Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 10 August 2019

ആർഎസ്എസ് അജണ്ടകൾ..

നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ 'ഒരു രാജ്യം, ഒരു നിയമം' എന്ന് വാഴ്ത്തി സ്വാഗതം ചെയ്യുന്ന നിരവധി കോൺഗ്രസ്സ്, ഇടതുപക്ഷ, നിഷ്പക്ഷ വാദികളെ കണ്ടു. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന സങ്കൽപത്തെ ക്കുറിച്ചും, ബഹുസ്വരതയെ ക്കുറിച്ചും, ജമ്മു കാശ്മീരിന്റെ ചരിത്രത്തെയും, സവിശേഷതയെയും കുറിച്ചും വ്യക്തമായ അവബോധവും, ഇന്നത്തെ നടപടിയുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെ സംബന്ധിച്ച കാഴ്ചപ്പാട് ഇല്ലാത്തവരുമാണ് ഇത്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഈ അജ്ഞത തന്നെയാണ് സംഘപരിവാറിന്റെ ശക്തിയും.

ഇന്ന് അവർ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു, ആ സംസ്ഥാനത്തെ ആരോടും ആലോചിക്കാതെ, നേതാക്കളെ ബന്ദികളാക്കി, പട്ടാളത്തെ ഇറക്കി അതിനെ വിഭജിച്ചു, കേന്ദ്ര ഭരണ പ്രദേശമാക്കി. നമ്മളിൽ പലരും കൈയടിക്കുന്നു. നാളെ ഇത് പല ന്യായീകരണങ്ങളുടേയും പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊ, രാജ്യത്തെ ഏതൊരു സംസ്ഥാനത്തോ സംഭവിക്കാം. അപ്പോഴും നമ്മൾ കൈയടിക്കുമോ?

'ഒരു രാജ്യം, ഒരു നിയമം' എന്ന പേരിൽ അവർ നാളെ ഭരണഘടന അനുശാസിക്കുന്ന സംവരണം എടുത്ത് കളയാം. ഒരു രാജ്യത്തെ ചില പൗരൻമാർക്ക് എന്തിനാണ് സംവരണം എന്ന് അന്ന് പലരും ചോദിക്കും, കൈയ്യടിക്കും.

നാളെ അവർ, ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഇല്ലാതെയാക്കും. യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കും.  അപ്പോഴും ചിലർ ചോദിക്കും എന്തിനാണ് പ്രത്യേക അവകാശങ്ങൾ, ഒരു രാജ്യവും ഒരു നിയമവും അല്ലെ എന്ന്.

പിന്നെ അവർ ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ അവസാനിപ്പിക്കും. അപ്പോഴും ചിലർ കൈയ്യടിക്കും. ഒരു രാജ്യവും ഒരു നിയമവും ഉള്ള ഭാരത് മാതയിൽ എന്തിനാണ് പ്രത്യേക പരിഗണന!

ഭക്ഷണ രീതികൾ എന്തിന് വ്യത്യസ്തമാണ്, ഒരു രാജ്യത്തിന് ഒന്നു പോരെ എന്ന് അവർ ചോദിക്കും. എയർ ഇന്ത്യയിൽ ഉൾപ്പെടെ പല പൊതു സ്ഥാപനങ്ങളിലും ഇപ്പോൾ മാംസാഹാരം ലഭ്യമല്ല. നമ്മുടെ മൗനവും കൈയ്യടിയും തുടരും.

പിന്നീട് അവർ ഒരു ഭാഷ അടിച്ചേൽപ്പിക്കും. ഒരു രാജ്യത്ത് എന്തിനാണ് പല ഭാഷകൾ, ഒരു ഭാഷ സംസാരിച്ചാൽ പോരെ? കരട് വിദ്യാഭ്യാസ നയത്തിൽ ഇത് പരാമർശിക്കപ്പെട്ടു കഴിഞ്ഞു. ചിലർ കൈയടി തുടരും.

പിന്നീട് അവർ ചോദിക്കും എന്തിനാണ് ഒരു രാജ്യത്ത് വ്യത്യസ്തമായ മതങ്ങളും ആചാരങ്ങളുമെന്ന്, ബഹുഭൂരിപക്ഷം (80 ശതമാനത്തോളം) പൗരൻമാർ പിൻതുടരുന്ന മതവും, ആചാരങ്ങളും എന്തുകൊണ്ട് ബാക്കി ഉള്ളവർക്കും അനുഷ്ഠിച്ചുകൂടാ എന്ന്. പലരും കയ്യടിക്കും, ഭാരത് മാതയാണല്ലൊ പ്രധാനം!

പിന്നീട് അവർ ചോദിക്കും, ഒരു രാജ്യത്തിന് എന്തിനാണ് പല സംസ്ഥാനങ്ങൾ, പല തിരഞ്ഞെടുപ്പുകൾ, കേന്ദ്രത്തിൽ ഒരു ഭരണകൂടം പോരെ എന്ന്. എന്തിന് പാർലമെന്റ്, ഒരു പ്രസിഡന്റ് മാത്രം പോരെ എന്ന്. അതിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അത് നടപ്പിലാകുമ്പോഴും നമ്മൾ കയ്യടിക്കും, കാരണം അപ്പോഴേക്കും നമ്മൾ ഫാസിസത്തിന് കൈയ്യടിക്കാൻ മാത്രമറിയാവുന്നവരായി മാറിയിട്ടുണ്ടാകും.

ഇന്ത്യയുടെ ബഹുസ്വരതയും, വൈവിദ്യങ്ങളും പടി പടിയായി ഇല്ലാതെയാക്കി, ഒരു ഏകീകൃത ബ്രാഹ്മണ്യ വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടു പോകുകയെന്ന ആർ.എസ്.എസ് അജണ്ടയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഇപ്പോൾ എതിർത്തില്ലെങ്കിൽ, പിന്നീട് എതിർക്കാൻ നമ്മൾ അവശേഷിക്കില്ല.

No comments:

Post a Comment