Sunday, 23 August 2026

ലിംഗ വലിപ്പവും മിഥ്യധാരണകളും.., വായനക്കാരുടെ സംശയങ്ങൾ..

നല്ലൊരു ശതമാനം പുരുഷന്മാരെയും വേട്ടയാടുന്ന മുഖ്യ ആകുലതകളിൽ ഒന്നാണ് ലിംഗ വലിപ്പം.

വലുപ്പം വർധിപ്പിക്കാൻ ചികിത്സ തേടി തട്ടിപ്പുകൾക്ക് ഇരയാകുന്നവുമുണ്ട്. ലിംഗവലുപ്പം വർധിപ്പിക്കാൻ വേണ്ട ശസ്ത്രക്രിയ മാർഗങ്ങളെപ്പറ്റിയുള്ള പഠനത്തിന് ഇടയ്ക്കാണ് സാധാരണ ഒരാളുടെ ലിംഗത്തിന്റെ വലുപ്പം എത്രയാണെന്നുള്ള അന്വേഷണം ശാസ്ത്ര സമൂഹം തുടങ്ങിയത്. ഇതേപ്പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്.

ഒരു കാര്യം മനസ്സിലാക്കുക.

 പുരുഷലിംഗത്തിന്റെ വലിപ്പം അത്ര പ്രശ്നമല്ല. വലിപ്പമല്ല രതിസുഖത്തിന് നിദാനം, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹവും പങ്കുവയ്ക്കലും രതിപൂർവ്വരീതികളിൽ ഇടപെടുന്ന രീതികളുമാണ്. ലിംഗത്തിന്റെ വലിപ്പം കൂട്ടാൻ പ്രാപ്തമായ മരുന്നുകളൊന്നും ലഭ്യമല്ല.

 ലിംഗവലിപ്പത്തെപ്പറ്റി ഇന്ത്യയിൽ നടന്നിട്ടുള്ള ഏക ശാസ്ത്രീയ പഠനം  look 2007 ലെ ഇന്റർനാഷണൽ ജേണൽ ഓഫ് ഇംപൊട്ടൻസ് റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

" ഉദ്ധരിച്ച ലിംഗത്തിന്റെ ശരാശരി നീളം 13cm ഉം ശരാശരി വണ്ണം 9- 11. 46cm ഉം ആണ്. ഇതിൽ നിന്നും കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള വ്യത്യാസങ്ങൾ സാധാരണമാണ്. "

ലിംഗ വലിപ്പ പ്രകാരം വിവിധ രാജ്യങ്ങളെ എങ്ങനെ തരംതിരിച്ചിരിക്കുന്നു എന്നതിന്റെ മാപ്പ് ചുവടെ ചേർക്കുന്നു..


ലിംഗവലിപ്പം വർധിപ്പിക്കാമെന്ന മോഹന വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിൽ വീഴാതിരിക്കുക.

Saturday, 22 August 2026

കൺസെന്റ് അല്ലെങ്കിൽ സമ്മതം..


ലൈംഗിക ബന്ധത്തിൽ കൺസൻറ് എന്നാൽ എന്ത്?

 ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പരസ്പരം രണ്ട് പേരുടെയും സമ്മതം വേണം.

ഏതെങ്കിലും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, പങ്കാളിയുമായി അത് സുഖകരമാണെന്ന് ഉറപ്പാക്കേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്.

കൺസന്റ് അഥവാ സമ്മതം ചോദിക്കുന്നതോ തരുന്നതോ, വ്യക്തിഗത അതിരുകൾ ബഹുമാനിക്കാൻ ആണ്.

ഇവയെല്ലാം സമ്മതം അർത്ഥമാക്കുന്നില്ല

1.ധരിച്ചിരിക്കുന്ന വസ്ത്രം

2.അയാളെ കണ്ടുമുട്ടിയ ഇടം (ഉദാഹരണം: നിശാ ക്ലബ്)

3.മൗനം 

4.അവരുടെ മുൻ ലൈംഗിക അനുഭവങ്ങൾ

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വേണോ വേണ്ടയോ എന്നുള്ളതു നിങ്ങളുടെ മാത്രം ഇഷ്ടം ആണ്.

