ലോകത്തിൽ ഏറ്റവും അധികം ആളുകളുടെ ജീവൻ രക്ഷിച്ച വ്യക്തി ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന പേരാണ് എഡ്വേർഡ് ജെന്നർ. വസൂരിക്കെതിരെ (സ്മോൾ പോക്സ്, small pox) വാക്സിനേഷൻ കണ്ടുപിടിക്കുക വഴി വാക്സിനേഷന് തുടക്കം കുറിക്കുന്നത് ഇദ്ദേഹമാണ്. മാനവരാശിയുടെ ഏകദേശം പത്തിലൊന്നിനെ കൊല്ലുകയോ വികലാംഗരാക്കുകയോ വിരൂപരാക്കുകയോ ചെയ്ത മാരകരോഗമാണ് വസൂരി. ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏകദേശം 300 മില്യൺ ആളുകളാണ് ഈ രോഗം കാരണം മരണപ്പെട്ടത്. മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ തന്റെ മാതാപിതാക്കൾ വസൂരി വന്ന് മരിച്ചത് വിവരിച്ചത് വേദനയോടെ കേട്ടവർ ആണല്ലോ നമ്മൾ. ഊർജിതമായ വാക്സിനേഷൻ വഴി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വസൂരിക്ക് കാരണമായ വൈറസിനെ ലോകത്തിൽ നിന്നും തന്നെ തുരത്തുകയും തുടർന്ന് 1980-ൽ ലോകാരോഗ്യ സംഘടന വസൂരി എന്ന അസുഖം നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വൈറസുകൾ ഇപ്പോൾ ഉള്ളത് അമേരിക്കയിലെയും റഷ്യയിലെയും രണ്ട് ലാബുകളിൽ മാത്രമാണ് ഇന്ന് നമ്മളൊക്കെ വസൂരി എന്ന അസുഖത്തെപ്പറ്റി കേട്ടിട്ടുള്ളതല്ലാതെ അത് ബാധിച്ച ബാധിച്ച ആരെയും തന്നെ കാണുന്നില്ല. എന്നാൽ എഡ്വേർഡ് ജെന്നർ വാക്സിനേഷൻ കണ്ടെത്തുന്നതിനുമുൻപ് ഇതായിരുന്നില്ല അവസ്ഥ. വസൂരി ബാധിക്കുന്ന പത്തിൽ മൂന്നുപേരും മരണപ്പെടുമായിരുന്നു. രക്ഷപ്പെടുന്നവർ തന്നെ കാഴ്ച്ചയും കേൾവിയും നഷ്ടപ്പെട്ടവർ ആയി മാറി. മുഖവും ശരീരവും വികൃതമാക്കുന്ന വസൂരിക്കലകൾ കാരണം രോഗബാധിതർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ തന്നെ ഭയപ്പെട്ടു. 1796- ൽ എഡ്വേർഡ് ജെന്നർ തന്റെ പ്രസിദ്ധമായ പരീക്ഷണം നടത്തിയപ്പോഴാണ് ഈ വൈറസിനെതിരെ പോരാടുന്നതിനുള്ള യഥാർത്ഥ വഴിത്തിരിവ് ഉണ്ടാവുന്നത്.
ഒരിക്കൽ വസൂരി ബാധിച്ച് രക്ഷപ്പെട്ടവർക്ക് പിന്നീട് ഒരിക്കലും ആ രോഗം പിടിപെടുന്നില്ല എന്നത് പണ്ടുകാലം മുതൽ ആളുകൾ നിരീക്ഷിച്ചിരുന്നു. അതിനാൽ തന്നെ ചിലർ തങ്ങളുടെ കുട്ടികളിൽ തീവ്രത കുറഞ്ഞ വസൂരി വരുത്തി അവരെ രോഗത്തിൽ നിന്നും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. വസൂരി ബാധിച്ചവരിലെ കുമിളകളിൽനിന്നുമുള്ള ദ്രാവകം കുട്ടികളുടെ കയ്യിൽ മുറിവുണ്ടാക്കി അതിലേക്ക് പുരട്ടുകയായിരുന്നു അന്നത്തെ പതിവ്. എന്നാൽ ഇത് തികച്ചും അപകടകരമായ ഒരു പ്രവർത്തിയായിരുന്നു. കുട്ടികളിൽ തീവ്രത കുറഞ്ഞ അസുഖത്തിന് പകരം ശരിക്കും ഗൗരവതരമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലോ? ഗോവസൂരി (Cowpox) ബാധിച്ച പാൽക്കാരികൾക്ക് പിന്നീട് വസൂരി വരുന്നില്ല എന്നത് എഡ്വേർഡ് ജെന്നർ ശ്രദ്ധിച്ചു. ലണ്ടനിലെ മെഡിക്കൽ സ്കൂൾ പഠനത്തിനുശേഷം ബെർക്ലി എന്ന ഗ്രാമപ്രദേശത്ത് ഡോക്ടർ ആയി പ്രാക്ടീസ് തുടങ്ങിയതായിരുന്നു അദ്ദേഹം. വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസ് ഉൾപ്പെടുന്ന ഓർത്തോപോക്സ് വൈറസ് കുടുംബത്തിലെ അംഗമാണ് കൗപൊക്സ് വൈറസ്. കൗപോക്സ് വൈറസ് നമ്മുടെ തൊലിയിൽ ഉണ്ടാക്കുന്ന അണുബാധയാണ് ഗോവസൂരി. പശുക്കൾ ഈ വൈറസിന്റെ വാഹകർ ആയതിനാൽ അവയിൽ നിന്നും പാലക്കാരികളുടെ ചർമത്തിലേക്ക് ഈ രോഗം പകരുന്നു. വസൂരിയോട് സാമ്യമുള്ളതും, എന്നാൽ വസൂരിയെ അപേക്ഷിച്ച് അപകടം വളരെ കുറഞ്ഞതുമായ അസുഖമാണ് ഗോവസൂരി. ഗോവസൂരി ബാധിച്ച ഒരു പാൽക്കാരിയുടെ കയ്യിലെ കുമിളയിൽ നിന്നുമുള്ള ദ്രാവകം എട്ടുവയസ്സുള്ള ജെയിംസ് ഫിപ്പ്സ് എന്ന കുട്ടിയുടെ കയ്യിൽ മുറിവുണ്ടാക്കി അതിലേക്ക് എഡ്വേർഡ് ജെന്നർ തേച്ചുപിടിപ്പിച്ചു. ജെയിംസ് ഫിപ്പ്സ് ആദ്യം ഗോവസൂരിയുടെ ലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് സുഖപ്പെടുകയും ചെയ്തു. രണ്ടുമാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം കൂടുതൽ അപകടകരമായ പരീക്ഷണത്തിലേക്ക് കടന്നു. ഫിപ്പ്സിന്റെ കയ്യിൽ അദ്ദേഹം പുതിയ മുറിവുണ്ടാക്കി അതിലേക്ക് ശരിക്കും വസൂരി കുമിളകളിൽ നിന്നുമുള്ള ദ്രാവകം പുരട്ടി. ഇന്നാണെങ്കിൽ ഈ പരീക്ഷണം ശരിക്കും കുറ്റകരം ആവുമായിരുന്നു! എന്നാൽ ഫിപ്പ്സ് വസൂരിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. അതായത് എഡ്വേർഡ് ജെന്നറിന്റെ പരീക്ഷണം വിജയിക്കുകയും ഫിപ്പ്സ് വസൂരിക്കെതിരെ പ്രതിരോധശക്തി നേടുകയും ചെയ്തു. ജെന്നറിന്റെ ഈ കണ്ടുപിടിത്തത്തെ വന്യമായ ഭാവന എന്ന് പറഞ്ഞ് ആദ്യം ശാസ്ത്രലോകം നിരാകരിച്ചെങ്കിലും പിന്നീട് അംഗീകരിക്കേണ്ടിവന്നു .
വാക്സിനുകൾ എങ്ങനെയാണ് ഒരു ജീവിതകാലം നീണ്ടുനിൽക്കുന്ന രോഗപ്രതിരോധശക്തി നമുക്ക് നൽകുന്നത്? എഡ്വേർഡ് ജെന്നർ നടത്തിയ പരീക്ഷണത്തിൽ ഉപയോഗിച്ച കൗപൊക്സ് വൈറസ് എന്നത് വസൂരി ഉണ്ടാക്കുന്ന വൈറസിന്റെ ഒരു പ്രഹരശേഷി കുറഞ്ഞ പതിപ്പായി കണക്കാക്കാം.
