ആശുപത്രി ലാബിലെ തണുത്തുറഞ്ഞ കുപ്പികളിൽ, പിറക്കാനൊരു അമ്മവയർ കാത്ത് വരിനിൽക്കുന്ന ഗർഭക്കുഞ്ഞുങ്ങൾ...
ചിലർക്ക് എങ്കിലും ഇതൊരു വിചിത്ര ഭാവനയായി തോന്നാം. പക്ഷേ
അറിയാമോ, ചില സത്യങ്ങൾ ഭാവനയേക്കാൾ വിചിത്രമാണ്..!
പോയ പതിറ്റാണ്ടിൽ ലോകമെങ്ങും വലിയൊരു കച്ചവടമായി വളർന്നുപടർന്നിട്ടുണ്ട് ഐ വി എഫ്
എന്ന In vitro fertilisation. സ്ത്രീശരീരത്തിൽ സ്വാഭാവിക ഗർഭധാരണം നടക്കാത്ത
സാഹചര്യത്തിൽ പുരുഷ ബീജവും
സ്ത്രീ അണ്ഡവും പുറത്തെടുത്തു കൃത്രിമമായി കൂട്ടിയിണക്കുന്ന 'കല'യാണത്.
ഇപ്പോൾ ചെറിയ ആശുപത്രികൾ പോലും പരസ്യം ചെയ്തു വളർത്തുന്ന പുത്തൻ ചികിത്സ.
പുറത്തു കൂട്ടിച്ചേർത്തു ഭ്രൂണമാക്കിയ ജീവനെ പിന്നെ അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീയുടെയോ അല്ലെങ്കിൽ ഗർഭപാത്രം വാടകക്ക് നല്കാൻ തയാറായ ഒരാളുടെയോ ഉള്ളിൽ നിക്ഷേപിക്കുന്നു. അവിടെ ആ ജീവകോശം വളർന്നു കുഞ്ഞാകുന്നു.
ഇങ്ങനെ ivf ചികിത്സ നടത്തുമ്പോൾ ഡോക്ടർമാർ എപ്പോഴും ഒന്നിലധികം അണ്ടങ്ങൾ സ്ത്രീയിൽനിന്ന് എടുത്തു പുരുഷബീജവുമായി കൂട്ടിച്ചേർക്കും. അതായതു ഒരു കുഞ്ഞിനുവേണ്ടി പത്തോ പതിനഞ്ചോ ഭ്രൂണങ്ങൾ സൃഷ്ടിക്കും.
ചികിത്സയുടെ ആദ്യ ശ്രമം പരാജയപ്പെട്ടാൽ വീണ്ടും സ്ത്രീയുടെ ഉള്ളിൽ നിക്ഷേപ്പിക്കാനായുള്ള ഒരു കരുതൽ ശേഖരം ആണിത്. ഒറ്റ തവണയിൽ ഒരുപാടു ജീവനുകൾ സൃഷ്ടിച്ചു സൂക്ഷിക്കുന്ന
'ജീവ ബാങ്ക്..'
ഒടുവിൽ ഈ അനവധി ഭ്രൂണങ്ങളിൽ ഒന്ന് മാത്രം സ്ത്രീയുടെ ഗർഭാശയത്തിലേക്ക് മാറ്റപ്പെടുന്നു. ബാക്കി ജീവനുകൾ ദ്രവ നൈട്രജനിൽ മരവിപ്പിച്ചു ലാബിൽ സൂക്ഷിക്കുന്നു.
ഇങ്ങനെ സൂക്ഷിക്കുന്ന ഒരു ഭ്രൂണവും ഓരോ കുഞ്ഞാണ്, ജീവനാണ്. അമ്മയുടെ വയറ്റിലേക്ക് മാറി പടർന്നു വളരാൻ കൊതിക്കുന്ന ഗർഭക്കുഞ്ഞുങ്ങൾ..!
