Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 3 November 2020

രാമോജി റാവു ഫിലിം സിറ്റി..

മൂവി മാജിക്ക് പാര്‍ക്കിലെ ആക്ഷന്‍ തീയേറ്റര്‍. മുന്നിലെ സ്റ്റേജില്‍ ചക്രങ്ങളില്ലാത്ത ഒരു കുതിരവണ്ടി. ചുറ്റുമായി ആര്‍ക്ക് ലൈറ്റുകളും ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. എക്കാലെത്തേയും ഹിറ്റ് ചിത്രമായ ഷോലെയിലെ ഒരു രംഗം അപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വന്നു. ഇതിനിടയില്‍ ഇംഗ്ലീഷും തെലുങ്കും നന്നായി സംസാരിക്കുന്ന സുമുഖനായ അവതാരകന്‍ വന്ന് കാണികളില്‍ നിന്നും ഒരു സ്ത്രീയെ സ്റ്റേജിലേക്ക് ക്ഷണിച്ചു. ഗ്രീന്‍ റൂമില്‍ പോയി തിരിച്ചുവന്ന ആ സ്ത്രീക്കപ്പോള്‍ ഷോലെയിലെ ബസന്തി എന്ന കഥാപാത്രത്തിന്റെ വേഷഭൂഷാദികള്‍. മുന്നിലെ കുതിരവണ്ടിയില്‍ കയറി ഇരുന്ന് ചാട്ടവാര്‍ വീശാന്‍ സംവിധായകന്റെ മേലങ്കിയണിഞ്ഞ അവതാരകന്‍. ഒപ്പം കുതിരവണ്ടി ഒന്ന് ഇളക്കാനും. പിന്നിലെ സ്‌ക്രീനില്‍ വില്ലന്‍മാര്‍ കുതിരപ്പുരത്ത് കുതിച്ചുവരികയാണ്. മുന്നിലെ ആര്‍ക്ക് ലൈറ്റുകള്‍ തെളിഞ്ഞു. സ്റ്റാര്‍ട്ട്... ആക്ഷന്‍... ക്യാമറ...
അതുകഴിഞ്ഞ് തൊട്ടടുത്ത തീയേറ്ററിലേക്ക്... ഷോലേയിലെ അതേ രംഗം. സ്‌ക്രീനില്‍ ഓടിക്കൊണ്ടിരിക്കുന്ന കുതിര വണ്ടിയില്‍ ഹേമമാലിനിക്ക് പകരം ഈ സ്ത്രീ. ക്ലോസ് അപ്പ് ഷോട്ടുകള്‍. പിറകില്‍ ഇവരെ പിന്തുടരുന്ന വില്ലന്‍മാരും. പിന്നെ കുറച്ചു സമയം ചേസിങ്ങ്. അതിനിടയില്‍ അവതാരകന്‍ വന്ന് സദസ്സില്‍ നിന്ന് മൂന്ന് പേരെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. സ്റ്റേജില്‍ സമീപത്തായി ചെറുകല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു. പിന്നെ ടിന്‍ ബോക്‌സുകളും. വേദിയിലെത്തിയവര്‍ അതില്‍ സ്പര്‍ശിക്കുകയും കല്ലുകൊണ്ട് ഉരസുകയും ചെയ്തപ്പോള്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക് റെഡിയായി. കുതിരക്കുളമ്പടികളും അതിവേഗം ചലിക്കുന്ന കുതിര വണ്ടി ചക്രത്തിന്റെ ശബ്ദവുമൊക്കെ സ്വാഭാവികമായി മാറി. ഇതൊക്കെ കണ്ട് സിനിമയുടെ പിന്നാമ്പുറ രഹസ്യങ്ങളറിയാത്ത കാണികള്‍ അന്തംവിട്ട് പോകുന്നസിനിമക്ക് പിന്നിലെ ഗ്രാഫിക്‌സുകളും ടെക്‌നിക്കുകളും തത്സമയം കാണിച്ചു തരികയാണിവിടെ. ഇത് സിനിമയുടെ മായിക പ്രപഞ്ചം. ലോകത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയെന്ന ഖ്യാതി നേടി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച 'രാമോജി ഫിലിം സിറ്റി'.

  

ഹൈദരാബാദ് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ഹയാത്ത് നഗര്‍. അവിടെ അനജ്പൂര്‍ ഗ്രാമത്തില്‍ 2000 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന അത്ഭുത ലോകമാണ് രാമോജി ഫിലിം സിറ്റി. പ്രശസ്ത തെലുങ്ക്, ഹിന്ദി സിനിമാ നിര്‍മ്മാതാവും വന്‍ വ്യവസായിയുമായ രാമോജി റാവുവിന്റെ മനസ്സില്‍ ഉദിച്ച ആശയമായിരുന്നു ഫിലിം സിറ്റി. 

