ബഹിരാകാശത്ത് എത്തിയാൽ എങ്ങനെയാണ് കുളിക്കുന്നത്..?പല്ല് തേക്കുന്നത്..?പുറത്തേക്ക് നോക്കിയാൽ എന്താണ് കാണുന്നത്..? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ബഹിരാകാശ ടൂറിസ്റ്റായ അനൗഷെ അൻസാരി നമുക്ക് പറഞ്ഞു തന്നത്..
ആദ്യം അനൗഷയെ പരിചയപ്പെടാം.40കാരിയായ കോടിശ്വരിയായ ഇറാൻ വംശജയായ അമേരിക്കൻ വ്യവസായിയാണവർ.ബഹിരാകാശത്തേക്ക് മനുഷ്യരെ കയറ്റിയ വാഹനം അയക്കുകയും രണ്ടാഴ്ചക്കു ശേഷം ആ യാത്ര ആവർത്തിക്കുകയും ചെയ്യുന്നവർക്ക് അമേരിക്കയിലെ എക്സ് പ്രൈസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമ്മാനമായ 45 കോടി രൂപ നൽകിയത് പ്രോഡിയെ സിസ്റ്റംസ് എന്ന ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ അധ്യക്ഷയായ അനൗഷെയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഇറാനിൽ നിന്ന് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുമ്പോൾ കൗമാര പ്രായമായിരുന്നു. അമേരിക്കയിൽ ജോർജ് മെസൺ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദമെടുത്തു.ജോർജ് വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ടെലികോം ടെക്നോളജീസ് എന്ന കമ്പനി ഭർത്താവും കുടുംബവുമായി ചേർന്ന് സ്ഥാപിച്ചു.പിന്നീട് ആ കമ്പനിസോണറ്റ് നെറ്റ് വർക്സ് എന്ന കമ്പനി ഏറ്റെടുത്തു.2000 ൽ നടന്ന ഈ ലയനത്തിലൂടെ ഇവർക്ക് ലഭിച്ചത് 2475 കോടി രൂപയാണ്.ശേഷം പ്രോഡിയ സിസ്റ്റംസ് എന്ന കമ്പനി സ്ഥാപിച്ചു.
2006 SEP 22 മോസ്കോ.
ബഹിരാകാശ വിനോദ സഞ്ചാരി അനൂഷെ അൻസാരി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ( ISS) ഒൻപത് ദിവസത്തെ ബഹിരാകാശ വാസം ആരംഭിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.അനൂഷക്കു വേണ്ടി അല്പം സ്വകാര്യത നൽകാനായി പ്രത്യേകം വേർതിരിച്ച ഉറങ്ങാനുള്ള അറ അവർ നൽകിയിരുന്നു.
ഭാരമില്ലായ്മ മൂലം കട്ടിലിൽ കെട്ടിയിട്ട ഉറക്ക സഞ്ചിയിലാണ് മറ്റുള്ളവരെപോലെ അനൂഷയും വിശ്രമിക്കുക.രക്തപ്രവാഹം സാധാരണ നിലയിൽ നിലനിർത്താൻ പ്രത്യേക കാൽ പട്ടകളൊക്കെ കെട്ടി അനൗഷെ സുഖമായിരിക്കുന്നുവെന്ന് ഭൂമിയിലിരുന്ന് നിരീക്ഷിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
റഷ്യയിലെ ബൈക്കനൂർ വിക്ഷേപണതയിൽ നിന്ന് അമേരിക്കൻ ടെലികമ്യൂണികേഷൻ ബിസിനസ് രംഗത്തെ അതികായ അനൗഷയും റഷ്യൻ കോസ്മോനോട്ട് മിഖായിൽ ട്യൂറിനും അമേരിക്കൻ അസ്ട്രോനോട്ട് മൈക്കൽ ലോപ്പസ് അലേഗ്രിയയും കയറിയ സോയൂസ് പേടകവുമായി റോക്കറ്റ് കുതിച്ചുയർന്നത് സെപ്റ്റംബർ 20 നായിരുന്നു.
ഏകദേശം 90 കോടി രൂപ നൽകിയാണ് അനൂഷെ ബഹിരാകാശത്തേക്ക് ടിക്കറ്റെടുത്തത്.രണ്ട് ദിവസത്തെ യാത്രയും 9 ദിവസത്തെ വാസവും അടക്കം 11 ദിവസം.ബഹിരാകാശത്തിരുന്ന് അവിടത്തെ വിശേഷങ്ങൾ ടൈപ്പ് ചെയ്ത് ഇന്റനെറ്റ് മുഖേന റഷ്യയിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്കയച്ച കുറിപ്പുകൾ അവരാണ് ലോകത്തിനു മുൻപിൽ തുറന്നു വച്ചത്.
സങ്കീർണമായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ അനേകം പരിശീലനങ്ങൾ നടത്തിയാണ് ഓരോ ശാസ്ത്രജ്ഞരും ബഹിരാകാശത്തേക്ക് പോകുന്നത്.ഇതിൽ നിന്നും വ്യത്യസ്തമാണ് അനൗഷെ.ഒരു സാധാരണക്കാരിയുടെ നോട്ടത്തിൽ ബഹിരാകാശത്തെ അത്ഭുത കാഴ്ചകളും ജീവിതവും അവർ ലോകത്തിനു മുന്നിൽ ഡയറി കുറിപ്പുകളായി കുറിച്ചിട്ടു.ഓരോ ദിവസത്തെ കുറിപ്പുകൾക്കും നൂറുകണക്കിന് മറുപടികളാണ് ലോകം തിരിച്ചയച്ചത്.
2006 SEP 22 ഗ്രീൻവിച്ച് സമയം രാവിലെ പതിനൊന്നര.
" ഇവിടെ എനിക്ക് e-mail അപ്പോഴപ്പോൾ വായിക്കാനാവില്ല.ദിവസം മൂന്ന് തവണയായി മെയിലുകളെല്ലാം കൂടി ഭൂമിയിൽ നിന്ന് ഇങ്ങോട്ട് അയക്കുകയാണ് ചെയ്യുന്നത്.ബ്രൗസർ ഇല്ലാത്തതിനാൽ എന്റെ കുറിപ്പുകൾക്കുള്ള നിങ്ങളുടെ മറുപടികളെല്ലാം വായിക്കാനും കഴിയുന്നില്ല. കുറച്ച് പേരുടെ ചോദ്യങ്ങളും ആശംസകളും ഭൂമിയിലെ സ്പേസ് സെന്ററിൽ നിന്ന് ഒന്നിച്ച് അയച്ചുതരികയാണ് .എന്റെ അനുഭവങ്ങളിൽ പങ്കാളികളാകാൻ താല്പര്യപൂർവ്വം ഒരുപാടു പേർ ഭൂമിയിലുണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞാൻ.ഭൂമിയിൽ നിന്ന് കുതിച്ചുയർന്നപ്പോൾ മുതലുള്ള അനുഭവങ്ങൾ ഞാൻ എഴുതാമെന്ന് പറഞ്ഞിരുന്നല്ലൊ".
തുടരും..
No comments:
Post a Comment