Saturday, 11 April 2026

ന്യൂ സൗത്ത് വെയിൽസിൽ, വാഹനം ഓടിക്കുന്നവർക്കായി..

ന്യൂ സൗത്ത് വെയിൽസിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ വാഹനമോടിക്കുമ്പോൾ കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ ഓഡിയോ പ്ലേ ചെയ്യാനോ നാവിഗേഷൻ പോലുള്ളവ ഫുൾ ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് സഹായമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് റോഡ് സുരക്ഷാ വകുപ്പ്  താമസക്കാരെ ഓർമ്മിപ്പിച്ചു.

"സാധാരണ മൊബൈൽ ഫോൺ റോഡ് നിയമങ്ങൾ അനുസരിച്ച് ടെക്സ്റ്റിംഗ്, ഇമെയിൽ അയയ്ക്കൽ, സോഷ്യൽ മീഡിയ, വെബ് ബ്രൗസിംഗ് എന്നിവയുൾപ്പെടെ മറ്റെല്ലാ പ്രവർത്തനങ്ങളും അനുവദനീയമല്ല,"

പൂർണ്ണ ലൈസൻസ് ഉടമകൾക്ക് നാവിഗേഷൻ, ഓഡിയോ അല്ലെങ്കിൽ കോളുകൾക്കായി മൗണ്ട് ചെയ്ത ഫോൺ ഉപയോഗിക്കാം.

നിയമം വളരെ വ്യക്തമാണ്.

വാഹനം ഓടിക്കാൻ പഠിക്കുന്നവരും കൂടാതെ  പി1 ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. പൂർണ്ണവിരാമം," വേണമെന്ന് റോഡ് ഫൈൻ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന അഭിഭാഷകൻ ഹെയ്‌ഡർ ഷ്കാര . അറിയിച്ചു. 

 "അതിൽ മാപ്പുകൾ, ബ്ലൂടൂത്ത്, ആപ്പിൾ കാർപ്ലേ, സംഗീതം പ്ലേ ചെയ്യൽ, വിളിക്കൽ, അവർ ഫോണിൽ തൊടുന്നില്ലെങ്കിലും, ഫോൺ മൌണ്ട് ചെയ്തിട്ടുണ്ടെങ്കിലും, ഫോൺ ബൂട്ടിലാണെങ്കിൽ പോലും ഉൾപ്പെടുന്നു! അത് ഫോണിൽ നിന്നാണ് വരുന്നതെങ്കിൽ, അത് നിയമവിരുദ്ധമാണ്."

റോഡ് സുരക്ഷാ വകുപ്പ് അറിയിക്കുന്നു.

 "നിങ്ങൾ ഒരു നിയന്ത്രിത ലൈസൻസ് ഉടമയാണെങ്കിൽ നിങ്ങളുടെ ഫോണിന് ഏറ്റവും അനുയോജ്യമായ സ്ഥലം നിശബ്ദതയിലും ബാഗിലുമാണ്." 

ഈ നിയമമാണ് അടുത്തിടെ ഒരു യുവ ഡ്രൈവർക്ക് 400 ഡോളർ പിഴയും അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ചുമത്തിയത്. സിഡ്‌നിയിൽ നിന്നുള്ള 22 കാരിയായ മക്രീന എന്ന സ്ത്രീ പറഞ്ഞത്, അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ റാൻഡം ബ്രീത്ത് ടെസ്റ്റിംഗ് നടത്തി തന്നെ തടഞ്ഞു നിർത്തി, പക്ഷേ നാവിഗേഷൻ സിസ്റ്റത്തിൽ പ്ലഗ് ചെയ്ത തന്റെ ഫോൺ ഉദ്യോഗസ്ഥന്റെ ശ്രദ്ധ പിടിച്ചുപറ്റി എന്നാണ്.

"അയാൾ പറഞ്ഞത്, 'ഇല്ല, നിങ്ങൾക്ക് അത് അനുവദനീയമല്ല' എന്നാണ്," മക്രീന സോഷ്യൽ മീഡിയയിൽ പറഞ്ഞു. പോലീസ് ഓഫീസർ ഒരു റോഡ് യൂസർ ഹാൻഡ്‌ബുക്ക് ഹാജരാക്കി തന്റെ താൽക്കാലിക P2 ലൈസൻസ് വ്യവസ്ഥകൾ പ്രകാരം അത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നത് വരെ തന്റെ ഫോൺ പ്ലഗ് ഇൻ ചെയ്യുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അവർ വിശദീകരിച്ചു.

