സൗരയൂഥത്തിൽ ഏതാണ്ട് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ മേഖലയാണ് ഛിന്നഗ്രഹ വലയം. ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അനിയതരൂപത്തിലുള്ള വളരെയധികം വസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഇത്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ ഉള്ളതിനാൽ ഈ ഛിന്നഗ്രഹ വലയത്തെ പ്രധാന ഛിന്നഗ്രഹ വലയം എന്ന് വിളിക്കാറുണ്ട്.
ഈ വലയത്തിന്റെ മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ് (Ceres), 4 വെസ്റ്റ (4 Vesta), 2 പാളസ് (2 Pallas), 10 ഹൈഗീയ (10 Hygiea) എന്നീ അംഗങ്ങളുടെ ഭാഗമാണ്. ഈ നാലെണ്ണത്തിനും 400 കിലോമീറ്ററിൽ കുറയാത്ത വ്യാസമുണ്ട്, അതിൽ തന്നെ ഛിന്നഗ്രഹ വലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹമായ സീറീസിന് ഏതാണ്ട് 950 കിലോമീറ്റർ വ്യാസമുണ്ട്. ഇതിൽ താഴോട്ട് വലിപ്പം കുറഞ്ഞ് പൊടിപടലങ്ങൾ വരെ ഈ മേഖലയിലുണ്ട്. ഈ ഛിന്നഗ്രഹ പദാർത്ഥങ്ങളെല്ലാം നേർത്തരീതിയിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്, ഏതാനും ബഹിരാകാശപേടകങ്ങൾ കേടുപാടുകൾ കൂടാതെ ഈ മേഖല കടന്ന് സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും ഇവയ്ക്കിടയിലെ വലിയ അംഗങ്ങൾ തമ്മിൽ കൂട്ടിയിടികൾ നടക്കാറുണ്ട്, തൽഫലമായി സമാന പരിക്രമണ സ്വഭാവങ്ങളും ഘടനകളുമുള്ള ഒരു ഛിന്നഗ്രഹം കുടുംബം രൂപം കൊള്ളും. കൂട്ടിയിടികൾ ഫലമായി നേർത്ത ധൂളികളും രൂപം കൊള്ളാറുണ്ട്, രാശി പ്രഭ (zodiacal light) ഉണ്ടാവാൻ ഈ ധൂളികളും കാരണക്കാരാണ്. വലയത്തിലെ ഓരോ ഛിന്നഗ്രഹത്തേയും അവയുടെ വർണ്ണരാജിയനുസരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്, അവയിൽ ഭൂരിഭാഗത്തേയും മൂന്ന് തരമായി തിരിക്കാം: കാർബണീകം (carbonaceous, C-type), സിലിക്കേറ്റ് (S-type), ലോഹസമ്പുഷ്ടം (M-type) എന്നിവയാണവ.
ആദി സൗരനെബുലയിൽ നിലനിന്നിരുന്നതും ഇന്നത്തെ ഗ്രഹങ്ങളുടെ മുൻഗാമികളായ ധൂമഗ്രഹപദാർത്ഥങ്ങൾ (planetesimals) വഴിയാണ് ഛിന്നഗ്രഹ വലയവും രൂപം കൊണ്ടിട്ടുള്ളത്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ധൂമഗ്രഹപദാർത്ഥങ്ങൾ കൂടിച്ചേർന്ന് ഗ്രഹം രൂപം കൊള്ളുന്നതിനെ ഭീമൻ ഗ്രഹങ്ങളുടെ ഗുരുത്വബലങ്ങൾ അവയുടെ പരിക്രമണത്തിൽ സ്വാധീനം ചെലുത്തി തടയുകയായിരുന്നു. സങ്കീർണ്ണമായ കൂട്ടിയിടികളും നടക്കാറുണ്ടായിരുന്നു, ഒട്ടിച്ചേർന്ന് ഒരുമിച്ച് നിൽക്കുന്നതിനു പകരം അവ ചിതറിപ്പോകുകയും ചെയ്തു. ഇതൊക്കെ കാരണം സൗരയൂഥ രൂപീകരണത്തിനു ശേഷം ഈ വലയത്തിന്റെ നല്ലൊരു ശതമാനം പിണ്ഡവും നഷ്ടമായിട്ടുണ്ട്. ചില അംഗങ്ങൾ ആന്തരസൗരയൂഥത്തിലേക്ക് കടക്കുകയും ഉൽക്കാവർഷമായി ആന്തരഗ്രഹങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. എപ്പോഴെല്ലാം ഈ ഛിന്നഗ്രഹങ്ങളുടെ പരിക്രമണം വ്യാഴത്തിന്റെ പരിക്രമണവുമായി അനുരണനത്തിലാകുന്നുവോ അപ്പോഴൊക്കെ അവ സംഭ്രാന്തമാകുന്നു (Perturbation). ഇത്തരത്തിലുള്ള അനുരണനം ഫലത്തിൽ വരുന്ന പരിക്രമണ അകലങ്ങളിലെ അംഗങ്ങൾ ആ സ്ഥാനത്തു നിന്നും നീക്കപ്പെടുന്നതിനാൽ ആ ഭാഗത്ത് കിർക്ക്‌വുഡ് വിടവ് (Kirkwood gap) ഉണ്ടാവുന്നു.
ഈ മേഖലയിലെ പോലെ സൗരയൂഥത്തിൽ ചെറിയ അംഗങ്ങൾ കാണപ്പെടുന്ന മറ്റ് മേഖലകളാണ് സെന്റോറസ് (centaurs), കൈപ്പർ വലയം (Kuiper belt), ഓർട്ട് മേഘം (Oort cloud) എന്നിവ.
No comments:
Post a Comment