മണ്ണിൽ ലയിച്ചുചേർന്നിട്ടുള്ള ലോഹങ്ങളെ ആഗിരണം ചെയ്യാൻ ചിലചെടികൾക്ക് സവിശേഷമായ കഴിവുകൾ ഉണ്ട്. ഇങ്ങനെയുള്ള ചെടികൾ മണ്ണിൽ നിന്നും വിശ്വസിക്കാനാവാത്തത്ര സാന്ദ്രതയിൽ ലോഹങ്ങളെ സ്വീകരിച്ച് അതിന്റെ ശരീരത്തിൽ സൂക്ഷിക്കുന്നു. ഇത്തരം സസ്യങ്ങൾ ഹൈപ്പർഅക്യൂമുലേറ്റർ (Hyperaccumulator) എന്നാണ് അറിയപ്പെടുന്നത്. ആകെയുള്ള ഏതാണ്ട് മൂന്നുലക്ഷത്തോളം സസ്യങ്ങളിൽ അഞ്ഞൂറോളം പുഷ്പിക്കുന്ന സസ്യങ്ങൾ ഈ സ്വഭാവം കാണിക്കുന്നവയാണ്.
പലപ്പോഴും വ്യവസായവൽക്കരണത്തിന്റെയും ഖനനത്തിന്റെയും ഭാഗമായി പരിസ്ഥിതി മലിനീകരണപ്പെട്ടത് പൂർവ്വസ്ഥിതിയിലാക്കാൻ സസ്യങ്ങൾക്കുള്ള ഈ ശേഷി ഉപയോഗിക്കാവുന്നതാണ്. ഈ പരിപാടി ഫൈറ്റോറെമഡിയേഷൻ ( Phytoremediation) എന്നറിയപ്പെടുന്നു. ഇത്തരം ചെടികൾ നടുന്നതുവഴി ആ പ്രദേശങ്ങളിലെ മണ്ണിലെ വിഷമയമുള്ള ലോഹങ്ങൾ നീക്കം ചെയ്യാൻ കഴിയും, എന്നുമാത്രമല്ല ഈ ലോഹങ്ങളെ വേർതിരിച്ചെടുക്കാനും ഈ രീതി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഈ ലോഹങ്ങളെ ചെടികൾ വലിച്ചെടുക്കുന്നത് എളുപ്പമാക്കുവാൻവേണ്ടി മറ്റു ചിലപദാർത്ഥങ്ങളും മണ്ണിൽ ചേർക്കാറുണ്ട്. പരിസ്ഥിതിസൗഹൃദഖനനങ്ങളിലും ഈ മാർഗം ഉപയോഗിക്കാനാവും. ഇങ്ങനെ മാലിന്യം വലിച്ചെടുത്ത ചെടികളെ സംഭരിച്ച് അവയിൽനിന്നും ആ ലോഹങ്ങളെ വേർതിരിക്കുന്ന പ്രക്രിയയ്ക്ക് ഫൈറ്റോഎക്സ്ട്രാക്ഷൻ (Phytoextraction) എന്നാണ് പറയുന്നത്.
ലോകത്തേറ്റവും നിക്കൽ ഖനനം ചെയ്യുന്നത് ഫിലിപ്പൈൻസിൽ ആണ്. നിക്കൽ ലോഹം പലതരത്തിലും വിഷമയമാണ്. ആറരക്കോടിവർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ അതിൽ ഉണ്ടായിരുന്ന നിക്കൽ മണ്ണിൽപ്പരന്നത് വലിച്ചെടുത്ത് വിഷമയമായ ചെടികളെ ഭക്ഷിച്ചാണ് ജീവികളും ദിനോസറുകളും മരണമടഞ്ഞതെന്ന് ഒരു സിദ്ധാന്തം പോലുമുണ്ട്. ഫിലിപ്പൈൻസിൽ പുതുതായി കണ്ടെത്തിയ ഒരു ചെടിക്ക് മണ്ണിൽനിന്നും മറ്റുചെടികൾ വലിച്ചെടുക്കുന്നതിന്റെ ആയിരം മടങ്ങ് നിക്കൽ ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. അതിനാൽത്തന്നെ ആ ചെടിക്ക് റിനോറിയ നിക്കോളിഫെറ (Rinorea niccolifera) എന്നാണ് പേരു നൽകിയിരിക്കുന്നത്. എട്ടുമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിന്റെ അതേ ജനുസിൽപ്പെട്ട ഒരു മരം നമ്മുടെ നാട്ടിൽ ഉണ്ട്, റിനോറിയ ബംഗാളെൻസിസ് (Rinorea bengalensis). ഈ ചെടിയും നിക്കലിനെ സ്വാംശീകരിക്കാൻ കഴിവുള്ളതാണ്.