ഓർമ്മിക്കുക.. 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ന്യൂ സൗത്ത് വെയിൽസ് ഈ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നവരാണ്.. അതിനാൽ ശ്രദ്ധിക്കുക..

Sunday, 5 April 2026

വിശ്വാസവും ശാസ്ത്രവും ഒന്നായി തീർന്ന വെള്ളിയാഴ്ച..


ഏപ്രിൽ 3, 2026 ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേകത..

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിന് സാക്ഷിയായ ഏപ്രിൽ മൂന്നാം തീയതി വീണ്ടും നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്..
ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ദൈവ  ശാസ്ത്രജ്ഞരും ഒരു അപൂർവ്വ സംഗമത്തിന്റെ ദിവസത്തിന് സാക്ഷ്യം വഹിക്കുകയാണ്..

യേശുവിൻറെ പീഡാനുഭവം, കുരിശുമരണം നടന്നത് എഡി 33 ഏപ്രിൽ മൂന്നാം തീയതിയാണ്.. വെറുമൊരു ശാസ്ത്രീയ പഠനത്തിനപ്പുറം ആകാശത്തിലെ നക്ഷത്രങ്ങളും പുരാതന റോമൻ ചരിത്രവും ജൂത കലണ്ടറിലെ ഗണിതശാസ്ത്രവും ഒത്തുചേരുന്ന ദിവസം..

യേശുവിൻറെ ക്രൂശീകരണം എങ്ങനെ കൃത്യമായി കണ്ടുപിടിക്കുക എന്നത് നൂറ്റാണ്ടുകളായി ചരിത്രകാരന്മാർക്ക് ഒരു വെല്ലുവിളിയായിരുന്നു. സുവിശേഷങ്ങളിലെ വിവരണങ്ങൾ നമുക്ക് വ്യക്തമായ ചില വിവരങ്ങൾ നൽകുന്നുണ്ട്..

പന്തിയോസ് പീലാത്തോസ് ഗവർണർ ആയിരുന്ന കാലം, കൈസറുടെ ഭരണകാലം, കയ്യപ്പാസ് എന്ന മത പുരോഹിതന്റെ സാന്നിധ്യം, എന്നിവയെല്ലാം ചരിത്രപരമായ പരിധികളെ നിശ്ചയിക്കുന്നു. യേശു മരിച്ചത് ഒരു വെള്ളിയാഴ്ച ആണെന്നും അത് ജൂതന്മാരുടെ പെസഹാ പെരുന്നാളിന്റെ  തലേദിവസമോ അന്നോ ആണെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നുണ്ട്..

ആധുനിക നക്ഷത്ര നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് എഡി 26 മുതൽ 36 വരെയുള്ള കാലഘട്ടങ്ങളിലെ പെസഹ വെള്ളിയാഴ്ചകളെ നിരീക്ഷിച്ചപ്പോൾ.. ഏപ്രിൽ 3  എഡി 33 എന്ന തീയതി ഏറ്റവും ശക്തമായ ഒരു ബിന്ദുവായി തെളിഞ്ഞുനിന്നു.. ജ്യോതിശാസ്ത്രപരമായ കണ്ടെത്തലാണ് ഈ തീയതിയെ വീണ്ടും ഉറപ്പിക്കുന്നത്..

ബൈബിളിലെ പത്രോസ് അപ്പസ്തോലന്റെ പ്രസംഗങ്ങളിലും പഴയ നിയമ പ്രവചനങ്ങളിലും സൂര്യൻ ഇരുണ്ടുപോകും എന്നും ചന്ദ്രൻ രക്തവർണ്ണമാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്..  ഇത് പ്രതീകാത്മകമായി കാണുന്ന ആളുകൾക്ക് ശാസ്ത്രം ഒരു നല്ല മറുപടി കൊടുക്കുകയാണ് ഇപ്പോൾ..

 ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഭൗതികശാസ്ത്ര  പഠനത്തിൽ എഡി 33 ഏപ്രിൽ മൂന്നിന് വൈകുന്നേരം ജെറുസലേമിലെ ആകാശത്ത് ഒരു ചന്ദ്രഗ്രഹണം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.. ഈ ചന്ദ്രഗ്രഹണത്തിൽ ചന്ദ്രൻ രക്തവർണ്ണമായി കാണപ്പെട്ടു..

