വികൃതിചെക്കനെന്ന പേര് ഓര്‍മവെച്ച നാള്‍ മുതല്‍ കൂടെയുള്ളതാണ്.. ഉണ്ണീ ന്നാണ് ചെല്ലപ്പേരെങ്കിലും വീട്ടിലും നാട്ടിലും ഉണ്ണിചെക്കന്‍ ന്ന് പറഞ്ഞാലേ അറിയൂ.. ആകെ ഒരാളെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചിരുന്നുള്ളൂ... വാലിട്ടുക്കണ്ണുകളെഴുതിയിരുന്ന ചിണുങ്ങിക്കരയുന്നൊരു സുന്ദരിപെണ്ണ്.. രണ്ടാം വയസില്‍ രാജാധികാരം പിടിച്ചെടുക്കാനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവള്‍.... ന്‍റെ അനിയത്തി കുട്ടി !!
കാണാതിരുന്നാ അടേം ചക്കരേം.. കണ്ടാലോ സാക്ഷാല്‍ കീരീം പാമ്പും അപ്പുറത്ത് മാറി നില്‍ക്കും.. എത്രതല്ലുകൂടിയിട്ടുണ്ട്.. അച്ഛനെ കൊണ്ട് എത്രവട്ടം എന്നെ തല്ലിച്ചിട്ട്ണ്ട്.. അന്നേരമൊക്കെയുള്ള അവളിലെ ആ കള്ളച്ചിരിയ്ക്ക് എന്തഴകാ..
ഹൈസ്കൂളിലേക്ക് ജയിച്ചപ്പോളച്ഛന്‍ വാങ്ങിച്ചു തന്ന സൈക്കിളില്‍ അവളെയും കൊണ്ട് സവാരി ചെയ്തതും.. വീണതും... മുട്ടുപ്പൊട്ടി ധാരപോലൊഴുകിയ ചോരയിലേക്ക് നോക്കി ഏങ്ങി ഏങ്ങി കരഞ്ഞ അവളുടെ മുഖവും..
പകരമായി തെക്കേ തൊടിയിലെ പുളിയില്‍നിന്നൊടിചെടുത്ത കമ്പുകൊണ്ടച്ഛനെന്നെ തല്ലുമ്പോഴും കണ്ണീരില്‍ മുങ്ങിയ ചുണ്ടുകളിലെ കള്ളച്ചിരിയും..എല്ലാവരും പോയി കഴിയുമ്പോ "വേദനണ്ടോ ഉണ്ണ്യേട്ടാ" ന്ന്ള്ള ആക്കിയ ചോദ്യവുമെല്ലാം ഇപ്പോഴും മായാതെ കിടപ്പുണ്ട് മനസ്സില്‍...
ആകാശം കാണിക്കാതെ മയില്‍പ്പീലി സൂക്ഷിച്ചാലതൊരു കുഞ്ഞു മയില്‍പ്പീലിയെ പ്രസവിക്കുമെന്നു പറഞ്ഞെന്‍റെ പ്രണയിനി തന്ന മയില്‍പ്പീലിതുണ്ട് ആരും കാണാതെഡയറിയില്‍ ഒളിപ്പിച്ചുവെച്ചതവള്‍ കൃത്യമായി കണ്ടുപ്പിടിച്ചതും...അതവള്‍ക്ക് നല്‍കിയില്ലെങ്കില്‍ എല്ലാരോടും പറഞ്ഞു കൊടുക്കുമെന്ന ഭീഷണിയ്ക്കു മുന്‍പില്‍ ഗതികേടുകൊണ്ട് കൊടുക്കേണ്ടി വന്നതും...
പിന്നീട് മറ്റെന്തിന്റെയോ പ്രതികാരമായി അച്ഛനോട് ചെന്ന് പറഞ്ഞതും.. തെളിവിനായി കിടയ്ക്കക്കടിയില്‍ ആരും കാണാതെ സൂക്ഷിച്ച പ്രണയലേഖനങ്ങള്‍ കാണിച്ചുകൊടുത്തതും...എന്റെ പ്രണയമായ ചെമ്പനീര്‍ പൂവ് വിടരും മുന്‍പേ കൊഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിചെടുത്ത അര്‍ത്ഥം "അച്ഛന്റെ കയ്യീന്ന് ഇത്തിരി കൂടെ കിട്ടണം.." എന്നായിരുന്നു.
പോയ്മറഞ്ഞ ഏതോ ഒരു ധനുമാസത്തിലെ ബുധനാഴ്ച .. ബാത്ത്‌റൂമില്‍ നിന്നവളുടെ നിലവിളി കേട്ടോടിയെത്തിയ അമ്മ ആദ്യം പേടിച്ചതും പിന്നീട് നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചപ്പോഴും....
