നമ്മുടെ ഗ്യാലക്സിക്കപ്പുറത്ത് മനുഷ്യവാസത്തിനനുയോജ്യമായ ഗ്രഹങ്ങളെത്തേടുന്ന 'നക്ഷത്രാന്തര' യാത്രയാണ് ക്രിസ്റ്റഫർ നോളൻ(Christopher Nolan) സംവിധാനം ചെയ്ത 'ഇന്റർസ്റ്റെല്ലാർ' (Interstellar) എന്ന സയൻസ് ഫിക്ഷൻ ചിത്രം. പ്രപഞ്ചത്തിന്റെ അഗാധതയിലേയ്ക്ക് 'അജ്ഞാത നാഗരികത' തേടിയുള്ള മനുഷ്യജീവികളുടെ ഏറ്റവുമവസാനത്തെ ശ്രമമായിട്ടാണ് ഈ യാത്രയെ തന്റെ ചിത്രത്തിലൂടെ 'നോളൻ' വിശേഷിപ്പിക്കുന്നത്.
സമീപ ഭാവിയിൽ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളും,സസ്യങ്ങളിൽ സംക്രമിക്കുന്ന വൈറസ് ബാധയും (Crop Blight) മൂലം ഒരു പച്ചപ്പു പോലും അവശേഷിക്കാനിടമില്ലാതെ ഭൂമി മുരടിച്ചു പോയേക്കാമെന്ന കൃത്യമായ ശാസ്ത്രീയ പ്രവചനത്തെ മുൻ നിർത്തി,
അന്താരാഷ്‌ട്ര സ്പേസ് ഏജൻസിയായ നാസ (NASA) ഗ്യാലക്സികൾക്കപ്പുറത്തേയ്ക്കുള്ള 'നക്ഷത്രാന്തര' യാത്രാ പദ്ധതി വിഭാവനം ചെയ്യുന്നു.
ക്രോപ് ബ്ലൈറ്റ് മൂലം ഭൂമി തരിശ്ശാവുന്നതിനും മുൻപേ മറ്റു ഗ്രഹങ്ങളിൽ മനുഷ്യരാശിക്ക് ചേക്കേറാനാകുമോയെന്ന അന്വേഷണത്വരയാണ് നാസയുടേത്. മനുഷ്യരാശിയെ രക്ഷിക്കുവാനുള്ള അവസാന ദൗത്യത്തിന്റെ എല്ലാ വിധത്തിലുള്ള ആശങ്കയും ഉത്കണ്‍ഠയും ഈ യാത്രയ്ക്കുണ്ട്.പക്ഷേ അതിനെ പിന്തുണയ്ക്കുവാൻ രഹസ്യ ധനസഹായവുമായി യുണൈറ്റഡ് സ്റ്റെയ്റ്റ്സ് തയ്യാറാവുന്നതോടെ പ്രാരംഭഘട്ടങ്ങൾക്ക് ആത്മവിശ്വാസം കൈവരുന്നു.പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത ആഴങ്ങളിലേയ്ക്കുള്ള അമ്പരപ്പിക്കുന്ന ഈ ദൗത്യത്തിന്റെ ആശങ്കാകുലമായ സങ്കീർണ്ണതകളാണ് ഇന്റർസ്റ്റെല്ലാറിലെ പിന്നീടുള്ള ഉദ്വേഗജനക രംഗങ്ങൾ..
സാധാരണഗതിയിൽ സ്ഥല കാലങ്ങളെയും ദൂരത്തെയും കണക്കിലെടുക്കുമ്പോൾ, ഒരു ഗ്യാലക്സിയിൽ നിന്നും മറ്റൊരു ഗ്യാലക്സിയിലേയ്ക്കുള്ള യാത്ര ദശകങ്ങളോളമെടുക്കും.വസ്തുത ഇതായിരിക്കെ പ്രപഞ്ചത്തിന്റെ വിദൂര മേഖലയിലെയ്ക്കുള്ള ഗതാഗതമെന്ന ആശയം ആലോചിക്കാൻപോലുമാവാത്തതാണ്.
കാരണം, അത്തരം യാത്രകൾക്ക് യുഗങ്ങളുടെ ദൈർഘ്യം പോലും മതിയാവാതെ വരും.സൈദ്ധാന്തികമായി കുഴഞ്ഞു മറിയുന്ന ഈ സമസ്യക്ക് ഒരു വിരാമമെന്നപോൽ സ്ഥല രാശിയിലെ രണ്ടു പോയന്റുകളെ ബന്ധിപ്പിക്കുന്ന 'പാല'വുമായി വിഖ്യാത ശാസ്ത്രജ്ഞനായ ബ്രാൻഡ് രംഗത്തെത്തുന്നു.
