കൊറോണ വൈറസ് ബാധയെപ്പറ്റി വാർത്തകൾ പുറത്തുവരുന്നതിനു മുൻപുതന്നെ ചൈനയ്ക്ക് ഇതേപ്പറ്റി അറിയാമായിരുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ. ലോകം ഇതറിയുന്നതിനും മുൻപുതന്നെ ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ചിരുന്നു. ഇക്കാര്യം ചൈനീസ് ഭരണകൂടം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ റഫറൻസ് ലൈബ്രറിയായ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഗവേഷക ഡോ. ലി മെങ്ക് യാൻ പറഞ്ഞു. അമേരിക്കയില്‍ അഭയം തേടിയെത്തിയ യാൻ ‘ഫോക്സ് ന്യൂസിനോടു’ സംസാരിക്കുകയായിരുന്നു.
2019 ഡിസംബറിൽത്തന്നെ വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരുന്നതാണെന്ന മുന്നറിയിപ്പ് താൻ നൽകിയിരുന്നു. കോവിഡിനെക്കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറയാനാണ് അമേരിക്കയിലേക്ക് രക്ഷപ്പെട്ടെത്തിയതെന്നും യാൻ പറയുന്നു. ഏപ്രിലിലാണ് ഹോങ്കോങ്ങിൽനിന്ന് യാൻ അമേരിക്കയിലേക്ക് കടന്നത്. ജീവന് അപകടമുണ്ടെന്ന ഭയം ഇപ്പോഴുമുണ്ടെന്നും അവർ പറയുന്നു.
‘സാർസിനു സമാനമായ രോഗങ്ങൾ ചൈനയിൽ പൊട്ടിപ്പുറപ്പെടുന്നതിനെപ്പറ്റി പഠിക്കാൻ ഡിസംബറിൽ എന്റെ സൂപ്പർവൈസർമാർ ആവശ്യപ്പെട്ടിരുന്നു. ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗത്തിലെ ഒരു സുഹൃത്ത് ഡിസംബർ 31ന് എന്നെ സമീപിച്ചിരുന്നു. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് എന്റെ സീനിയറിനെ അറിയിച്ചെങ്കിലും അദ്ദേഹം വേണ്ടത്ര പ്രാധാന്യം നൽകിയില്ല.
ജനുവരി 9 ന്, മനുഷ്യരിൽ വൈറസ് പടരില്ലെന്നു ചൈന അറിയിച്ചതായി ലോകാരോഗ്യ സംഘടന വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയും ചൈനീസ് സർക്കാരും തമ്മിൽ ധാരണയുണ്ടെന്ന് എനിക്ക് അറിയാവുന്നതാണ്. തെറ്റായ വിവരം ലോകം മുഴുവൻ ഒരിക്കലും പടരാൻ പാടില്ലെന്ന് കണക്കൂട്ടിയിരുന്നു. ജനുവരി പകുതിയോടെ കണ്ടെത്തൽ ലാബിലെ ബോസിനെ അറിയിച്ചിരുന്നു. എന്നാൽ നിശബ്ദത പാലിക്കൂ, ഇല്ലെങ്കിൽ നമ്മൾ വലിയ പ്രശ്നത്തിലകപ്പെടും. നമ്മളെ ഇല്ലാതാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ വർഷം വുഹാനിൽ കണ്ടെത്തിയ വൈറസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ രാജ്യാന്തര സമൂഹം തീരുമാനിച്ചിരുന്നു. എന്നാൽ വിദേശ ഗവേഷകർക്ക് ഇതിനുള്ള അവസരമൊരുക്കാൻ ചൈന അനുവദിച്ചില്ല. എന്നാൽ എന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വൈറസിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണു ശ്രമിച്ചത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് അറിയിച്ചിട്ടും ഇതേപ്പറ്റി ലോകത്തിന് മുന്നറിയിപ്പു നൽകാൻ ലോകാരോഗ്യ സംഘടനയോ ചൈനയോ തയാറായില്ല.
ഈ മഹാമാരിയുടെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചുപേരിൽ ഒരാളാണ് ഞാൻ. ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെല്‍ത്ത് ലോകാരോഗ്യ സംഘടനയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ലാബിന്റെ സഹ ഡയറക്ടറായ പ്രഫ. മാലിക് പെരിസ് രോഗവ്യാപനത്തെക്കുറിച്ച് മുൻകൂർ വിവരം ലഭിച്ചിട്ടും സ്വീകരിക്കാൻ തയാറായില്ല. ലോകത്തിന് മുന്നിൽ യഥാർഥ വിവരങ്ങൾ നൽകുന്നതിനോട് യോജിക്കാൻ കഴിയാത്തതിനാൽ എനിക്കറിയാവുന്ന വിവരങ്ങൾ രഹസ്യമായി വച്ച് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇനിയൊരിക്കലും ചൈനയിലേക്ക് തിരികെ പോകാൻ സാധിക്കില്ല.’ തന്റെ കരിയറാണ് അവർ നശിപ്പിച്ചതെന്നും യാൻ ആരോപിക്കുന്നു. അതേസമയം, യാനിന്റെ ആരോപണങ്ങൾ ചൈന തള്ളിക്കളഞ്ഞു. യാൻ തങ്ങളുടെ ജീവനക്കാരിയല്ലെന്നായിരുന്നു ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പ്രതികരണം.
No comments:
Post a Comment