Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 25 March 2020

കൊറോണ വൈറസിൻ്റെ ആത്മകഥ..


പ്രിയപ്പെട്ടവരേ,

 ഞാൻ കൊറോണ വൈറസ്.പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. നിങ്ങളെപ്പോലെത്തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ.

 ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ.

നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും  ജീവികളുടെ ആന്തരികായവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. 

 എലി, പെരുച്ചാഴി, പന്നി, വവ്വാൽ, കൊതുക് , കുറുനരി തുടങ്ങിയ ജീവികളെയാണ്  സാധാരണ ആതിഥേയ ജീവികളായി ഞങ്ങൾ തിരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാവുമ്പോൾ ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ, പാലു തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല, ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം.

 കഥയിലേക്ക് തിരികെ വരാം. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവെച്ചു വീഴ്ത്തി.കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയെയും. ചത്തുവീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു.

 ഞാൻ പേടിച്ചു വിറച്ചു.ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല പുരട്ടി നിർത്തിപ്പൊരിച്ചു തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പലാവും.

 എൻ്റെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരികായവങ്ങൾ എടുത്തു പുറത്തു കളഞ്ഞു. ആ തക്കത്തിന് ആ ചെറുപ്പക്കാരൻ്റെ കൈവിരലിൽ  കയറിപ്പറ്റാൻ എനിക്കു കഴിഞ്ഞു. അവൻ മൂക്കു ചൊറിഞ്ഞപ്പോൾ ശ്വസനനാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഇനി 14 ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത്.കോശവിഭജനം വഴി ഒന്നിൽ നിന്നും രണ്ടാകാനും രണ്ടിൽ നിന്നും നാലാകാനും പിന്നെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുമാകാനും ഞങ്ങൾക്ക് ഈ 14 ദിവസം ധാരാളം മതി.

 ഇനിയാണ് രസം. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെത്തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻ്റെ കുഞ്ഞുങ്ങൾ ചൈനക്കാരൻ്റെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരങ്ങളിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. 

 പാവം ചൈനക്കാരൻ ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നു. ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. അതിനുള്ള ചികിത്സകൾ തുടങ്ങി. പക്ഷേ, അഡ്മിറ്റായി ആറാം ദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും നേരെ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി. 

 എൻ്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു.അവർ കൂടുവിട്ട് കൂടുമാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി.ദിവസവും ആയിരങ്ങൾ ആശുപത്രികളിലേക്കു വന്നു.  മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു.

 ലോകം പകച്ചു നിന്നു. ഗവേഷകർ തല പുകച്ചു. ഈ രോഗം ഏത്? കാരണക്കാരനായ അണു എവിടെ നിന്നു വന്നു? ഇതിന് പ്രതിവിധിയെന്ത്?

 അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു.ഡോക്ടർ അത്യാസന്ന നിലയിലായി. കുറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്രപൂ കുകയും ചെയ്തു. 

 പക്ഷേ,കുറഞ്ഞ സമയത്തിനുള്ളിൽ  ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു.ഞാൻ നോവൽ കൊറോണ വൈറസ്.കഴിഞ്ഞവർഷങ്ങളിൽ സാർസ് രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിൻ്റെ രൂപാന്തരണം പ്രാപിച്ച പുതിയ അവതാരം. വൈറസുകളുടെ കൊടിക്കൂറ ലോകമെങ്ങും പാറിക്കാൻ പിറവിയെടുത്ത കലിയുഗ ചക്രവർത്തി.

 എനിക്ക്  പുതിയൊരു പേരും കണ്ടെത്തി - കോവിഡ് -19.

 പിന്നീട് എൻ്റെ ജൈത്രയാത്രയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെയും സമ്പത്തിൻ്റെയും കോട്ടകൊത്തളങ്ങളായ അമേരിക്ക, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലാൻ്റ്, അറേബ്യ ,പേർഷ്യ....

 ഇപ്പോഴിതാ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും  എത്തിച്ചേർന്നിരിക്കുന്നു. മനുഷ്യ സ്നേഹത്തിൻ്റെയും മതേതരത്വത്തിൻ്റെയും നാട്. പുഴകളുടെയും പ്രവാസികളുടെയും പറുദീസ....