വാക്സിനുകളിൽ അടങ്ങിയിരിക്കുന്ന ഇത്തരം പ്രഹരശേഷി കുറഞ്ഞ സൂക്ഷ്മാണുക്കളോ അവയുടെ ഭാഗങ്ങളോ നമ്മുടെ ശരീരത്തിൽ ഗുരുതരമായ രോഗം വരുത്താതെ തന്നെ നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നു. വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ഘടനയുടെ ഭാഗമായ പ്രോട്ടീനുകളാണ് പ്രധാനമായും നമ്മുടെ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുന്നത്. ഇത്തരം പ്രോട്ടീനുകളെ ആന്റിജനുകൾ എന്ന് വിളിക്കുന്നു. നമ്മുടെ ശരീരത്തിൽ സൂക്ഷ്മാണുക്കൾ കടന്നുകൂടുമ്പോൾ "ആന്റിജൻ പ്രെസെന്റിങ്ങ് സെല്ലുകൾ" ( Antigen presenting cells) എന്നറിയപ്പെടുന്ന ഒരുതരം കോശങ്ങൾ ആദ്യം ഈ സൂക്ഷ്മാണുക്കളെ പിടികൂടുന്നു. തുടർന്ന് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവ ഈ സൂക്ഷ്മാണുക്കളിലെ പ്രോട്ടീനുകളെ അഥവാ ആന്റിജനുകളെ പരിശോധനക്കായി വെളുത്ത രക്താണുക്കളിലെ ഒരു വിഭാഗമായ T-ലിംഫോസൈറ്റുകൾക്ക് കാഴ്ച്ചവെക്കുന്നു (present ചെയ്യുന്നു). കൂടുതൽ കൃത്യമായി പറഞ്ഞാൽ T-ലിംഫോസൈറ്റുകളിലെ തന്നെ ഒരു വിഭാഗമായ ഹെൽപ്പർ T-സെല്ലുകൾ അഥവാ CD4 T-സെല്ലുകൾ (T helper cells, Th cells, CD4+ cells) ആണ് ഈ ആന്റിജനുകളെ പരിശോധിക്കുന്നത്. ആന്റിജനുകളെ തിരിച്ചറിയുന്ന CD4 സെല്ലുകൾ B-ലിംഫോസൈറ്റുകൾ എന്ന വെളുത്ത രക്താണുക്കളെ ആക്ടിവേറ്റ് ചെയ്യുന്ന ചില കെമിക്കലുകൾ പുറപ്പെടുവിക്കുന്നു. ആക്ടിവേറ്റ് ചെയ്യപ്പെട്ട B-ലിംഫോസൈറ്റുകൾ പ്ലാസ്മ സെല്ലുകൾ ആയി മാറുകയും ഈ പ്ലാസ്മ സെല്ലുകൾ ആന്റിജനുകളെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ എന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഒരു B-ലിംഫോസൈറ്റിന് മണിക്കൂറിൽ 100 മില്യൺ ആന്റിബോഡി തന്മാത്രകൾ വരെ ഉത്പാദിപ്പിക്കുവാൻ കഴിയും. ഇതോടൊപ്പം തന്നെ ആക്ടിവേറ്റ് ചെയ്യപ്പെട്ട ഒരു വിഭാഗം B-ലിംഫോസൈറ്റുകൾ ഈ ആന്റിജനുകളുടെ ഘടന ഓർമിച്ചുവെക്കുന്ന മെമ്മറി സെല്ലുകളായി മാറുന്നു. നമ്മുടെ ശരീരത്തിൽ ദീർഘകാലം നിലനിൽക്കുന്ന ഈ മെമ്മറി സെല്ലുകളാണ് ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന രോഗപ്രതിരോധശക്തി നമുക്ക് നൽകുന്നത്. വർഷങ്ങൾക്കുശേഷവും ഇതേ സൂക്ഷ്മാണു അല്ലെങ്കിൽ ആന്റിജൻ നമ്മുടെ ശരീരത്തിൽ കടന്നുകൂടുമ്പോൾ മെമ്മറി സെല്ലുകൾ വളരെ പെട്ടെന്നുതന്നെ പ്ലാസ്മ സെല്ലുകൾ ആയി മാറുകയും ആന്റിബോഡികൾ ഉത്പാദിപ്പിച്ച് ഈ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ ആന്റിബോഡികൾക്ക് കോശങ്ങൾക്കകത്ത് കടന്നുകൂടിയ വൈറസുകളെ നശിപ്പിക്കാനുള്ള കഴിവില്ല. രക്തത്തിലും കോശങ്ങളെ പൊതിയുന്ന ദ്രാവകങ്ങളിലുമുള്ള രോഗാണുക്കളെയാണ് അവ ലക്ഷ്യമിടുന്നത്. വൈറസുകൾക്ക് തങ്ങളുടെ തന്നെ കോപ്പികൾ ഉണ്ടാക്കണമെങ്കിൽ അഥവാ പ്രത്യുത്പാദനം നടത്തണമെങ്കിൽ കോശങ്ങൾക്കകത്ത് കടന്നുകൂടിയേ പറ്റൂ. കാരണം വൈറസുകൾ എന്നത് പ്രോട്ടീനുകളാൽ പൊതിയപ്പെട്ട ഡി എൻ എ അല്ലെങ്കിൽ ആർ എൻ എ എന്ന ജനിതകവസ്തു ആണ്. ഈ ജനിതകവസ്തുവിനെ കോപ്പി ചെയ്യാനുള്ള എൻസൈമുകളോ, പ്രോട്ടീൻ ആവരണം നിർമിക്കുന്നതിനുള്ള റൈബോസോമുകളോ, ഇതിനെല്ലാം ആവശ്യമായ ഊർജം നിർമിക്കുന്ന മൈറ്റോകോൺഡ്രിയ പോലുള്ള ഓർഗനലുകളോ വൈറസിന് ഇല്ല. അപ്പോൾ വൈറസുകൾ കോശത്തിനകത്ത് കടന്നുകൂടി അതിനകത്തെ എൻസൈമുകളും ഓർഗനലുകളും ഹൈജാക് ചെയ്ത് തങ്ങളുടെ പുതിയ കോപ്പികൾ ഉണ്ടാക്കുന്നു
ക്ഷയം ഉണ്ടാക്കുന്ന മൈക്കോബാക്റ്റീരിയം ട്യൂബർക്കുലോസിസ് തുടങ്ങിയ ചില ബാക്ടീരിയകളും ഇതേപോലെ കോശങ്ങൾക്കകത്ത് കടന്നുകൂടുന്നു. ഇങ്ങനെ വൈറസും ബാക്റ്റീരിയയും കടന്നുകൂടിയ കോശങ്ങളെ നശിപ്പിക്കുന്നത് മുൻപ് പറഞ്ഞ ഹെൽപ്പർ T-സെല്ലുകൾ തന്നെ ആക്ടിവേറ്റ് ചെയ്യുന്ന മറ്റൊരു വിഭാഗം T- ലിംഫോസൈറ്റുകളാണ്. കില്ലർ T- സെല്ലുകൾ എന്നാണ് ഈ കോശങ്ങൾ അറിയപ്പെടുന്നത് ( killer T cell or CD8+ T-cell or cytotoxic T lymphocyte, CTL). ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന B-ലിംഫോസൈറ്റുകളുടെ ഒരു ഭാഗം മെമ്മറി സെല്ലുകൾ ആവുന്നതുപോലെ കില്ലർ T- സെല്ലുകളുടെ ഒരു ഭാഗം മെമ്മറി സെല്ലുകൾ ആയി മാറുന്നു. ഭാവിയിൽ ഇത്തരം വൈറസുകൾ കോശങ്ങൾക്കകത്ത് കയറിപ്പറ്റുമ്പോൾ ഈ മെമ്മറി സെല്ലുകൾ പെട്ടെന്ന് തന്നെ കില്ലർ T-സെല്ലുകളായി മാറി അവയെ നശിപ്പിക്കുന്നു.
വാക്സിനുകൾ എന്തുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്?
അടിസ്ഥാനപരമായി നാല് തരം വാക്സിനുകൾ ആണുള്ളത്. ലൈവ് വാക്സിനുകളിൽ നമ്മിൽ സീരിയസ് ആയ രോഗം ഉണ്ടാക്കാൻ കഴിയാത്ത വിധം ദുർബലമാക്കപ്പെട്ട വൈറസുകൾ ആണ് ഉപയോഗിക്കുന്നത് (Live attenuated Vaccine). അവ നമ്മുടെ കോശങ്ങളിൽ കടന്ന് കുറച്ചൊക്കെ പ്രത്യുല്പാദനം നടത്തുകയും അതുവഴി നമ്മുടെ ഇമ്യൂണിറ്റിയെ ഉത്തേജിപ്പിച്ച് ആന്റിബോഡികൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് തുള്ളിയായി വായ് വഴി കൊടുക്കുന്ന “ഓറൽ പോളിയോ വാക്സിൻ” നിർമിച്ചിരിക്കുന്നത് ദുർബലമാക്കപ്പെട്ട പോളിയോ വൈറസ് ഉപയോഗിച്ചാണ്. എങ്ങനെയാണ് വൈറസുകളെ ദുർബലമാക്കുന്നത്? ലൈവ് ഓറൽ പോളിയോ വാക്സിൻ നിർമിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച ഹിലരി കോപ്രോവ്സ്കി 1940-കളിൽ പോളിയോ വൈറസുകളെ എലികളിൽ കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്. പോളിയോ ബാധിച്ച ഒരാളുടെ രക്തം ആദ്യം എലികളിൽ കുത്തിവെച്ചു. അവക്ക് പോളിയോ ബാധിച്ചപ്പോൾ അവയുടെ തലച്ചോറ് പൊടിയാക്കി അടുത്ത ബാച്ച് എലികളിൽ കുത്തിവെച്ചു. ഇങ്ങനെ കുറെ ആവർത്തിക്കുമ്പോൾ മനുഷ്യ കോശങ്ങളിൽ വളർന്ന ആ പോളിയോ വൈറസുകൾ മനുഷ്യകോശങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിൽ എലികളുടെ കോശങ്ങളിൽ വളരുന്നതിന് അഡാപ്റ്റ് ചെയ്യും.