 നാസയുടെ വെളിപ്പെടുത്തലുകൾ

 നാസയുടെ കണ്ടെത്തലിൽ ജെറുസലേമിലെ ചക്രവാളത്തിൽ ഉദിച്ചുയർന്നത് രക്തവർണ്ണമുള്ള ചന്ദ്രനാണെന്ന് പറഞ്ഞിട്ടുണ്ട്.. യേശുവിൻറെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അംഗീകരിക്കുന്ന ആദ്യ ശാസ്ത്രീയ സ്ഥാപനമാണ് നാസ..

യേശുവിൻറെ പീഡാനുഭവത്തിലെ അവസാനം നിമിഷ വിവരണത്തിൽ 12 മണി മുതൽ മൂന്നുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.. ജ്യോതിശാസ്ത്രപരമായി ഒരു പൂർണ്ണ ചന്ദ്രൻ ഉള്ള സമയത്ത് സൂര്യഗ്രഹണം സംഭവിക്കുക അസാധ്യമാണ്.. അതുകൊണ്ട് അത് ഒരു സാധാരണ പ്രതിഭാസത്തിനപ്പുറം അസാധാരണമായ ഒരു പ്രതിഭാസമാണ്.. പ്രകൃതി പോലും യേശുവിൻറെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അംഗീകരിക്കുന്നത് പോലെ ഉള്ള ദൈവിക പ്രതിഭാസം..

റോമൻ ചരിത്രകാരനായ ടാസിറ്റസ്.., ജൂത ചരിത്രകാരനായ ക്ലാവിയസ് ജോസിഫസ്.. പീലാത്തോസിന്റെ ഭരണകാലത്ത് നസ്രായനായ യേശുവിൻറെ കുരിശുമരണം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.. ജൂത കലണ്ടറിലെ നിസ്സാൻ 14ന് വെള്ളിയാഴ്ച വരുന്നത് അപൂർവ്വമാണ്. എഡി 33നാണ് ഇതിന് സാധ്യതയുള്ളത്. അതിന് കാരണം സുവിശേഷങ്ങളിലെ വിവരണങ്ങളും യേശുവിൻറെ പരസ്യ ജീവിത കാലഘട്ടവും ആണ്. അങ്ങനെ   എഡി 33 ഏപ്രിൽ 3 എന്നുള്ള തീയതി ശാസ്ത്രവും വിശ്വാസവും ഒന്നുചേർന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്..

ബൈബിൾ വിവരണങ്ങൾ കേവലം കെട്ടുകഥകൾ അല്ലെന്നും അതിന് വളരെ പ്രാധാന്യമുണ്ടെന്നും തെളിയിക്കുന്നതാണ്  ഈ കണ്ടെത്തലുകൾ.. ഏപ്രിൽ 3 എന്നുള്ളത് വെറും തീയതി മാത്രമല്ല.. സ്വർഗ്ഗവും ഭൂമിയും ഒന്നുചേർന്നു എന്നതിൻറെ ശാസ്ത്രീയമായ തെളിവുകളാണ്..

പ്രത്യാശയുടെ ഉയർപ്പ് തിരുന്നാൾ..


എല്ലാവർക്കും ഉയർപ്പ് തിരുന്നാളിന്റെ മംഗളങ്ങൾ നേരുന്നു..

ക്രിസ്തു മരിച്ചുവരുടെയിടയില്‍നിന്ന് ഉയിര്‍ത്തിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. ( വിശുദ്ധ പൗലോസ് ശ്ലീഹാ )

രണ്ടായിരാമാണ്ടില്‍ റോമന്‍ കുരിയായിലെ വാര്‍ഷികധ്യാനത്തിന് വി.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്ഷണിച്ചത് വിയറ്റ്‌നാമില്‍ നിന്നുള്ള വാന്‍ത്വാന്‍ എന്ന മെത്രാനെയായിരുന്നു. നീണ്ട 13 വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ ദൈവത്തില്‍ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ട മെത്രാനായിരുന്നു വാന്‍ത്വാന്‍. കാപ്പി കുടിക്കുന്നതിനിടയില്‍ കുശലാന്വേഷണമായി പരിശുദ്ധ പിതാവ് വാനത്വാന്‍ മെത്രാനോട് ചോദിച്ചു. 

”താങ്കള്‍ എന്തിനെക്കുറിച്ചാണ് ഇന്ന് ഞങ്ങളെ ധ്യാനിപ്പിക്കാന്‍ പോകുന്നത്?"