സമ്മതമില്ലാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നത് ലൈംഗിക പീഡനമായി കണക്കാക്കപ്പെടുന്നു.

NO MEANS NO.

No എന്ന് കേട്ടാൽ പിന്നീട് അവരെ വശീകരിക്കാൻ ശ്രമിക്കരുത്.

നിർത്തു / Stop

എനിക്ക് വയ്യ ഇന്ന്

എനിക്ക് ഇപ്പോൾ താല്പര്യം ഇല്ല

ഇവയുടെ അർത്ഥം No! എന്ന് തന്നെയാണ്.

മുമ്പ് ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതി അത് ഇനിയും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉള്ള അനുവാദം അല്ല.

കാലങ്ങൾ ആയി ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് പോലും ഓരോ ലൈംഗിക പ്രവർത്തനത്തിനും മുമ്പായി ഓരോ തവണയും - സമ്മതം ആവശ്യമാണ്.

Friday, 21 August 2026

വിമാനത്തിന്റെ ടയറുകൾ..

വളരെ കുറഞ്ഞ സമയത്തേക്ക് വളരെ കൂടിയ ലോഡുകളെ താങ്ങാനുള്ള രൂപത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വിമാനത്തിന്റെ ടയറുകൾ.

വിമാനത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് വിമാനത്തിന് ആവശ്യമായ ടയറുകളുടെ എണ്ണവും വർദ്ധിക്കുന്നു.എയർബസ് A318ന് 6 ടയറുകളാണെങ്കിൽ എയർബസ് A380 ൽ 22 ടയറുകൾ വരെ കാണാനാവും.

ടയറിൽ നിറക്കുന്നത്

പറക്കുമ്പോൾ അനുഭവപ്പെടുന്ന അന്തരീക്ഷ താപനിലയിലും മർദ്ദത്തിലുമുണ്ടാകുന്ന തീവ്രമായ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന വികാസവും സങ്കോചവും കുറയ്ക്കുന്നതിനും,ജ്വലന സാധ്യത തീരെയില്ല ഒരു നിഷ്ക്രിയ വാതകമാണ് എന്നതുകൊണ്ടും, എയർക്രാഫ്റ്റ് ടയറുകളിൽ സാധാരണ നൈട്രജൻ വാതകമാണ് നിറയ്ക്കുക.ഉയർന്ന മർദ്ദ നിലയായ 180 മുതൽ 220 psi പ്രഷറിലാണ് എയർക്രാഫ്റ്റുകളിൽ നൈട്രജൻ വാതകം നിറയ്ക്കുക.

ട്രെഡ് പാറ്റേൺ

എയർക്രാഫ്റ്റ് ടയറുകളുടെ ട്രെഡ് പാറ്റേൺ കാറുകളുടെ ടയറുകളുടെ ട്രെഡ് പാറ്റേണുകളിൽ നിന്ന് ഒത്തിരി വ്യത്യസ്തമാണെന്ന് കാണാം.simple straight rib tread design ആയിരിക്കും എയർക്രാഫ്റ്റ് ടയറുകളിൽ കാണാൻ കഴിയുക.ഇതിന് കാരണം എയർക്രാഫ്റ്റുകളുടെ ഭാരം കാറുകളുടെ ഭാരത്തിനേക്കാൾ വളരെ കൂടുതലായിരിക്കും.പ്രത്യേകിച്ച് ലാൻഡ് ചെയ്യുന്ന സമയത്തും ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും.ഉയർന്ന ക്രോസ് വിൻഡ് സാഹചര്യങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്നതിനും, ഹൈഡ്രൊപ്ലെയിനിങ് പ്രതിഭാസം തടയുന്നതിനും,റൺവേയിൽ വെള്ളമുള്ള സാഹചര്യങ്ങളിൽ വെള്ളം വഴി തിരിച്ചു വിടുന്നതിനും ആവശ്യമായ ബ്രേക്കിംഗ് എഫക്ട് ലഭിക്കുന്നതിനും ഇത്തരം ട്രെഡ് പാറ്റേൺ കൂടിയേ തീരൂ.