ഇവയെ തിരികെ മനുഷ്യനിൽ പ്രവേശിപ്പിച്ചാൽ നമ്മുടെ ഇമ്മ്യൂണിറ്റി ഇവയെ വളരെ എളുപ്പം തന്നെ ഇല്ലാതാക്കും. അങ്ങനെ ഈ വൈറസുകളെ വേർതിരിച്ചാണ് ഹിലരി കോപ്രോവ്സ്കി ആദ്യത്തെ ലൈവ് ഓറൽ പോളിയോ വാക്സിൻ നിർമിക്കുന്നത് . എന്നാൽ ഇന്ന് ലാബുകളിൽ കൾച്ചർ ചെയ്യുന്ന ചിക്കൻ സെല്ലുകൾ ഉപയോഗിച്ചാണ് വൈറസുകളെ ദുർബലമാക്കുന്നത്.
മറ്റു ചില വാക്സിനുകൾ കൊല്ലപ്പെട്ട ബാക്ടീരിയകളെയും വൈറസുകളെയും കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു (Killed Vaccine). ഈ രോഗാണുക്കൾക്ക് നമ്മുടെ കോശങ്ങളിൽ പ്രത്യുത്പാദനം നടത്താനോ നമ്മിൽ അസുഖം ഉണ്ടാക്കാനോ കഴിയില്ല. അവയുടെ അവരണത്തിന് പുറത്തുള്ള പ്രോട്ടീനുകൾ നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നു. ടോക്സോയ്ഡ് (toxoid) എന്നറിയപ്പെടുന്ന വാക്സിനുകളിൽ ബാക്റ്റീരിയകൾ നമ്മിൽ അസുഖം ഉണ്ടാക്കാൻ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളുടെ ദുർബലമാക്കപ്പെട്ട പതിപ്പായിരിക്കും കാണുക. ആഴത്തിലുള്ള മുറിവുകൾ ഉണ്ടായാൽ നാം എടുക്കുന്ന ടെറ്റനസ് ടോക്സോയ്ഡ് (TT) എന്ന വാക്സിൻ ഇതിന് ഉദാഹരണമാണ്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ നമ്മുടെ നെർവുകളിലെ ചില ന്യൂറോട്രാൻസ്മിറ്ററുകളെ ബ്ലോക്ക് ചെയ്യുക വഴി ഇൻഫർമേഷൻ കടന്നുപോവുന്നത് തടഞ്ഞാണ് ടെറ്റനസ് ഉണ്ടാക്കുന്നത്. ഈ പ്രോട്ടീനെ ഫോർമാൽഡിഹൈഡ് ഉപയോഗിച്ച് നിർവീര്യമാക്കിയാണ് ടെറ്റനസ് ടോക്സോയ്ഡ് നിർമിച്ചിരിക്കുന്നത്. ഈ ടോക്സോയ്ഡ് നമ്മിൽ അസുഖം ഉണ്ടാക്കാതെ തന്നെ നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നു. റീ കോംബിനൻറ് ഡി എൻ എ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന റീ കോംബിനൻറ് വാക്സിനുകൾ (Recombinant vaccines) വാക്സിൻ നിർമ്മാണരംഗത്തെ ഒരു വൻ മുന്നേറ്റമായിരുന്നു. ഈ വാക്സിനുകളിൽ മുഴുവൻ വൈറസുകളെ ഉപയോഗിക്കുന്നതിന് പകരം അതിന്റെ അവരണത്തിലുള്ള, നമ്മുടെ ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളെ മാത്രം നിർമിക്കുന്നു. പ്രോട്ടീനുകൾ നിർമിക്കാനുള്ള നിർദേശങ്ങൾ വൈറസിന്റെ ഡി എൻ എയിലുള്ള ജീനുകളിൽ ആണല്ലോ അടങ്ങിയിരിക്കുന്നത്. അപ്പോൾ ഏതു പ്രോട്ടീനാണോ വേണ്ടത്, ആ പ്രോട്ടീന് കോഡ് ചെയ്യുന്ന ജീനിനെ ആദ്യം വേർതിരിക്കും. എന്നിട്ട് അതിനെ യീസ്റ്റിന്റെ ഡി എൻ എയിൽ തുന്നിച്ചേർക്കും. യീസ്റ്റ് അതിന്റെ പ്രോട്ടീനുകൾ നിർമിക്കുന്നതുപോലെ ഈ വൈറസിന്റെ പ്രോട്ടീനും നിർമിക്കും. ആ പ്രോട്ടീൻ വേർതിരിച്ചെടുത്താണ് റീ കോംബിനൻറ് വാക്സിനുകളിൽ ഉപയോഗിക്കുന്നത് .