വാന്‍ത്വാന്‍ തന്റെ ഇരു കരങ്ങളും പിതാവിനു മുന്‍പില്‍ തുറന്ന് പിടിച്ചിട്ട് പറഞ്ഞു. പിതാവേ, കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ടപ്പോള്‍ രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ആരും കാണാതെ വലതു കൈയ്യില്‍ മൂന്നു തുള്ളി വീഞ്ഞും അതില്‍ ഒരു തുള്ളി വെള്ളവുമൊഴിച്ച് ഇടതുകൈയ്യില്‍ കിട്ടിയ അപ്പത്തിന്റെ ഏതാനും പൊടിക്കഷണങ്ങളുമിട്ട് ഞാന്‍ വി.ബലിയര്‍പ്പിച്ചു. അപ്പോഴൊക്കെ വി. ബലിയില്‍ എഴുന്നള്ളി വന്നിരുന്ന കര്‍ത്താവിനോട് ഞാന്‍ ഒന്നു മാത്രമാണ് പ്രാര്‍ത്ഥിച്ചത്. എന്റെ വിശ്വാസത്തെ കാത്തുസൂക്ഷിക്കാനുള്ള വരം തരണമേയെന്ന് മാത്രം”. ചുറ്റം പടരുന്ന ഇരുട്ടിലും എന്റെ കൈകളില്‍ എഴുന്നള്ളിവന്ന് ക്രൂശിതനായ ഈശോ പ്രത്യാശയെക്കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു. ഈ പ്രത്യാശയിലാണ് പിന്നീട് ഞാന്‍ പുറംലോകം കണ്ടതും ഇവിടെ അങ്ങയുടെ മുന്‍പില്‍ നില്‍ക്കുന്നതും. ക്രൂശിതന്‍ എന്നെ പഠിപ്പിച്ച ഈ പ്രത്യാശയെക്കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.

ആര്‍ഷഭാരത സംസ്‌കാരത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളില്‍ ഒന്നായ, മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ള ”മൃത്യോമ അമൃതം ഗമയാ”  മരണത്തില്‍നിന്ന് മരണമില്ലായ്മയിലേക്ക് നയിക്കണമേയെന്ന പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കുന്ന ഉത്തരമാണ് ഈ ഉയിര്‍പ്പു തിരുനാള്‍.

ഇന്നലെയും ഇന്നും എന്നും മനുഷ്യനെ അലട്ടുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ് ”മരണത്തിനപ്പുറം എന്താണ്” എന്നുള്ളത്.

 ഇന്നു മുതല്‍ നമുക്കിടയിലും നമ്മുടെ ജീവിതത്തിലും ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കാരണം ”ഞാനാകുന്നു പുനരുത്ഥാനവും ജീവനുമെന്ന് പഠിപ്പിച്ചവന്‍ അത് നമുക്ക് കാണിച്ച് തന്നിരിക്കുന്നു.

 മരണത്തിന് ശേഷമുള്ള ഉത്ഥാനത്തിലൂടെ നാളെ നിങ്ങള്‍ക്കും എനിക്കും മരണത്തിനപ്പുറമുള്ള ഉത്ഥാനമെന്ന ദൈവീക സത്യത്തിന്റ വെളിപ്പെടുത്തലിലൂടെ.
ഇത് കേവലം ഭൗതീകമായ പ്രത്യാശയല്ല, മറിച്ച് അഭൗമികതയിലുള്ള ഈ ലോകത്തിനപ്പുറത്തേക്കും എത്തി നില്‍ക്കുന്ന ഒരു പ്രത്യാശയാണ്.

 മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുമെന്നും അതിനാല്‍ ഈ ലോക കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാമെന്നും നയിക്കണമെന്നും പഠിപ്പിക്കുന്ന, വിശ്വാസ ജീവിതത്തിനും സഭാസംവിധാനങ്ങള്‍ക്കും അര്‍ത്ഥമില്ലെന്ന് പ്രഘോഷിക്കുന്ന വ്യക്തികളില്‍നിന്നും, മനോഭാവങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളിലുംനിന്നുമൊക്കെ മാറി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന…. നമ്മെ പ്രേരിപ്പിക്കേണ്ട ഒരു പ്രത്യാശയാണിത്.

യേശുവിൽ വിശ്വസിക്കുന്ന നീ എന്തിനാണ്  പ്രത്യാശയില്ലാത്തവരെപ്പോലെ കരയുന്നത്?