നിലത്ത് വിരിച്ചപനയോലപ്പായയിലവളെയിരുത്തി നെല്ലും തുളസിയുംകൊണ്ടതിര് വരച്ചപ്പോഴും മനസിലായില്ല...
ഇടയ്ക്കെപ്പോഴോ അവളെയൊരു നോക്ക് കാണാന്‍ വാതില്‍പ്പടിയില്‍ ചാഞ്ഞും ചെരിഞ്ഞും നിന്ന എന്നോട് അച്ചമ്മയാണ് പറഞ്ഞത് :ഉണ്ണീ പ്പങ്ങട് പോണ്ടാ.. എഴൂസം കഴിയട്ടെ ന്ന്" അതായിരുന്നൂ ഊണിലും ഉറക്കത്തിലും ഒരുമിച്ചായിരുന്ന ഞങ്ങളുടെ വേര്‍പ്പിരിയല...കാത്തിരിപ്പിനൊടുവില്‍ ഏഴാം നാള്‍ കല്യാണപെണ്ണിനെ പോലെ ഒരുക്കിയ അവളെ അകത്തളത്തില്‍ വെച്ച് കണ്ടപ്പോള്‍ തെല്ലൊന്നു ഞാന്‍ പേടിച്ചു.. അവളുടെ കല്ല്യാണം ആണെന്ന്..
അതെ.. അതവളുടെ കല്ല്യാണം തന്നെ ആയിരുന്നു.. കുഞ്ഞിക്കല്ല്യാണം !!
ദക്ഷിണ നല്‍കി എന്‍റെ കാല്‍തൊട്ടു വന്ദിയ്ക്കാനായി കുനിഞ്ഞ അവളെ പിടിച്ചെഴുനേല്‍പ്പിച്ചപ്പോള്‍ കണ്ടത് വലിയൊരു മാറ്റമായിരുന്നു..
മരംകേറി പെണ്‍കുട്ടിയില്‍ നിന്നും പക്വതയുള്ള പെണ്ണിലേയ്ക്കുള്ള മാറ്റം..
നവവധുവിനേപോലോരുങ്ങിയ അവളെയുംകത്തിച്ചുവെച്ച നിലവിളക്കിനെയും സാക്ഷിയാക്കി ഞാനുടച്ച തേങ്ങ രണ്ടായി മുറിഞ്ഞതും..
"കണ്ണുള്ള ഭാഗം ചെറുതായതിനാല്‍ "ഉണ്ണിമോള്‍ക്കാദ്യം ആണ്‍കുട്ടി ആയിരിക്കും " എന്ന അച്ചാമയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു...
മാസങ്ങളില്‍ അവള്‍ക്കുണ്ടായ വയറുവേദനകൊണ്ട് തിരിഞ്ഞും വളഞ്ഞും പുളഞ്ഞും മണിക്കൂറുകള്‍ തള്ളി നീക്കുന്ന കണ്ട് ഒറ്റമൂലി പുസ്തകത്തില്‍ പ്രതിവിധി തിരഞ്ഞ എന്നെ അടുത്ത് വിളിച്ച് "അത് സാധാരണയാണ് മോനേ" എന്ന് പറഞ്ഞ് തന്നത് അമ്മയാണ്..
" കണ്ടോടീ.. നീയെത്ര തല്ലുകൊള്ളിപ്പിച്ചതാ ന്‍റെ കുട്ടീനെ.. ന്നിട്ട് കണ്ടോ.. ഇതേപോലെ ഉള്ള ആങ്ങളെ കിട്ടാന്‍ ഭാഗ്യം ചെയ്യണം.." എന്ന് അമ്മയവളെ സ്നേഹത്തോടെ ശാസിക്കുമ്പോള്‍ ആങ്ങളയെന്ന അഭിമാനത്തോടെ അവളെ നോക്കിയ നേരം..നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുള്ളികളെന്നോട് "എല്ലാത്തിനും ക്ഷമിക്കണേ..ഉണ്ണ്യേട്ടാ.." എന്ന് പറയുന്ന പോലെ തോന്നി... എല്ലാം മനസിലാക്കിഎന്ന അര്‍ത്ഥത്തില്‍ പുഞ്ചിരിക്കാനെ എനിക്കായുള്ളൂ...
നടപ്പിലും ഇരുപ്പിലും സംസാരത്തിലും എന്തിന് നോട്ടത്തില്‍ പോലും പ്രായത്തില്‍ കവിഞ്ഞ പക്വത ഉണ്ടായിരുന്നൂ അവള്‍ക്ക്...
തല്ലുകൂടിയും കിന്നാരം പറഞ്ഞും ഒപ്പം ഉണ്ടായിരുന്ന അവള്‍ ദൂരെ മാറിപ്പോയതും ഞാന്‍ തനിച്ചായതും അന്ന് തൊട്ടാണ്...