ഫ്യൂസിബിൾ പ്ലഗ്

വിമാനത്തിന്റെ ചക്രങ്ങളുടെ ഉള്ളിലായി ഫ്യൂസിബിൾ അഥവാ ഉരുകാൻ കഴിവുള്ള പ്ലഗ്ഗുകളും ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.അടിയന്തിര ലാൻഡിങ് നടത്തുമ്പോഴോ സടൺ ബ്രേക്കിങ്ങിന് വിധേയമാകുമ്പോഴോ ചക്രങ്ങളിൽ അമിത താപനില വരാൻ ഇടയായാൽ ഇവ ഉരുകുന്നതു വഴി ടയറുകൾ സ്ഫോടനാത്മകമായി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഒഴിവാക്കാൻ ഇവ സഹായിക്കും.ലാൻഡ് ചെയ്യുന്ന സമയത്തും ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും ടയറും റൺവേയും തമ്മിലുള്ള ഫ്രിക്ഷൻ വഴി അപകടകരമാം വിധത്തിൽ ചാർജ് ബിൽഡപ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.അതുകൊണ്ടാണ് എയർക്രാഫ്റ്റ് ടയറുകൾ കണ്ടക്ടിംഗ് ആയ രീതിയിൽ തയ്യാറാക്കി എടുക്കുന്നത്.

ലൈഫ് സ്പാൻ

വിമാനത്തിന്റെ മെയിൻ വീൽ ടയറുകൾക്ക് 300 മുതൽ 450 ലാൻഡിങ്ങുകൾ താങ്ങാനുള്ള ലൈഫ് സ്പാൻ ലഭിക്കുമെങ്കിൽ,നോസ് വീൽ ടയറുകൾക്ക് തേയ്മാനം കൂടുതലാകയാൽ 200 മുതൽ 350 ലാൻഡിങ് താങ്ങാനുള്ള ലൈഫ് സ്പാനേ ലഭിക്കുകയുള്ളൂ.

Wednesday, 19 August 2026

കാസിയോ F-91W. ഇത്ര ഭീകരനോ..?

ലളിതമായ ഡിസൈനും, കുറഞ്ഞ വിലയും, ദീർഘനാളത്തെ ബാറ്ററി ലൈഫും കാരണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാച്ചാണ് കാസിയോ F-91W.

 1990-കളിലും, 2000-കളിലും അൽ-ഖ്വയ്ദ പോലുള്ള ഭീകരസംഘടനകൾ ഇതിന്റെ ടൈമർ ഫീച്ചർ ഉപയോഗിച്ച് സ്ഫോടന ഉപകരണങ്ങൾ (IEDs - Improvised Explosive Devices) നിർമ്മിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഒരിക്കൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം ഗ്വാണ്ടാനാമോ ബേയിൽ തടവുകാരെ പരിശോധിച്ചപ്പോൾ കൂടുതൽ തടവുകാരും F-91W വാച്ച് കൈവശം വച്ചിരിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഇത് ഒരു "ഭീകരതയുടെ അടയാളം" ആയി കണക്കാക്കി . വിക്കിലീക്സ് പുറത്തുവിട്ട രഹസ്യരേഖകൾ പ്രകാരം ഈ വാച്ച് ധരിച്ചിരു ന്നത് തടവുകാരുടെ തുടർനടപടികൾക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് ഗ്വാണ്ടാനാമോ പോലുള്ള പ്രത്യേക സുരക്ഷാ മേഖലകളിൽ ഇത് നിരോധിക്കപ്പെട്ടു. 

 1993-ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാ ക്രമണവുമായി ബന്ധപ്പെട്ടവർ ഈ വാച്ച് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ എളുപ്പത്തിലുള്ള ലഭ്യതയും ( വർഷത്തിൽ ഏകദേശം 30 ലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു ), മോഡിഫിക്കേഷന് അനുയോ ജ്യമായ സവിശേഷതകളും ഇതിനെ ദുരുപയോ ഗത്തിന് സാധ്യതയുള്ളതാക്കി മാറ്റി.

