ഒരു വ്യക്തിയെ നിങ്ങൾ പരിചയപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ഹായ് അയക്കുന്നത് മോശം കാര്യമേയല്ല. അവർ അതു കണ്ടിട്ട് നിങ്ങൾക്ക് തിരിച്ചു റിപ്ലേ തരുന്നുവെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് തുടരാം. കണ്ടിട്ടും പ്രതികരണമില്ലെങ്കിൽ അവർക്ക് നിങ്ങളോട് മിണ്ടാൻ താത്പര്യമില്ലെന്ന് മനസ്സിലാക്കണം. ഇനി നിങ്ങൾ അയച്ച ഹലോ കാണാത്ത സ്ഥിതിക്ക് നിങ്ങൾ ഇൻബോക്സിൽ ചെന്നതിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. അതുകൊണ്ടു തന്നെ നിങ്ങൾ ആരാണെന്നും എന്തുകൊണ്ട് അവരെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ചുരുങ്ങിയ വാക്കുകളിൽ പറയുക. തിരിച്ചൊരു സൗഹൃദം നിങ്ങളോട് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കുള്ള മറുപടി കിട്ടിയിരിക്കും. ഇല്ലെങ്കിൽ ആ വഴി പിന്നീട് പോവാതിരിക്കുക.
പരിചയപ്പെടാൻ ആരെങ്കിലും തയ്യാറായാൽ അവരെ അവർ പരിചയപ്പെടുത്തുന്നത് എങ്ങനെയോ, എത്രത്തോളമോ അത് മാത്രം കേൾക്കുക അറിയുക. അവരുടെ കുടുംബപുരാണം അറിയാനായി വീണ്ടും വീണ്ടും കുഴിക്കാതിരിക്കുക. ആദ്യം കണ്ട ഒരാളോട് ഫാമിലിയെ പറ്റി പറയാൻ എല്ലാവര്‍ക്കും താൽപ്പര്യമുണ്ടാവില്ല. ഇങ്ങോട്ട് പറയാൻ അവർ ആഗ്രഹിക്കുന്നതു വരെ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള മര്യാദ കാണിക്കുക. ആ മര്യാദ മനസ്സിലാവാത്തവരോട് നിങ്ങൾക്ക് പറയാൻ താല്പര്യമില്ലാത്ത ചോദ്യങ്ങൾക്ക് നേരെ നോ എന്ന് തന്നെ മറുപടി പറയുക. ക്ളീഷേ പുകഴ്ത്തലുകൾ ഒഴിവാക്കുക.
ഒരു ദിവസം സംസാരിച്ചതിന്‍റെ പേരിൽ ഗുഡ് മോര്‍ണിങ്ങും നൂണും ഈവെനിങ്ങും നൈറ്റും സ്ഥിരമായി കൊടുത്ത് അവരെ വെറുപ്പിക്കാതിരിക്കുക. രാവിലത്തെ ചായ കുടി മുതൽ പാതിരാത്രിയിലെ ഉറങ്ങാനായില്ലേ എന്ന ലാസ്റ്റ് മെസേജും കൂടി അയച്ചാലേ നടയടക്കൂ എന്ന സ്വഭാവം അറുബോറാണെന്നു മനസ്സിലാക്കുക. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചു ബോറടിക്കും മുന്നേ കളം വിട്ടാൽ പിന്നീട് നമ്മുടെ മെസേജ് കാണുമ്പോൾ അവർ നെറ്റി ചുളിക്കാതിരിക്കും. വീണ്ടും മിണ്ടാൻ എന്തൊക്കെയോ ബാക്കിയുണ്ടന്ന ഫീൽ അവിടെ അവശേഷിപ്പിക്കണം എന്നു ചുരുക്കം.
