കൊച്ച് കുഞ്ഞുങ്ങളിൽ ഓരോ പ്രായത്തിനനുസരിച്ച് വികൃതിയുടെ തോത് മാറി കൊണ്ടിരിക്കും. ജനനം മുതൽ ഓരോ ഘട്ടവും മക്കളുടെ വികൃതികൾ ആസ്വദിക്കുന്ന വിവേകമുള്ള മാതാപിതാക്കളുള്ളപ്പോൾ തന്നെ കുട്ടികളുടെ സാധാരണ വികൃതി പോലും സഹിക്കാൻ പറ്റാതെ അവരെ തല്ലുകയും ശപിക്കുകയും ചെയുന്നവർ നമുക്ക് ചുറ്റുമുണ്ട്.
നിങ്ങളുടെ കൊച്ചു കുഞ്ഞുങ്ങൾ മുറ്റത്തിറങ്ങിയാൽ, ചെളിയിൽ ചവിട്ടിയാൽ, മണ്ണ് വാരിയാൽ വഴക്ക് പറഞ്ഞ് അകത്ത് കയറ്റി വാതിലടച്ച് ഫോൺ നോക്കുന്ന/ടിവി കാണുന്ന അമ്മമാരുണ്ട്.
ഇനി മുറ്റത്ത് നിന്ന് ചളി ചവിട്ടി കയറ്റിയാൽ, വെള്ളം ഗ്ലാസ്സിൽ നിന്ന് തറയിലൊഴിച്ചാൽ, മണ്ണ് വാരി അകത്തിട്ടാൽ, അടുക്കളയിൽ വെച്ച അരിമണി വിതറിയാൽ, പച്ചക്കറികൾ അകത്ത് കൊണ്ടുവന്നു വിതറിയാൽ, പാത്രങ്ങൾ, തവികൾ ബെഡ്റൂമിൽ കൊണ്ടുവന്നാൽ... ഇട്ട് കൊടുക്കുന്ന വസ്ത്രങ്ങൾ നനച്ച് മൂന്നും നാലും തവണ മാറ്റാൻ വരുമ്പോൾ ഒരുപാട് വഴക്ക് പറഞ്ഞ് കുട്ടികളെ ശകാരിക്കുന്ന തല്ലുന്ന മാതാപിതാക്കളും നമുക്ക് ചുറ്റുമുണ്ട്.
ഇങ്ങനെ എത്ര എത്ര വികൃതികളാണ് ഓരോ ദിവസവും കുട്ടികൾ ചെയ്യുന്നത്. എത്ര വഴക്കും ശകാരവും അടിയുമാണ് ഓരോ സ്ഥലത്തും ഒട്ടും തിരിച്ചറിവാവാത്ത കുഞ്ഞുങ്ങൾ എല്ക്കുന്നത്.
ഞാനൊരു കാര്യം ചോദിക്കട്ടെ. ഇത്തരം കാര്യങ്ങള് കാണുമ്പോൾ എന്തിനാണ് കുട്ടികളെ വഴക്ക് പറഞ്ഞ് ശകാരിക്കുന്നത്, തല്ലുന്നത്. കുഞ്ഞുങ്ങൾക്ക് വികൃതിയില്ലെങ്കിൽ പിന്നെന്താണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
വികൃതികൾ പല കുട്ടികളിലും വ്യത്യസ്തമായിരിക്കും. ഇത്തിരി മുതിർന്നാൽ ഇവരൊക്കെ ഇങ്ങനത്തെ വികൃതികൾ ചെയ്യുമോ. ഇല്ല. അപ്പോ ഓരോ പ്രായത്തിലുള്ള വികൃതികൾ മനസ്സിലാക്കി കുട്ടികളിലേക്ക് ഇറങ്ങി വന്ന് അവരുടെ പ്രായത്തിൽ നിന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ മാത്രമേ ഇത്തരം വികൃതി കാണിക്കുമ്പോൾ ശകാരിക്കാതെ ഓടി വന്ന് കെട്ടി പിടിച്ച് മുത്തം കൊടുക്കുക.
അല്ലാത്തവർ തങ്ങളുടെ പക്വതക്കനുസരിച്ച് കുട്ടികൾ പെരുമാറണം എന്ന് മർക്കട മുഷ്ടി പിടിക്കുന്ന വിവരം ലവലേശമില്ലാത്ത മനുഷ്യരാണ്.
മലയാളി മാതാപിതാക്കൾ മക്കളെന്ന് വെച്ചാൽ ജീവനാണ് അത് പോലെ തന്നെ വിവേകക്കുറവും ഉണ്ട്.
ഒരു ദിവസം പത്തിരുപത് ചപ്പാത്തി പരത്തി വെച്ച് അത് ചുടാനായി തിരിഞ്ഞ് വന്ന നേരം ജാനിമോൾ അത് കൈകാര്യം ചെയ്തു. പരത്തി വെച്ച ചപ്പാത്തി പകുതിയും ഞെക്കി കുഴച്ച് മാവിന്റെ പരുവത്തിലാക്കി.
