സ്നേഹവും ഐക്യവും പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു കുടുംബാന്തരീക്ഷം എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കു പോലും പൊട്ടിത്തകരുന്ന കുടുംബബന്ധങ്ങള്‍ ഇന്നു നമ്മുടെ നാടിന്റെ നേര്‍ചിത്രമാണ്.
കഴിക്കാന്‍ ഒരുപിടിച്ചോറു മാത്രമേയുള്ളുവെങ്കിലും സ്‌നേഹവും, ഐക്യവും നിറഞ്ഞുനില്‍ക്കുന്ന വീട് സ്വര്‍ഗ്ഗം തന്നെയാണ്. നേരെമറിച്ച് പണവും സമ്പത്തും വേണ്ടുവോള മുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ പരസ്പരം കലഹവും വിയോജിപ്പുമാണെങ്കില്‍ ആ വീട് നരകതുല്യം തന്നെ. പരസ്പരം കലഹിക്കാന്‍ നിസ്സാരകാര്യങ്ങള്‍ തേടുന്നതിനുപകരം സന്തോഷവും സ്‌നേഹവും പങ്കുവെയ്ക്കാനുള്ള അവസരങ്ങള്‍ നമ്മള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കണം.
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള തെറ്റുകള്‍ ക്ഷമിക്കാനും മറ്റെയാളെ എല്ലാ പോരായ്മകളോ ടെയും സ്‌നേഹിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് ഉണ്ടാക്കി യെടുക്കുകയും വേണം.
ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹം കൊണ്ടു ഒരുമനസ്സാകണം, ഒന്നാകണം. പണ്ടുകാലത്ത് ഭാര്യാഭര്‍തൃബന്ധം ഒന്നേഗുണം ഒന്ന് എന്നപോലെയായിരുന്നു. ഒന്നേഗുണം ഒന്ന് ഒന്നാണല്ലോ. അവര്‍ ഒന്നായിരുന്നു. എന്നാല്‍ ഇന്നു ഭാര്യാഭര്‍തൃബന്ധം ഒന്നേ അധികം ഒന്നുപോലെയാണ്. ഇന്നവര്‍ രണ്ടാണ്. രണ്ടുകുട്ടികളും കൂടി ജനിച്ചാല്‍ പിന്നെ നാലായി. നാല് ദ്വീപുകളായി മാറുകയാണവര്‍. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു മനസ്സാകണം ഒരു ഹൃദയമാകണം. സ്‌നേഹത്തില്‍ അവര്‍ ഒന്നാകണം.
ചിലര്‍ എത്ര ബാലിശമായ കാര്യങ്ങള്‍ക്കാണ് കലഹിക്കുന്നതെന്നു കാണുമ്പോള്‍ നമ്മള്‍ അമ്പരന്നുപോകും. ചില സ്ത്രീകള്‍ പറയും, 'എന്നോട് വലിയ സ്‌നേഹമാണെന്നു ഭര്‍ത്താവ് എന്നും പറയും. പക്ഷെ അതെങ്ങനെ വിശ്വസിക്കും. ഞങ്ങളുടെ വിവാഹവാര്‍ഷികംപോലും അങ്ങേര്‍ക്ക് ഓര്‍മ്മയില്ല. അതെനിക്ക് തീരെ ക്ഷമിക്കാന്‍ കഴിയില്ല. അതുകൊണ്ട് എനിക്കിനിയും ഒരുമിച്ചുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോവുക പ്രയാസമാണ്. ചില ആണ്‍മക്കള്‍ പറയും, 'എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ ഞാന്‍ അവള്‍ക്ക് എത്രയോ സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തിരിക്കുന്നു. പക്ഷേ അവള്‍ക്കിപ്പോള്‍ നല്ലൊരു ജോലിയായി. ആദ്യ ശമ്പളം കിട്ടിയിട്ട് അവള്‍ എനിക്കൊന്നും വാങ്ങിത്തന്നില്ല. അതെന്നെ വളരെ വിഷമിപ്പിച്ചു.' ഇങ്ങനെയൊക്കെ പല ഭാര്യാഭര്‍ത്താക്കന്മാരും സുഹൃത്തുക്കളും പരസ്പരം പരാതി പറയുന്നതു കേള്‍ക്കാറുണ്ട്. വിവാഹവാര്‍ഷികം മറന്നതും, ആദ്യശമ്പളം കിട്ടിയപ്പോള്‍ ഭര്‍ത്താവിന് സമ്മാനം നല്കാതിരുന്നതും സ്‌നേഹമില്ലാത്തതുകൊണ്ടോ, കരുതിക്കൂട്ടി ചെയ്തതോ ആയിരിക്കണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം ഒരുപക്ഷെ മറന്നുപോയതാവാം. ഇത്തരം സാഹചര്യങ്ങളില്‍ വിട്ടുവീഴ്ച്ചാമനോഭാവം ഇരുകൂട്ടര്‍ക്കും വളരെ ആവശ്യമാണ്.