ചില ആളുകൾ തങ്ങളുടെ കുട്ടികൾക്ക് വാക്സിനേഷൻ എടുത്തില്ല എന്നും എന്നിട്ടും അവർക്ക് ഒന്നും സംഭവിച്ചില്ല എന്നും പൊങ്ങച്ചം പറയുന്നത് നാം കേട്ടിട്ടുണ്ടല്ലോ. കുട്ടികളെ നിർബന്ധമായും വാക്സിനേഷന് വിധേയമാക്കണം എന്ന് നമുക്കറിയാം. ഒരാൾ വാക്സിനേഷൻ എടുത്തുകഴിഞ്ഞാൽ പിന്നെ അയാൾക്ക് ആ അസുഖം വരുന്നില്ല. അപ്പോൾ അയാൾക്ക് അസുഖം പരത്താനും കഴിയില്ല. എല്ലാവരും വാക്സിനേഷൻ എടുത്തുകഴിഞ്ഞാൽ പതിയെ ആ വൈറസുകളും ബാക്ടീരിയകളും സമൂഹത്തിൽ നിന്ന് ഇല്ലാതെയാവും. ആ സമൂഹം മൊത്തത്തിൽ തന്നെ ഇത്തരം രോഗങ്ങൾക്ക് പ്രതിരോധശക്തി നേടിക്കഴിഞ്ഞു. അങ്ങനെ ഒരു സമൂഹം മൊത്തവും രോഗപ്രതിരോധശക്തി നേടുന്നതിനെയാണ് ഹേർഡ് ഇമ്മ്യൂണിറ്റി (Herd immunity) എന്ന് പറയുന്നത്. അപ്പോൾ ആരെങ്കിലും വാക്സിനേഷൻ എടുത്തില്ല എങ്കിൽ തന്നെ, മറ്റുള്ളവർ കഷ്ടപ്പെട്ടതിന്റെ ഗുണം കൊണ്ട് വാക്സിനേഷൻ എടുക്കാത്തവരും ആ രോഗത്തിൽ നിന്നും രക്ഷപ്പെടുന്നു. വാക്സിനേഷൻ എടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയാണെങ്കിൽ ഇൻഫെക്ഷൻ വരാനും പരത്താനും സാധ്യതയുള്ള ആളുകളുടെ എണ്ണം സമൂഹത്തിൽ കൂടുന്നു എന്നാണർത്ഥം.
വാക്സിനുകൾ ഓട്ടിസത്തിന് (autism) കാരണമാവുമെന്നും അതിനാൽ തന്നെ വാക്സിനേഷൻ എടുക്കരുതെന്നും ചില ആളുകൾ പ്രചരിപ്പിക്കുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? 1998-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ആയ ലാൻസെറ്റിൽ വന്ന ആൻഡ്രൂ വേക്ക്ഫീൽഡ് എന്ന ഡോക്ടറുടെ പഠനമാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. ഓട്ടിസം ബാധിച്ച 12 കുട്ടികളിൽ നടത്തിയ പഠനാനത്തിൽ എട്ടുപേരുടെ മാതാപിതാക്കൾ പറഞ്ഞത് MMR (മംപ്സ് -മീസൽസ് -റൂബെല്ല) വാക്സിൻ എടുത്തുകഴിഞ്ഞതിനുശേഷമാണ് കുട്ടികൾ ഓട്ടിസം ലക്ഷണങ്ങൾ കാണിച്ചുതുങ്ങിയതെന്നാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ MMR വാക്സിനാണ് ഓട്ടിസത്തിന് കാരണമായതെന്ന് ആൻഡ്രൂ വേക്ക്ഫീൽഡ് അനുമാനിച്ചു. ഇതിനെ പിന്തുടർന്ന് മറ്റുചിലർ MMR വാക്സിനിൽ അണുബാധ ഉണ്ടാവാതിരിക്കാൻ പ്രിസർവേറ്റിവ് ആയി ഉപയോഗിക്കുന്ന മെർക്കുറി അടങ്ങിയ തൈമെറൊസാൾ (Thimerosal) ആണ് ഓട്ടിസത്തിന് കാരണം എന്നാരോപിച്ചു. എന്നാൽ തുടർന്ന് വന്ന ഒരു പഠനങ്ങൾക്കും ഇത് തെളിയിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, വാക്സിനേഷൻ എടുത്തതും