ശനി ഗ്രഹത്തിന്റെ സമീപം സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു വേം ഹോളിലൂടെ (Worm Hole) നിമിഷ നേരം കൊണ്ട് പ്രപഞ്ചത്തിന്റെ വിദൂര സീമകളെ മറികടക്കാനാവുമെന്നാണ് ബ്രാൻഡിന്റെ കണക്കുകൂട്ടൽ.
ദൂരത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ ത്രിമാന സിദ്ധാന്തത്തിന്റെ(Three Dimensional Space and time) അടിസ്ഥാനത്തിൽ മാത്രം രൂപപ്പെട്ടവയാണെന്നും,യഥാർത്ഥത്തിൽ, സ്ഥലവും കാലവും അനേകമാനങ്ങളെ (Multi dimensions)ഉൾക്കൊള്ളുന്ന വ്യതിരിക്ത സത്തകളാണെന്നും ബ്രാൻഡ് പറയുന്നു.
വേം ഹോളിന് അപ്പുറത്തുള്ള ലോകങ്ങളിൽ ജീവനുൽഭവിയ്ക്കാനും, നിലനിൽക്കാനുമുള്ള സാധ്യതയുണ്ടെന്ന അനുമാനത്തിൽ എൻഡ്യുറൻസ് (Endurance) എന്ന സ്പേസ് ഷിപ്പിലേറി നാലു പേരടങ്ങുന്ന ബഹിരാകാശ ഗവേഷണ സംഘം യാത്ര തിരിക്കുന്നതോടെ നമ്മുടെ ശ്വാസഗതിയെ നിയന്ത്രിക്കുന്ന രംഗങ്ങളിലേയ്ക്ക് ഇന്റർസ്റ്റെല്ലാർ മുന്നേറുകയാണ്.നാസയിലെ മുൻ പൈലറ്റായ കൂപ്പറിനൊപ്പം ജനിതക ശാസ്ത്രജ്ഞയായ അമേലിയയും മറ്റു ശാസ്ത്ര ഗവേഷകരായ റോമിലിയും ഡോയലുമാണ് സഹയാത്രികരായുള്ളത്.
ഭൂമി നേരിടുന്ന കനത്ത വെല്ലുവിളികൾക്കിടയിൽ മനുഷ്യരാശിയുടെ അതിജീവനത്തിന് രണ്ടു പദ്ധതികൾ പ്രൊഫസർ ബ്രാൻഡിന്റെയും നാസയുടെയും പക്കലുണ്ട്. അവ താഴെ പറയുന്നവയാണ്
(1)പരമ്പരാഗത ആർജ്ജിത ഭൗതിക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് 'ഫിഫ്ത് ഡയമെൻഷൻസിന്റെ' നൂതന സമവാക്യങ്ങൾ വികസിപ്പിച്ച് ഭൂമിയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി രക്ഷപ്പെടുത്തി സ്പേസ് യാത്രയ്ക്കുള്ള പേടകത്തിലൂടെ സ്പേസ് സ്റ്റെഷനിലെത്തിക്കുക (ചിത്രത്തിന്റെ ആരംഭത്തിൽ നാസയുടെ ഗവേഷണ കേന്ദ്രം പോലെ തോന്നിയ്ക്കുന്നത് സ്പേസ് യാത്രയ്ക്കുള്ള ഭീമൻ പേടകത്തിന്റെ ഭാഗമാണ്)
(2) വിപുലമായ ശ്രേണി കളിൽ നിന്നും ജനിതക വൈവിധ്യം(Genetic diversity) ഉറപ്പാക്കി നാസ വൃത്തങ്ങൾ ശേഖരിച്ച ബീജ സങ്കലനം വഴിയുണ്ടായ മനുഷ്യഭ്രൂണങ്ങളെ പുതിയ ആവാസ ഗ്രഹത്തിലെത്തിച്ച് ആദ്യ തലമുറയെ ഉൽപ്പാദിപ്പിയ്ക്കുക.അതിനു ശേഷം വരും തലമുറകളെ സ്വാഭാവിക പ്രത്യുൽപ്പാദനം വഴി ഇരട്ടിപ്പിക്കുക.
പ്രപഞ്ചത്തിലെ ത്രിമാന -ചതുർമാന വഴികളുടെ ഊരാക്കുടുക്കുകൾ മറികടന്ന്, സ്ഥലകാല നിയമങ്ങളുടെ പൂട്ടു തുറന്ന ബുദ്ധിവികാസം പ്രാപിച്ച നമ്മുടെ തന്നെ 'ഭാവി തലമുറ' ജീവിസമൂഹങ്ങളുടെ രക്ഷയ്ക്കു വേണ്ടി ഇച്ഛാനുസരണം കരുതിവെച്ച വാതിലായിരുന്നു ശനിയ്ക്കു സമീപമുള്ള വേം ഹോൾ എന്ന് ബ്രാൻഡ് പറയുന്നു.
