Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 8 September 2019

ഇന്ത്യയിലെ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ സ്വാധീനം.. ഒരു വിശകലനം

ജീവിക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്നാണ് വെപ്പ്.എന്നാൽ പലപ്പോഴും ഭക്ഷണത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ജീവിതമുഹൂർത്തങ്ങൾ നമുക്കുണ്ടാകും.അമ്മമാരും ഹോട്ടൽ ഉടമകളും അടക്കിവാണിരുന്ന ഭക്ഷണത്തിന്റെ  സാമ്രാജ്യത്തിലേക്കാണ് ഓൺലൈൻ ഫുഡ് ഡെലിവറി അപ്ലിക്കേഷനുകൾ കാലലെടുത്തു വയ്ക്കുന്നത്.എല്ലാം വിരൽത്തുമ്പിൽ ലഭിക്കണമെന്ന് ആധുനിക സംസ്കാരത്തിൻറെ കാഴ്ചപ്പാടാണ് ഇതിലൂടെ അവർ യാഥാർഥ്യമാക്കിയത്.അതുവരെ ഭക്ഷണം ആവശ്യാനുസരണം വീടുകളിലേക്ക് എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കാൻ പെടാപ്പാട്പെട്ടിരുന്ന ഹോട്ടലുടമകൾക്കും തുടക്കകാലത്ത് അതൊരു വലിയ ആശ്വാസമായി എന്ന് വേണം കരുതാൻ.കൂടാതെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ നൽകിയ ഓഫറുകൾക് ലഭിച്ച വൻസ്വീകാര്യതയും അവരുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇതുകൊണ്ടെല്ലാം തന്നെയായിരിക്കും നമ്മുടെ നാട്ടിലും ഇത്തരം ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നത്.ടെലികോം രംഗത്തേക്കുള്ള റിലയൻസ് ജിയോയുടെ കടന്നുവരവോടെയാണ് ഇന്ത്യൻ ഓൺലൈൻ ഫുഡ് ഡെലിവറി അപ്ലിക്കേഷനുകളുടെ നല്ലകാലം തെളിഞ്ഞത്.ഇന്ത്യയിൽ Swiggy-യിൽ  നിന്ന് തുടങ്ങിയ ഈ വിപ്ലവം Zomato,Food Panda  തുടങ്ങി നിരവധി ചെറുകിട-വൻകിട കമ്പനികളുടെ  വളർച്ചക്ക് ഇടയാക്കി.അതിനിടയിൽ വിപണിയെ ഞെട്ടിച്ചുകൊണ്ട് ആഗോള ഫുഡ് ഡെലിവറി ഭീമനായ Uber eats ഉം ഇന്ത്യയിൽ സേവനം ആരംഭിച്ചു.അതിനു ശേഷം വിപണി കൈയ്യടക്കാനായി  ഇവർ തമ്മിലുള്ള കടുത്ത മത്സരതിന്നാണ്  ഇന്ത്യൻ വിപണി സാക്ഷ്യംവഹിച്ചത്.ആദ്യ ഓർഡറുകളിൽ ലഭിക്കുന്ന വൻ ആനുകൂല്യങ്ങളും തുടർന്നും നൽകുന്ന  ഓഫറുകളും   വിപണി പിടിക്കാൻ ശ്രമിക്കുന്ന ഇവർ തമ്മിലുള്ള മത്സരം കൊഴുപ്പിച്ചുകൊണ്ടിരുന്നു.

നമ്മളെപോലുള്ള സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ച് നമുക്ക് പലപ്പോഴും ഇതിൻറെ പ്രവർത്തനത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം തോന്നിയേക്കാം.തുടർച്ചയായി ഇത്രയധികം ഓഫറുകൾ നൽകാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു എന്ന ഒരു ചോദ്യം ആയിരിക്കാം ഏതൊരു ഉപഭോക്താവിനെയും ആദ്യം ചിന്തിപ്പിക്കുന്നത്.