പലപ്പോഴും ഈ വാച്ച് പൊതുവെ യു.എസിലും മറ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു എന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ പോലും ഉണ്ടായി . എന്തായാലും ഇത് ഇപ്പോഴും ഓൺ ലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ പോലും ( ആമസോണിലും വാൾമാർട്ടിലും ) ലഭ്യമാണ് . സാധാരണ ഉപയോക്താക്കൾക്ക് ഇത് ഒരു സാധാരണ വിശ്വസനീയമായ വാച്ച് മാത്രമാ ണെങ്കിലും ചരിത്രത്തിൽ പല സന്ദർഭങ്ങളിലും സുരക്ഷാ ആശങ്കകൾ മൂലം വിവാദമായ ഒരു വാച്ചായി മാറി കാസിയോ F-91W . 

Tuesday, 18 August 2026

എന്താണ് ചെകുത്താൻ്റെ സൂര്യോദയം..?


 വളരെ അപൂർവമായി മാത്രം സൂര്യഗ്രഹണ സമയത്ത് സംഭവിക്കുന്ന ഒന്നാണിത്. ചുവന്ന നിറത്തി ലുള്ള സൂര്യോദയമാണ് ഇതിന്റെ പ്രത്യേകത. 

സാധാരണ സൂര്യോദയത്തിൽ നിന്ന് വ്യത്യ സ്തമായി ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തി ലായിരിക്കും സൂര്യൻ ദൃശ്യമാകുക.

 അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ചെറിയ തരികൾ എന്നിവ സൂര്യോദയത്തിലെ പ്രകാ ശത്തെ ചിതറിക്കുകയും ചുവപ്പ് നിറം കൂടു തലായി കാണാൻ ഇടയാക്കുകയും ചെയ്യുന്നു. ചില പ്രത്യേകതരം മേഘങ്ങൾ സൂര്യപ്രകാശ ത്തെ പ്രതിഫലിപ്പിച്ച് ചുവപ്പ് നിറം വർദ്ധിപ്പിക്കു ന്നു.അന്തരീക്ഷത്തിലെ താപനിലയിലുള്ള വ്യതിയാനങ്ങൾ പ്രകാശത്തിന്റെ സഞ്ചാര പാതയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ചുവപ്പ് നിറം ദൃശ്യമാകും.

സാധാരണയായി മരുഭൂമി പോലുള്ള വരണ്ട പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്. സൂര്യൻ കടലിൽ നിന്ന് ഉദിച്ചു യരുമ്പോൾ കൊമ്പുകൾ പോലേ കാണപ്പെടു ന്നതിനാൽ ഇതിനെ devil's horns sunrise എന്നും വിളിക്കുന്നു.2019 ഡിസംബർ 26 ന് ഖത്തറിലെ അൽ വക്ര തീരത്ത് എലിയാസ് ചാസിയോട്ടിസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ ഈ പ്രതിഭാസത്തിനെ ലോകത്തിന് പരിചയ പ്പെടുത്തി.

Friday, 7 August 2026

മരംകൊത്തി.., അതിശയകരമായ ഒരു എഞ്ചിനീയറിംഗ് വിസ്മയം..

ഒരു മരംകൊത്തി സെക്കൻഡിൽ 25 തവണ വരെ ഒരു മരത്തിൽ കൊത്തും, ഒരു മെഷീൻ ഗണ്ണിന്റെ ഇരട്ടി വേഗതയിൽ..


വേഗതയുടെ കണക്കുകൾ

ഒരു മരംകൊത്തി, മരത്തിൽ കൊത്തുന്ന വേഗത സെക്കൻഡിൽ 20 മുതൽ 25 തവണ വരെയാകാം. ഇത് മരംകൊത്തിയുടെ വർഗ്ഗത്തെയും അത് എന്തിനുവേണ്ടിയാണ് കൊത്തുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും. മെഷീൻ ഗണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണ ഗതിയിൽ ഒരു ഇടത്തരം മെഷീൻ ഗണ്ണിന് സെക്കൻഡിൽ 10 മുതൽ 15 റൗണ്ട് വരെ വെടിയുതിർക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ, ഒരു മരംകൊത്തിയുടെ കൊത്തലിന് മെഷീൻ ഗണ്ണിന്റെ ഇരട്ടി വേഗതയുണ്ട് എന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയാണ്.

ഇത്ര വേഗത്തിൽ കൊത്തിയിട്ടും മരം കൊത്തിയുടെ തലച്ചോറിന് പരിക്കേൽക്കാത്തത് എന്തുകൊണ്ട് ?

