Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 18 March 2020

കൊറോണക്കെതിരെ ചൈനയുടെ ഹൈടെക് യുദ്ധം ഇങ്ങനെ..

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യത്തെ റിപ്പോര്‍ട്ട് വരുന്നത്. ശ്വാസ തടസ്സം ബാധിച്ച നിരവധി പേര്‍ കൂട്ടത്തോടെ ആശുപത്രിയില്‍. ന്യൂമോണിയ എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണേറെയും.
അധികൃതര്‍ പിറ്റേന്നു തന്നെ മാര്‍ക്കറ്റ് പൂട്ടി സീല്‍ വെച്ചു. പഴയ വില്ലന്‍ സാര്‍സ് വീണ്ടും രംഗത്തെത്തിയോ എന്ന് പലരും സംശയിച്ചു. പക്ഷെ, അധികൃതര്‍ അതത്ര കാര്യമാക്കിയില്ല.

പിന്നീട് ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടന പത്ര സമ്മേളനം നടത്തി ചൈനയില്‍ കണ്ടെത്തിയത് പുതിയ വൈറസാണെന്ന് പ്രസ്താവന ഇറക്കിയത്. കോറോണ കുടുംബത്തില്‍ പെടുന്ന ഇതിനെ 2019 നോവല്‍ കൊറോണ വൈറസ് എന്ന പേരു വിളിച്ചു ആദ്യം അവര്‍. പിന്നീട് അത് ചുരുക്കി കോവിഡ് എന്നാക്കി. അപ്പോഴേക്കും രോഗികളുടെ എണ്ണം നൂറു കവിഞ്ഞിരുന്നു.
ജനുവരി പതിനൊന്നിന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്ന 61 കാരനാണ് മരിച്ചത്.
ജനുവരി 13 വുഹാന്‍ സന്ദര്‍ശിച്ച ഒരു തായ്‌ലാന്‍ഡുകാരന് കൊറോണ ബാധിച്ചു. ചൈനക്ക് പുറത്തെ ആദ്യ കേസ്. ജനുവരി 16ന് ജപ്പാനിലുമെത്തി കോവിഡ്.


 
ജനുവരി 17ന് വുഹാനില്‍ രണ്ടാമത്തെ മരണം. ജനുവരി 20ന് മൂന്നാമത്തെ മരണം. അതോടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന ധാരണ മാറി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന പ്രസ്താവന ചൈന സ്‌റ്റേറ്റ് ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചു. പക്ഷെ, അപ്പോഴേക്കും 550 കേസുകള്‍. പതിനേഴ് മരണങ്ങള്‍.

പിന്നെ വുഹാന്‍ കണ്ടത് ലോകം ഇതുവരെ കാണാത്ത യുദ്ധമാണ്. കംപ്ലീറ്റ് ലോക്കിംഗ്. ആദ്യം ലൂണാര്‍ വാര്‍ഷികാഘോഷങ്ങള്‍ നിര്‍ത്തലാക്കി. പിന്നെ നഗരം സമ്പൂര്‍ണ്ണമായി അടച്ചു പൂട്ടി. ചൈനയില്‍ ഏറ്റവും കൂടുതല്‍ കണക്ടിവിറ്റിയുള്ള വുഹാന്‍ നഗരത്തെ പൂര്‍ണ്ണമായി പൂട്ടി. ആറ് കോടി ജനങ്ങളോട് പുറത്ത് കാണരുതെന്ന് നടപടിയിറക്കി. കയ്യൂക്കും വേഗതയും സാങ്കേതിക വിദ്യയും ഒരു പോലെ ഉപയോഗിച്ചായിരുന്നു പിന്നീട് ചൈനയുടെ ഹൈടെക് നീക്കങ്ങള്‍.

കോവിഡ്19 എന്ന ആപ്പ് അതിലൊന്നാണ്. ഈ ആപ്പ് എല്ലാവരോടും ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോണ്‍ടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രയ്‌നുകളില്‍ കയറി, ബസ്സുകളില്‍ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകള്‍ സോഷ്യല്‍ മീഡിയയും ടെലഫോണ്‍ റെക്കാര്‍ഡുകളും മറ്റു ജനങ്ങള്‍ ഉപയോഗിക്കുന്ന ആപുകളും ചോര്‍ത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാല്‍ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേര്‍ന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാല്‍ ഉടനെ അലാറം മുഴങ്ങും.

വുഹാനിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരന് കോറോണ ബാധിച്ചപ്പോള്‍ ആ ഷോപ്പ് സന്ദര്‍ശിച്ച 3,000 പേരെ മൊബൈല്‍ വിവരങ്ങള്‍ വഴി ഒറ്റയടിക്ക് പൊക്കി ചൈന ക്വോറന്റൈനില്‍ പാര്‍പ്പിച്ചു. ബെയ്ജിംഗിലെ ഒരു കമ്പനി വികസിപ്പിച്ച ഫെയ്‌സ് പ്ലസ് ആപ്പ് മറ്റൊരുപകരണമാണ്. വലിയ ജനക്കൂട്ടത്തിനുള്ളില്‍ നിന്ന് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒറ്റയടിക്ക് പരിശോധിച്ച് ഉയര്‍ന്ന താപനിലയുള്ളവരെ ഈ ആപ്പ് വേര്‍തിരിച്ചു തന്നു. ബെയ്ജിംഗിലെ ഗവണ്‍മെന്റ് ഓഫീസുകളിലും പുറത്തെ തിരക്കള്ള സ്ഥലങ്ങളിലും ഈ ആപ്പ് വഴി ആളുകളുടെ ചൂട് പരിശോധിഅപ്പോള്‍ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാനും സാധിച്ചു. ബെയ്ദു, സൈന്‍സ് ടൈം എന്നീ ആപ്പുകള്‍ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. ബിഗ് ഡാറ്റ തന്നെ ഇതിനും ശരണം. ഗ്രാമങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവരെ റാഞ്ചാന്‍ സദാസമയവും ഡ്രോണുകള്‍ ആകാശത്തുണ്ടായിരുന്നു. പല തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി. ഭീഷണിയും.


 
ഇകോമേഴ്‌സ് ഭീമന്‍ ആലിബാബ നിര്‍മിച്ച അലിപേ ആപ്പിലെ ക്യു.ആര്‍ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാര്‍ക്ക് കളര്‍ കോഡുകള്‍ നല്‍കി. പൗരന്മാര്‍ ഉപയോഗിക്കുന്ന ഫോണ്‍, ഇന്റര്‍നെറ്റ് ഡാറ്റകള്‍ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ചായിരുന്നു ഈ പരീക്ഷണം. ഇതിനെതിരെ ചൈന വന്‍ വിമര്‍ശനം നേരിട്ടെങ്കിലും ആരോഗ്യ അടിയന്തിരാവസ്ഥ കൈകാര്യം ചെയ്യാന്‍ ഭരണകൂടം ഇതിന് പിന്തുണ നല്‍കി. ഇതു പ്രകാരം ഗ്രീന്‍ കോഡ് ലഭിച്ചവര്‍ക്ക് യാത്ര ചെയ്യാം, മഞ്ഞ ക്കാര്‍ഡുകാര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍, റെഡ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍, ഇങ്ങനെ നിരവധി കോഡുകള്‍. ഇതുപ്രകാരം ലക്ഷക്കണക്കിന് പേര്‍ക്ക പൊതുഗതാഗതം ഉപയോഗിക്കാനായില്ല. ബസ്സിലോ ട്രയ്‌നിലോ കയറുമ്പോഴേക്കും അലാറം അടിച്ചുതുടങ്ങും.

വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ മാത്രമല്ല, രോഗ ചികിത്സയും അതിവേഗം ബഹുദൂരമായിരുന്നു. 9 ദിവസം കൊണ്ടാണ് ആയിരം ബെഡും 30 ഐസിയുവും ഉള്ള 60,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള പുത്തന്‍ ഹോസ്പിറ്റല്‍ നിര്‍മിച്ചത്. 7,000 ആളുകള്‍ രാവും പകലും ജോലി ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 


അന്നു തന്നെ 1400 ആര്‍മി മെഡിക്കല്‍ പ്രൊഫഷണലുകളെ ഹോസ്പിറ്റലില്‍ നിയമിക്കുകയും ചെയ്തു. അതു കഴിഞ്ഞ ഉടനെ രണ്ടാമത്തെ ഹോസ്പിറ്റലിനുള്ള പണിയും ചൈന തുടങ്ങി. പൂര്‍ണ്ണമായും ലോക്കായ വുഹാന്‍ സിറ്റിക്ക് ആശ്വാസമേകുന്ന നടപടിയായിരുന്നു ഈ രണ്ട് ഹോസ്പിറ്റലുകളും. സിറ്റിയില്‍ നിന്ന പുറത്തുപോകുന്ന റോഡ്, റെയില്‍, വിമാനം, ജലം തുടങ്ങി എല്ലാ പാതകളും പോലീസിന്റെ കയ്യിലായിരുന്നു. അതിനിടയിലും 80,000 പേര്‍ക്ക് രോഗവും 3,100 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ദിവസം ശരാശരി ആയിരം പേര്‍ക്ക് രോഗവും നൂറു മരണവും. 600 കോടി ഡോളര്‍ ചൈനീസ് കേന്ദ്ര ബാങ്ക് കൊറോണ യുദ്ധത്തിനു വേണ്ടി മാത്രം മാറ്റിവെച്ചു. 

