Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 31 August 2019

ട്രാമിൽ ഒഴുകും കൊച്ചി..

ഇരുമ്പു പാളങ്ങളില്ല. കരിയും പുകയുമില്ല. ഒച്ചയില്ലാതെ നിലം തൊടുംവിധം ഒഴുകിയെത്തുന്ന ട്രെയിനിൽ കയറാൻ കാലൊന്നുയർത്തുകയേ വേണ്ടൂ. കൊച്ചിയിലെ നഗര ഗതാഗതത്തിന്‌ ഗതിവേഗം കൂട്ടുന്ന പുതുതലമുറ ട്രാമിന്റെ ഘടനാരൂപമാണിത്‌. മലിനീകരണമില്ലാതെ പ്രകൃതി സൗഹൃദ ഗതാഗതത്തിനായി ഗതാഗത വകുപ്പ്‌ തയ്യാറാക്കിയ ചെറു മെട്രോ റെയിൽപദ്ധതി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്‌.

പൂർണമായും സെൻസർ അധിഷ്‌ഠിത സാങ്കേതിക വിദ്യയിലുള്ള ട്രാം ‘വിർച്ച്വൽ ട്രാക്ക്‌’ സംവിധാനത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇരുമ്പ്‌ പാളങ്ങൾക്കുപകരം റോഡിനടിയിൽ സ്ഥാപിക്കുന്ന കേബിൾ വഴിയാണ്‌ ട്രാമിലേക്ക്‌ സന്ദേശങ്ങൾ ലഭിക്കുക. ഗതാഗതക്കുരുക്കില്ലാതെ, നിലവിലെ റോഡിന്റെ ഒരു ഭാഗത്ത്‌ സ്ഥാപിക്കുന്ന കേബിളിന്‌ മുകളിലൂടെയായിരിക്കും ട്രാം സർവീസ്‌. വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന എൻജിനായതിനാൽ അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. ഏത്‌ വളവും തിരിയും. ട്രാമിന്‌ മുകളിൽ വൈദ്യുതി ലൈനുണ്ടാകില്ല. പകരം ബാറ്ററിയിൽ ഓടും. വേഗ നിയന്ത്രണം മാത്രമാകും ഡ്രൈവറുടെ ചുമതല.

രണ്ട്‌ സ്‌റ്റേഷനുകൾ പിന്നിടുമ്പോൾ ബാറ്ററി ചാർജ്‌ ചെയ്യാവുന്ന വിധം ഓരോ സ്ഥലത്തും ട്രാൻസ്‌ ഷെൽട്ടറുകളുണ്ടാകും. 15 സെക്കൻഡുകൾക്കുള്ളിൽ ബാറ്ററി ചാർജാകും. മറ്റ്‌ വലിയ വാഹനങ്ങളിലേതുപോലുള്ള ബാറ്ററി ട്രാമിന്‌ ആവശ്യമില്ല. മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രാമിന്റെ പരമാവധി നീളം 66 മീറ്ററാണ്‌. എത്ര കോച്ചുകൾ വേണമെങ്കിലും കൂട്ടിച്ചേർക്കാം. മൂന്ന്‌ കോച്ചാണെങ്കിൽ 300 യാത്രക്കാരെവരെ ഉൾക്കൊള്ളാനാകും.

ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ്‌ വഴി തോപ്പുംപടിവരെയാണ്‌ ട്രാം സർവീസ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ വിശദ റിപ്പോർട്ട്‌ തയ്യാറാക്കാൻ കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്‌. കൊച്ചി മെട്രോ റെയിൽ കടന്നുപോകാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും ട്രാം പാത. ഗോശ്രീ പാലം മുതൽ ഹൈക്കോടതി, മറൈൻഡ്രൈവ്, പാർക്ക് അവന്യൂ, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്‌‌യാർഡ്‌, പെരുമാനൂർ, നേവൽ ബേസ്, വില്ലിങ്ടൺ വഴി തോപ്പുംപടിയിലെത്തുന്നതാണ്‌ പാതയുടെ ആദ്യഘട്ടം. തോപ്പുംപടിയിൽ നിന്നും ഫോർട്ട്‌കൊച്ചിയിലേക്കാണ്‌ രണ്ടാംഘട്ടം നിർമിക്കാനുദ്ദേശിക്കുന്നത്‌. സർക്കാർ അനുമതി ലഭിച്ചാൽ ആറു മാസത്തിനകം ട്രാം സർവീസ്‌ തുടങ്ങാനാകുമെന്നാണ്‌ ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. 1000 കോടി രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്‌. ട്രാം കൂടി കൊച്ചിയിലെത്തുന്നതോടെ നഗരഗതാഗതം പുതിയ വഴിത്തിരിവിലാകും.

No comments:

Post a Comment