അന്ന് വിഷമിച്ച എന്നെ സമാധാനിപ്പിച്ചത് അച്ഛനാണ്.. "ടാ അവള് പെങ്കുട്ട്യല്ലേ.. നാളെ വേറെ ഒരു വീട്ടിലേക്ക് പോകേണ്ടതല്ലേന്ന്" ശരിയാണ്.. ആ വേദനയെ തെല്ലു കുറയ്ക്കാനാകണം ഈ ചെറിയ പിരിയലെന്നു ഞാന്‍ ആശ്വസിച്ചു.. എങ്കിലും അവളിലെ മൗനം വീടിനെ ഉറക്കി...എങ്കിലും കുപ്പിവളകളുടെയും പാദസരത്തിന്റെയും കിലുക്കങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉറക്കത്തില്‍ നിന്നുണര്‍ത്തി...
തല്ലുക്കൊള്ളിത്തരങ്ങള്‍ നിറഞ്ഞ പ്ലസ് ടു പഠനത്തിനൊടുവിലെ ഉന്നതവിജയത്തിന് ശേഷം മെഡിസിന്‍ പഠനത്തിനായി ബംഗ്ലൂരിലേക്ക് പെട്ടിയും കിടക്കയുംഎടുത്ത് ട്രെയിന്‍ കേറേണ്ടി വന്നപ്പോള്‍ നഷ്ടമായത് നമ്മുടെ നാടിന്‍റെ പച്ചപ്പും കുളിര്‍മയുമാണെന്നറിഞ്ഞത് അവിടത്തെ ചൂടും പൊടിക്കാറ്റും ഏറ്റപ്പോഴാണ്..
ഏകാന്തമായ അവസരങ്ങളില്‍ അവളുടെ ശബ്ദം ഫോണിലൂടെ കേള്‍ക്കുന്നതായിരുന്നു ആശ്വാസം...
ഉണ്ണ്യേട്ടാ... എന്നാ വിളിയൊന്നു കേള്‍ക്കാന്‍...
മെഡിസിന്‍ പഠനവും ഗൈനക്കോളജിയിലെ സ്പെഷ്യലൈസേഷനും കഴിഞ്ഞ് നാട്ടില്‍ എത്തിയ ശേഷമായിരുന്നു..
അവളുടെ വിവാഹം... രാജ്യത്തിന് വേണ്ടി ജീവന്‍ പോലും വെടിയാന്‍ മടിക്കാത്ത പട്ടാളക്കരനുമായി...
സ്വര്‍ണത്തില്‍ കുളിച്ച് ഗംഭീരമാക്കി തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ അവളുടെ വിവാഹം നടത്തി.. ഇനിയവള്‍ വീട്ടില്‍ വല്ലപ്പോഴും വരുന്ന വിരുന്നുക്കാരി മാത്രം...
അലങ്കരിച്ച വാഹനത്തിലേക്ക് കയറുന്നതിനിടെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചന്‍റെ ഇടനെഞ്ചിലേക്ക് വീണപ്പോള്‍ പിടിച്ചുനില്‍ക്കാനായില്ലെനിക്ക്...
നിയന്ത്രണം വിട്ട് പോയി.. നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുടച്ച് നെറ്റിയിലൊരുമ്മ കൊടുത്ത് യാത്രയയച്ച ശേഷം.. ആരും കാണാതെ മുണ്ടിന്‍റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കാനെ എനിക്ക് കഴിഞ്ഞുള്ളു....
കാലചക്രം പിന്നെയും തിരിഞ്ഞു.. നല്ലൊരു ഭാര്യയാകാനും.. മരുമകളാവാനും അവള്‍ക്ക് കഴിഞ്ഞു.. ഭാഗ്യം ചെയ്തവള്‍... ഒടുവില്‍ അമ്മയാകാനുള്ള ഭാഗ്യവും ദൈവമവള്‍ക്ക് നല്‍കി.
ഇന്നവളെന്‍റെ ഹോസ്പിറ്റലിലെ ലേബര്‍റൂമില്‍ പ്രസവ വേദനയിലവശയായി കിടക്കുമ്പോള്‍.. പേരെടുത്ത ഗൈനക്കോളജിസ്റ്റ് ആയിട്ടുകൂടി നിന്‍റെ അടുത്ത് നില്‍ക്കാനും നിനക്ക് ധൈര്യം തരാനും അനുവാദമുണ്ടെന്നിരിക്കെ..
മറ്റൊരു പ്രഗല്‍ഭയായ ഡോക്ടറെ നിന്റെടുക്കലേയ്ക്കയച്ച് ഈ മുറിയ്ക്ക് പുറത്ത് നില്‍ക്കുന്നത് ആത്മവിശ്വാസമില്ലാത്തത് കൊണ്ടല്ല...
