ജനിതക വ്യതിയാനം ഉള്ള പുതിയ വൈറസിനെ കണ്ടെത്തി എന്നത് ശരിയാണ്, എന്നാൽ ഇത് കൂടുതൽ അപകട സാധ്യതകൾ ഉയർത്തുന്നു എന്നതിന് തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
ന്യൂക്ലിയോടൈഡുകൾ കോർത്തിണക്കിയാണ് കോവിഡ് വൈറസിന്റെ ആർഎൻഎ ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ ന്യൂക്ലിയോടൈഡുകൾക്ക് സ്ഥലംമാറ്റം സംഭവിച്ചാൽ വൈറസിന്റെ പൊതുസ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കണമെന്നില്ല. എന്നാൽ കുറേ ന്യൂക്ലിയോറ്റൈടുകൾ ഒന്നിച്ചു മാറുകയോ അല്ലെങ്കിൽ വൈറസിന്റെ ചില നിർണായക സ്ഥാനങ്ങളിൽ മാറ്റം സംഭവിക്കുകയോ ചെയ്‌താൽ വൈറസിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം.
ഇങ്ങനെ പ്രാധാന്യം ഉള്ളതോ ഇല്ലാത്തതോ ആയ വൈറസിന്റെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങൾക്കാണ് മ്യൂട്ടേഷൻ എന്നു പറയുന്നത്.
പെരുകി പുതിയവ ഉണ്ടാവുന്തോറും മ്യൂട്ടേഷനുണ്ടാവാനുള്ള സാധ്യത കൂടുന്നു. ജനിതക പദാർഥത്തിൽ അബദ്ധവശാൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്താനുള്ള സംവിധാനം വൈറസുകൾക്ക് ഇല്ലാത്തതിനാൽ താരതമ്യേന വൈറസുകളിൽ ഇതിന്റെ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം നിരവധി സ്ട്രെയിനുകളുടെ ഉത്ഭവം ശാസ്ത്ര ലോകം പ്രതീക്ഷിച്ചിരുന്നതാണ്. കൊറോണ വൈറസിന്റെ കാര്യത്തിലാണെങ്കിൽ ഓരോ മാസവും ഒന്നോരണ്ടോ പുതിയ പ്രധാന ജനിതക വ്യതിയാനങ്ങളാണ് കണ്ടുപിടിക്കപ്പെടുന്നത്. ഈ മ്യൂട്ടേഷൻ കണ്ടെത്തിയതു പോലും ബോധപൂർവമായ ഗവേഷണ-അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.
ഇംഗ്ലണ്ടിലെ വിദഗ്ധർ പറയുന്നത് പ്രകാരം, 4000 ത്തോളം ജനിതക വ്യതിയാനങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ടെന്നാണ്. എന്നാൽ ഒട്ടു മിക്കവാറും വ്യതിയാനങ്ങൾ പ്രസക്തമായ മാറ്റങ്ങൾ വൈറസിന്റെ "സ്വഭാവ സവിശേഷതകളിൽ" ഉണ്ടാക്കിയിട്ടില്ല.
B.1.1.7 എന്നാണ് പുതിയ സ്ട്രെയിന് പേരിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനു തെക്കുകിഴക്കു ഭാഗത്തായിട്ടാണ് ഈ വൈറസ് സ്ട്രെയിൻ കൂടുതലായി കാണപ്പെടുന്നത്. ലണ്ടൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ കേസുകളും ഇപ്പോൾ ഈ വൈറസ് മൂലമാണ്. ഇതിനെത്തുടർന്ന് യുകെയിലെ ചിലഭാഗങ്ങളിൽ കടുത്ത ലോക്ഡൗൺ നടപ്പാക്കിക്കഴിഞ്ഞു. ഡിസംബർ 13 വരെ 1108 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളതായി സംശയിക്കപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനം കോശങ്ങൾക്ക് ഉള്ളിലേക്ക് വൈറസിന് കടക്കാനുള്ള താക്കോലായി പ്രവർത്തിക്കുന്ന സ്പൈക് പ്രോട്ടീന്റെ മേലുള്ള വ്യതിയാനമാണ്. കുന്തമുനയുടെ രൂപത്തിലുള്ള ഈ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഭാഗത്തു വന്ന N501Y എന്ന പേരിൽ വിളിക്കപ്പെടുന്ന വ്യതിയാനം കൂടുതൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കാം എന്ന് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ വൈറസിനെക്കാൾ എഴുപതു ശതമാനം കൂടുതൽ വേഗത്തിൽ പുതിയ സ്ട്രെയിനിനു പടർന്നുപിടിക്കാനാകും എന്നാണ്.
നേരത്തെ പറഞ്ഞതുപോലെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസിന് 70 ശതമാനം വരെ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാനാകും എന്നാണ് (വൈറസിന്റെ R0 യിൽ 0.4 ന്റെ വർദ്ധന). അതുകൊണ്ടാണ് ലണ്ടൻ നഗരത്തിലെ വൈറസ് ബാധകളിൽ കൂടിയ പങ്കും പുതിയ വേരിയന്റ് മൂലമുള്ളതായത് എന്നും ചില ഗവേഷകർ വിശ്വസിക്കുന്നു.
എന്നാൽ ഈ കാഴ്ചപ്പാടിന് വിമർശനങ്ങളും കുറവല്ല. ലണ്ടൻ പോലെ തിരക്കു കൂടിയ ഒരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് ഈ സ്ട്രെയിൻ പെട്ടെന്ന് പടർന്നു പിടിക്കുന്നതായി തോന്നുന്നത് എന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരും ഉണ്ട്.
നിലവിൽ നാം നിർമിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സീനുകളും വൈറസിന്റെ സ്പൈക് പ്രോട്ടീന് എതിരെയാണ്. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ട്. എങ്കിലും വാക്സീന്റെ ഫലം പൂർണമായും തടയാൻ നിലവിലുള്ള വ്യതിയാനങ്ങൾ മതിയാകില്ല. എന്നാൽ ഇത്തരത്തിൽ സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനങ്ങൾ തുടർന്നാൽ ഭാവിയിൽ ചില വാക്സീനുകളുടെ ഫലം കുറഞ്ഞേക്കാം. പക്ഷേ, നാം ഇപ്പോൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന വാക്സീനുകൾ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താൻ പറ്റുന്നവയാണ്. ഭാവിയിൽ വൈറസ് വാക്സീനെതിരെ പ്രതിരോധം നേടിയാലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പുതിയ വാക്സീൻ ഇറക്കാൻ അധികം സമയമെടുത്തേക്കില്ല.
No comments:
Post a Comment