നിലവിലുള്ള സൈദ്ധാന്തിക ഭൗതികത്തിന്റെ കാഴ്ച്ചപ്പാടുകൾ അനുസരിച്ച് നാം പ്രപഞ്ചത്തെ വീക്ഷിക്കുന്നത് ത്രിമാന രീതിയിലാണ്.അതനുസരിച്ച് ന്യൂട്ടണ്‍ന്റെ നിയമ പ്രകാരമുള്ള പരിധിക്കു വിധേയമായ പ്രപഞ്ച ചിത്രമായിരുന്നു നമുക്കു മുന്നിലുണ്ടായിരുന്നത്.പക്ഷേ ഇതേ പ്രപഞ്ചം തന്നെ ചിലയിടങ്ങളിൽ അപരിമേയമായി മാറുന്നത് നാം കാണുന്നു.അത് അതിരുകളില്ലാത്തതാണ്.
പിടികിട്ടാത്ത വിധം അനന്തമാണ്.
വേം ഹോളിന്റെ ഒരു വശത്ത് സമയം അതിവേഗതയിൽ നീങ്ങുമ്പോൾ മറുവശത്ത് സമയം ഒച്ചിഴയുന്നതു പോലെയാണ്.മില്ലറുടെ ഗ്രഹത്തിൽ സമയം ഗണ്യമായി മന്ദഗതിയിൽ നീങ്ങുന്നതുകൊണ്ട് അവിടെ കൂപ്പർ ചിലവഴിക്കുന്ന ഓരോ മണിക്കൂറും, ഭൂമിയിലെ 7 മണിക്കൂറിനു തുല്യമാണ്! സമയത്തിന്റെ ഉൾപ്പിരിവുകളിലുള്ള അനന്തമായ ഈ പ്രത്യാഘാതം മുന്നിൽ കണ്ട്, എത്രയും വേഗം ആ ഗ്രഹത്തിൽ നിന്നും പിൻവാങ്ങാൻ കൂപ്പർ നിശ്ചയിക്കുന്ന രംഗമുണ്ട് ചിത്രത്തിൽ.
വേം ഹോളിന്റെ എതിർ വശത്ത് ചിലവിടുന്ന മൂന്നോ നാലോ മണിക്കൂറുകൾക്ക് പകരമായി കൂപ്പറിന് നൽകേണ്ടിവരുന്നത് ഭൂമിയിലെ ദശാബ്ദങ്ങളാണ്.ഓരോ നാഴികയ്ക്കും ഏഴ് സംവത്സരം!! ഭൂമിയിലെ 23 വർഷങ്ങൾ കൂപ്പറിന് നഷ്ടപ്പെടുന്നു.
10 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന കൂപ്പറിന്റെ മക്കൾ ടോമിനെയും ,മർഫിയയെ യും ഭൂമിയിൽ നിന്നും പ്രേഷണം ചെയ്ത വീഡിയോ ചിത്രങ്ങളിൽ നാം കാണുന്നത് യൗവ്വനം പിന്നിട്ട അവസ്ഥയിലാണ്.
പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ മറുപകുതിയിൽ സമയം വീണ്ടും അതിന്റെ കളി കളിയ്ക്കുന്നു.അനന്തമായ ചതുർമാന സ്ഥലകാല വൈചിത്ര്യത്തിലൂടെ കൂപ്പർ ഏതാനും മിനിറ്റുകൾ താണ്ടുമ്പോൾ സമാന്തരമായി ഭൂമിയിലെ 90 വർഷങ്ങളോളം പൊലിയുന്നു.അമെലിയയെ കൂടാതെ ഭൂമിയിലേയ്ക്ക് തിരിച്ചെത്തുന്ന കൂപ്പർ നിദ്രവിട്ടുണരുന്നത് നാസയുടെ സ്പെയ്സ് സ്റ്റെഷനിലാണ്.അവിടെ അയാൾ കാണുന്നത് ശയ്യാവലംബിയായി കിടക്കുന്ന വൃദ്ധയായ മകളെയാണ്!! മർഫിന്റെ കണ്ണുകളിൽ വർഷങ്ങളിലൂടെ കാത്തിരുന്നതിന്റെ ക്ഷീണമുണ്ട്.എന്നാൽ സമയത്തിന്റെ ആപേക്ഷിക മാനങ്ങളിൽ കൂപ്പറിന്റെ മനസ്സോതുങ്ങുന്നില്ല.അയാൾക്കിപ്പോഴുമവൾ ചെറുപ്രായത്തിന്റെ കുതൂഹലങ്ങലുള്ള കൊച്ചു മർഫ് തന്നെ .വർഷങ്ങൾക്കു ശേഷമുള്ള സമാഗമത്തിൽ മർഫ് കൂപ്പറിന്റെ കൈ തന്റെ നെഞ്ചോട് ചേർക്കുന്നു..എഡ്മണ്ടിന്റെ ഗ്രഹത്തിൽ (Edmund's planet) തങ്ങിയ അമേലിയയ്ക്ക് പ്രൊഫസർ ബ്രാൻഡിന്റെ 'പ്ലാൻ ബി' സാക്ഷാൽക്കരിയ്ക്കാൻ കഴിഞ്ഞേയ്ക്കാമെന്ന് മർഫിയ കൂപ്പറിനോടൊപ്പം പ്രത്യാശിക്കുന്നു..
