Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 11 December 2020

300 കോടി വർഷം പഴക്കമുള്ള ഗോളം..

റബറിന്റെയും പ്ലാസ്റ്റിക്കിന്റെയും നിർമാണത്തിനുൾപ്പെടെ ഉപയോഗിക്കുന്ന ഒരിനം ധാതുവാണ് പൈറോഫിലൈറ്റ്. ദക്ഷിണാഫ്രിക്കയിൽ വൻ തോതിൽ കാണപ്പെടുന്നതാണിത്. അവിടത്തെ ഓട്ടോസ്ഡൽ എന്ന ടൗണിനോടു ചേർന്നുള്ള ഖനിയിൽനിന്ന് പൈറോഫിലൈറ്റ് ശേഖരിച്ചു കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. അതിനിടെയാണ് അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടത്. ഖനിയിൽനിന്ന് പൈറോഫിലൈറ്റിനൊപ്പം ഗോളാകൃതിയിലുള്ള ചില വസ്തുക്കൾ കൂടി പുറത്തേക്കു വരാൻ തുടങ്ങി. കറുത്ത്, ചുവപ്പു രാശിയോടു കൂടിയ ഗോളങ്ങളായിരുന്നു അവ. ചിലതിന് ഒരു സെന്റിമീറ്ററിൽ താഴെയായിരുന്നു വലുപ്പം, മറ്റു ചിലതിന് 10 സെന്റിമീറ്ററിലേറെയും. 
ചില ഗോളങ്ങളുടെ മധ്യത്തോടു ചേർന്ന് ചുറ്റിലും കൃത്യമായ വരകളുമുണ്ടായിരുന്നു. ക്രിക്കറ്റ് ബോളിൽ കാണുന്നതിനു സമാനമായ ആ വരകൾ കണ്ടപ്പോൾ തൊഴിലാളികൾ കരുതിയത് അതു പണ്ടുകാലത്ത് ആരെങ്കിലും നിർമിച്ച്, ഉപേക്ഷിക്കപ്പെട്ട് മണ്ണിൽ കുടുങ്ങിപ്പോയതാകാമെന്നായിരുന്നു. 
കാഴ്ചയിലെ കൗതുകം കാരണം ഗവേഷകർ ഇതു പരിശോധനയ്ക്കെടുത്തു. ഗവേഷകർ പഴക്കം പരിശോധിച്ചപ്പോഴായിരുന്നു ഞെട്ടിപ്പോയത്. ഏകദേശം 300 കോടി വര്‍ഷം മുൻപ് ഭൂമിയിൽ രൂപപ്പെട്ടതായിരുന്നു ആ ലോഹ ഗോളം. അക്കാലത്ത് മനുഷ്യർ പോയിട്ട്, മസ്തിഷ്കം ‌വികസിച്ച ജീവികൾ പോലും ഭൂമിയിൽ രൂപപ്പെട്ടു തുടങ്ങിയിട്ടില്ല. പിന്നെയാരാണ് അക്കാലത്ത് ഇത്തരമൊരു ഗോളം നിർമിച്ചത്?

അന്നു മുതൽ ഗവേഷകരുടെ മാത്രമല്ല, അന്യഗ്രഹ ജീവികളുടെ ആരാധകരുടെയും പ്രിയപ്പെട്ട വിഷയമാണ് ക്ലെർക്സ്‌ഡോർപ് സ്ഫിയേഴ്സ് എന്നറിയപ്പെടുന്ന ഈ ഗോളങ്ങൾ. ചൊവ്വയിൽ ആദ്യമായി മനുഷ്യർ ചെന്നിറങ്ങുമ്പോൾ‍ അവിടെ ഒരു ആനയുടെ അസ്ഥികൂടം കണ്ടെത്തിയാൽ എങ്ങനെയുണ്ടാകും? അത്തരത്തിൽ, നടക്കാൻ യാതൊരു സാധ്യതയില്ലാത്ത, പക്ഷേ നടന്നുവെന്നതിന്റെ തെളിവുകളാണെന്നു തോന്നിപ്പിക്കുന്ന പല കണ്ടെത്തലുകളും ലോകത്തുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായാണ് ഗവേഷകർ ആദ്യകാലത്ത് ക്ലെർക്സ്‌ഡോർപ് ഗോളങ്ങളെ വിശേഷിപ്പിച്ചത്. 300 കോടി വർഷം മുൻപ് അത്തരമൊരു വസ്തു ആരെങ്കിലും നിർമിച്ചുവെന്ന് എങ്ങനെ വിശ്വസിക്കാനാണ്? പക്ഷേ ഗവേഷകർ ഇതിനെപ്പറ്റി വിശദമായിത്തന്നെ പഠിച്ചു. സംഗതി അന്യഗ്രഹജീവികളുണ്ടാക്കിയതല്ല എന്നു തെളിയിക്കുകയും ചെയ്തു. 

