Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 28 August 2020

നെൽകൃഷി പടിയിറങ്ങിയപ്പോൾ..

130 ലക്ഷം വർഷങ്ങൾക്കുമുമ്പ് ഹിമാലയസാനുക്കളിൽ കാട്ടുനെല്ലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നു. 112 രാജ്യങ്ങളിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം  ഇനങ്ങളിലുള്ള നെല്ല് കൃഷി ചെയ്യുന്നു . അതിൽ  അറുപതിനായിരത്തോളം ഇനങ്ങൾ ഇന്ത്യയിൽ  ജനിച്ചതുമാണ് . ലോകത്തിലെ 2.5 ബില്ല്യൻ  ആൾക്കാർ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന ഒരു പുൽച്ചെടി ലോകത്തിലെ എല്ലാ ഭാഷകളിലുമായി ലക്ഷക്കണക്കിന് പദങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഈ പദങ്ങൾ നെല്ലിൻറെ കൃഷിയിൽ തുടങ്ങി ആരാധനാകർമങ്ങളിൽ ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ ശൈലികളിൽ എന്നുവേണ്ട മനുഷ്യൻറെ ജീവിതത്തിൻറെ സകല മുഖങ്ങളിലും വ്യാപരിച്ചു കിടക്കുന്നു.

കാട്ടു നെല്ലിനെ മെരുക്കിയെടുത്ത് കൃഷി ആരംഭിച്ചത് ആരാണെന്ന  തർക്കം ഇന്ത്യ, ചൈന, ബാലി ,ലാവോസ് ,തായ്ലന്റ്' വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു .എന്നാൽ ഈ മെരിക്കിയെടുക്കലിന് 7000 വർഷത്തിൽ കൂടുതൽ പഴക്കം അവകാശപ്പെടാനില്ല.

ചില രാജ്യങ്ങൾ അവരുടെ സംസ്കൃതിയിൽ നെല്ലിനെ ചേർത്ത് പിടിച്ചിരിക്കുന്നു. ലോകപ്രശസ്ത ജപ്പാനീസ് ബ്രാൻഡുകളായ ടയോട്ടയും ഹോണ്ടയും ' നെല്ലുമായി ബന്ധപ്പെട്ടതുതന്നെയാണ്. ടൊയോട്ടയ്ക്ക് സമർത്ഥമായ നെൽവയൽ എന്നും ഹോണ്ടയ്ക്ക് പ്രധാന നെൽവയൽ എന്നുമാണ് അർത്ഥം.


ഏതു സാഹചര്യങ്ങളിലും വളർന്നു പൊങ്ങാൻ ഉള്ള ഇതിൻറെ പ്രാപ്തിയാണ് ഇതിനെ ലോക വ്യാപകമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും 2750 അടി ഉയരമുള്ള നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിലും സമുദ്രനിരപ്പിൽ നിന്നും മൂന്ന് മീറ്റർ താഴ്ന്ന കുട്ടനാട്ടിലും നെൽ കൃഷി ചെയ്യുന്നുണ്ട് .

ഭയഭക്തി ബഹുമാനങ്ങളോടെയാണ് പൂർവികർ നെല്ല് കൈകാര്യം ചെയ്തിരുന്നത്. ശ്രീലക്ഷ്മിക്ക് തുല്യമാണ് നെല്ല് എന്നാണ് അവർ കരുതിയിരുന്നത്.

 നെല്ലിൻറെ പിറന്നാൾ 

കന്നിമാസത്തെ മകം നാൾ ആണ് നെല്ലിൻറെ പിറന്നാൾ. നെല്ലിൻറെ കറ്റകൾ കൊണ്ടുപോകുന്ന വഴിയിൽ ഉതിർന്നുവീണ 7 നെൽമണികൾ കഴുകിയെടുത്ത് , അതിലൊരെണ്ണം കിണറ്റിന്റെ കരയിൽ ഉപേക്ഷിച്ച് ബാക്കി ആറെണ്ണത്തിനെ കൊണ്ടുവന്ന്  മഞ്ഞൾ തേച്ചു കുളിപ്പിച്ചു, അതിൽ ഒരെണ്ണത്തിനെ കുളിപ്പിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ച് ബാക്കി അഞ്ചു നെന്മണികളെ ഭസ്മം ചന്ദനം കുങ്കുമം എന്നിവ  അണിയിച്ച് വെള്ളിത്താലത്തിൽ വസ്ത്രത്തിന് മുകളിൽ വച്ച് കുരവയുടെ സാന്നിധ്യത്തോടെ വീട്ടിനുള്ളിൽ നിലവിളക്കിന് സാന്നിധ്യത്തിൽ സ്ഥാപിക്കുന്നതാണ് ഈ ചടങ്ങ്.