വൈറസിനെതിരെ ചൈനയുടെ തീവ്രയുദ്ധം ഘട്ടംഘട്ടമായിട്ടാണെങ്കിലും ഫലം കണ്ടുതുടങ്ങി. പുതിയ കേസുകളിലും മരണങ്ങളിലും ദിവസം കഴിയും തോറും കുറവുണ്ടായി. ്അറുപതിനായിരത്തോളം പേര്‍ക്ക് രോഗമുക്തിയുണ്ടായി. പക്ഷെ, അപ്പോഴേക്കും കൊറോണ കടല്‍ കടന്ന് ഇറ്റലിയിലും കൊറിയയിലും ഇറാനിലും അമേരിക്കയിലും ഇപ്പോ ഇങ്ങ് കേരളത്തിലും ദുരന്തം വിതച്ചുതുടങ്ങി.

കൊറോണ യുദ്ധത്തിനിടയില്‍ ചൈന പയറ്റിയ ചില പുതുതന്ത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കൊറോണ കാലത്ത് ക്ലാസുകള്‍ മുടങ്ങിയെങ്കിലും ലൈവ് സ്ട്രീമിംഗ് വഴി അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് ഭംഗം വരുത്തിയില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഒറ്റയടിക്ക് ഇത്തരം എജ്യൂ ആപ്പുകളില്‍ ചേര്‍ന്നത്. കൊറോണക്കാലത്തെ യഥാര്‍ത്ഥ ഹീറോകളായി ചൈനീസ് ജനത വാഴ്ത്തുന്നത് ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ വിതരണത്തൊഴിലാളികളെയാണ്. ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകള്‍, അവശ്യസാധനങ്ങള്‍ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവര്‍ വീടുകളിലെത്തിച്ചു. അതുകൊണ്ട് തന്നെ ചൈനയിലെ പലചരക്ക ഭീമന്‍ സണ്‍ ആര്‍ട്ട് ഗ്രൂപ്പ് തങ്ങളുടെ 80 ശതമാനം സ്‌റ്റോറുകള്‍ അടഞ്ഞുകിടന്നെങ്കിലും ലാഭത്തില്‍ മാറ്റമില്ലെന്നാണ് പ്രതികരിച്ചത്. മറ്റു ചില ഭക്ഷണ വിതരണ ഭീമന്മാരായ മീറ്റുവാന്‍, ഇ കൊമേഴ്‌സ് ഭീമനായ ജെഡി എന്നിവര്‍ സ്വയം ചലിക്കുന്ന യന്ത്രവാഹനങ്ങളുമായി നിരത്തിലിറങ്ങി. 


ഹൈ റിസ്‌കി പ്രദേശങ്ങളില്‍ സുഗമമായി ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുകയായിരുന്നു ചുമതല. ഓണ്‍ലൈന്‍ ക്ലാസുകള്‍, കുക്കിംഗ് വീഡിയോകള്‍, എന്തിന് നമ്മുടെ യോഗ മാറ്റിനു വരെ കൊറോണക്കാലത്ത് വമ്പിച്ച ബിസിനസായിരുന്നു ചൈനയില്‍. മുപ്പത് കോടി ജനങ്ങള്‍ സബ്‌സ്‌ക്രിപ്ഷനുള്ള പിന്‍ഗാണ്‍ ഗുഡ് ഡോക്ടര്‍ എന്ന ആപ്പിനാണ് ഏറ്റവും വലിയ ചാകര. രോഗികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചികിത്സിക്കും. വിദൂര ആശുപത്രികളില്‍ പോലും റോബോട്ടുകള്‍ വഴി ശസ്ത്രക്രിയക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കും. കുറിപ്പുകള്‍ നല്‍കും. അങ്ങനെ എല്ലാം ഓണ്‍ ലൈവ്..

No comments:

Post a Comment