ഒരാള്‍ തന്റെ മകനോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാനിരുന്നു. അയാള്‍ക്ക് ഓഫീസീലേയ്ക്കു പോകാനുള്ള സമയമായതു കൊണ്ട് ഭാര്യ വേഗം തന്നെ ദോശയും ചമ്മന്തിയും കൊണ്ടുവന്നു വിളമ്പി. ധൃതിപിടിച്ചു ഉണ്ടാക്കിയതുകാരണം ദോശ മിക്കവാറും കരിഞ്ഞുപോയിരുന്നു. പക്ഷെ അയാള്‍ ഒന്നും മിണ്ടിയില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചമ്മന്തികൂട്ടി ദോശ കഴിച്ചു. ഭര്‍ത്താവ്, കരിഞ്ഞദോശ കഴിക്കുന്നതുകണ്ട ഭാര്യ വിഷമത്തോടെ പറഞ്ഞു, 'ആ ദോശ കരിഞ്ഞുപോയി. ഞാന്‍ വേറെ ദോശയെടുക്കാം.' ഭര്‍ത്താവു പറഞ്ഞു, 'സാരമില്ല, ഇതല്പം കൂടുതല്‍ മൊരിഞ്ഞു വെന്നേയുള്ളു. ഇങ്ങനെയുള്ള ദോശ എനിക്കിഷ്ടമാണ്.'
ഓഫീസില്‍ പോകുന്ന വഴിക്ക് അയാള്‍ മകനെ സ്‌ക്കൂളില്‍ കൊണ്ടുവിടാനായി ഒപ്പം കൂട്ടി. ഇടയ്ക്കുവെച്ച് മകന്‍ അച്ഛനോടു ചോദിച്ചു, 'അച്ഛനു കരിഞ്ഞ ദോശ ഇഷ്ടമാണെന്നു പറഞ്ഞത് സത്യം തന്നെയാണോ?' അയാള്‍ മകനോടു പറഞ്ഞു, 'പൊന്നുമോനെ, മോന്റെ അമ്മയ്ക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നില്ലേ. അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു ജോലി ചെയ്തു. വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം വെളുത്തു. അവള്‍ വളരെ ക്ഷീണിച്ചിട്ടുണ്ടാകും. എന്നിട്ടും രാവിലെ നമുക്കെല്ലാവര്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കി. ഇതിനുമുമ്പ് പലപ്പോഴും അവള്‍ വളരെ രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടില്ലേ. അപ്പോഴൊക്കെ ഭക്ഷണം നന്നായെന്ന് ഒരു നല്ല വാക്ക് നമ്മളൊരിക്കലും പറഞ്ഞിട്ടില്ല. ഇന്ന് ഇത്രയും ക്ഷീണിച്ചിരുന്ന സമയത്തുണ്ടാക്കിയ ദോശ അല്പം കരിഞ്ഞു പോയെന്നു പറഞ്ഞ് നമ്മള്‍ അതു കഴിക്കാതിരുന്നാല്‍ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും. അവളുടെ മനസ്സ് സന്തോഷിക്കാനായി അല്പം കരിഞ്ഞ ദോശ കഴിക്കുന്നതിന് എനിക്ക് ഒരു പ്രയാസവുമില്ല.'
നമുക്കു ചുറ്റുമുള്ളവരില്‍ നിന്ന് നമ്മള്‍ എപ്പോഴും കുറ്റമറ്റ പെരുമാറ്റവും പ്രവൃത്തിയും മാത്രം പ്രതീക്ഷിച്ചാല്‍, പിടിവാശി പിടിച്ചാല്‍, നമ്മള്‍ നിരാശരാകുമെന്നതില്‍ സംശയമില്ല. ഈ ലോകത്തില്‍ ആരും പൂര്‍ണ്ണരല്ല എന്ന സത്യം നമ്മള്‍ തിരിച്ചറിയണം.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുകയും ചെയ്താല്‍ മാത്രമേ കുടുംബബന്ധങ്ങളില്‍ സ്‌നേഹവും സമാധാനവും നില നിര്‍ത്തുവാന്‍ സാധിക്കൂ..
No comments:
Post a Comment