മഹാഭാരതത്തിൽ സ്നേഹത്തിന്റെ പ്രകടനങ്ങളായി അധരചുംബനങ്ങളെപ്പറ്റി വർണ്ണിക്കുന്നുണ്ട്. വർഷങ്ങളോളം വാമൊഴിയായി തലമുറകൾ പകർന്നുപോന്ന മഹാഭാരത ശ്ലോകങ്ങൾ ആദ്യമായി എഴുതിവെക്കപ്പെടുന്നത് BC 350 അടുപ്പിച്ചാണ്. ചുംബനങ്ങൾ ഒരു കലയായി കണ്ടിരുന്ന ചില നരവംശശാസ്ത്രജ്ഞരുടെ പക്ഷം, BC 326 -ൽ അലക്‌സാണ്ടർ ഇന്ത്യയിൽ അധിനിവേശം നടത്തിയതിനു പിന്നാലെയാണ്, ഗ്രീക്കുകാർ അതിൽ പ്രാവീണ്യം നേടുന്നതെന്നാണ്. AD ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വാത്സ്യായന കാമസൂത്രത്തിൽ വിവിധതരം ചുംബനങ്ങളെപ്പറ്റി ഗഹനമായിത്തന്നെ പരാമർശിക്കുന്നുണ്ടെന്നു കാണാം.
റോമാ സാമ്രാജ്യ സ്ഥാപനത്തോടെയാണ് പാശ്ചാത്യ ചരിത്രത്തിൽ ചുംബനങ്ങൾ രേഖപ്പെടുത്തപ്പെട്ടു തുടങ്ങുന്നത്. റോമിലെ കുടുംബങ്ങൾ അഭിവാദനം ചെയ്യാനായി പരസ്പരം ചുംബിച്ചുപോന്നു. ജനങ്ങൾ അവരുടെ ഭരണാധികാരികളുടെ കൈകളിൽ മുത്തുമായിരുന്നു. പ്രണയിതാക്കൾ പരസ്പരം ചുംബിച്ചിരുന്നു എന്നത് പ്രത്യേകിച്ച് പ്രസ്താവിക്കേണ്ടതില്ലല്ലോ.
റോമാക്കാർ ചുംബനങ്ങൾ മൂന്നായി തരം തിരിക്കുക വരെ ചെയ്തു.
1. കവിളിൽ പതിപ്പിക്കുന്ന ഒസ്‌കുലം (Osculum)
2. ചുണ്ടിൽ പതിപ്പിക്കുന്ന ബേസിയം (Basium)
3. ആഞ്ഞു പതിപ്പിക്കുന്ന സവോളിയം(Savolium)
അക്കാലങ്ങളിൽ റോമാക്കാർ തുടങ്ങിവച്ച പല ചുംബനാചാരങ്ങളും ഇന്നും തുടർന്നുപോരുന്നുണ്ട്. അവരുടെ വിവാഹ നിശ്ചയങ്ങളെ അടയാളപ്പെടുത്തിയിരുന്നത് പ്രതിശ്രുത വധൂവരന്മാർ തമ്മിലുള്ള ചുംബനങ്ങളിലൂടെയായിരുന്നു. ഇന്നുനടക്കുന്ന വിവാഹച്ചടങ്ങുകൾക്കൊടുവിൽ വധൂവരന്മാർ പരസ്പരം ചുംബിക്കുന്നത് ആ ഒരു ചടങ്ങിന്റെ തുടർച്ചയെന്നോണമാണ്. പരസ്പരം അന്ന് പ്രണയിനികൾ അയച്ചുപോന്നിരുന്ന പ്രണയ ലേഖനങ്ങൾ ചുംബനങ്ങളാലാണ് അവർ അടക്കം ചെയ്തിരുന്നത്.
പാശ്ചാത്യ ലോകത്ത് വളരെ കുപ്രസിദ്ധമായിത്തീർന്ന ഒരു ചുംബനമുണ്ട്. അതാണ് യൂദാസിന്റെ ചുംബനം. ഒറ്റുകൊടുക്കുന്നതിനു മുമ്പ് യൂദാസ് ഇസ്‌കാരിയറ്റ് യേശുവിനു നൽകിയ അന്ത്യചുംബനം. അതിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ ക്രിസ്ത്യാനികളെ പെസഹാ വ്യാഴാഴ്ചകളിൽ പരസ്പരം ചുംബിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു.
