ക്രിസ്തു മരിച്ചുവരുടെയിടയില്‍നിന്ന് ഉയിര്‍ത്തിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. ( വിശുദ്ധ പൗലോസ് ശ്ലീഹാ )
”താങ്കള്‍ എന്തിനെക്കുറിച്ചാണ് ഇന്ന് ഞങ്ങളെ ധ്യാനിപ്പിക്കാന്‍ പോകുന്നത്?"
വാന്‍ത്വാന്‍ തന്റെ ഇരു കരങ്ങളും പിതാവിനു മുന്‍പില്‍ തുറന്ന് പിടിച്ചിട്ട് പറഞ്ഞു. പിതാവേ, കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ടപ്പോള്‍ രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ആരും കാണാതെ വലതു കൈയ്യില്‍ മൂന്നു തുള്ളി വീഞ്ഞും അതില്‍ ഒരു തുള്ളി വെള്ളവുമൊഴിച്ച് ഇടതുകൈയ്യില്‍ കിട്ടിയ അപ്പത്തിന്റെ ഏതാനും പൊടിക്കഷണങ്ങളുമിട്ട് ഞാന്‍ വി.ബലിയര്‍പ്പിച്ചു. അപ്പോഴൊക്കെ വി. ബലിയില്‍ എഴുന്നള്ളി വന്നിരുന്ന കര്‍ത്താവിനോട് ഞാന്‍ ഒന്നു മാത്രമാണ് പ്രാര്‍ത്ഥിച്ചത്. എന്റെ വിശ്വാസത്തെ കാത്തുസൂക്ഷിക്കാനുള്ള വരം തരണമേയെന്ന് മാത്രം”. ചുറ്റം പടരുന്ന ഇരുട്ടിലും എന്റെ കൈകളില്‍ എഴുന്നള്ളിവന്ന് ക്രൂശിതനായ ഈശോ പ്രത്യാശയെക്കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു. ഈ പ്രത്യാശയിലാണ് പിന്നീട് ഞാന്‍ പുറംലോകം കണ്ടതും ഇവിടെ അങ്ങയുടെ മുന്‍പില്‍ നില്‍ക്കുന്നതും. ക്രൂശിതന്‍ എന്നെ പഠിപ്പിച്ച ഈ പ്രത്യാശയെക്കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.
ആര്‍ഷഭാരത സംസ്‌കാരത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളില്‍ ഒന്നായ, മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ള ”മൃത്യോമ അമൃതം ഗമയാ” മരണത്തില്‍നിന്ന് മരണമില്ലായ്മയിലേക്ക് നയിക്കണമേയെന്ന പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കുന്ന ഉത്തരമാണ് ഈ ഉയിര്‍പ്പു തിരുനാള്‍.
ഇന്നലെയും ഇന്നും എന്നും മനുഷ്യനെ അലട്ടുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ് ”മരണത്തിനപ്പുറം എന്താണ്” എന്നുള്ളത്.
ഇന്നു മുതല്‍ നമുക്കിടയിലും നമ്മുടെ ജീവിതത്തിലും ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കാരണം ”ഞാനാകുന്നു പുനരുത്ഥാനവും ജീവനുമെന്ന് പഠിപ്പിച്ചവന്‍ അത് നമുക്ക് കാണിച്ച് തന്നിരിക്കുന്നു.
മരണത്തിന് ശേഷമുള്ള ഉത്ഥാനത്തിലൂടെ നാളെ നിങ്ങള്‍ക്കും എനിക്കും മരണത്തിനപ്പുറമുള്ള ഉത്ഥാനമെന്ന ദൈവീക സത്യത്തിന്റ വെളിപ്പെടുത്തലിലൂടെ.
ഇത് കേവലം ഭൗതീകമായ പ്രത്യാശയല്ല, മറിച്ച് അഭൗമികതയിലുള്ള ഈ ലോകത്തിനപ്പുറത്തേക്കും എത്തി നില്‍ക്കുന്ന ഒരു പ്രത്യാശയാണ്.
മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുമെന്നും അതിനാല്‍ ഈ ലോക കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാമെന്നും നയിക്കണമെന്നും പഠിപ്പിക്കുന്ന, വിശ്വാസ ജീവിതത്തിനും സഭാസംവിധാനങ്ങള്‍ക്കും അര്‍ത്ഥമില്ലെന്ന് പ്രഘോഷിക്കുന്ന വ്യക്തികളില്‍നിന്നും, മനോഭാവങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളിലുംനിന്നുമൊക്കെ മാറി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന…. നമ്മെ പ്രേരിപ്പിക്കേണ്ട ഒരു പ്രത്യാശയാണിത്.
യേശുവിൽ വിശ്വസിക്കുന്ന നീ എന്തിനാണ് പ്രത്യാശയില്ലാത്തവരെപ്പോലെ കരയുന്നത്?
നിന്റെ വേദനകള്‍ക്കും പ്രതിസന്ധികള്‍ക്കും ഉത്തരം നല്‍കാന്‍, ഒരു പരിഹാരം കാണാന്‍ മരണത്തെപ്പോലും തോല്പിച്ച് ഉത്ഥാനത്തിന്റെ വിജകിരീടം ചൂടി നില്‍ക്കുന്ന ക്രിസ്തുവാണ് നിന്റെ രക്ഷകന്‍..
കണ്ണുനീരിന്റെ ദുഃഖവെള്ളിയാഴ്ചകളില്‍ പ്രത്യാശ കൈവിടാതെ ”ഭയപ്പെടേണ്ട നിങ്ങള്‍ക്കു സമാധാനം” എന്ന് പറയുന്നവനില്‍ അഭയം പ്രാപിക്കാന്‍ നമുക്ക് സാധിച്ചാല്‍ ഈസ്റ്ററിന്റെ സന്തോഷവും സമാധാനവും നമ്മെ വ്യക്തിപരമായിത്തന്നെ തേടിവരും..
No comments:
Post a Comment