താലപ്പൊലി എന്ന ചടങ്ങിൽ താലവും പൊലി (നെല്ലു )മാണ്. നിറപറയിൽ നെല്ലാണ് നിറ, ഗണപതിക്കൊരുക്കിൽ നിറനാഴിയിലെ നിറ നെല്ലാണ് , അക്ഷതം കുത്തിയ നെല്ലാണ് , പൊങ്കാലയും , പൊങ്കലും, പായസച്ചോറും അടയും അപ്പവും എല്ലാം നെല്ലിൻറെ വിഭവമാണ്.

പാച്ചോറ് ( പാൽ ചോറ് )

പച്ചരി ,ശർക്കര ,തേങ്ങ, ഉപ്പ്, മഞ്ഞൾ എന്നിവചേർത്ത് ഉണ്ടാക്കുന്ന ഒരു നിവേദ്യമാണ് പാച്ചോർ.
നെൽകൃഷി കരയിലും വയലിലും ചെയ്തിരുന്നു കരയിൽ കരനെല്ല് കൃഷിചെയ്തിരുന്നു അധികമായും കണ്ണേറുകളിൽ ( ചരിവ്)ആണ് കരനെല്ല് കൃഷി ചെയ്തിരുന്നത് അണ്ണൂരി. ചടകുറുവ, കമ്പിക്കാതൻ, പൊനപൻ, പച്ചിലക്കാടൻ തുടങ്ങി നൂറ് കണക്കിന് ഇനത്തിലുള്ള കരനെല്ല് ഉണ്ടായിരുന്നു .
നൻ നിലങ്ങളിലും പടു നിലങ്ങളിലും കൃഷിചെയ്തിരുന്നു .

കൃഷിയുമായി ബന്ധപ്പെട്ട പദങ്ങളിലേക്ക് വരാം..

ഏലായ്
വയലുകൾ നിറഞ്ഞ പ്രദേശം, തല കുളങ്ങൾ എലായുടെ ഏറ്റവും മുകളിലുള്ള കുളങ്ങൾ, അടയാണികൾ ചെറുതോടുകൾ, തൂമ്പുകൾ കുളത്തിലെ വെള്ളം അടയാണി യിലേക്ക് തുറക്കുന്ന ദ്വാരം, പടുവം ചെളി നിറഞ്ഞിരിക്കുന്നു താഴ്ചയുള്ള കുഴികൾ, ഞാറ്റടി നെൽച്ചെടി പാകി മുളപ്പിക്കുന്ന സ്ഥലം, ഞാറ്, കിളയൽ ,തൊഴിക്കൽ ,മരമടി, നുരിയിടൽ, പാകൽ, ഉഴവ്, മരമടി,കറ്റ, കളപറി, കടമ്പ് തിരിക്കൽ, വരമ്പ്, മട, കൊയ്ത്ത്, വയൽ അറുക്കൽ' ഞാറു നടൽ ഇലവടി, പാട്ട വാരൽ, വിത, പുനം, പൂന, പുത, ഊറ , ചൂട്, തുറു, മുടി, കുഴക്കുറ്റി, തോ ക്ലാറ്റ്, മയ് വള്ളി , നുരി, ആക്ക്, വളഞ്ഞിടൽ, ഞാറ്റുപാട്ട്, പൂവ്, ന ത്ത്, പൊതി, അടിപൊതി, എലിവി ല്ല്, മാടം, പുല്ലറുപ്പത്തി ,കൊറ്റ്, എലവടി, കളിയൽ, പിള്ളക്കൊറ്റ്, പാട്ടക്കൊസ്റ്റ്, നീരാണിക്കൊറ്റ്, പാറ്റക്കാർ, പ തിര, ചണ്ടി, പിണയൽ, പത്തായം ,പത്തായപ്പുര, ഉരൽ, ഉലക്ക , ഉമി, തവിട്, തീട്ടൽ, കൊഴിക്കൽ, ഇടങ്ങഴി, പക്ക, വൈക്കോൽ, നെല്ല് ചിട്ടി, പൊലിക്കാം, ചിറയാടി കൃഷി , പുത്തരി ഊണ്, ഇരുപത്തെട്ടും വരിച്ചിലും, എന്നിവ ചിലത് മാത്രം നൂറുകണക്കിന് പദങ്ങളാണ് മലയാളത്തിൽ ഒരു 40 വർഷത്തിനിടയിൽ പ്രയോഗത്തിൽ നിന്നും മറഞ്ഞു പോയത്. നെൽകൃഷി പോയത് വയലുകളുടെ ഇഷ്ടം മാത്രമല്ല ഭാഷയുടെ നഷ്ടം കൂടിയാണ് സൂചിപ്പിക്കുന്നത്..

No comments:

Post a Comment