ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ബട്ടണുകൾ
BC 2000 ങ്ങളിൽ സിന്ധു നദീതട സംസ്കാരത്തിൽ (indus valley civilization) മോഹൻജൊ-ദാരോയിയിലാണ് ആദ്യമായി ബട്ടണുകൾ ഉപയോഗിക്കപ്പെടുന്നത്. പക്ഷെ അവിടങ്ങളിൽ വസ്ത്രധാരണത്തിനു പകരം അലങ്കാരത്തിന് വേണ്ടിയായിരുന്നു കക്ക (seashell) കൊണ്ടുള്ള ബട്ടണുകൾ ഉപയോഗിച്ചിരുന്നത്. ആദ്യമായി ബട്ടണുകൾ വസ്ത്രധാരണത്തിനായി ഉപയോഗിച്ചു തുടങ്ങിയത് 13 ആം നൂറ്റാണ്ടിൽ ജർമ്മനിയിൽ വസ്ത്രങ്ങൾ അടയ്ക്കുന്നതിനായി ബട്ടണുകൾ ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ്. 13, 14 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ വ്യാപകമായി ബട്ടണുകൾ കൊണ്ട് അടക്കുന്ന ഉടുപ്പുകൾ ധാരാളമായി പ്രചരിക്കാൻ തുടങ്ങിയതുകൊണ്ട് അവ പെട്ടെന്നു ലോകവ്യാപകമാവുകയായിരുന്നു. പക്ഷെ ബട്ടണുകൾ ആദ്യമായി പിറവികൊണ്ടത് നമ്മുടെ പിൻഗാമികളുടെ സിന്ധുനദീതട നാഗരികതയിലാണ്.
2. ഷാംപൂ
ഭാരതീയരാണ് ഷാമ്പുവിന്റെ ഉപജ്ഞാതാക്കൾ. ഷാമ്പു എന്ന പദം ഹിന്ദിയിലെ ചാംപൊ (chāmpo - चाँपो) എന്ന പദത്തിൽ നിന്നാണ് പിറന്നത്. 1762 കളിൽ മുഗൾ സാമ്രാജ്യകാലത്ത് ബംഗാളിലെ നവാബ്മാർക്ക് തല മസാജ് ചെയ്യാനായി ഉപയോഗിച്ചിരുന്ന മസ്സാജ് ഓയിലായിട്ടായിരുന്നു ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. 1762 കളിലാണ് ഈ പദം ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെടുന്നത്. കേശണ്ണ (hair oil) ഉപയോഗിച്ച് തലതിരുമ്മൽ ആണ് ചാംപൊ. സാകെ ദീൻ മുഹമ്മദ് എന്ന ബംഗാളിയാണ് ഈ തിരുമ്മൽ പ്രക്രിയ ബ്രിട്ടീഷുകാർക്ക് പരിചിതമാക്കിയത്. 19ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലണ്ടിലെ ബ്രൈറ്റൺ (Brighton) എന്ന സഥലത്ത് ഐറിഷുകാരിയായ ഭാര്യയോടൊപ്പം തുരുമ്മൽ പാർലർ തുടങ്ങുകയും അത് വളരെ പ്രശസ്ക്തിയാർജ്ജിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മുഹമ്മദ് പിൽക്കാലത്ത് ജോർജ്ജ് നാലാമൻ, വില്യം അഞ്ചാമൻ ചക്രവർത്തിമാരുടെ കേശപാലകനാവുകയും (Shampooing Surgeon) ചെയ്തു. അങ്ങനെ കുറച്ച് കാലങ്ങൾക്കുള്ളിൽ ചാംപോ വളരെ പ്രശസ്തമാവുകയും അങ്ങനെ ചാംപോ, ഷാംപൂവായി രൂപാന്തരപ്പെടുകയും ചെയ്യുകയായിരുന്നു.