 അറിയുമോ, എനിക്കും ഒരു ഹൃദയമുണ്ട്.

 കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കരയിക്കാറുണ്ട്. 

 അന്ത്യശ്വാസം വലിക്കുന്ന വൃദ്ധരുടെ വിറക്കുന്ന വിരലുകളിൽ ഞാൻ ചുംബിക്കാറുണ്ട്.....

 പക്ഷേ, ഇതെൻ്റെ ദൗത്യമാണ്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ തമ്പുരാനായ പ്രകൃതി ഏൽപിച്ചു തന്ന ദൗത്യം. സംഹാരം എന്ന അലംഘനീയമായ ദൗത്യം. പ്രകൃതിയുടെ നിലനിൽപ്പിന്  അനിവാര്യമായ ദൗത്യം. അതു കൊണ്ട് ഈ യാത്ര തുടർന്നേ മതിയാകൂ.

 എനിക്ക് തോൽക്കാൻ ഇഷ്ടമാണ്. മനുഷ്യരാശിയുടെ മുന്നിൽ..... മനുഷ്യരില്ലെങ്കിൽ ഈ ഭൂമി എന്തിനു കൊള്ളാം. മൃദുലമനോഹരമായ വിരലുകളാൽ നിങ്ങൾ മീട്ടുന്ന ജീവിതമെന്ന സംഗീതമാണ് ഈ കൊച്ചു ഭൂമിയെ മുഖരിതമാക്കുന്നത് .....

 തിരിച്ചറിഞ്ഞു കഴിഞ്ഞ നിലക്ക്,അധികം താമസിയാതെ എനിക്കെതിരെ മരുന്നു കണ്ടെത്തുമെന്നറിയാം. മഹാമാരികളും ലോകയുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് അനുസ്യൂതം മുന്നോട്ടു കുതിക്കുന്ന മനുഷ്യൻ എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ നിസ്സാരനായ ഞാനാര്?     പക്ഷേ, ഈ യുദ്ധം ജയിച്ചാലെ ഇനി നിങ്ങൾക്ക് മുന്നോട്ടു പോകാനാവൂ.

 തോറ്റു തരുവാൻ ഞങ്ങൾ തയ്യാറല്ല, യഥാർത്ഥ യുദ്ധത്തിൽ സമനിലയോ സന്ധിയോ അനുവദനീയമല്ലല്ലോ.

 അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എൻ്റെ  ആഗ്രഹം. 

 അതാ, ആ തെരുവീഥിയുടെ അങ്ങേ അറ്റത്ത് ബസ്സുകിട്ടാതെ വിഷമിച്ചു നിൽക്കുന്ന രണ്ട് ആഫ്രിക്കൻ യുവാക്കളെ കണ്ടോ? അവരുടെ ശരീരത്തിൽ കയറിപ്പറ്റാൻ കഴിയുമോ എന്നു ശ്രമിച്ചു നോക്കട്ടെ  .....

 ആഫ്രിക്ക എനിക്ക് എന്തിഷ്ടമാണെന്നോ .....ഇരുണ്ട ഭൂഖണ്ഡത്തിലെ  ഫലഭൂയിഷ്ടമായ നാട്ടിൻ പുറങ്ങളിൽ വിഹരിച്ചു നടക്കാൻ എനിക്കു കൊതിയാകുന്നു.അവിടത്തെ വെളിച്ചം കടക്കാത്ത  നിബിഢവനാന്തരങ്ങളിലൊന്നിൽ, മാനം മുട്ടുന്ന വൻമരക്കൊമ്പത്ത്, ശീർഷാസനം ചെയ്യുന്ന, ഒരു നരിച്ചീറിൻ്റെ വൻ കുടലിൽ ഈ ജൈത്രയാത്ര അവസാനിപ്പിക്കണം.അതാണ് എൻ്റെ അന്ത്യാഭിലാഷം.

 പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ മൂടി തുറന്നു വിടരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്.

 ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ട്,

 സ്നേഹപൂർവ്വം,

കൊറോണ വൈറസ്.

No comments:

Post a Comment