Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 29 February 2024

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം..?

ഒരു വായനക്കാരിയുടെ ചോദ്യത്തിനുള്ള ഉത്തരമായി പോസ്റ്റ് ചെയ്യുന്നു..

ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുകയാണ്. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യത്തില്‍വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.

 ഒരു വശത്ത് സദാചാര സംസ്കാരം തന്നെ തകര്‍ന്നടിയുമ്പോള്‍ മറ്റൊരുവശത്തു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങള്‍ ഏറുകയാണ്. 

പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോടു പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍, പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു. 

ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ്ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ വാട്സ് റോങ് വിത്ത് യു എന്നു ചോദിച്ചെത്തുന്ന കാലമാണിത്. 

ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കു നയിക്കാനാണു സാധ്യത. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ അയച്ച മെസ്സേജുകളും നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതില്‍ അറുപത്തിയഞ്ച് ശതമാനത്തോളംപേരും വിവാഹിതരായ സ്ത്രീകളാണ്. മുപ്പത്തിയഞ്ച് ശതമാനം മാത്രമാണു അവിവാഹിതരായ പെണ്‍കുട്ടികളുടെ നിരക്ക്. 

വിവാഹിതരായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണു ഒളിച്ചോടിയത്. ഇതില്‍ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണു പല അമ്മമാരുടെയും ഒളിച്ചോട്ടം. 

മരുമകളോ മകളോ ഒളിച്ചോടിയതിന്‍റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താന്‍ മത്സരിക്കുകയാണ്. 

ഒരുവര്‍ഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണു കുടുംബകോടതിയുടെ പരിഗണനയിലെത്തുന്നത്. അവിഹിതബന്ധങ്ങളാണ് ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണം.

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

1. പരസ്പരം ബഹുമാനിക്കുകയും ചെറിയ കാര്യങ്ങളാണെങ്കിലും അഭിനന്ദിക്കുകയും ചെയ്യുക.

2. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും മന:സാക്ഷിവെടിഞ്ഞു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

3. എല്ലാക്കാലത്തും പരസ്പരം പ്രിയപ്പെട്ടവരാണെന്നു ഓര്‍മിക്കുക.

 4. തുറന്നു കേള്‍ക്കാനും മനസിലാക്കാനും ഒരുമിച്ചു ചെലവഴിക്കാനും സമയം കണ്ടെത്തുക.

 5. ഭാര്യയായാലും ഭര്‍ത്താവായാലും വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. അതിനെ മാനിക്കുക.

 6. കടുംപിടുത്തം കുടുംബം തകര്‍ത്തേക്കും. അതിനാല്‍ ദുര്‍വാശി ഒഴിവാക്കുക.

7. ഏതു വിഷയത്തിലായാലും പരസ്പരം അഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷേ അഭിപ്രായങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

 8. പരിധിവിട്ട ആഗ്രഹങ്ങള്‍ ഒഴിവാക്കുകയും കൈയിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍ സാധിക്കാനും ശ്രമിക്കുക. സ്വപ്നങ്ങളും താത്പര്യങ്ങളും പറയാം

 9. ഒരിക്കലും പങ്കാളിയെ തരംതാഴ്ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.

10. പരാതികളും കുറ്റങ്ങളും മാത്രം പറയുന്നത് വെറുപ്പിലേക്കേ വഴിതെളിക്കുകയുള്ളൂ

11. കുറ്റങ്ങള്‍ കണ്ടെത്തിയാല്‍പോലും അത് തിരുത്താന്‍ ശ്രമിക്കുന്ന നല്ലൊരു സുഹൃത്താകുക.

12. പങ്കാളിയുടെ സുഹൃത്തുക്കള്‍ ആരാണെന്നു പരസ്പരം അറിയുക. പങ്കാളി അറിയാത്ത ഒരു സുഹൃത്തും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്.

13. സ്വകാര്യത പങ്കാളികള്‍ക്കു ഒരിക്കലും വ്യത്യസ്തമാകരുത്. അവിടെ മറച്ചുവയ്ക്കലുകള്‍ പാടില്ല.

14. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ജിമെയില്‍ അക്കൗണ്ടുകള്‍ സുതാര്യമായിരിക്കുക. പങ്കാളികളില്‍ ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ കഴിയണം.

 15. സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കുക. സ്വന്തം കുടുംബത്തിന്‍റെ കഥപറയാനോ പങ്കാളിയുടെ കുറ്റങ്ങള്‍ പറയാനോഉള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്ന മനസിലാക്കുക.

ഓര്‍മിക്കാന്‍ മറ്റുചിലതുകൂടി

1.വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണം.

 2. കുടുംബജീവത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനും കുടുംബത്തെ എങ്ങനെ മുന്നോട്ടു നയിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ രേഖാചിത്രം ഇത്തരം കൗണ്‍സിലിങ് ക്ലാസുകള്‍ നിങ്ങള്‍ക്കു നല്‍കും. 

3. വിവാഹത്തിനുമുമ്പ് പൂര്‍ണമായ ലൈംഗിക വിദ്യാഭ്യാസം നേടിയിരിക്കാന്‍ ശ്രമിക്കുക. ലൈംഗികമായ അറിവില്ലായ്മകളും തെറ്റിദ്ധാരണകളും അസംതൃപ്തമായ ജീവിതത്തിലേക്കു നയിക്കുമെന്നതിനാല്‍ വിവാഹേതരബന്ധങ്ങളിലേക്കു പങ്കാളി ചിന്തിച്ചുവെന്നുവരാം.

 4. മറ്റൊന്നു തന്‍റെ പങ്കാളിക്ക് അവിഹിതബന്ധമുണ്ട് എന്നറിയുന്നത് ചിലപ്പോള്‍ ചിലരെയെങ്കിലും മാനസികമായും തളര്‍ത്തിയേക്കാം. ഒന്നുകില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവോ അല്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ പരാജയമാണെന്ന ബോധമോ വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം. സ്വന്തം വ്യക്തിത്വംപോലും നഷ്ടപ്പെട്ടുവെന്ന അവസ്ഥയില്‍ അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാലും കുറ്റപ്പെടുത്തേണ്ടതില്ല.

 5. വിവാഹേതരബന്ധങ്ങള്‍ ലൈംഗികരോഗങ്ങള്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിതെളിക്കും. 

6. മറ്റൊന്നു അവിഹിതബന്ധത്തിനു നിങ്ങളെ ഇരയാക്കപ്പെടുന്ന ആള്‍ പണത്തിനോ സ്വത്തിനോ ശരീരത്തിനോ വേണ്ടി തുടര്‍ന്നു നടത്തുന്ന ബ്ലാക്ക് മെയിലിങ്. അവിടെയും എല്ലാത്തരത്തിലും നഷ്ടം നിങ്ങള്‍ക്കു മാത്രമാകും. 

7. ഒരു പങ്കാളിയെ മാത്രം ജീവിതത്തില്‍ കരുതുന്നത് വ്യക്തിജീവിതത്തിന്‍റെ ഉയര്‍ച്ചക്കും വ്യക്തിത്വവികസനത്തിനും ഉത്തമമാണെന്നും ഏതു പ്രശ്നങ്ങളിലും ഒരു ഉറച്ച സപ്പോര്‍ട്ട് ഉണ്ടാകുന്നതിനു സഹായകമാണെന്നും മനസ്സില്‍ കുറിക്കുക.

 അവിഹിതബന്ധങ്ങള്‍ ഒരിക്കലും നിങ്ങളുടെ നല്ലതിനാകില്ല എന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

3 comments:

  1. I am not in any of this category because I started an affair due to my curiosity of what is getting special in extra marital affairs.

    ReplyDelete
  2. തിന്നത് എല്ലിന്റെ ഇടയിൽ കയറി എന്നു പറ

    ReplyDelete
  3. താങ്കളുടെ ബോധവൽക്കരണം എത്രമാത്രം ആളുകൾ അനുസരിക്കും എന്നറിയില്ല എങ്കിലും ഷെയർ ചെയ്തേക്കാം

    ReplyDelete