പ്രമുഖ ഫുഡ് ഡെലിവറി സ്റ്റാർട്ട്‌അപ്പുകൾക്കെല്ലാം തന്നെ 5000 കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ ഇൻവെസ്റ്റ്മെൻറ് ഉണ്ട് എന്ന വസ്തുതയാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്.ഈ ഇൻവെസ്റ്റ്മെൻറ് ആകുന്ന അടിത്തറയിൽ നിന്നാണ് അവർ ഉപഭോക്താക്കളെ ചാക്കിലാക്കാൻ ഓഫറുകൾ വാരിയെറിയുന്നത്.എന്തിനാണ് അവർ നിരന്തരമായി ഇത്തരം ഓഫറുകൾ നൽകുന്നത് എന്നൊരു സംശയം ഉടലെടുത്തേക്കാം.അത് അവരുടെ ഒരു മാർക്കറ്റിംഗ് തന്ത്രമാണ് എന്നതാണ് യാഥാർഥ്യം. പണ്ട് പത്രങ്ങളിലും ടിവി ചാനലുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന പരസ്യങ്ങളുടെ ധർമ്മം തന്നെയാണ് ആധുനികയുഗത്തിൽ ഓഫറുകൾ വഴി ഇവർ നേടിയെടുക്കുന്നത്.തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലത് Mouth Promotion ആണെന്ന് അവർക്ക് അറിയാം.അതാണ് മറ്റുമാർഗ്ഗങ്ങളെകാൾ തങ്ങൾക്ക് ഗുണകരമെന്നും അവർക്ക് നന്നായി അറിയാം.കൂടാതെ MLM പ്ലാനുകൾ പോലെ മറ്റൊരാളെ കൂടി ഇതിൽ ചേർക്കുമ്പോൾ ലഭിക്കുന്ന ഓഫറുകൾ അവരുടെ ഉപഭോക്താക്കളെ വർധിക്കുന്നതോടൊപ്പം അവർക്ക് വലിയ തോതിലുള്ള സ്വീകാര്യതയും പബ്ലിസിറ്റിയും നേടിക്കൊടുക്കുന്നു.

ഇൻവെസ്റ്റ്‌മെന്റ്  ആകുന്ന അടിത്തറമേലുള്ള കോടികൾ മാത്രമാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ സ്രോതസ്സ് എന്ന് കരുതരുത്. ഇൻവെസ്റ്റ്മെൻറ് അവരുടെ പ്രധാന  സ്രോതസ്സ് ആണെങ്കിലും അനവധി വരുമാന സ്രോതസ്സുകൾ അവർക്കു മുൻപിൽ ഉണ്ട്. നമ്മളെ സംബന്ധിച്ച് നമുക്ക് നിസ്സാരമായി തോന്നാവുന്ന നമ്മുടെ ഡാറ്റകളും മറ്റും പേർസണൽ ഇൻഫർമേഷനുകളും  അവരെ സംബന്ധിച്ച് വലിയ വരുമാന സ്രോതസ്സ്  തന്നെയാണ്.നമ്മുടെ എടിഎം കാർഡ് നമ്പർ, മറ്റു വ്യക്തിഗതവിവരങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ കൊടുത്താണ് നാം ഇത്തരം അപ്ലിക്കേഷനുകളിൽ ജോയിൻ ചെയ്യുന്നത് എന്ന് കൂടി നാം ഓർക്കണം.ഇപ്പോൾ ഇതിൽ നിന്നൊന്നും ഒന്നും നേടാനായില്ലെങ്കിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും മറ്റും പുതിയ യുഗത്തിൽ യൂസർ ഡേറ്റ ആയിരിക്കും അവർക്ക് ഏറ്റവും ഉപകാരപ്പെടുക എന്ന് അവർക്ക് അറിയാം.ഇന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യത്തേക്കാൾ കൂടുതൽ ഭാവിയിൽ ഉപഭോക്താവിനെ ഡേറ്റക്ക്  ഉണ്ടെന്നും അവർക്ക് നന്നായറിയാം.

        ഹോട്ടലുകളിൽനിന്ന് ആവശ്യാനുസരണം ഭക്ഷണം ഉപഭോക്താക്കളിൽ എത്തിക്കുന്ന ഇവരുടെ സേവനം സൗജന്യമല്ല എന്ന് നമുക്കറിയാം.എന്നാൽ ഇന്ന് നിരവധി ഓഫറുകൾ നൽകി കൊണ്ട് വളരെ ചെറിയ തോതിലുള്ള ഡെലിവറി ചാർജുകളാണ് ഇവർ നമ്മുടെ നമ്മുടെ കയ്യിൽ നിന്ന് ഈടാക്കുന്നത്.പലപ്പോഴും ഇത്തരം ചാർജുകളും സൗജന്യമായിരിക്കും
(Note that - If you are not paying for a product, You are the product). ഓർഡറുകളിൽ വാങ്ങുന്ന ചെറിയ ഡെലിവറി ചാർജുകളും ഹോട്ടലുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷനുകളും ഇവർക്ക് ചെറിയതോതിലെങ്കിലും വരുമാനസ്രോതസ്സുകളാണ്.കൂടാതെ അപ്ലിക്കേഷനുകളിൽ നിന്ന്  പരസ്യവരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ കാണുന്ന offer zone, trending offers തുടങ്ങി പല ലിസ്റ്റുകളും പരസ്യങ്ങളാണ്. ഹോട്ടലുകൾ തങ്ങളുടെ സ്ഥാപനങ്ങളെ  ഓൺലൈൻ ഫുഡ് ഡെലിവറി അപ്ലിക്കേഷനുകളുടെ ലിസ്റ്റിൽ മുന്നിലെത്തിക്കാനായാണ് ഈ മാർഗ്ഗം ഉപയോഗപ്പെടുത്തുന്നത്.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് സ്വന്തമായി ഹോട്ടലുകൾ സ്ഥാപിച്ച് അതിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യാൻ ഓൺലൈൻ ഫുഡ് ഡെലിവറി അപ്ലിക്കേഷനുകൾ ഒരുങ്ങുകയാണെന്നാണ്.ഇതിലൂടെ പരമാവധി ലാഭം തങ്ങളിൽ തന്നെ ഒതുക്കി നിർത്താൻ അവർക്ക് സാധിക്കുന്നു.ഇത്തരം ഹോട്ടലുകളിൽ ഓൺലൈനിലൂടെ മാത്രമേ ഭക്ഷണം ഓർഡർ ചെയ്തുകഴിക്കാൻ സാധിക്കുകയുള്ളൂ.അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചെലവിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാനും അവർക്ക് സാധിക്കുന്നു.