എന്തുകൊണ്ട് മനുഷ്യർ തമ്മിൽ ചുംബിക്കുന്നു എന്നതിനെപ്പറ്റി ശാസ്ത്രത്തിന് ഇന്നും കൃത്യമായ വിശദീകരണങ്ങൾ നൽകാനായിട്ടില്ലെങ്കിലും അത് വളരെ കാല്പനികമായ വൈകാരികോത്തേജനൾക്ക് കാരണമാവുന്നുണ്ട് എന്ന് ഗവേഷകർ പറയുന്നുണ്ട്. ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ള കിൻലെ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്, ചുംബനത്തിൽ ഏർപ്പെടുന്ന നേരത്തെ നമ്മുടെ മാനസിക-ശാരീരികാവസ്ഥകളെയും ചുംബിക്കുന്നയാളുമായുള്ള മാനസികാടുപ്പത്തെയും അനുസരിച്ചിരിക്കും അത് നമ്മുടെ മനസ്സിലും ശരീരത്തിലുമുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങൾ എന്നാണ്. ഇഷ്ടമുള്ളൊരാളെ ഉമ്മവെച്ചാൽ നമ്മുടെ മനസ്സിൽ സന്തോഷം അലയടിക്കും. നമ്മുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരാളെ ഉമ്മവെക്കേണ്ടിവന്നാൽ മനസ്സ് പ്രക്ഷുബ്ധമാവുകയും ചെയ്യും. നമ്മൾ വളർന്നുവരുന്ന സംസ്കാരം ചുംബനത്തിൽ വളരെ പ്രധാനമായ ഒരു പശ്ചാത്തലമാവുന്നുണ്ട്.
പാശ്ചാത്യരാജ്യങ്ങളിൽ ചുംബനമെന്നത് വളരെ സ്വാഭാവികമായ ഒന്നായിരിക്കെ, പൗരസ്ത്യ ദേശങ്ങളിൽ അത് വളരെ സ്വകാര്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. പരസ്യമായ വൈകാരികതാപ്രകടനം പൊതുവെ പൗരസ്ത്യ ദേശങ്ങളിൽ വിലക്കപ്പെട്ടതായിത്തന്നെ തുടരുന്നു.
ഒരമ്മ തന്റെ കുഞ്ഞിന്റെ ഉണങ്ങിത്തുടങ്ങിയ മുറിവിൽ ചുംബിക്കുന്നത് അത് പെട്ടെന്നുണങ്ങാൻ വേണ്ടിയാണ്. സുഹൃത്തുക്കൾ തമ്മിൽ ചുംബിക്കുന്നതും, നമ്മൾ മത ചിഹ്നങ്ങളെ മുത്തുന്നതും സഹോദരങ്ങൾ വഴക്കിട്ട ശേഷം പരസ്പരം ഉമ്മവെച്ച് എല്ലാം പറഞ്ഞുതീർക്കുന്നതും ഒക്കെ തമ്മിൽ പകരുന്നത് പോസിറ്റീവ് ആയ വികാരങ്ങളാണ്. ചില ചുംബനങ്ങൾ പ്ലേറ്റോണിക് ആണ്, ചിലത് ഏറെ കാല്പനികവും. ചിലർ പരസ്പരം ചുംബിക്കുന്നതിനു പകരമോ അല്ലെങ്കിൽ ചുംബനത്തോടോപ്പമോ തങ്ങളുടെ മൂക്കുകളും കവിളുകളും മറ്റും തമ്മിൽ ഉരുമ്മാറുണ്ട്. ഇത്തരത്തിലുള്ള 'എസ്കിമോ' ചുംബനങ്ങളുടെ ഉത്ഭവം പരസ്പരം ഗന്ധം അറിയാനുള്ള മൃഗതൃഷ്ണയിൽ നിന്നാണെന്നാണ് നരവംശശാസ്ത്രജ്ഞർ പറയുന്നത്.
'ഫ്രഞ്ച് കിസ്സു'കളെപ്പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ കാണില്ല. ചുംബിക്കുമ്പോൾ ആ തന്ത്രം പരീക്ഷിച്ചിട്ടില്ലാത്തവരും. അപ്പോൾ ഉയരുന്നൊരു ചോദ്യമുണ്ട്. ഗാഢമായ ഈ ചുംബനശൈലിക്ക് ഫ്രഞ്ചുകാരുമായി എന്തെങ്കിലും ബന്ധമുണ്ടോ..?
ഇല്ലെന്നാണ് ഉത്തരം. അങ്ങനൊരു പ്രയോഗം തന്നെ ഫ്രഞ്ചിലില്ല. സത്യത്തിൽ അത്തരം 'അധരാധര'ചുംബനങ്ങളെ ഫ്രഞ്ചുകാർ 'സോൾ കിസ്സിങ്ങ്' എന്നുപേരിട്ടാണ് വിളിക്കുന്നത്. ആ പേരിന്റെ ഉത്ഭവം ബ്രിട്ടീഷുകാരുടെ വംശീയ വിദ്വേഷത്തിൽ നിന്നുമാണ്. അവർ ഫ്രഞ്ചുകാരെ ഭോഗാസക്തരായ ഒരു കൂട്ടം അനാർക്കിസ്റ്റുകളായാണ് മുദ്രകുത്തിയിരുന്നത്. പ്രത്യേകിച്ചും ഫ്രഞ്ച് വനിതകളുടെ ഭോഗാസക്തിയെപ്പറ്റി കഥകൾ മെനഞ്ഞുണ്ടാകുന്നതിൽ എന്തോ പ്രത്യേക സായൂജ്യം തന്നെ ബ്രിട്ടീഷുകാർക്ക് കിട്ടിയിരുന്നു.