ശാസ്ത്രകൽപ്പിത സാഹിത്യ -സിനിമാ ലോകത്ത് അടുത്ത കാലത്തുണ്ടായ നല്ല സൃഷ്ടിയാണ് ഇന്റർസ്റ്റെല്ലാർ.
ഏറ്റവും മികച്ച സൗണ്ട് മിക്സിംഗ്,ബാക്ക് ഗ്രൗണ്ട് സ്കോർ,വിഷ്വൽ ഇഫക്റ്റ്സ് എന്നിവയ്ക്ക് പ്രത്യേക അവാർഡുകളാണ് ഇന്റർസ്റ്റെല്ലാറിനെ തേടിയെത്തിയത്.ഹോളിവുഡ് രംഗത്തെ കയ്യടക്കമുള്ള സിനിമാറ്റോ ഗ്രാഫറായ Hoyte van Hoytema യാണ് ഈ ചിത്രത്തെ Anamorphic 35MM ലേയ്ക്കും IMAX 70MM ലേയ്ക്കും വിസ്മയങ്ങൾ ചോർന്നുപോവാതെ പകർത്തിയത്.2013 ഓടെ ആൽബർട്ടയിലും ,ക്യാനഡയിലും,ഐസ് ലാൻഡിലും,ലോസ് ആഞ്ചൽസിലും ഈ സെല്ലുലോയിഡ് ഇതിഹാസത്തിന്റെ ചിത്രീകരണം പുരോഗമിച്ചു.
തിയററ്റിക്കൽ ഫിസിസ്റ്റ് ആയ കിപ് തോണ്‍ (Kip Thorn) ആണ് ഇന്റർസ്റ്റെല്ലാറിന്റെ ശാസ്ത്രീയ ഉപദേഷ്ടാവ്.സയൻസ് ഫിക്ഷൻ രംഗങ്ങളിൽ സാധാരണ സംഭവിക്കുവാൻ സാധ്യതയുള്ള സാങ്കേതിക ന്യൂന്യത ഇല്ലാതാക്കുവാൻ വേണ്ടി തമോദ്വാരങ്ങളേയും,ക്വാണ്ടം ബലതന്ത്രത്തേയും ,പൊതു ആപേക്ഷികതാ സിദ്ധാന്തത്തെയും പഠന വിധേയമാക്കിയതിനു ശേഷമാണ് കിപ് തോണ്‍ ഈ ഉദ്യമം ഏറ്റെടുത്തത്.ചിത്രത്തിൻറെ വിഷ്വൽ ഇഫക്റ്റ് ലീഡർ ആയ പോൾ ഫ്രാൻക്ലിൻന്റെ നേതൃത്വത്തിൽ മുപ്പതോളം കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദരുടെ പരിശ്രമഫലമായാണ് ബ്ലാക്ക് ഹോളിന്റെയും ,വേം ഹോളിന്റെയും,അതിദ്രുതം അകന്നു പോകുന്ന ക്ഷീരപഥത്തിന്റെയുമൊക്കെ ദൃശ്യങ്ങൾ സെല്ലുലോയ്ഡിലേയ്ക്ക് പകർത്തിയത്..
സൈദ്ധാന്തിക ഭൗതികത്തിൽ താൽപര്യമുണ്ടെങ്കിൽ ഈ സിനിമ നിങ്ങളെ അങ്ങേയറ്റം ത്രസിപ്പിക്കും.ജോർജ്ജ് ലൂക്കാസിന്റെ 'സ്റ്റാർ വാഴ്സിനും',ജെയിംസ് കാമറൂണിന്റെ 'ഏലിയൻ' സിനും,റോളണ്ട് എമെരിച്ചിന്റെ 'ഇൻഡിപെൻഡൻസ് ഡേ' യ്ക്കും ശേഷം ആശയാലങ്കാരിക ചോർച്ചകളില്ലാതെ ശാസ്ത്രകൽപ്പനയെ ആവിഷ്കരിച്ച ചിത്രമാണ് ''ഇന്റർസ്റ്റെല്ലാർ''
കടപ്പാട് : ക്രിസ്റ്റഫർ നോളൻ ഇന്റർസ്റ്റെല്ലാർ'' ചിത്രം.
No comments:
Post a Comment