ഈ ചെടിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ചെറുപുലിത്തെയ്യൻ എന്ന ശലഭം മുട്ടയിടുന്നതായിക്കണ്ടെത്തിയിട്ടുള്ള ഏകസസ്യം റിനോറിയ ബംഗാളെൻസിസ് ആണ്. എങ്ങാനും ഈ ചെടി ഇല്ലാതായാൽ അതോടൊപ്പം ആ ശലഭവും ഇല്ലാതാകുമെന്നുസാരം.
1972-ലെ വന്യജീവിസംരക്ഷണനിയമത്തിലെ സംരക്ഷിതവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പൂമ്പാറ്റയാണ് ചെറുപുലിത്തെയ്യൻ .
ലോഹങ്ങളെ വലിച്ചെടുക്കാനുള്ള കഴിവുള്ള ചെടികൾ വേറെയുമുണ്ട്. ചെർണോബിൽ ദുരന്തത്തെത്തുടർന്ന് സീഷിയം ലോഹവും സ്ട്രോൺഷിയം ലോഹവും കലർന്ന ഒരു തടാകത്തിൽ നിന്നും അവയെ നീക്കം ചെയ്യാൻ സൂര്യകാന്തിച്ചെടിയെയാണ് ഉപയോഗിച്ചത്. റേഡിയോ ആക്ടീവതയുള്ള ലോഹങ്ങളെ തന്റെ വേരിൽക്കൂടി വലിച്ചെടുത്ത് ഇലകളിലും കാണ്ഡങ്ങളിലും സംഭരിക്കുവാൻ സൂര്യകാന്തിച്ചെടികൾക്ക് ഒരു പ്രത്യേകകഴിവാണുള്ളത്. അതിനാൽത്തന്നെ അന്താരാഷ്ട്ര ആണവനിർമ്മാർജ്ജനത്തിന്റെ പ്രതീകമാണ് സൂര്യകാന്തിപ്പൂവ്. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ അപകടത്തെത്തുടർന്ന് ആ പ്രദേശങ്ങളിലും ചുറ്റുപാടുകളിലും ആവുന്നിടത്തെല്ലാം ജപ്പാനിലെ ആൾക്കാർ ദശലക്ഷക്കണക്കിനു സൂര്യകാന്തിച്ചെടികളാണ് നട്ടുവളർത്തുന്നത്.
പലകാരണങ്ങളാൽ ഒരിക്കൽ ഗുണനിലവാരം കുറഞ്ഞുകഴിഞ്ഞാൽ തിരിച്ച് പരിസ്ഥിതിയെ പൂർവ്വനിലയിലാക്കാനും വിഷപദാർത്ഥങ്ങളെ അരിച്ചുമാറ്റുവാനും ചെടികളുടെ ഈ കഴിവിനെ ഉപയോഗിക്കാറുണ്ട്. ചെടികൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മാലിന്യനിർമ്മാർജ്ജനം തീരെ ചെലവുകുറഞ്ഞ പരിപാടിയാണ്. വേണ്ടരീതിയിൽ ഉള്ള സസ്യങ്ങൾ നട്ടുസംരക്ഷിക്കുകയേ വേണ്ടൂ. അവ വളരുന്നതിനനുസരിച്ച് മണ്ണിലെ വിഷലോഹങ്ങൾ ആഗിരണം ചെയ്യപ്പെട്ട് ചെടിയിൽ സംഭരിക്കപ്പെടും. യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാത്തതുകൊണ്ടും മണ്ണിനെ ഇളക്കിമറിക്കേണ്ടാത്തതിനാലും ഈ പ്രക്രിയ വളരെ ലാഭകരമാണ്. എന്നാൽ മരം വളരുന്ന വേഗത കുറവായതിനാൽ ഏറെക്കാലം വേണ്ടിവരും ഇത് വിജയകരമായിത്തീരാൻ, അവയുടെ വേരുകൾക്ക് എത്താൻ പറ്റുന്ന ആഴത്തിൽ ഉള്ള ലോഹങ്ങളെ മാത്രമേ ഇവയ്ക്ക് വലിച്ചെടുക്കാനാവുകയുള്ളൂ. ഇങ്ങനെ വിഷത്തെ ആഗിരണം ചെയ്ത ചെടികളെ സുരക്ഷിതമായി ഒഴിവാക്കേണ്ടതുമുണ്ട്.
എന്തിനാവും സസ്യങ്ങൾ ഇങ്ങനെ കൊടും വിഷമായ മൂലകങ്ങളെ സ്വന്തം ശരീരത്തിൽ ശേഖരിക്കുന്നത്? ഒരുപക്ഷേ തങ്ങളുടെ ഇലകൾ തിന്നാൻ വരുന്ന ജീവികളെ പിന്തിരിപ്പിക്കാനാവും. എങ്ങനെയൊക്കെയാണെങ്കിലും ഭൂമിയിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾതന്നെ മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ പൂർവ്വനിലയിലാക്കാനും വേണ്ടിവരുന്നു എന്നത് സസ്യങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും വീണ്ടും എടുത്തുകാണിക്കുന്നു..
No comments:
Post a Comment