 നിന്റെ വേദനകള്‍ക്കും പ്രതിസന്ധികള്‍ക്കും ഉത്തരം നല്‍കാന്‍, ഒരു പരിഹാരം കാണാന്‍ മരണത്തെപ്പോലും തോല്പിച്ച് ഉത്ഥാനത്തിന്റെ വിജകിരീടം ചൂടി നില്‍ക്കുന്ന ക്രിസ്തുവാണ് നിന്റെ രക്ഷകന്‍..

കണ്ണുനീരിന്റെ ദുഃഖവെള്ളിയാഴ്ചകളില്‍ പ്രത്യാശ കൈവിടാതെ ”ഭയപ്പെടേണ്ട നിങ്ങള്‍ക്കു സമാധാനം” എന്ന് പറയുന്നവനില്‍ അഭയം പ്രാപിക്കാന്‍ നമുക്ക് സാധിച്ചാല്‍ ഈസ്റ്ററിന്റെ സന്തോഷവും സമാധാനവും നമ്മെ വ്യക്തിപരമായിത്തന്നെ തേടിവരും..


Saturday, 4 April 2026

പ്രതീക്ഷയുടെ ദുഃഖശനി..

പുതിയ വെളിച്ചവും പുതിയ ജലവും നമുക്കായി ഒരുക്കുന്ന ദിനമാണിത്..

ദുഃഖശനി എന്നത് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്ന ദിനമാണ്. ഏത് സഹനത്തിനും സങ്കടത്തിനും രോഗത്തിനും പ്രശ്‌നത്തിനും ദുരിതത്തിനും ദൈവത്തിന്റെ മുമ്പില്‍ ഒരു പ്രതിവിധി ഉണ്ടെന്നും അവിടുന്ന് നമ്മുടെ ജീവിതത്തില്‍ എല്ലാം നന്മയ്ക്കായി ക്രമീകരിക്കുമെന്നും ഉറച്ച് വിശ്വസിക്കേണ്ട ദിനം..

യേശുവിന്റെ കുരിശുമരണത്തോടെ ശിഷ്യന്മാര്‍ നിരാശയിലാണ്ടുപോയി എന്ന് നമുക്കറിയാം. തങ്ങളുടെ പഴയ ജോലിയിലേയ്ക്ക് പിന്മാറാന്‍ പോലും പലരും തീരുമാനിച്ചതായും നമ്മള്‍ സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. പക്ഷെ, യേശു മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു എന്ന അറിവില്‍, അവര്‍ എല്ലാ നിരാശയില്‍ നിന്നും കരേറുകയാണ്. പ്രതീക്ഷയുടെ പുതുവസന്തത്തിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നു. പിന്നീടുള്ള ശിഷ്യരുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അത് വ്യക്തമാണുതാനും. അവരുടെ പ്രസംഗങ്ങളും മാനസാന്തരപ്പെടുത്തലുകളും സുവിശേഷം പ്രചരിപ്പിക്കുന്നതിനായുള്ള യാത്രകളും അതിന്റെ ഉത്തമമായ തെളിവുകളാണ്. ഉത്ഥിതനെ കണ്ടവന് പിന്നീട് നിരാശയുണ്ടാകുന്നില്ല.

ഉത്ഥിതന്‍ മാത്രമാണ് ശാശ്വതമായ പ്രതീക്ഷ നല്‍കി മനുഷ്യകുലത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്. കാരണം, അവന്‍ പ്രത്യാശ നല്‍കുന്ന ഏറ്റവും വലിയ അടയാളവും വ്യക്തിയുമാണ്. ഏത് പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ. അതാണ് ഉത്ഥിതനായ ഈശോയെ ഓര്‍ക്കുമ്പോള്‍ നമുക്കുമുണ്ടാവേണ്ടത്..

Friday, 3 April 2026

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വെള്ളിയാഴ്ച..

ഇന്ന് ദുഃഖവെള്ളി.. 

ദൈവപുത്രൻ സ്വയം മരണം ഏറ്റ് വാങ്ങിയ വെള്ളിയാഴ്ച.. എല്ലാമുണ്ട് പക്ഷേ ആരുമില്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോയ വെള്ളി.. കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണെ ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണമെന്ന് പറഞ്ഞ, തളർന്നു പോയ മകനെ തകർന്ന ഹൃദയത്തോടെയാണെങ്കിലും മാലാഖ വഴി ആശ്വസിപ്പിച്ച ആബ്ബാ പിതാവായ ദൈവം വല്ലാതെ അകന്നുപോയെന്ന് തോന്നിപ്പിച്ച ദുഃഖ വെള്ളി.. ഒറ്റലിന്റെ വെള്ളിനാണയങ്ങൾക്ക് വിലയില്ലാതാക്കിയ ദു:ഖവെള്ളി..