1996ല്‍ അദ്ദേഹം തന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഇന്നിത് സിനിമയെ സംബന്ധിച്ചിടത്തോളം അവസാന വാക്കാണ്.
'സിനിമയെന്ന കലാരൂപം പൂര്‍ണത പ്രാപിച്ച് സ്‌ക്രീനില്‍ തെളിഞ്ഞുവരുമ്പോള്‍ അതിന് പിന്നിലുള്ള പ്രയാസങ്ങളും കഷ്ടനഷ്ടങ്ങളും എന്തെന്ന് സിനിമ കാണുന്ന നാം അറിയാറില്ല. സിനിമയെന്നത് കൂട്ടായ്മയുടെ ശ്രമഫലമായി പുറത്തുവരുന്ന കലാരൂപമാണ്. അതിന് പിന്നില്‍ ഒത്തിരി പേരുടെ കഠിനാധ്വാനമുണ്ട്.' രാമോജി റാവു അവതരണ വീഡിയോയിലൂടെ നമ്മെ ഇത് ഓര്‍മ്മപ്പെടുത്തുന്നു. 

സ്‌ക്രിപ്റ്റും പണവുമായി വന്നാല്‍ നിങ്ങള്‍ക്ക് ഫിലിം റീലുമായി ഇവിടന്ന് മടങ്ങാം -രാമോജി റാവു പറയുന്നു.

ഒരു സിനിമ പൂര്‍ത്തിയാകണമെങ്കില്‍ എന്തൊക്കെ ഘടകങ്ങള്‍ സംയോജിക്കണമെന്ന് രാമോജി ഫിലിംസിറ്റി സന്ദര്‍ശിച്ചാല്‍ നമുക്ക് മനസ്സിലാകും. നാം സ്‌ക്രീനില്‍ അതിശയോക്തിയോടെ കാണുന്ന രംഗങ്ങള്‍ക്ക് പിന്നിലെ സൂത്രങ്ങളും പ്രയത്‌നങ്ങളും നമുക്കിവിടെ കാണാം. ആക്ഷനുകളും പ്രണയ രംഗങ്ങളും ചിത്രീകരിക്കുന്നതിന്റെ പ്രത്യേകതയും അനുഭവിച്ചറിയാം. 

ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക പൂന്തോട്ടങ്ങളും തെരുവുകളും കൊട്ടാരങ്ങളും ഇവിടെ പുനര്‍നിര്‍മ്മിച്ചിരികന്നു.ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക പൂന്തോട്ടങ്ങളും തെരുവുകളും കൊട്ടാരങ്ങളും ഇവിടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും തെരുവുകളും കെട്ടിടങ്ങളും കാണുമ്പോള്‍ നമുക്കവിടെയെത്തിയ പ്രതീതിയുണ്ടാകുന്നു.
ഫിലിം സിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു. 

ദിനേന പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തിക്കൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് കണ്ടതിനേക്കാളും വളരെയധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫിലിം സിറ്റിയില്‍ നടന്നിരിക്കുന്നു. പുതിയ സെറ്റുകളും പൂന്തോട്ടങ്ങളും പക്ഷി സങ്കേതങ്ങളുമെല്ലാം ഫിലിംസിറ്റിയില്‍ ആസ്വാദ്യകരമായ രീതിയിലാണ് സഞ്ചാരികള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും വേണ്ടി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇവിടെ സിനിമയുടെ ഓരോ കാലഘട്ടങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. സിനിമയെന്നത് സമൂഹത്തെ വളരെയധികം സ്വാധീനിച്ച കലാ മാധ്യമമാണ്. സാധാരണക്കാരന്റെ ജീവിതം സിനിമയുമായി കൂട്ടിക്കുഴഞ്ഞിരുന്ന ഒരു കാലഘട്ടം നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. സിനിമാ നടന്‍മാര്‍ നമ്മുടെയൊക്കെ സ്വപ്‌ന നായകരും ആരാധനാ പാത്രങ്ങളുമായിരുന്ന കാലം. ആ കാലഘട്ടത്തിലൂടെ സിനിമക്കൊപ്പമുള്ള സഞ്ചാരമാണ് ഫിലിം ആര്‍ക്കൈവ്‌സ് വിഭാഗം.

No comments:

Post a Comment