മെസേജുകൾ അയക്കുന്നതിന് അനുവാദം ചോദിക്കണമെന്നില്ല, കാരണം അതുകൊണ്ട് പ്രത്യേകിച്ച് ശല്യമൊന്നുമില്ല. എന്നാൽ കോൾ ചെയ്യും മുന്നേ തീർച്ചയായും അനുവാദം വാങ്ങണം. ഒന്നാമത് നിങ്ങളോട് ഫോൺ വിളിച്ചു മിണ്ടാൻ പാകത്തിനുള്ള അടുപ്പം അവർക്കു തോന്നിയിട്ടുണ്ടാവില്ല. മറ്റൊന്ന്, പല ജോലിയിലും പല തിരക്കിലും ചിലപ്പോൾ ഉറക്കത്തിലും ഉള്ളവർക്ക് ഔചാത്യമില്ലാതെ കടന്നു ചെല്ലുന്ന നമ്മുടെ കോളുകൾ അലോസരം മാത്രമല്ല കോപവും ജനിപ്പിക്കും. അവർ മര്യാദയുടെ പേരിൽ ഒന്നും രണ്ടും മൂന്നും പ്രാവിശ്യം കട്ട് ചെയ്തിട്ടും വീണ്ടും വിളിക്കുന്നതു മര്യാദകേട് മാത്രമല്ല തോന്ന്യവാസം കൂടിയാണ്. അനുവാദമില്ലാതെ കയറിച്ചെല്ലാൻ സ്വാതന്ത്ര്യമുള്ള ഇന്ബോക്സിൽ പോലും മര്യാദയുടെ അതിർവരമ്പുകൾ ലംഘിക്കരുത്.
അനുവാദമില്ലാതെ കടന്നു വരുന്ന കോളുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പോസ്റ്റ് എഴുത്തിനും, സർവ്വ ആപ്പുകൾ ഉപയോഗിക്കാനും ഈ മൊബൈലിനെ മാത്രം ആശ്രയിക്കുന്നവരെയാണ്. എല്ലാത്തിനും ഈ മൊബൈലിനെ മാത്രം ആശ്രയിക്കുന്നയാളാണ് ഞാൻ. എഴുതി തീരാനായ പല പോസ്റ്റുകളും ഇങ്ങനെ കോളുകള്‍ വന്നതു കൊണ്ടു ഡീലീറ്റായിട്ടുണ്ട്. വീണ്ടും എഴുതാനുള്ള ബുദ്ധിമുട്ടുകൊണ്ടു പിറവി എടുക്കാത്ത പോസ്റ്റുകൾ എത്രയെണ്ണം
ഇൻബോക്സ് എന്നത് ഒരു വ്യക്തിയുടെ സ്വകാര്യയിടമാണ്. അവിടെ പങ്കുവെക്കുന്ന വിഷയങ്ങൾ എന്തു തന്നെയായാലും അത് അയാളുടെ അനുവാദത്തോട് കൂടി മാത്രമാവണം. അതൊരു ദേവാലയമാണെന്ന സദാചാര ചിന്തയോടൊന്നും എനിക്ക് യോജിപ്പില്ല.
ഒരു Yes/No ചോദ്യത്തിന് ഒരുത്തരമുണ്ടാവും, അതു പറയുക. നോ പറഞ്ഞിട്ടും അത് അവർത്തിക്കപ്പെടുന്നുവെങ്കിൽ അയാൾക്ക് പിന്നീട് നിങ്ങളുടെ ഫ്രണ്ടായി തുടരാൻ യോഗ്യതയില്ലെന്നു മനസ്സിലാക്കുക, തൂക്കി വെളിയിൽ കളയുക. . അന്യന്‍റെ ഒരു അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്വകാര്യതകളും സന്തോഷങ്ങളും നമ്മളായി ഇല്ലാതാവാൻ ഇടയാവരുത്.
"ജനാധിപത്യ മര്യാദ" എന്നൊന്ന് എല്ലായിടത്തെയും പോലെ ഇൻബോക്സിലും പാലിക്കണം..
No comments:
Post a Comment