ഉള്ളിൽ ദേഷ്യം സങ്കടം വന്നുവെങ്കിലും കുഞ്ഞിനെ നോക്കി ചിരിച്ച് അടുത്ത് വന്നിരുന്നു കവിളിൽ ഒരുമ്മ കൊടുത്തു. നോക്കൂ കുട്ടികൾക്ക് ചപ്പാത്തി പരത്തിയത് ഒരു കൗതുകമാണ്. നമുക്കാണ് അതിന്റെ കഷ്ടപ്പാടും വിലയും അറിയുകയുള്ളൂ. പത്ത് ചപ്പാത്തി പോയാൽ പോയെന്നെ യുള്ളൂ. നിഷ്ക്കളങ്ക മനസ്സുകൊണ്ട് ചെയ്ത എന്റെ കുഞ്ഞിന്റെ മനസ്സാണ് എല്ലാറ്റിലും എനിക്ക് പ്രിയം.ഇത് പോലെ ഓരോ സംഭവങ്ങളും.
അപ്പോൾ വിലപിടിപ്പുള്ള, ഹാർഡ് ആയി കൈകാര്യം ചെയ്താൽ നാശമാകുന്ന മൊബൈൽ പോലുള്ള സാധനങ്ങൾ കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്ത് വെക്കുക.
ചില കുട്ടികൾ പുതിയ കാറിൽ കല്ലുകൊണ്ട് പോറും. നാലോ അഞ്ചോ വയസ്സായ കുട്ടിയാണെങ്കിൽ പറഞ്ഞ് മനസ്സിലാക്കി ചെറു ശിക്ഷ കൊടുത്താൽ പിന്നെ ചെയ്യില്ല. രണ്ട് വയസായ കുട്ടിയാണെങ്കിൽ... ഒന്നും ചെയ്യാനില്ല നഷ്ടം സഹിക്കുക. കുഞ്ഞുങ്ങളെ സ്നേഹിക്കുക. എന്നാല് ദേഷ്യം കൊണ്ട് കുഞ്ഞു മക്കളെ പൊതിരെ തല്ലുന്നവരും ഉണ്ടെന്നോർക്കുക. പാവം നിഷ്കളങ്കരായ കുഞ്ഞുങ്ങൾ.
ഇനി ചെയ്യാൻ പറ്റുന്ന കാര്യം ഒരു കാർ കവർ വാങ്ങി മൂടിയിടുക. ഓർക്കുക കാറിനേക്കൾ/എന്ത് വസ്തുവിനെക്കാൾ വിലപ്പെട്ടതാണ് നമ്മുടെ മക്കൾ.
ഈ പ്രായത്തിലല്ലേ അവരിത് ചെയ്യുകയുള്ളൂ. അല്പം കൂടി വളർന്നാൽ ചെയ്യുമോ? ഇല്ല. അപ്പോ കുഞ്ഞ് പ്രായത്തിലുള്ള വികൃതികൾ അടിച്ചമർത്താൻ നോക്കാതെ അനുവദിക്കുക, ആസ്വദിക്കുക. അല്ലാതെ അകത്ത് കയറ്റി വാതിലടച്ചാൽ അവർക്ക് മൂകതയും വിഷാദവും വരും. നിസ്സാര കാര്യങ്ങൾക്ക് വഴക്ക് പറഞാൽ, തല്ലിയാൽ അവർക്ക് സ്വഭാവ വൈകല്യങ്ങൾ വരും.
നിങ്ങൾ നിങ്ങളുടെ പക്വതയിൽ നിന്ന് കൊണ്ട് മക്കളും അങ്ങനെയാവണമെന്ന് വാശി പിടിക്കരുത്. അവരിലേക്കിറങ്ങി ചെന്ന് അവരിലൊരാളായി മാറണം. അപ്പോ കുട്ടികളുടെ മനസ്സ് കാണാൻ പറ്റും.
ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ സ്വന്തം വീട്ടിലെ വികൃതി നാട്ടുകാരുടെ വീട്ടിൽ ചെയ്താൽ അതൊരു ഉപദ്രവമായി മാറും. അതിനാൽ വിരുന്നിനു പോകുമ്പോൾ മക്കളെ മേയാൻ വിടാതെ അവരുടെ സാധനങ്ങൾ നശിപ്പിക്കാതെ അവരെ നിയന്ത്രിക്കേണ്ടതുണ്ട്.
സ്വന്ത വീട്ടിൽ കളിച്ച് ചിരിച്ച് നടക്കട്ടെ... പുറമേ എപ്പോഴും ഒരു കണ്ണ് വേണം.
ഇതിനെക്കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത് പറയാം. ഞാൻ പറയാതെ പോയതും നിങ്ങളുടെ അഭിപ്രായങ്ങളും..
No comments:
Post a Comment