ഇത്രയും വേഗതയിൽ കൊത്തുമ്പോൾ മരംകൊത്തിയുടെ തലയ്ക്ക് വലിയ ആഘാതം (Shock) ഏൽക്കുന്നുണ്ട്. ഒരു സെക്കൻഡിൽ 25 തവണ കൊത്തുമ്പോൾ ഓരോ കൊത്തിലും ഏകദേശം 1,200 മുതൽ 1,400 g-force വരെ മരംകൊത്തിയുടെ തലയിൽ അനുഭവപ്പെടുന്നു. (മനുഷ്യർക്ക് 100 g-force ഏറ്റാൽ തന്നെ ബോധക്ഷയമോ മരണമോ സംഭവിക്കാം). ഇതിനെ പ്രതിരോധിക്കാൻ മരംകൊത്തിക്ക് ചില പ്രകൃതിദത്തമായ സംവിധാനങ്ങളുണ്ട്.

സ്‌പോഞ്ച് പോലെയുള്ള തലയോട്ടി: 

ഇവയുടെ തലയോട്ടിയിലെ എല്ലുകൾ വളരെ മൃദുവായതും സ്‌പോഞ്ച് പോലെ ആഘാതങ്ങളെ ആഗിരണം ചെയ്യാൻ കഴിവുള്ളതുമാണ്.

നീളമുള്ള നാക്ക് :

 മരംകൊത്തിയുടെ നാക്ക് തലയോട്ടിക്ക് ചുറ്റും ഒരു 'സീറ്റ് ബെൽറ്റ്' പോലെ ചുറ്റിയിരിക്കുന്നു. ഇത് കൊത്തുമ്പോഴുണ്ടാകുന്ന വിറയലിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

 മൂന്നാമത്തെ കൺപോള :

 കൊത്തുമ്പോൾ ഉണ്ടാകുന്ന മരപ്പൊടികളിൽ നിന്ന് സംരക്ഷിക്കാനും കണ്ണ് പുറത്തേക്ക് തെറിച്ചു പോകാതിരിക്കാനും ഇവയ്ക്ക് 'നിക്റ്റിറ്റേറ്റിംഗ് മെംബ്രെയ്ൻ' (Nictitating membrane) എന്ന മൂന്നാമത്തെ കൺപോളയുണ്ട്.

എന്തിനാണ് ഇത്ര വേഗത്തിൽ കൊത്തുന്നത് ?

മരംകൊത്തികൾ പ്രധാനമായും മൂന്ന് കാരണങ്ങൾക്കാണ് ഇത്തരത്തിൽ കൊത്തുന്നത്:

ഭക്ഷണം കണ്ടെത്താൻ, കൂട് നിർമ്മിക്കാൻ.കട്ടിയുള്ള മരങ്ങളിൽ സുരക്ഷിതമായ പൊത്തുകൾ ഉണ്ടാക്കാൻ.

ആശയവിനിമയം (Drumming) : 

മറ്റ് മരംകൊത്തികൾക്ക് സന്ദേശം നൽകാനോ സ്വന്തം പ്രദേശം അടയാളപ്പെടുത്താനോ ആണ് ഇവ വേഗത്തിൽ കൊത്തുന്നത് (Drumming). ഈ സമയത്താണ് ഇവ ഏറ്റവും കൂടുതൽ വേഗത കാണിക്കുന്നത്.
മരംകൊത്തിയുടെ ഈ അസാധാരണ കഴിവ് പഠിച്ചാണ് ശാസ്ത്രജ്ഞർ ഇന്ന് ഹെൽമെറ്റുകളുടെയും ഷോക്ക് അബ്സോർബറുകളുടെയും ഡിസൈനുകളിൽ മാറ്റങ്ങൾ വരുത്തുന്നത്.

മരംകൊത്തിയുടെ നാക്കിന്റെ ഘടന പ്രകൃതിയിലെ തന്നെ അതിശയകരമായ ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. ഇതിനെക്കുറിച്ച് കൂടുതൽ രസകരമായ വിവരങ്ങൾ അറിയുക.

