Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 23 October 2021

മോരിനെ കുറിച്ച് അറിയാമോ..

ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം കൂടുതൽ എങ്കിൽ നമ്മുടെ നാട്ടിൽ അത് മോരിനാണ്. ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..!

ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കാം. വെള്ളം ചേർത്ത് തൈര് കടഞ്ഞെടുത്താൽ മോര് റെഡി.

അഷ്ടാംഗ ഹൃദയത്തിൽ മൂന്നു രീതിയിൽ മോര് ഉണ്ടാക്കുന്നതിനെ പറ്റി വിധിയുണ്ട്. കൊഴുപ്പ് തീരെ കളയാതെ കട്ടിയുള്ള മോരാണ് ഒന്ന്. മറ്റൊന്ന് പകുതി കൊഴുപ്പ് കളഞ്ഞ് ഒരു മീഡിയം കട്ടിയിൽ ഉണ്ടാക്കുന്ന തരം മോരാണ്.

വെണ്ണ മുഴുവനും എടുത്ത് കൊഴുപ്പില്ലാതെ ഉണ്ടാക്കുന്ന മൂന്നാമത്തെ തരത്തിലുമുണ്ട് മോര്. ഇത് നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. നമ്മുടെ സ്വന്തം സംഭാരം തന്നെ...!  

ഇഞ്ചിയും കറിവേപ്പിലയും നാരകത്തിലയും ഉപ്പും ചേർത്തുണ്ടാക്കുന്ന സംഭാരം രുചികരം മാത്രമല്ല, 
ഫാറ്റി ലിവർ പോലുള്ള കരൾ രോഗങ്ങളിലും ദഹന പ്രശ്നങ്ങൾക്കും ഉത്തമവുമാണ്. ചൂടുകാലത്ത് നിർജ്ജലീകരണം തടഞ്ഞു കൊണ്ട് Electrolyte balance ക്രമീകരിക്കാൻ ഒട്ടൊക്കെ സഹായകവുമാണ്. സംഭാരമാക്കി കഴിച്ചാൽ സൈനസൈറ്റിസ് തുടങ്ങിയ കഫ രോഗങ്ങൾ ഒന്നും വർദ്ധിക്കുകയുമില്ല. പക്ഷേ പുളിയുള്ള മോര് കഴിക്കുമ്പോൾ അത് തൊണ്ടയിലെ കഫത്തെ വർദ്ധിപ്പിക്കാം.

മോരിന് ഗുണങ്ങൾ നിരവധിയാണ്.

തൈരിനെ പോലെ കാര്യമായ പഥ്യ നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ ഏത് കാലത്തും അവസ്ഥയിലും
പൊതുവേ ഉപയോഗിക്കുകയുമാവാം.

മോരിന് പുളി രസമാണ്.
കഫ വാത ശമനം.
ഉഷ്ണ വീര്യം.
രൂക്ഷ സ്വഭാവം.

Bleeding ഇല്ലാത്ത മൂലക്കുരു/ അർശസ്സിൽ മോരിനോളം പോന്ന ഔഷധമില്ല.
"മോരിനെ കൊണ്ട് നിശ്ശേഷം നശിപ്പിക്കപ്പെട്ടതായ അർശസ്സുകൾ വീണ്ടും മുളച്ചു പൊന്തുന്നില്ല" എന്നൊരു ശ്ലോക ശകലം തന്നെയുണ്ട്..!

ദഹന സംബന്ധമായ പ്രശ്നങ്ങൾ, കരൾ- പ്ളീഹ (Spleen) രോഗങ്ങൾ എന്നിവയിൽ നിത്യവും കഴിക്കണം.

അമിത വണ്ണം, അരുചി എന്നിവയിലും ശ്രേഷ്ഠം. ബി. കോംപ്ലക്സ് വൈറ്റമിനുകളും വൈറ്റമിൻ ഡി യും സമൃദ്ധം. ക്ഷീണവും വിളർച്ചയും അകറ്റും. രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലത്.

മോര് ഒരു സമ്പൂർണ ആഹാരമാണ്.
പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, വിറ്റമിനുകൾ, ലിപിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്.

പാലിലെ പോലെ കൊഴുപ്പ് ഇല്ലെങ്കിലും അത്ര തന്നെ കാൽസ്യം ഇതിലുണ്ട്.

പ്രമേഹം ഉള്ളവർക്ക് മോര് നന്നായി ഉപയോഗിക്കാം.

നല്ലൊരു പ്രൊ- ബയോട്ടിക്ക് ആയതിനാൽ മൂത്രാശയ- Vaginal അണുബാധകളിൽ നല്ലതാണ്.

ജലദോഷത്തിന് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മോരിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഫല പ്രദം.

കറിവേപ്പിലയും മഞ്ഞളും ഇഞ്ചിയും ചേർത്ത് മോര് കാച്ചിയത് പല ഉദര രോഗങ്ങളിലും നല്ലതാണ്. വയറിലേയും കുടലിലേയും നീർവീക്കം ശമിപ്പിക്കും.


നീർക്കെട്ടിലും അതിസാരത്തിലും ഗുണ പ്രദം. മുക്കുടി എന്ന ഒരു തരം ഔഷധങ്ങൾ ഇട്ടു കാച്ചിയ മോര് ഉണ്ട്. അത് അതിസാര രോഗത്തിൽ ഔഷധമാണ്.

പുളിയാറില ചേർത്ത് കാച്ചിയ മോര് അതിസാര- ഗ്രഹണീ രോഗത്തിൽ പെട്ടെന്ന് ഫലം ചെയ്യും. 'ഗ്രഹണി' എന്ന പേരിൽ അറിയപ്പെടുന്ന വിവിധ തരം ആഗിരണ പ്രശ്നങ്ങൾക്ക് 
( Mal- absorption syndrome) അത്യുത്തമം.

കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും മോരിലടങ്ങിയ ബയോ ആക്ടീവ് പ്രോട്ടീനുകൾ സഹായിക്കും.   

ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വയറെരിച്ചിൽ മാറ്റാനും മികച്ച പാനീയം. മലബന്ധം അകറ്റാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മോര് ശീലമാക്കാം. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം ലഭിക്കാനും മോര് കുടിക്കുന്നതു പതിവാക്കാം. 

നിറം കലർത്തിയ കൃത്രിമ പാനീയങ്ങൾക്ക് പകരം നമ്മുടെ തനത് പാനീയമായ മോരിനെ വീണ്ടും ഉപയോഗിച്ചു തുടങ്ങാം. മോര് ചേർത്ത കറികളും പുളിശ്ശേരിയുമൊക്കെ നമുക്ക് വ്യാപകമാക്കാം..

1 comment:

  1. Good health tip, please keep posting. Best of luck ��

    ReplyDelete