ് ഈ സമയത്ത് നടക്കുന്നത്. ഹാനികരമായതൊന്നും ഗര്‍ഭസ്ഥശിശുവിന് ഏല്‍ക്കാതിരിക്കാനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധമാര്‍ഗമാണ് ഛര്‍ദി. ഇത് ഒരു രോഗമല്ല. ഛര്‍ദിച്ചാല്‍ കുഴപ്പമാവും എന്ന് തെറ്റിദ്ധരിച്ച് അത് മാറ്റാനായി മരുന്ന് കഴിക്കുന്നതും, ഡ്രിപ്പ് എടുക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ എടത്താല്‍ മാത്രം മതി. ഇഞ്ചിനീര് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. തണുത്ത ആഹാരം, എരിവും മസാലയും കുറഞ്ഞ ആഹാരം, ഇഷ്ടം തോന്നുന്ന ആഹാരം എന്നിവ ഉപയോഗിച്ചാല്‍ ഓക്കാനവും ഛര്‍ദിയും നിയന്ത്രിക്കാനാവും.
സ്‌കാനിങ്
അഞ്ച് മാസത്തിനു മുന്‍പേ ചെയ്യുന്ന സ്‌കാനിങ്ങിലൂടെ അംഗവൈകല്യങ്ങള്‍ പലതും കണ്ടുപിടിക്കാനാവുന്നു. ഭൂണത്തിന്റെ വളര്‍ച്ച, അസാ ധാരണമായ ഗര്‍ഭാവസ്ഥ, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ്, ശിശുവിനു ചുറ്റും ആവരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, ശിശുവിന്റെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അനക്കത്തിന്റെയും അവസ്ഥ, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാം. മറ്റു പ്രശ്‌നങ്ങളില്ലാത്ത സാധാരണ ഗര്‍ഭിണികള്‍ക്ക് ഒന്നോ രണ്ടോ സ്‌കാന്‍ മാത്രം മതിയാവും. 140 സെന്റീമീറ്ററില്‍ കുറവു പൊക്കമുള്ളവര്‍, 40 കിലോയില്‍ താഴെ തൂക്കമുള്ളവര്‍, പ്രായം 18 വയസ്സിനു താഴെയും 35 വയസ്സിനു മുകളിലുള്ളവര്‍, മറ്റു ആരോഗ്യപ്രശ്‌നമുള്ളവര്‍, നേരത്തെ സിസേറിയന്‍ വഴി പ്രസവം നടന്നവര്‍, ആദ്യപ്രസവത്തില്‍ മാസം തികയാതെ പ്രസവിച്ചവര്‍, പ്രസവത്തില്‍ കുഞ്ഞു മരിച്ചവര്‍, മൂന്നില്‍ കൂടുതല്‍ പ്രസവിച്ചിട്ടുള്ളവര്‍, രണ്ടോ അതില്‍ കൂടുതല്‍ പ്രാവശ്യമോ അടുപ്പിച്ച് ഗര്‍ഭം അലസിപ്പോയിട്ടുള്ളവര്‍, വന്ധ്യതാ ചികിത്സയിലൂടെ ഗര്‍ഭിണിയായവര്‍ - ഇവര്‍ക്കെല്ലാം പ്രത്യേകമായി വിദഗ്ധചികിത്സ ആവശ്യമാണ്. ഗര്‍ഭിണികളിലുണ്ടാവുന്ന അപായസൂചനകള്‍ പ്രത്യേകം അറിയേണ്ടതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം, കാല്‍പ്പാദങ്ങളില്‍ നീരു വന്ന് വീര്‍ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, നീണ്ടുനില്‍ക്കുന്ന തലവേദന, വയറുവേദന, ഉറക്കക്കുറവ്, വെള്ളം പൊട്ടിപ്പോവുക, ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കുറയുക എന്നിവ കണ്ടാല്‍ ഉടനെ വിദഗ്ധപരിശോധന തേടുക.
നടുവേദന
മിക്കവാറും എല്ലാ ഗര്‍ഭിണികളെയും നടുവേദന അലട്ടാറുണ്ട്. വളരെനേരം നിന്നോ ഇരുന്നോ ജോലിചെയ്യുന്നവര്‍, അമിത വണ്ണമുള്ളവര്‍, ശരിയായ വ്യായാമമില്ലാത്തവര്‍ എന്നിവരിലാണ് കൂടുതലായി ഇതു കണ്ടുവരുന്നത്. വേദനയുള്ള ഭാഗത്ത് ചെറിയ ചൂടുവെക്കുന്നത് വേദന കുറയാന്‍ സഹായിക്കും. ഇരിക്കുമ്പോള്‍ നടുവിന് താങ്ങ് നല്‍കാനായി ഉറപ്പുള്ള തലയണയോ മറ്റോ ഉപയോഗിക്കുക. കിടക്കുമ്പോള്‍ ചെരിഞ്ഞു കിടക്കണം. നടുവിന്റെ ഭാഗത്ത് ഒരു ബഡ് ഷീറ്റ് മടക്കിയോ തലയണയോ താങ്ങായി വെക്കുക. കാല്‍മുട്ടുകള്‍ മടക്കിവക്കുക എന്നിവ വേദനയകറ്റാന്‍ സഹായിക്കും. ഗര്‍ഭകാലത്തെ ഒരു പ്രത്യേകതയാണ് മലബന്ധം. ചെറു ചൂടുവെള്ളം കുടിക്കുക, നാരുകള്‍ നിറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രതിവിധി.
തൂക്കം കുറഞ്ഞാല്‍
ശിശുവിന്റെ ശാരീരിക, മാനസിക, ബുദ്ധിപരമായ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് തൂക്കക്കുറവ്. ജനനസമയത്ത്് കുഞ്ഞിന് 2.8 മുതല്‍ 3 കിലോ വരെ തൂക്കം വേണം. 2.5 കിലോക്കു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ച്ച മുരടിച്ചതും തൂക്കം കുറഞ്ഞതുമായി കരുതുന്നത്. പ്രതിരോധശക്തി കുറഞ്ഞ ശിശുക്കള്‍ക്ക് പ്രസവശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലത്ത് തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ശരിയായി കിട്ടാതെവരുന്നു. ജന്നി വന്ന് സ്ഥിരമായ ബുദ്ധിമാന്ദ്യത്തിനുവരെ ഇടയായേക്കാം. ഗര്‍ഭകാലത്ത് പോഷകാഹാരക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവ ഉള്ളവരിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഗര്‍ഭകാലത്തെ മാനസിക സംഘര്‍ഷം, ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലും ഭാവിയിലെ സ്വഭാവരൂപവത്കരണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നു.
No comments:
Post a Comment