നല്ലതും ചീത്തയുമായി ആയിരക്കണക്കിന് മണങ്ങൾ നമ്മുടെ മൂക്കിലെത്തുന്നുണ്ട്. ഏകദേശം പതിനായിരത്തോളം മണങ്ങളാണ് തിരിച്ചറിയാൻ കഴിയുമെന്നായിരുന്നു ഇതുവരെ ശാസ്ത്രജ്ഞർ മനസിലാക്കിയിരുന്നത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമല്ല.എന്നാൽ അമേരിക്കയിലെ റോക്ക് ഫെല്ലർ സർവകലാശാലയിലെ ആൻഡ്രിയാസ് കെല്ലർ എന്ന ഗവേഷകനും സംഘവും ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്തുകയുണ്ടായി.
അതുപ്രകാരം ഒരു ട്രില്യൻ അതായത് ഒരു ലക്ഷം കോടി (1000000000000) മണങ്ങൾതിരിച്ചറിയാനുള്ള ശേഷി നമ്മുടെ മൂക്കിനുണ്ടെന്നാണ്.
നമ്മുടെ മൂക്കിൽ ഏകദേശം ഒരു കോടിയോളം ഘ്രാണനാഡീകോശങ്ങളുണ്ട്.മൂക്കിന്റെ ഓരോ പകുതിയിലും ഇവയുടെ കൊച്ചു വാൽതന്തുക്കൾ 20 കെട്ടുകളായി തൊട്ടു മുകളിൽ അരിപ്പ പോലെയുള്ള ക്രിബ്രിഫോം അസ്ഥിപ്പലകയിലൂടെ തലയോട്ടിക്കുള്ളിൽ പ്രവേശിക്കും.ഈ 20 കെട്ടുകൾ ചേർന്നതാണ് നമ്മുടെ വാസനാനാഡീ.മൂക്കിന്റെ മൂലത്തിന് പിന്നിലുള്ള ഇളം മഞ്ഞ നിറമുള്ള ചർമ്മഭാഗമുണ്ട്. നമ്മുടെ യഥാർത്ഥ ഘ്രാണേന്ദ്രിയവും ഇതുതന്നെ. എണ്ണയും വെള്ളവും ചേർന്ന ഒരു തരം നനവാണിവിടെയുള്ളത്.അരിപ്പപോലെയുള്ള ഇതിന്റെ മേൽക്കൂരയിലൂടെയാണ് മണം പേറുന്ന വൈദ്യുത തരംഗങ്ങൾ തലച്ചോറിലേക്ക് പോകുന്നത്. ശ്വാസവായുവിനെ ഇർപ്പമാക്കുവാനും ചെറിയ പൊടിപടലങ്ങളെ നനച്ചൊതുക്കുവാനുമായി മൂക്കും സൈനസുകളും ചേർന്ന് ഒരു ലിറ്ററോളം മൂക്കുനീരാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്.
പ്രകൃതിയിൽ മണം പിടിക്കുന്ന കാര്യത്തിൽ നായവംശജരാണ് മുന്നിൽ.അതിൽ ചെന്നായ്ക്കളും കാട്ടുനായ്ക്കളുമാണ് അഗ്രഗണ്യൻമാർ. ദിവസങ്ങളോളം പഴയ മണംപോലും തേടിപ്പിടിക്കാൻ ഇവർക്കു കഴിയും. തങ്ങൾക്ക് കിട്ടുന്ന അനേക ഗന്ധങ്ങളിൽ നിന്നും ഒന്നിനെ മാത്രം പിന്തുടരാനും അസാമാന്യ കഴിവുണ്ട്.
വിസ്താരമേറിയ നാസാരന്ധ്രങ്ങളാണ് ( Nasal Cavity) മണം പിടിക്കാൻ നായവംശത്തിനു തുണയാകുന്നത്.നാസാരന്ധ്രത്തിന്റെ മുകൾതട്ടിൽ ലോലമായ അസ്ഥികൊണ്ട് നിർമിക്കപ്പെട്ട ട്യൂബുകളുണ്ട്. ടർബിനേറ്ററുകൾ എന്നറിയപ്പെടുന്ന ഇവയ്ക്കു മുകളിലൂടെ ഗന്ധപദാർത്ഥങ്ങൾ കടന്നു പോകുമ്പോൾ തലച്ചോറിലേക്ക് സിഗ്നൽ ലഭിക്കുന്നു.മൂക്കിൻതുമ്പ് വികസിപ്പിച്ച് ആവോളം വായു വലിച്ചെടുത്താണ് നായ്ക്കൾ മണം പിടിക്കുന്നത്. നനഞ്ഞ മൂക്കിൻതുമ്പ് മണം പിടിക്കാൻ കൂടുതൽ സഹായിക്കുന്നതുകൊണ്ടാണ് ഇക്കൂട്ടർ മൂക്ക് നക്കുന്നത്. മണം പിടിക്കുന്ന ചെന്നായ്ക്കൾക്ക് ഏത് മ്യഗമാണെന്നും പരിക്കേറ്റതാണൊയെന്നും എത്ര മാത്രം അകലെയാണെന്നും വരെ തിരിച്ചറിയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.കൂടാതെ തന്റെ ഇരയെ മറ്റേതെങ്കിലും മൃഗം പിന്തുടർന്നു പോയിട്ടുണ്ടോയെന്നും ഇവർക്കറിയുമത്രെ.
No comments:
Post a Comment