ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു സന്യാസിയുടെ ആഹാരം .
ഒരിക്കല്‍ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ അടുത്തെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു
നേരം വെളുത്താൽ നായ കാട്ടിലേക്ക് ഇറങ്ങി വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ.
നായ ഒരിക്കൽ കാട്ടിൽ ഭക്ഷണമന്വേഷിച്ച് നടക്കുകയായിരുന്നു. അതാ, മരച്ചുവട്ടിൽ ഒരു കടുവ
നായയെ കണ്ടതും കടുവ ഒറ്റച്ചാട്ടം. ഒരു നിമിഷം കൊണ്ട് നായ ഓടെടാ ഓട്ടം!
നായ ചെന്നുനിന്നത് സന്യാസിയുടെ ഗുഹക്കകത്താണ്.
"എന്താ, എന്തുപറ്റി?"
കിതയ്ക്കുന്ന നായയെ നോക്കി സന്യാസി തിരക്കി.
"ഒരു കടുവ എന്നെ പിടിക്കാൻ വന്നു." നായ പറഞ്ഞു.
സന്യാസി എന്തോ മന്ത്രം ചൊല്ലിയ മാത്രയിൽ നായ വലിയൊരു കടുവയായി മാറി.
രൂപം മാറിയ നായ ഗുഹക്കു പുറത്തേക്കു വന്നു. മുന്നിൽ ഭീമാകാരനായ കടുവയെ കണ്ട് ജീവനും കൊണ്ട് ആദ്യത്തെ കടുവ കാട്ടിൽ മറഞ്ഞു.
നായയ്ക്ക് പിന്നീട്, മറ്റു പല വലിയ മൃഗങ്ങളെയും നേരിടേണ്ടി വന്നു.
അപ്പോഴെല്ലാം സന്യാസി തന്റെ മാന്ത്രിക ശക്തികൊണ്ട് നായയെ ആ മൃഗമാക്കി മാറ്റി. ചുരുക്കി പറയാമല്ലോ, ഓരോ തവണയും നായ രക്ഷപെട്ടു.
ദിവസങ്ങൾ കഴിഞ്ഞു.
ഒരിക്കൽ നായ വേറെ ഒരു ആവശ്യം സന്യാസിയോട് ഉന്നയിച്ചു. തന്നെയൊരു സിംഹമാക്കണമെന്നു.
കാട്ടിലെ രാജാവായ സിംഹത്തെ തോൽപ്പിക്കണമെങ്കിൽ അതേ pom വഴിയുള്ളുവെന്ന് നായ പറഞ്ഞു.
സന്യാസി തന്റെ മന്ത്രശക്തി കൊണ്ട് നായയെ ഉടനെ ഒരു സിംഹമാക്കി.
ഇനി തനിക്ക് ആ രൂപം മതിയെന്ന് നായതീരുമാനിച്ചു.മറ്റ് ഒരു മൃഗത്തെയും ഭയപ്പെടേണ്ട.
സിംഹം പുറത്തൊന്നും പോകാതെ ആ ഗുഹയിൽ തന്നെ കഴിഞ്ഞു കൂടി.
നാളുകള്‍ കഴിഞ്ഞപ്പോൾ സിംഹത്തിനു വിശക്കാൻ തുടങ്ങി. പുറത്തു പോയി വേട്ടയാടാൻ സിംഹത്തിനു മടി തോന്നി.
വിശപ്പടക്കാൻ സന്യാസിയെ തന്നെ ശാപ്പിടാമെന്ന് സിംഹം തീരുമാനിച്ചു.
സന്യാസി പുറത്തുപോയി മടങ്ങി വന്നപ്പോൾ അതാ സിംഹം അത് സന്യാസിയുടെ നേരെ ചാടി വീണു.
ഒരു ക്ഷണം. സന്യാസി മന്ത്രം ചൊല്ലി.
ശേഷം സിംഹം പഴയ നായയായി.
തന്റെ മുൻപിൽ വാലാട്ടി നിന്ന നായയെ സന്യാസി പുറത്താക്കി ഗുഹയുടെ വാതിലടച്ചു.
ഗുണപാഠം :വന്ന വഴി മറന്ന് അഹങ്കരിച്ചാൽ ഉള്ളതു കൂടി നഷ്ടമാകും..
No comments:
Post a Comment