Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 20 September 2019

കണ്ണിൻറെ ആരോഗ്യത്തിന്..

കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണിന്റെ ആരോഗ്യത്തിലും സംരക്ഷണത്തിലും നാം കാണിക്കുന്ന അശ്രദ്ധയാണ് ഇങ്ങനെ പറയാൻ കാരണം. എന്നാൽ ജീവിതാന്ത്യം വരെ പൂർണ്ണകാഴ്ച ആഗ്രഹിക്കുന്നവരുമാണ് മിക്കവരും.ആഗ്രഹം നടക്കണമെങ്കിൽ കണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിക്കണം. അതിനായി കൂടുതൽ സമയമൊന്നും മിനക്കെടേണ്ട ആവശ്യമില്ല. ആഹാരക്രമീകരണത്തിൽ ചിലഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മതി.

ഇലവർഗങ്ങൾ, പച്ചക്കറികൾ

വൈറ്റമിൻ എ, വൈറ്റമിൻ ഡി എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാൽ ഈ വൈറ്റമിനുകൾ അടങ്ങിയിട്ടുള്ള ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചീര വർഗങ്ങൾ, കാബേജ് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച്ച മങ്ങലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ഗവേഷകർ പറയുന്നത്.
ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ വ്യക്തവും ആരോഗ്യമുള്ളതുമായ കോർണിയ നിലനിർത്താനും, കണ്ണിലെ കോശങ്ങൾ സംരക്ഷിക്കാനും ഫലപ്രദമാണ്.

ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കുക

ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് റെറ്റിനയെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുകയും അന്ധതയുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളിലെ വരൾച്ച തടയും. ഒമേഗ 3 ഫാറ്റി ആസിഡ് പ്രായാധിക്യം മൂലമുള്ള മാക്യുലാറിന്റെ നാശം തടയാനും സഹായിക്കും. കോര, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ധാരളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

മെഡിറ്ററേനിയൻ ആഹാരക്രമം

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ, ബദാം, നാരുകൾ തുടങ്ങിയവയാണ് മെഡിറ്ററേനിയൻ ആഹാരക്രമത്തിലെ പ്രധാന വിഭവങ്ങൾ. മുട്ടയും ചീസുമടക്കമുളള കൊഴുപ്പേറിയ ഭക്ഷണം കണ്ണിന്റെ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭൂഷണമല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇവയിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള സിങ്കും ആന്റി ഓക്സിഡന്റ്സും കണ്ണിനെ കൂടുതൽ സംരക്ഷിക്കും. വൈറ്റമിൻ സി, ബീറ്റാ-കരോട്ടീൻ , വൈറ്റമിൻ ഇ, സിലീനിയം എന്നിവ രക്തധമനികളുടെ പ്രവർത്തനത്തെ സുഗമമാക്കുന്നു.

മിക്സഡ് ജ്യൂസ്

അത്തിപ്പഴം, കാബേജ്, ബ്ലൂബെറി, ബദാം മിൽക്ക്, വെണ്ണപ്പഴം, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന ജ്യൂസ് കാഴ്ച ശക്തിവർധിക്കുന്നതോടപ്പം കണ്ണിന്റെ സൗന്ദര്യത്തിനും ഉത്തമമാണ്. കാഴ്ച മെച്ചപ്പെടുത്തുകയും, കണ്ണിന്റെ പിന്നിലുള്ള രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നതിനാൽ ബ്ലുബെറി പതിവായി കഴിക്കുന്നത് നന്നായിരിക്കും.
എന്താണ് ഒഴിവാക്കി നിർത്തേണ്ടത്

സൂര്യനുനേരെ നോക്കിയെന്നു കരുതി കാഴ്ച നഷ്ടപ്പെടില്ല. എന്നാൽ തുടർച്ചയായി കൂടുതൽ സമയം നോക്കുന്നതും, അൾട്രാവയലറ്റ് രശ്മികൾ കൂടുതലുള്ള സൂര്യഗ്രഹണസമയത്തും നഗ്നനേത്രങ്ങൾകൊണ്ട് സൂര്യനെ നോക്കിയാൽ കാഴ്ച നഷ്ടപ്പെട്ടെന്നു വരാം. പുകവലി, കൊഴുപ്പേറിയതും എണ്ണയിൽ പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ ഒഴിവാക്കി നിറുത്തുന്നത് ഗുണകരമാകും. വൃത്തിഹീനമായ വസ്തുക്കൾക്കൊണ്ട് കണ്ണ് തുടക്കാതിരിക്കാനും ശ്രദ്ധിക്കണം.

No comments:

Post a Comment