ഏശയ്യാ പ്രവാചകന്റെ പുസ്തകം 53-ാം അധ്യായത്തിന്റെ നാലാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കും: “നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത് നമ്മുടെ ദുഃഖങ്ങളാണ്. അവന്‍ ചുമന്നത്” വീണ്ടും അഞ്ചാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കും: “നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേറ്റപ്പെട്ടു; നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.

സ്നേഹത്തിലൂടെയും ത്യാഗത്തിലൂടെയും മാത്രമേ ജീവിതത്തിൽ യഥാർത്ഥ സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയൂ എന്ന് ദുഃഖവെള്ളി നമ്മെ പഠിപ്പിക്കുന്നു.

ഈ വിലാപ ദിനത്തിൽ നമുക്ക് പ്രാർത്ഥനയിൽ തല കുനിച്ച് യേശുവിൻ്റെ നിസ്വാർത്ഥ സ്നേഹത്തിന് നന്ദി പറയാം. ദൈവപുത്രന്റെ ത്യാഗം നമുക്ക് നല്ല മനുഷ്യരാകാൻ പ്രചോദനമാകട്ടെ. ഒരു ദുഃഖവെള്ളിയാഴ്ച നേരുന്നു..


Thursday, 2 April 2026

വിശുദ്ധ പെസഹാ ..

യേശുക്രിസ്തു തന്റെ 12 അപ്പോസ്തലന്മാരുമൊത്തുള്ള അവസാന അത്താഴത്തെ അനുസ്മരിക്കുന്നതാണ് പെസഹ. ഇ ദിവസത്തെ പെസഹ വ്യാഴാഴ്ച എന്നാണ് വിളിക്കുന്നത്. 

വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച.  പെസഹാ എന്ന വാക്കിന്റെ അർത്ഥം 'കടന്നുപോകൽ' എന്നാണ്. അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും നൽകുന്ന.., പള്ളികളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ തുടക്കം ആരംഭിച്ചത്  പെസഹാ വ്യാഴാഴ്ചയാണ്.

ഈ ദിവസം 'മോണ്ടി തേസ്‌ഡേ' എന്നറിയപ്പെടുന്നു. മോണ്ടി തേസ്‌ഡേ എന്ന വാക്കിന്റെ അർത്ഥം " ആജ്ഞ " എന്നർത്ഥം വരുന്ന മൊണ്ടാറ്റം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. 

വിശുദ്ധ ബുധനാഴ്ചയ്ക്ക് ശേഷവും ദുഃഖവെള്ളിയാഴ്ചയ്ക്ക് മുമ്പും വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച. 

ഈ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുക എന്നതാണ്.

പെസഹാ ആഘോഷത്തിന്റെ ഭാഗമായ അപ്പം മുറിക്കൽ ശുശ്രൂഷ വൈകുന്നേരങ്ങളിൽ നടക്കും. പെസഹാ വ്യാഴാഴ്ചയാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. അന്ത്യ അത്താഴത്തിന്റെ ഓർമ്മയുടെ ഭാഗമായി ആണ് ഈ അപ്പം ഉണ്ടാക്കുന്നത്. ലോകത്തിലെ എല്ലാ പാപങ്ങളുടെയും മോചനത്തിനായി തന്റെ ശിഷ്യന്മാർക്ക് തന്റെ ശരീരവും രക്തവും നൽകിയ യേശുക്രിസ്തു, അന്ത്യ അത്താഴ വേളയിൽ അപ്പം എടുത്ത്, അതിനെ അനുഗ്രഹിക്കുകയും മുറിക്കുകയും ചെയ്തു. 'ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല" (യോഹ. 6:53).

 നമ്മുടെ കര്‍ത്താവിന്റെ പെസഹ നമുക്ക് ഒരുമയോടെ ആഘോഷിക്കാം.
 വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഈശോയെ നമുക്ക് ഓര്‍ക്കാം. ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയമാണ് ബലിയര്‍പ്പണം. ഏവര്‍ക്കും പെസഹവ്യാഴാഴ്ചയുടെ ആശംസകള്‍ സ്നേഹപൂർവ്വം നേരുന്നു..