Ivf ചികിത്സ വിജയിച്ചു ഗർഭധാരണം സംഭവിക്കുന്നതോടെ പലപ്പോഴും അച്ഛനും അമ്മയും അവരുടെ തന്നെ ഈ ജീവനുകളെ മറക്കുന്നു. അതിനെ ആശുപത്രി ലാബിൽ തന്നെ ഉപേക്ഷിച്ചു അവർ കിട്ടിയ ഒരു കുഞ്ഞുമായി മടങ്ങുന്നു.
വിചിത്രമായ ഒരു വിധിയാണത്. Ivf വിജയിച്ചു കുഞ്ഞുമായി മടങ്ങുന്ന ഓരോ അമ്മയും തനിക്കു കിട്ടിയ കുഞ്ഞിന്റെ പത്തോ പതിനഞ്ചോ സഹോദരങ്ങളെ ആശുപത്രി ലാബിൽ ഉപേക്ഷിച്ചാണ് പോകുന്നത്..!
ആശുപത്രി ലാബിലെ ദ്രവ നൈട്രജനിൽ പിറക്കാത്ത മക്കളുടെ നിലവിളികൾ..! അമ്മയുടെ ഉള്ളിൽ ആയിരുന്നു എങ്കിൽ അവർ എട്ടു - പത്തു ആഴ്ച പ്രായം ആയിട്ടുണ്ടാവും.
അമ്മവയർ തേടുന്ന ഈ ഗർഭക്കുഞ്ഞുങ്ങളെ ദത്തുനല്കുന്ന രീതി തുടങ്ങിയിരിക്കുകയാണ് അമേരിക്കയിലെ ആശുപത്രികൾ ഇപ്പോൾ. താല്പര്യമുള്ളവർക്ക് ആശുപത്രി ലാബിലെ ഭ്രൂണങ്ങളിൽ ഒന്ന് ഏറ്റെടുത്തു സ്വന്തം ഗർഭപാത്രത്തിൽ വളർത്താം.
അമേരിക്കയിലെ മാത്രം ആശുപത്രി ലാബുകളിൽ ivf ചികിത്സയുടെ ഭാഗമായി ഇങ്ങനെ ശീതീകരിക്കപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏഴു ലക്ഷം വരും.
ഇപ്പോൾ ഓരോ വർഷവും ഇതിൽ രണ്ടായിരം എണ്ണം ദത്തു നൽകപ്പെടുന്നു. അതിൽ ആയിരം എണ്ണം ദത്തെടുത്ത അമ്മയുടെ വയറ്റിൽ വിജയകരമായി വളർന്നു ഭൂമിയിൽ പിറക്കുന്നു. പിറക്കും മുൻപേ അനാഥരായവർക്കു മറ്റൊരു അമ്മയുടെ വയറ്റിൽ പുനർജ്ജന്മം..!
അമ്മയും അച്ഛനും ഉപേക്ഷിച്ചുപോയ ലക്ഷക്കണക്കിന് ഭ്രൂണങ്ങളിൽ ആയിരം എണ്ണം അമേരിക്കയിൽ മറ്റൊരു അമ്മയുടെ വയറ്റിൽ വളർന്നു ഭൂമിയിലേക്ക് പിറന്നു വീഴുന്നു. ഓർക്കണം, ഇത് അമേരിക്കയിലെ മാത്രം കഥയാണ്. ഭ്രൂണം ദത്തെടുക്കുന്നതിനെകുറിച്ച് കേട്ട് തുടങ്ങാത്ത കേരളത്തിൽ എന്താവും കഥ...?
നമ്മുടെ നാട്ടിൽ ഓരോ ivf കുഞ്ഞു ജനിക്കുമ്പോഴും പിറക്കാൻ വയർ കിട്ടാതെപോയ മറ്റു പത്തു ഗർഭകുഞ്ഞുങ്ങൾ ആശുപത്രിയുടെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുന്നുണ്ടാവാം.