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെ കടന്നുവരവ് നിരവധി തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ചിട്ടുണ്ട്.
ഫുഡ് ഡെലിവറിക്കായി  നിരവധി യുവാക്കൾ ആണ് ഇന്ന് ജോലി ചെയ്യുന്നത്. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾക്കും ഇത്തരം ജോലികളിൽ ഏർപ്പെട്ട്  പാർട്ട്‌ ടൈം ആയി  പൈസ സമ്പാദിക്കാനായി സാധിക്കുന്നു. ഇതൊരു സ്ഥിരം ജോലി അല്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനുള്ള സാധ്യതയും കൂടുതലാണ്.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ ഒരു പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടത് ഈയിടെ  സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഹോട്ടലുകളുടെ കാര്യവും വ്യത്യസ്തമല്ല.കമ്മീഷൻ തുക വർദ്ധിച്ചത്  നിമിത്തം ഇപ്പോൾ തുച്ഛമായ ലാഭം മാത്രമാണ് ഹോട്ടലുടമകൾക്കും ലഭിക്കുന്നത്.  കൊച്ചിയിലെ ഹോട്ടലുടമകൾ ഓൺലൈൻ ഫുഡ്‌ ഡെലിവറി അപ്ലിക്കേഷനുകൾക്ക്  എതിരെ നടത്തിയ സമരപരിപാടികളും നാം  കണ്ടിരുന്നു.

പിന്നെ ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ കാര്യം.

നമുക്ക് വാരിക്കോരി ഓഫറുകൾ തരുന്നുണ്ടെങ്കിൽകൂടി കോടികളുടെ നഷ്ടത്തിലാണ് ഓരോ ഫുഡ് ഡെലിവറി കമ്പനികളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.വിപണി പിടിക്കാനുള്ള തമ്മിൽ തമ്മിലുള്ള മത്സരമാണ് അതിനുള്ള ഒന്നാമത്തെ കാരണം. രണ്ട് കമ്പനികൾ തുടർച്ചയായി നിരവധി ഓഫറുകൾ നൽകി കൊണ്ടിരിക്കുമ്പോൾ മറ്റ് കമ്പനികൾക്ക് അതിൽ നിന്ന് ഒഴിവായി നിൽക്കാൻ സാധിക്കുന്നില്ല.അങ്ങനെ മാറിനിൽക്കുകയാണെങ്കിൽ ആ കമ്പനി വിപണിയിൽ നിന്ന് പുറത്താക്കുന്ന സ്ഥിതി വരെ ഉണ്ടാകും. ഈയിടെ Uber eats  തങ്ങളുടെ ഇന്ത്യയിലെ സേവനം നിർത്തുകയാണെന്ന വാർത്ത വരെ വന്നത് ഈ മത്സരവിപണിയുടെ ഭാഗമാണെന്നാണ് വേണം കരുതാൻ.
വൻനഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു ഉയർന്നുവന്ന ഇത്തരം സംരംഭങ്ങൾ ഇന്ന് നഗരമെന്നോ ഗ്രാമം എന്നോ വ്യത്യാസമില്ലാതെ രാജ്യത്താകമാനം പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്.ഇത്രയധികം നഷ്ടം സഹിച്ചും ഇവർ ഇപ്പോഴും ഓഫറുകൾ നൽകിക്കൊണ്ടിരിക്കുന്നത് ഭാവിയിൽ ഇതെല്ലാം തിരിച്ചുപിടിക്കാം എന്നൊരു പ്രതീക്ഷയിൽ മാത്രമാണ്.

No comments:

Post a Comment