തലയോട്ടിക്ക് ചുറ്റുമുള്ള നാക്ക് (The Wrap-around Tongue)

മരംകൊത്തിയുടെ നാക്ക് അതിന്റെ വായിൽ ഒതുങ്ങുന്നതിനേക്കാൾ എത്രയോ മടങ്ങ് നീളമുള്ളതാണ്. ഈ നീളമുള്ള നാക്ക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നതാണ് അത്ഭുതകരമായ കാര്യം.

ഹയോയിഡ് അസ്ഥി (Hyoid apparatus) : 

മരംകൊത്തിയുടെ നാക്ക് തുടങ്ങുന്നത് അതിന്റെ മൂക്കിന് ഉള്ളിൽ നിന്നോ അല്ലെങ്കിൽ മുകളിലെ താടിയെല്ലിൽ നിന്നോ ആണ്. അവിടെ നിന്ന് തുടങ്ങി അത് തലയോട്ടിക്ക് മുകളിലൂടെ പിന്നിലേക്ക് വന്ന്, കഴുത്തിന് പിന്നിലൂടെ വളഞ്ഞ് വായുടെ അടിഭാഗത്ത് എത്തുന്നു.

നിങ്ങൾ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് പോലെയാണ് ഈ നാക്ക് തലച്ചോറിനെ പൊതിഞ്ഞിരിക്കുന്നത്. മരം കൊത്തുമ്പോൾ ഉണ്ടാകുന്ന വലിയ ആഘാതം തലച്ചോറിലേക്ക് നേരിട്ട് എത്താതിരിക്കാൻ ഈ നാക്ക് ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുന്നു.

നാക്കിന്റെ മറ്റ് പ്രത്യേകതകൾ.

പശ പോലെയുള്ള ദ്രാവകം:

 ഇവയുടെ നാക്കിൽ വളരെ ഒട്ടിപ്പിടിക്കുന്ന ഒരു ദ്രാവകമുണ്ട്. മരത്തിനുള്ളിലെ ഇടുങ്ങിയ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പ്രാണികളെയും പുഴുക്കളെയും ഈ പശ ഉപയോഗിച്ച് നാക്കിൽ ഒട്ടിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും.

മുള്ളുകൾ (Barbs) :

 ചിലയിനം മരംകൊത്തികളുടെ നാക്കിന്റെ അറ്റത്ത് ചെറിയ മുള്ളുകൾ ഉണ്ടാകും. ഹുക്ക് പോലെ പ്രവർത്തിക്കുന്ന ഈ മുള്ളുകൾ ഉപയോഗിച്ച് പ്രാണികളെ കുത്തിപ്പിടിക്കാനും ഇവയ്ക്ക് കഴിയും.

സെൻസറുകൾ :

 മരപ്പൊട്ടുകൾക്കിടയിൽ പ്രാണികളുടെ അനക്കം തിരിച്ചറിയാൻ സഹായിക്കുന്ന സൂക്ഷ്മമായ സെൻസറുകൾ മരംകൊത്തിയുടെ നാക്കിന്റെ തുമ്പത്തുണ്ട്.

ശാസ്ത്രം ഇതിൽ നിന്ന് പഠിക്കുന്നത്
മരംകൊത്തിയുടെ തലയോട്ടി, നാക്ക്, കൊക്ക് എന്നിവ എങ്ങനെ ഇത്രയും വലിയ ആഘാതത്തെ പ്രതിരോധിക്കുന്നു എന്ന് പഠിക്കുന്നത് വഴി ശാസ്ത്രജ്ഞർ പുതിയ തരം ഹെൽമെറ്റുകൾ, വിമാനങ്ങളുടെ ബ്ലാക്ക് ബോക്സ് കവറുകൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ശ്രമിക്കുന്നു.

ഒരു രസകരമായ കാര്യം കൂടി :

 മരംകൊത്തി സെക്കൻഡിൽ 25 തവണ കൊത്തുമ്പോൾ അതിന്റെ കണ്ണുകൾ ഓരോ തവണയും
 അടയും.കൊത്തുമ്പോഴുണ്ടാകുന്ന കഠിനമായ വിറയൽ കാരണം കണ്ണ് പുറത്തേക്ക് തെറിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മുൻകരുതൽ നൽകിയിരിക്കുന്നത്!..