ഈ ചുംബന ശൈലിയുടെ അടിവേരുകൾ ചികഞ്ഞു ചെന്നാൽ ഒരുപക്ഷേ എത്തിച്ചേരുന്നത് പുരാതന ഭാരതത്തിൽ തന്നെയായിരിക്കും. കാമസൂത്രത്തിൽ പറഞ്ഞിരിക്കുന്ന ഇരുനൂറ്റമ്പതോളം ചുംബന ശൈലികളിൽ ഇതും പെടും.
ചുംബനമേൽക്കുന്നത് ശരീരത്തിൽ എവിടെയാണെങ്കിലും നമ്മുടെ സ്പർശനേന്ദ്രിയങ്ങൾ അത് തൽക്ഷണം തലച്ചോറിനെ അറിയിക്കും. പിന്നെ തലച്ചോറിന്റെ വക ഹോർമോൺ നിർമാണം തുടങ്ങുകയായി. ഓക്‌സിടോസിൻ, ഡോപ്പമിൻ, സെറോടോണിൻ, അഡ്രീനലിൻ എന്നിങ്ങനെ പലതരം ഹോർമോണുകൾ പുറപ്പെടുവിക്കും നമ്മുടെ ശരീരം. ഈ ഹോർമോണുകൾ പ്രകൃതിദത്തമായ എൻഡോർഫിനൊപ്പം ശരീരമാസകലം പ്രവഹിക്കുന്നതോടെ, ചുംബനം നടക്കുമ്പോൾ കണ്ടുവരുന്ന 'സന്തോഷാതിരേകം' അവരെ ആവേശിക്കുന്നു. ഹൃദയത്തിന്റെ പമ്പിങ്ങ് ഇരട്ടിയാവുന്നു. ഹൃദയധമനികൾ വികസിക്കുന്നു. അല്ലാത്തപ്പോൾ കിട്ടുന്നതിന്റെ രണ്ടിരട്ടിയോളം ഓക്സിജൻ അങ്ങനെ ശരീരത്തിലെത്തുന്നു.
എന്നാൽ ചുംബനം നല്ലതുമാത്രമല്ല നമുക്ക് തരുന്നത്. ചുംബനം വഴി പകരുന്ന അസുഖങ്ങളും പലതുണ്ട്. ചുംബനത്തിലൂടെ പകരുന്ന മോണോ ന്യൂക്ലിയോസിസ് എന്ന അസുഖം അറിയപ്പെടുന്നത് തന്നെ 'ദി കിസ്സിങ്ങ് ഡിസീസ്' എന്നാണ്. ഇതിനു പുറമെ, ഹെർപിസ്, മെനിഞ്ചൈറ്റിസ്, ഗാസ്ട്രിക് അൾസർ എന്നിവയും ചുംബനത്തിലൂടെ പകരുന്നവയാണ്. ആളുകൾക്ക് ഏറ്റവും പകർച്ചപ്പേടിയുള്ള അസുഖമായ എയ്ഡ്സ് ആവട്ടെ അങ്ങനെ എളുപ്പത്തിൽ ചുംബനത്തിലൂടെ പകരുന്നതുമല്ല.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, നരവംശ ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത് ലോകത്തിലെ 90 ശതമാനം മനുഷ്യരും ചുംബിക്കുന്നവരാണെന്നാണ്. തങ്ങളുടെ ആദ്യ ചുംബനത്തിനായി ആറ്റുനോറ്റിരിക്കുകയും, ഒടുവിൽ എന്നെങ്കിലും അത് സംഭവിക്കുമ്പോൾ, ആ ഒരൊറ്റ ചുംബനത്തെ മരിക്കുവോളം ഓർമയിൽ സൂക്ഷിക്കുകയും ചെയ്യുന്നവരുമുണ്ട്. അമ്മമാർ കുഞ്ഞുങ്ങളെ ചുംബിക്കുന്നു. വിശ്വാസികൾ അവരുടെ ചിഹ്നങ്ങളെ, പ്രണയികൾ പരസ്പരം ചുംബിക്കുന്നു. വിമാനങ്ങളിൽ നിന്നും ഇറങ്ങി വരുമ്പോൾ മണ്ണിനെ ചുംബിക്കുന്നവരും ഉണ്ട്.
No comments:
Post a Comment