ദൈവപുത്രൻ സ്വയം മരണം ഏറ്റ് വാങ്ങിയ വെള്ളിയാഴ്ച. എല്ലാമുണ്ട് പക്ഷേ ആരുമില്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോയ വെള്ളി. കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണെ ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണമെന്ന് പറഞ്ഞ, തളർന്നു പോയ മകനെ തകർന്ന ഹൃദയത്തോടെയാണെങ്കിലും മാലാഖ വഴി ആശ്വസിപ്പിച്ച ആബ്ബാ പിതാവായ ദൈവം വല്ലാതെ അകന്നുപോയെന്ന് തോന്നിപ്പിച്ച ദുഃഖ വെള്ളി. ഒറ്റലിന്റെ വെള്ളിനാണയങ്ങൾക്ക് വിലയില്ലാതാക്കിയ ദു:ഖവെള്ളി..
ഏശയ്യാ പ്രവാചകന്റെ പുസ്തകം 53-ാം അധ്യായത്തിന്റെ നാലാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കും: “നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത് നമ്മുടെ ദുഃഖങ്ങളാണ്. അവന്‍ ചുമന്നത്” വീണ്ടും അഞ്ചാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കും: “നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേറ്റപ്പെട്ടു; നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
സ്നേഹത്തിലൂടെയും ത്യാഗത്തിലൂടെയും മാത്രമേ ജീവിതത്തിൽ യഥാർത്ഥ സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയൂ എന്ന് ദുഃഖവെള്ളി നമ്മെ പഠിപ്പിക്കുന്നു.
ഈ വിലാപ ദിനത്തിൽ നമുക്ക് പ്രാർത്ഥനയിൽ തല കുനിച്ച് യേശുവിൻ്റെ നിസ്വാർത്ഥ സ്നേഹത്തിന് നന്ദി പറയാം. ദൈവപുത്രന്റെ ത്യാഗം നമുക്ക് നല്ല മനുഷ്യരാകാൻ പ്രചോദനമാകട്ടെ. ഒരു ദുഃഖവെള്ളിയാഴ്ച നേരുന്നു..
No comments:
Post a Comment