തെക്കേ അമേരിക്കയിൽ മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിൽ ക്രിസ്തുവിനു മുൻപ് 2600-കളിൽ ഉത്ഭവിച്ച് ഇന്നത്ത ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽ നിലനിന്നിരുന്ന വലിയൊരു സംസ്കാരമായിരുന്നു, മായൻ സംസ്കാരം.
ലോകത്തിലെ ഏറ്റവും വിശദമായ കലണ്ടർ സംവിധാനം രൂപപ്പെടുത്തിയ പൗരാണീക ജനത മയന്മാരാണ്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ തുടങ്ങി ഏതാണ്ട് ഇരുപതോളം കലണ്ടറുകൾ മയൻ ജനത ഉണ്ടാക്കിയിരുന്നു. അത്ഭുതകരമായ ശാസ്ത്രീയ നേട്ടങ്ങളോടൊപ്പം ഭീതിതമായ മതാനുഷ്ഠാങ്ങളുടെയും കേന്ദ്രമായിരുന്നു മായൻ സംസ്കാരം.
മായൻ സംസ്കാരത്തിൻ്റെ ഉത്ഭവകേന്ദ്രമായ യുക്കറ്റാൻ ഉപദ്വീപിൽ ക്രമേണ ശക്തിയാർജ്ജിച്ചു വന്ന നഗരമായിരുന്നു ചിറ്റ്സൻ ഇറ്റ്സ. ഇന്നത്തെ ഏഴു ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ചിറ്റ്സൻ ഇറ്റ്സ, മായൻ സംസ്കാരത്തിൻ്റെ പ്രധാന അധിവാസകേന്ദ്രങ്ങളിൽ ഒന്നായിരുന്നു.
മായൻ ജനത ഇവിടം വിട്ടു പോയതിനുശേഷം തകർന്നടിഞ്ഞുപോയ ചിറ്റ്സൻ ഇറ്റ്സ നഗരത്തിൻ്റെ നടുക്ക് ഇന്നും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന മായൻ നിർമ്മിതികളിൽ പ്രധാനപ്പെട്ടവയാണ് എൽ കാരക്കോൾ (El Caracol) എന്ന വാനനിരീക്ഷണ കേന്ദ്രവും, എൽ കാസ്റ്റിയോ (El Castillo) എന്ന പിരമിഡും.
തങ്ങളുടെ സംസ്കാരത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ശുക്രഗ്രഹത്തിൻ്റെ സഞ്ചാരപഥത്തെ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു എൽ കാരക്കോൾ എന്ന വാനനിരീക്ഷണ കേന്ദ്രം മായൻ ജനത സ്ഥാപിച്ചത്. ശുക്രനിൽ നിന്നും വന്നു എന്ന് അവർ വിശ്വസിച്ചിരുന്ന ചിറകുള്ള സർപ്പമായ കുക്കുൽക്കാൻ ആയിരുന്നു മായന്മാരുടെ പ്രധാന ദേവൻ. കുക്കുൽക്കാനെ പ്രസാദിപ്പിച്ചാൽ തങ്ങളെ അനുഗ്രഹിക്കാൻ കുക്കുൽക്കാൻ തിരികെയെത്തും എന്നവർ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കുക്കുൽക്കാൻ്റെ പേരിൽ അതിഗംഭീരമായി ഒരു പിരമിഡ് തന്നെ അവർ പണി തീർത്തു. കുക്കുൽക്കാൻ്റെ ക്ഷേത്രം അഥവാ എൽ കാസ്റ്റിയോ (El Castillo) എന്ന പടവുകളോടു കൂടിയുള്ള ഈ പിരമിഡിന് 98 അടിയാണ് ഉയരം.
കാലഗണയ്ക്കു വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു ജനത, ഈ പിരമിഡിൽ വളരെ വിദഗ്ദമായി ഒരു കലണ്ടർ തന്നെ ഉൾക്കൊള്ളിച്ചു എന്നറിയുമ്പോഴാണ് മായൻ ജനതയുടെ കഴിവിനെ ഓർത്ത് നമ്മൾ അത്ഭുതപ്പെടുന്നത്. കുക്കുൽക്കാൻ്റെ ക്ഷേത്രമെന്നറിയപ്പെടുന്ന ഈ പിരമിഡ് യഥാർത്ഥത്തിൽ ഒരു സൗരകലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാലുവശത്തും ഒൻപത് വലിയ പടവുകളോടു കൂടിയതാണ് ഈ പിരമിഡ്. ഈ പടവുകളുടെ മധ്യത്തിൽ നാലു വശത്തും മുകളിലേക്ക് 91 പടികൾ. ഇത് വർഷത്തിലെ 364 ദിവസങ്ങളെ സൂചിപ്പിക്കുന്നു, മുകളിലെ പടി 365-മത്തെ ദിവസത്തെ സൂചിപ്പിക്കുന്നു.
