മരച്ചീനി, ലൈമബീന്‍സ്, ബദാം തുടങ്ങിയ സസ്യങ്ങളില്‍ കാണുന്ന പ്രകൃതിദത്തപദാര്‍ത്ഥമാണ് സയനൈഡ്. ആപ്പിള്‍, ആപ്രിക്കോട്ട്, പീച്ച് തുടങ്ങിയ പഴങ്ങളുടെ കുരുക്കളിലും വിത്തുകളിലും സയനൈഡിലടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉണ്ട്. ഈ പഴങ്ങളുടെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളില്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ വളരെ ചെറിയ അളവില്‍ മാത്രം കാണപ്പെടുന്നു.
കാര്‍ബണും നൈട്രജനും തമ്മിലുള്ള ത്രിബന്ധനസംയുക്തമായ സയനൈഡിനെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1782-ലാണ്. ഹൈഡ്രജന്‍ സയനൈഡ്, സയനാജോന്‍ ക്ലോറൈഡ് തുടങ്ങിയ നിറമില്ലാത്ത വാതകരൂപത്തിലും, സോഡിയം സയനൈഡ്, പൊട്ടാസ്യം സയനൈഡ് പോലെ ക്രിസ്റ്റല്‍ രൂപത്തിലും ഈ പദാര്‍ത്ഥം കാണപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പേ യുദ്ധങ്ങളിലും മറ്റും വിഷമായി ഇത് ഉപയോഗിക്കുന്നു.
സയനൈഡ് അമിതമായി കഴിച്ചാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ മരണപ്പെടുന്നു. കേന്ദ്രനാഡീവ്യൂഹത്തെയും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെയുമാണ് ഈ പദാര്‍ത്ഥം ബാധിക്കുന്നത്. സിഗരറ്റ് പുകയിലും, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിലും സയനൈഡ് കലരുന്നുണ്ട്. പേപ്പര്‍, ടെക്സ്റ്റൈല്‍സ്, പ്ലാസ്റ്റിക് എന്നിവയുടെ നിര്‍മ്മാണത്തിന് സയനൈഡ് ഉപയോഗിക്കുന്നു. ഫോട്ടോഗ്രാഫിക് നിര്‍മ്മാണവസ്തുക്കളിലും ഇതടങ്ങിയിട്ടുണ്ട്. സ്വര്‍ണശുദ്ധീകരണം, ഇലക്ട്രോപ്ലേറ്റിങ്, ലോഹശുചീകരണം തുടങ്ങിയ രാസപ്രവര്‍ത്തനങ്ങളിലും ഇവ ഉപയോഗിക്കുന്നു. കപ്പലുകളിലും കെട്ടിടങ്ങളിലും കീടങ്ങളെയും എലികളെയും ഉന്മൂലനം ചെയ്യാനും സയനൈഡ് വാതകമാണ് ഉപയോഗിക്കുന്നത്.
സയനൈഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഒരു വ്യക്തിയെ ബാധിച്ച സയനൈഡിന്‍റെ അളവ്, ഉപയോഗിച്ച രീതി, സമയം എന്നിവയെല്ലാം അനുസരിച്ചാണ് സയനൈഡ് വിഷബാധയുടെ വ്യാപ്തി മനസിലാക്കുന്നത്. സയനൈഡ് വാതകം ശ്വസിക്കുന്നത് അപകടമാണ്. വായുവിനെക്കാള്‍ സാന്ദ്രത കുറഞ്ഞ ഈ വാതകം മനുഷ്യശരീരത്തില്‍ ഓക്സിജന്‍റെ പ്രവര്‍ത്തനത്തെ മന്ദീഭവിക്കുന്നു, കോശങ്ങളെ നശിപ്പിക്കുന്നു, ഓക്സിജന്‍റെ അഭാവത്താല്‍ കോശം നശിക്കുന്നു. ഹൃദയത്തിനും മസ്തിഷ്കത്തിനുമാണ് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ആവശ്യമായതിനാല്‍ സയനൈഡ് ഉപയോഗിക്കുന്നത് അവയെ വളരെ എളുപ്പത്തില്‍ ദോഷകരമായി ബാധിക്കുന്നു.
No comments:
Post a Comment