എടുക്കാത്തതുമായ കുട്ടികളിൽ താരതമ്യപഠനം നടത്തിയപ്പോൾ MMR വാക്സിനേഷൻ എടുത്തവരിൽ ഓട്ടിസം വരാനുള്ള സാധ്യത കൂടുതലായി കണ്ടതുമില്ല. എന്നാൽ അമ്പരിപ്പിക്കുന്ന കാര്യം എന്നത് ഈ ആരോപണം ആദ്യം നടത്തിയ ഡോക്ടർ ആൻഡ്രൂ വേക്ക്ഫീൽഡിന് സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. വാക്സിൻ നിർമിക്കുന്ന കമ്പനികൾക്കെതിരെ കേസ് നടത്തുന്ന വക്കീലന്മാരിൽ നിന്നും പണം മേടിച്ച് അവർക്കായി വളച്ചൊടിച്ച പഠനം ആയിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികളെ അദ്ദേഹം തന്റെ പഠനത്തിനായി ആവശ്യമില്ലാത്ത ലംബാർ പംക്ചർ, കോളോണോസ്കോപ്പി തുടങ്ങിയ ടെസ്റ്റുകൾക്ക് വിധേയമാക്കി. താൻ വികസിപ്പിച്ചെടുത്ത പുതിയ മീസൽസ് വാക്സിൻ വിജയിക്കുന്നതിന്, MMR ഒറ്റ ഇന്ജെക്ഷനിൽ കൊടുക്കരുതെന്നും പകരം മൂന്നും മൂന്നായി കൊടുക്കണം എന്നും അദ്ദേഹം വാദിച്ചു. ഈ തട്ടിപ്പ് ഒടുവിൽ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ലൈസൻസ് പിൻവലിക്കപ്പെട്ടു. പക്ഷെ ജനങ്ങളിൽ പേടി പരന്നത് കാരണം MMR വാക്സിൻ കൊടുക്കുന്നത് നിർത്തിവെച്ചു. ഇത് ഫ്രാൻസിൽ ആ സമയത്ത് മീസൽസ് പരക്കുന്നതിനും കാരണമായി.
എയ്ഡ്സിന് ഫലപ്രദമായ വാക്സിൻ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഗവേഷകർ അതിനായുള്ള തീവ്രശ്രമത്തിലാണ്. ഒന്നുമുതൽ രണ്ട് മില്യൺ ആളുകൾ ഒരുവർഷം എയ്ഡ്സ് കാരണം മരണമടയുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. എയ്ഡ്സ് വൈറസുകളുടെ കോപ്പികൾ ഉണ്ടാവുമ്പോൾ സംഭവിക്കുന്ന വലിയ തോതിലുള്ള മ്യൂട്ടേഷനുകൾ ആണ് ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുന്നതിൽ നിന്നും ഗവേഷകരെ തടയുന്നത്. ആർ എൻ എ ജനിതകവസ്തു ആയ വൈറസ് ആണ് എയ്ഡ്സ് വൈറസ്. എയ്ഡ്സ് വൈറസുകൾക്ക് റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (reverse transcriptase) എന്നൊരു എൻസൈം ഉണ്ട്. ട്രാൻസ്ക്രിപ്ഷൻ എന്നത് ഡി എൻ എയിൽ നിന്നും ആർ എൻ എ കോപ്പി ഉണ്ടാക്കുന്നതാണ്. ഈ ആർ എൻ എ കോപ്പിയിൽ നിന്നും റൈബോസോമുകൾ പ്രോട്ടീൻ ഉണ്ടാക്കുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്നാൽ ആർ എൻ എ എന്നത് ഡി എൻ ആയി മാറുന്നു. .അതായത് എയ്ഡ്സ് വൈറസിന്റെ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം അതിന്റെ ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നു. ഈ ഡി എൻ എയെ നമ്മുടെ കോശങ്ങളിലെ ന്യൂക്ലിയസ്സിലുള്ള ഡി എൻ എയിൽ തുന്നിച്ചേർത്തുവെക്കാനുള്ള ഇന്റെഗ്രേസ് (integrase) എന്നൊരു എന്സൈമും എയ്ഡ്സ് വൈറസിനുണ്ട്. അപ്പോൾ നമ്മുടെ കോശങ്ങൾ വൈറസിന്റെ ഈ ഡി എൻ എയെ നമ്മുടേത് ആയി കരുതി അതിനെ ട്രാൻസ്ക്രിപ്ഷൻ വഴി ആർ എൻ ആയും, തുടർന്ന് പ്രോട്ടീനുകളും ആക്കുന്നു. അങ്ങനെ ഈ ആർ എൻ എയെ പൊതിഞ്ഞ് എയ്ഡ്സ് വൈറസിന്റെ പ്രോട്ടീനുകൾ വരുകയും അങ്ങനെ വൈറസിന്റെ പുതിയ നിരവധി കോപ്പികൾ ഉണ്ടാവുകയും ചെയ്യുന്നു.
