Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 15 November 2020

KLT - 1 കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കാർ ഇന്നും ഓടുന്നു..

കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനം ഏതാണെന്ന് അറിയാമോ? 

അധികമാർക്കും ഈ വിവരം അറിയണമെന്നില്ല. 1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് കേരളത്തിൽ ആദ്യമായി ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നത്. ആ വാഹനത്തിന്റെ ഉടമ ചില്ലറക്കാരിയല്ലായിരുന്നു.

അന്നത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുപാർവ്വതിഭായുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കാറിനു കിട്ടിയ നമ്പർ ‘KLT – 1’ ആയിരുന്നു. അക്കാലത്തെ മികച്ച ആഡംബര വാഹനമായിരുന്ന ‘Studebaker President’ എന്ന വിദേശ നിർമ്മിത കാർ ആയിരുന്നു സേതുപാർവ്വതിഭായുടെത്. അന്ന് വൻ പ്രതാപമായിരുന്നു ‘KLT – 1’ എന്ന ഈ കാറിന്. രാവിലെ കൊട്ടാരത്തിൽ നിന്നും പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒരു റൗണ്ട് ട്രിപ്പ് ആയിരുന്നു ഈ കാർ രാജാവിൻ്റെ ദിവസേനയുള്ള ഡ്യൂട്ടി.

രാവിലെ 6.30 മുതൽ 8.15 വരെയുള്ള സമയത്തായിരുന്നു ഈ യാത്ര. ആ സമയത്ത് തലസ്ഥാനത്തെ ആളുകൾ ഈ യാത്ര കാണുവാൻ മാത്രമായി വഴിയരികിൽ വന്നു നിൽക്കുമായിരുന്നു. അന്നൊക്കെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ KLT – 1, Studebaker President കാർ ഒരു അത്ഭുതകാഴ്ച തന്നെയായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. അമേരിക്കയിൽ നിന്നും കൽക്കട്ടയിലേക്ക് കാറിന്റെ പാർട്സുകൾ എത്തിക്കുകയും കൽക്കട്ടയിൽ വെച്ച് അവ ഒന്നിച്ചു ചേർത്ത് പുതിയൊരു കാറായി രൂപം കൊടുക്കുകയുമായിരുന്നു. 1985ൽ മഹാറാണി സേതുപാർവ്വതിഭായ് അന്തരിച്ചു.

അവരുടെ വിടവാങ്ങലോടെ ഈ കാർ കൊട്ടാരത്തിലെ വിശ്വസ്തനായ ഡോക്ടറായിരുന്ന ഡോ. പിള്ളയ്ക്ക് ലഭിക്കുകയുണ്ടായി. പിന്നീട് കുറേനാൾ ഈ രാജവാഹനം പിള്ള ഡോക്ടറായിരുന്നു ഉപയോഗിച്ചിരുന്നത്. മൂന്നു വർഷങ്ങൾക്കു ശേഷം ഡോക്ടറും മരിച്ചതോടെ ഈ കാർ നാട്ടിൽ അനാഥമാകുന്ന അവസ്ഥ വന്നു. പിന്നീട് 1998 ൽ പിള്ള ഡോക്റുടെ ഇംഗ്ലണ്ടിൽ താമസക്കാരനായിരുന്ന മകൻ ഈ കാർ കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി.

ഡോക്ടറുടെ മകനും ഒരു ഡോക്ടർ ആയിരുന്നു. കൊച്ചിയിൽ നിന്നും ഒരു കണ്ടെയ്‌നറിലാക്കിയായിരുന്നു കാർ യുകെയിലേക്ക് കൊണ്ടുപോയത് എന്ന് പറയുന്നു. ഇംഗ്ലണ്ടിൽ എത്തിച്ചശേഷം നമ്മുടെ ഈ രാജശകടത്തെ ഡോക്ടർ ഇരുണ്ട നീല നിറവും വെള്ളനിറവും പെയിന്റ് അടിച്ചു രൂപമാറ്റം വരുത്തി. പിന്നീട് ഈ കാർ കുറച്ചുനാളുകൾക്കു ശേഷം ഡോക്ടർ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു ചെയ്തത്.

അതിനു ശേഷവും ഈ കാർ പല ഉടമസ്ഥരിൽക്കൂടി കൈമറിഞ്ഞു അവസാനം യുകെയിലെ പ്രമുഖ ഓൺലൈൻ വിപണിയായ ഇ-ബേയിൽ എത്തി. ഉടമസ്ഥരിൽ ആരോ അതുവഴി വിൽക്കുവാൻ ശ്രമിച്ചതായിരുന്നു. 2010 ഫെബ്രുവരിയിലായിരുന്നു അത്. ഈബേയിലെ പരസ്യം കണ്ട് ഇയാൻ എന്നൊരാൾ ഈ കാർ വാങ്ങുകയും ചെയ്തതായി പറയുന്നു. കാർ വാങ്ങിയാൾക്ക് ഇതിന്റെ പൂർവ്വ ചരിത്രം ഒന്നും അറിയില്ലായിരുന്നു. അവസാനം സോഷ്യൽ മീഡിയയിൽ ഈ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടാണ് തൻറെ കയ്യിലുള്ളത് തിരുവിതാംകൂർ ഭരിച്ചിരുന്ന റാണിയുടെയായിരുന്നുവെന്നു ഇയാൻ മനസിലാക്കിയത്.

ഇതിനെക്കുറിച്ച് ഇയാൻ പ്രമുഖ ഓട്ടോമോട്ടീവ് പബ്ലിക് ഗ്രൂപ്പായ Team BHP യിൽ പോസ്റ്റ് ചെയ്തതോടെയാണ് നമ്മുടെ നാട്ടുകാരിൽ ചിലരെങ്കിലും ഈ കാര്യങ്ങൾ അറിയുവാനിടയായത്. KLT 1 എന്ന നമ്പറിൽ കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ഈ കാർ ഇന്ന് അതേ നമ്പറോടെ നമുക്ക് കാണുവാൻ ഭാഗ്യമില്ലാതായി. ഇപ്പോൾ NSJ 269 എന്ന യുകെ നമ്പറുമായാണ് ഈ കാർ ഓടുന്നത്. ഇത്രയും വർഷങ്ങളായിട്ടും പല തലമുറകൾ ഉപയോഗിച്ചിട്ടും ഇന്നും ഈ കാർ ഇംഗ്ലണ്ടിലെ വീഥികളിലൂടെ യാതൊരു തളർച്ചയുമില്ലാതെ ഓടുന്നു.

No comments:

Post a Comment