എന്നാൽ ഏറ്റവും വിസ്മയകരമായ കാര്യം ഇതൊന്നുമല്ല. തങ്ങളെ അനുഗ്രഹിക്കാൻ തിരികെയെത്തും എന്ന് വാഗ്ദാനം നൽകിയ കുക്കുൽക്കാനെ ഓർക്കാൻ ഒരു വിസ്മയം കൂടി അവർ ഈ പിരമിഡിൽ ചേർത്തുവച്ചു. സൂര്യൻ്റെ സഞ്ചാരപഥത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് അതിൻപ്രകാരം സൂര്യപ്രകാശത്തിൻ്റെയും നിഴലിൻ്റെയും അതിവിദഗ്‌ദ്ധമായസങ്കലനം വഴി തങ്ങളുടെ ദേവനായ കുക്കുൽക്കാൻ, പിരമിഡിനു മുകളിൽ നിന്നും താഴേയ്ക്കു ഇറങ്ങിവരുന്ന അതിശയകരമായ ദൃശ്യമാണ് അവർ ഒരുക്കിയത്.
വർഷത്തിൽ രണ്ടു തവണ, മാർച്ച് 21-നും, സെപ്റ്റംബർ 21-നും വൈകുന്നേരങ്ങളിലാണ് വിസ്മയകരമായ ഈ ദൃശ്യം അരങ്ങേറുന്നത്. അന്നേ ദിവസങ്ങളിൽ വൈകുന്നേരം ഏതാണ്ട് നാലു മണിക്കാണ് ഈ അത്ഭുതകാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്. പിരമിഡിൻ്റെ നടുക്കുള്ള പടികളുടെ വശത്തേയ്ക്ക് സൂര്യപ്രകാശം ഒരു പ്രത്യേക കോണിൽ നിന്നും വീണു തുടങ്ങുമ്പോൾ ഈ കാഴ്ച്ച ആരംഭിക്കുകയായി.
ഈ പടികൾക്ക് താഴെ കുക്കുൽക്കാൻ്റെ തലയുടെ രൂപം കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നു. നിഴലും വെളിച്ചവും ചേർന്ന് ചിറകുള്ള സർപ്പദേവൻ മുകളിൽ നിന്ന് താഴേയ്ക്ക് ഇഴഞ്ഞു വരുന്നപോലുള്ള ഒരു ദൃശ്യവിരുന്ന്. ഏതാണ്ട് 45 മിനിട്ടുകൊണ്ടാണ് ഈ മാസ്മരികത പൂർണ്ണമാകുന്നത്. പതിനായിരങ്ങളാണ് ഈ വിസ്മയം കാണാൻ പിരമിഡിനു സമീപം ഈ ദിവസങ്ങളിൽ തടിച്ചുകൂടുന്നത്.
ഒട്ടുമിക്ക പുരാതന സംസ്കാരങ്ങളിലും ഗണിതശാസ്ത്രവും, ജ്യോതിശാസ്ത്രവും, വാസ്‌തുവിദ്യയുമെല്ലാം നമ്മെ അതിശയിപ്പിക്കുന്ന തരത്തിൽ വളർന്നിരുന്നു എന്നത് നിഷേധിക്കാവാത്ത യാഥാർഥ്യമാണ്. തങ്ങളുടെ വിശ്വാസവും ജ്യോതിശാസ്ത്രവും വസ്തുവിദ്യയും സമന്വയിപ്പിച്ച് അതിശയകരമായ ഈയൊരു ദൃശ്യം ഒരുക്കാൻ മായൻ ജനതയ്ക്ക് കഴിഞ്ഞതും ഇത്തരം അറിവിൽ നിന്നാണ്. ഇത്ര സങ്കീർണ്ണമായ അറിവുകൾ അവർക്ക് എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിന് ഇന്നും നമുക്ക് വ്യക്തമായ ഉത്തരമില്ല. ഈ അറിവുകളെല്ലാം എവിടെ നിന്നും ലഭിച്ചു എന്നു അവരുടെ പിന്മുറക്കാരോടു ചോദിച്ചാൽ അവരുടെ മറുപടി..
"മുകളിൽ നിന്നും വന്ന ദൈവങ്ങൾ തന്ന അറിവുകൾ എന്നാണ്."
അങ്ങനെയെങ്കിൽ ആരായിരിക്കും അവർ ഉദ്ദേശിക്കുന്ന ഈ മുകളിൽ നിന്നും വന്ന ദൈവങ്ങൾ..?
Valla anyaghraha jeevi alum allathe annathe kalathu aru mukaleennu varaan
ReplyDeleteA lot of secret behind Mayan civilization. Good attemp.
ReplyDelete