മറിച്ച്... ഒരായിരം അസ്ഥികള്‍ നുറുങ്ങുന്നൊരാ വേദന നീ അനുഭവിക്കുന്നതും.. എനിക്ക് മുന്നില്‍ നീകിടന്നു പിടയുന്നതും കാണാന്‍ മനശക്തി ഇല്ലാത്തതുകൊണ്ടാണ് മോളേ...
നിന്‍റെ കൈ സൈക്കിളില്‍ നിന്ന് വീണു മുറിഞ്ഞതിന്റെ പകരമായി നീ അച്ഛനെ കൊണ്ടെനിക്ക് അടി വാങ്ങിച്ചു തന്നപ്പോഴും.. അടികൊണ്ടതിനല്ല... നിന്‍റെ കൈ മുറിഞ്ഞത്തിലാണെനിക്ക് വേദനിച്ചത്...
നിന്‍റെ കരച്ചില്‍ കേട്ടു നില്‍ക്കാന്‍ മാത്രം ഈ ഏട്ടന് ശക്തിയില്ല മോളേ...
ചാലുകീറിയൊഴുകിയ കണ്ണുനീര്‍ തുടച്ച് കൊണ്ട്.. ആരോഗ്യവതിയായ അവളെയും കുഞ്ഞിനേയും പ്രതീക്ഷിച്ചിരുന്ന അവന്‍റെ കൈകളിലേക്ക് ലേബര്‍റൂമിന്‍റെ വാതില്‍ തുറന്നെത്തിയ മാലാഖ ഇളം ചുവന്ന നിറത്തില്‍ പൊതിഞ്ഞ തുണിയില്‍ ഒരു കുരുന്നു ജീവനെ വെച്ചു നല്‍കി...
"ആണ്‍കുട്ടിയാണ്.. ലക്ഷ്മിയെ മൂന്ന്‍ മണിക്കൂര്‍ കഴിയുമ്പോള്‍ മുറിയിലേക്ക് മാറ്റാം.. വേറെ കുഴപ്പമൊന്നുമില്ല.." തിരികെ മടങ്ങുന്നതിനിടെ നേഴ്സ് പറഞ്ഞു.
നിറഞ്ഞുതുളുമ്പിയ സന്തോഷത്തോടെ അവനാ കുഞ്ഞിനെ ഒരായിരം ഉമ്മകള്‍ കൊണ്ട് മൂടി... കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് വെച്ച് നല്‍കി അവനുടനെതന്നെ ലേബര്‍റൂമിനകെത്തേയ്ക്ക് പ്രവേശിച്ചു...
"ഉണ്ണ്യേട്ടാ.." യെന്നവശയായ് വിളിച്ച അവളുടെ അരികിലേക്കോടിയണഞ്ഞ നേരം..നിറഞ്ഞ പുഞ്ചിരിയോടെ എനിക്ക് നേരെ നീട്ടിയ അവളുടെ കയ്യോട് എന്‍റെ കൈ ചേര്‍ക്കുമ്പോള്‍ രണ്ട് പേര്‍ക്കും ഒരു കുഴപ്പവും വരുത്താതെ നോക്കിയ ദൈവങ്ങളോട് അകമഴിഞ്ഞ നന്ദി മാത്രമായിരുന്നു...
"മോനെന്ത് പേരാ വിളിയ്ക്കാ" എന്ന എന്റെ ചോദ്യത്തിന് "ഉണ്ണീന്ന്... എന്‍റെ ഏട്ടന്‍റെ പേര് തന്നെ.." എന്ന് വിറയാര്‍ന്ന ശബ്ദത്തോടെയവള്‍ മറുപടി നല്‍കി.
അവശതയുടെ മയക്കത്തിലേയ്ക്ക് തെന്നിവീഴുന്നതിനു മുന്നോടിയായി എനിക്ക് നേരെ തന്ന പുഞ്ചിരിയില്‍ ഈ ഏട്ടനെ അടുത്തറിഞ്ഞ സ്നേഹം അവളിലുണ്ടായിരുന്നു...അതെ.. അവളെന്നും എനിക്കെന്‍റെ അനിയത്തിയാണ്.. കാലം അവള്‍ക്ക് ഭാര്യയുടെയും മരുമകളുടെയും അമ്മയുടെയും വേഷങ്ങള്‍ നല്‍കുമ്പോഴും എനിക്കവള്‍ എന്‍റെ അനിയത്തികുട്ടിയാണ്..
എന്‍റെ കള്ളത്തരങ്ങള്‍ പുറത്ത്കൊണ്ടുവരുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന അനിയത്തി..
വാലിട്ടുക്കണ്ണുകളെഴുതിയിരുന്ന ചിണുങ്ങിക്കരയുന്നൊരു സുന്ദരിപെണ്ണ്.. ന്‍റെ അനിയത്തിക്കുട്ടി !!!