നമ്മുടെ കോശങ്ങൾ വിഘടിക്കുമ്പോൾ ഡി എൻ എ യെ കോപ്പി ചെയ്യുന്നത് വളരെ കൃത്യതയോടെയാണ്. ഒരു ബില്യൺ ഡി എൻ എ ബേസുകളെ കോപ്പി ചെയ്യുമ്പോൾ വെറും ഒരു തെറ്റുമാത്രമാണ് സംഭവിക്കുന്നത്. കോപ്പി ചെയ്യുമ്പോൾ തെറ്റ് പറ്റി മ്യൂട്ടേഷൻ സംഭവിക്കുന്നോ എന്ന് പരിശോധിക്കാൻ എൻസൈമുകൾ ഉണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നത് ചെക്ക് ചെയ്യാതെ നടക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ തന്നെ ഇത് നിരവധി മ്യൂട്ടേഷനുകളുള്ള ഡി എൻ എ ആയി മാറുന്നു. ഈ മ്യൂട്ടേഷൻ സംഭവിച്ച വൈറസിന്റെ ഡി എൻ എ നമ്മുടെ ഡി എൻ എ യിൽ ചേർന്ന് പ്രോട്ടീനുകൾ ഉണ്ടാക്കുമ്പോൾ പഴയ പ്രോട്ടീനുകൾക്ക് പകരം ചെറിയ വ്യത്യാസമുള്ള പ്രോട്ടീനുകൾ ആയിരിക്കും ഉണ്ടാവുന്നത്. അപ്പോൾ ഗവേഷകർ വാക്സിനുകൾക്കായി ഒരു പ്രോട്ടീൻ ടാർഗറ്റ് ചെയ്യുമ്പോൾ പുതിയതായി കോപ്പി ചെയ്ത് വരുന്ന എയ്ഡ്സ് വൈറസുകളിൽ ആ പ്രോട്ടീന് പകരം വ്യത്യാസം ഉള്ള മറ്റൊന്നായിരിക്കും കാണുക. ഇത് എയ്ഡ്സ് വൈറസിനെതിരെയുള്ള വാക്സിനുകളുടെ നിർമിതിയിൽ പരിമിതികൾ ഉണ്ടാക്കുന്നു.
ഒരു 75 വർഷങ്ങൾക്ക് മുൻപുള്ള കണക്കുകൾ പരിശോധിച്ചാൽ കുട്ടികളുടെ മരണനിരക്ക് ഇന്ന് വളരെയധികം കുറഞ്ഞതായി മനസ്സിലാക്കാം. ആന്റിബയോട്ടിക്കുകളുടെയും വാക്സിനുകളുടെയും കണ്ടെത്തലുകൾ ആയിരുന്നു ഇതിൽ പ്രധാനപങ്ക് വഹിച്ചത് .
രോഗാണുക്കളെ കണ്ടുപിടിക്കുകയും, അവയെ ലാബിൽ വളർത്തിയെടുക്കുകയും അവക്കെതിരെ പ്രതിരോധമാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്ത നിരവധി ഗവേഷകരുടെ ഒരു ജീവിതത്തിന്റെ മൊത്തം കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മെഡിക്കൽ സയൻസിന്റെ ഈ നേട്ടങ്ങൾ. അതോടൊപ്പം തന്നെ ഇത്തരം പരീക്ഷണങ്ങളുടെ ഭാഗമാവുകയും, എന്നാൽ അറിയപ്പെടാതെ പോവുകയും ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട്. ആദ്യകാലങ്ങളിൽ വാക്സിനുകൾ പരീക്ഷിച്ചത് ബുദ്ധിവൈകല്യം കാരണം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലും, കറുത്ത വർഗക്കാരുടെ കുട്ടികളിലും ജയിലിൽ അടക്കപ്പെട്ട കുറ്റവാളികളിലും ഒക്കെ ആയിരുന്നു. ഇന്ന് ഇത്തരം പരീക്ഷണങ്ങൾ കുറ്റകരം ആണ്..
No comments:
Post a Comment