300 കോടി വർഷം മുൻപ് പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽനിന്നു പുറന്തള്ളപ്പെട്ട ചാരവും മറ്റു ധാതുക്കളും കൂടിച്ചേർന്നു രൂപപ്പെട്ടതാണ് ഇതെന്നാണു ഗവേഷകർ പറയുന്നത്. ഇത്തരം വസ്തുക്കൾ പൊതുവേ ഓവൽ ആകൃതിയിലോ ഗോളാകൃതിയിലോ ആണു കാണപ്പെടാറുള്ളത്. അതിനാൽത്തന്നെ പലരും ഇതിനെ ദിനോസർ മുട്ടകളായി തെറ്റിദ്ധരിക്കാറുണ്ട്. അതല്ല, ബഹിരാകാശത്തുനിന്നു വന്ന അദ്ഭുത വസ്തുക്കളാണെന്നും ചിലർ കരുതും. ക്ലെർക്സ്‌ഡോർപ് ഗോളത്തിനു ചുറ്റുമുള്ള വരകളും പ്രകൃതിദത്തമായി രൂപപ്പെടുന്നവയാണ്. ലോകത്തിന്റെ  പല ഭാഗത്തും ‘കാർബണേറ്റ് കോൺക്രീഷൻസ്’ എന്നറിയപ്പെടുന്ന ഇത്തരം ഗോളങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. നേരത്തേ ഓസ്ട്രേലിയയിൽ കണ്ടെത്തിയ 280 കോടി വർഷം പഴക്കമുള്ള ഗോളം ഒരുദാഹരണം മാത്രം. യുഎസിലെ തെക്കൻ യുട്ടായിൽ കണ്ടെത്തിയിട്ടുള്ള മോഖ്വി മാർബിൾസും സമാനമായ വസ്തുവാണ്. 

പലതരത്തിലുള്ള ധാതുക്കൾ നിറഞ്ഞതാണ് ഈ ലോഹം. അതിനാൽത്തന്നെ ഇവയെ ചുറ്റിപ്പറ്റിയുള്ള കഥകൾക്കും ക്ഷാമമില്ല. സീറോ ഗ്രാവിറ്റിയിൽ മാത്രമേ ഇത്തരം ഗോളങ്ങൾ രൂപപ്പെടുകയുള്ളൂവെന്ന് നാസ വ്യക്തമാക്കിയതായി വരെ കഥകളുണ്ടായി. എന്നാൽ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. സ്റ്റീലിനേക്കാളും കാഠിന്യമേറിയ വസ്തുകൊണ്ടാണ് ഇതു നിർമിച്ചതെന്നും കഥകളുണ്ടായി. അതും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. മനുഷ്യനും മുൻപേ ഭൂമിയിലേക്കെത്തിയ അന്യഗ്രഹ ജീവികൾ ഉപേക്ഷിച്ചിട്ടു പോയതാണെന്നു വരെ കഥകൾ പരന്നു. എന്നാൽ യാഥാർഥ്യം ഗവേഷകർ കൃത്യമായി പുറത്തുകൊണ്ടുവന്നു. എന്തായാലും ഓട്ടോസ്ഡലിലെ ക്ലെർക്സ്‌ഡോർപ്  മ്യൂസിയത്തിൽ ഇന്നും കാഴ്ചക്കാരെ അമ്പരപ്പിച്ച് ഇരിപ്പുണ്ട് ഈ ലോഹഗോളങ്ങൾ. ക്ലെർക്സ്‌ഡോർപ് എന്ന പേരിലുള്ള ദക്ഷിണാഫ്രിക്കൻ നഗരത്തിന്റെ പേരാണ് ഈ ഗോളങ്ങൾക്കു നൽകിയിരിക്കുന്നതും. ഇന്നും ലോകത്തിലെ പ്രശസ്തമായ പ്രകൃതിദത്ത അദ്ഭുതങ്ങളിലൊന്നാണ് ഈ ഗോളങ്ങൾ.

No comments:

Post a Comment