അമേരിക്കയിൽ ഭ്രൂണം ദത്തെടുക്കാൻ തയാർ ആകുന്നതു രണ്ടു കൂട്ടർ ആണ്, ഭ്രൂണഹത്യ പാപം എന്ന് കരുതുന്ന മതവിശ്വാസികളും ivf ചികിത്സയുടെ മുഴുവൻ ചിലവും താങ്ങാൻ കഴിവില്ലാത്തവരും.
ദ്രവ നൈട്രജനിൽ ഒരു ഭ്രൂണം എത്ര കാലം വേണമെങ്കിലും മരവിപ്പിച്ചു സൂക്ഷിക്കാം. വേണമെങ്കിൽ ഇരുപതോ മുപ്പതോ വർഷം. അതിനു ശേഷം വേണമെങ്കിൽ ആ ഭ്രൂണത്തെ അമ്മയുടെ വയറ്റിലേക്ക് മാറ്റി വളർത്താം. സാധാരണപോലെ അത് വളരും.
ഓർത്തുനോക്കൂ, ഒരു അമ്മ വയർ കിട്ടാനായി ഇരുപതു വർഷങ്ങൾ ആശുപത്രി ലാബിലെ തണുപ്പിൽ കാത്തിരിക്കുന്ന ഒരു കുഞ്ഞിനെകുറിച്ച്..
പിറക്കുന്ന നേരം അവന്റെ യഥാർഥ വയസ് എത്രയായിരിക്കും?
ഒരുപക്ഷെ, ഇതൊക്കെ മനുഷ്യനും വിധിയും തമ്മിലുള്ള ഒരു ചതുരംഗം ആവാം. വിധി നൽകിയ പോരായ്മകൾ ശാസ്ത്ര വിദ്യകൊണ്ട് മറികടന്നുകൊണ്ട് മനുഷ്യൻ വിധിക്കുനേരെ ഒരു 'കരു നീക്കുന്നു.' അപ്പോൾ വിധി അതുവരെ ശ്രദ്ധിക്കാതിരുന്ന കോണിൽനിന്നു ഒരു അപ്രതീക്ഷിത തേര് നീക്കി മനുഷ്യനോട് പറയുന്നു: ചെക്..!
ധർമാധർമങ്ങളുടെ ഒരു ഊരാകുടുക്ക്!
പറഞ്ഞല്ലോ, അമേരിക്കയിലെ
ആശുപത്രി ലാബുകളിൽ
തണുത്തുറഞ്ഞ ഏഴു ലക്ഷം ഭ്രൂണങ്ങൾ...
അങ്ങനെ ലോകമെങ്ങും...
എല്ലാ രാജ്യങ്ങളിലും....
ആയിരമായിരം ആശുപത്രികളിൽ....
കോടാനുകോടി കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ പിറക്കാനൊരു ഗർഭപാത്രം എന്ന ഭാഗ്യം തേടി മരവിച്ചു കാത്തിരിക്കുന്നു...
മനസിലാവുന്നുണ്ടോ? ഞാനും നിങ്ങളും പത്തു മാസം ചുരുണ്ടുകിടന്നുറങ്ങിയ ആ അമ്മവയർ ഒരു ഭാഗ്യമാണ്...
വിലമതിക്കാനാവാത്ത ഒരു ഭാഗ്യം..!
ജീവന്റെ വലിയൊരു ബമ്പർ നറുക്കെടുപ്പിലെ വിജയികൾ ആണ് നമ്മൾ ഓരോരുത്തരും...ദൈവം തിരഞ്ഞെടുത്ത ഒരു കുറി..!
കേൾക്കുന്നില്ലേ; പിറക്കാനൊരു
അമ്മവയർ കിട്ടാതെപോയ കുഞ്ഞുങ്ങളുടെ കരച്ചിൽ...?
കാതോർത്തു നോക്കൂ..!
........വിവരങ്ങൾക്കു കടപ്പാട് BBC യുടെ frozen babies എന്ന ലേഖനം. .
Copyright: BBC
No comments:
Post a Comment