3. പരുത്തി കൃഷി
പരുത്തികൊണ്ടുള്ള വസ്ത്രങ്ങൾ അഥവാ കോട്ടൺ വസ്ത്രങ്ങൾ ലോകത്തിനു പരിചയപ്പെടുത്തിയത് ഇന്ത്യക്കാരാണ്. ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത നാരാണ് പരുത്തി അഥവാ കോട്ടൺ (Cotton). ഈ നാരുണ്ടാകുന്ന ചെടിയും പരുത്തി എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ് പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. ചരിത്രാതീതകാലം മുതൽക്കേ പരുത്തി; സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു. 4000 വർഷങ്ങൾക്കു മുമ്പ് സിന്ധു നദീതട നാഗരികതയിൽ നിലവിലുണ്ടായിരുന്ന മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
അതിനുശേഷമുണ്ടായ ഗ്രീക്ക് നാഗരികതയിൽ പോലും പുരാതന ഗ്രീക്കുകാർ മൃഗങ്ങളുടെ തൊലികളായിരുന്നു ധരിക്കാൻ ഉപയോഗിച്ചിരുന്നത്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അത് ഉപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
4. ഫൈബർ ഒപ്റ്റിക്സ്
പ്രകാശത്തെ സംവഹിക്കാൻ കഴിവുള്ള സ്ഫടികത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ നാരുകളെയാണ് ഒപ്റ്റിക്കൽ ഫൈബറുകൾ എന്നു പറയുന്നത്. ഒപ്റ്റിക്കൽ ഫൈബറുകളുടെ രൂപകല്പനയെയും ഉപയോഗത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫൈബർ ഒപ്റ്റിക്സ് (Fiber optics). നിലവിൽ ഇവയെ ലോകവ്യാപകമായി ആശയ വിനിമയത്തിന് പയോഗിക്കുന്നതിനു പുറമെ പ്രകാശിത അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനും അനേകം നാരുകൾ കൂട്ടി ചേർത്ത് ദൃശ്യങ്ങൾ സംവഹിക്കുന്നതിനും ഉപയോഗിക്കുന്നു. വളരെ അയവുള്ളതും, സന്ദേശങ്ങൾ വഹിക്കുന്ന കേബിൾ ആയും ഉപയോഗിക്കാവുന്നതു കാരണം ഒപ്റ്റിക്കൽ ഫൈബർ വാർത്താവിനിമയത്തിനായും, കമ്പ്യൂട്ടറുകൾ പരസ്‌പരം ബന്ധിപ്പിക്കാനും മറ്റുമായി ധാരാളം ഉപയോഗിച്ചുവരുന്നു.
പ്രസരണ നഷ്ടം കൂടാതെ ഒപ്റ്റിക്കൽ ഫൈബറിൽ കൂടി പ്രകാശം വളരെ ദൂരം സഞ്ചരിക്കുമെന്ന ആനുകൂല്യം ഉള്ളതുകൊണ്ട് ദീർഘദൂര വാർത്താവിനിമയത്തിനായി ഇതു കൂടുതലായി ഉപയോഗിച്ചു വരുന്നു.
'ഒർബിറ്റൽ ആങ്കുലർ മോമെൻടം മൾടിപ്ലെക്സിങ്ങ്' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 400 Gbit/സെക്കന്റ് വേഗതയിൽ ഇവയിലൂടെ സന്ദേശം അയക്കാമെന്ന് ശാസ്ത്രഞ്ജന്മാർ 2013 ജൂണിൽ തെളിയിച്ചു. രേഖപ്പെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിൽ ഒറ്റ കമ്പിയിലൂടെ സന്ദേശം അയച്ചത് 2011ൽ 101 Tbit/സെക്കന്റ് വേഗതയിലാണ്. എന്നാൽ അനേകം കമ്പിയിലൂടെ ഏറ്റവും വേഗത്തിൽ സന്ദേശം അയച്ചത് 2013ൽ 1.05 പെടബിറ്റ്/സെക്കന്റ് വേഗതയിലാണ്.
1952 ൽ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ നരിന്ദർ സിംഗ് കപാനിയാണ് ആദ്യത്തെ ഫൈബർ ഒപ്റ്റിക്കൽ കേബിൾ കണ്ടുപിടിച്ചത്. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ഇദ്ദേഹമാണ്. "ഫൈബർ ഒപ്റ്റിക്സ്" എന്ന വാക്ക് ഇതിനെ വിശേഷിപ്പിക്കാനായി ആദ്യമായി ഉപയോഗിച്ചത് തന്നെ ഇദ്ദേഹമായിരുന്നു. ഫൈബർ ഒപ്റ്റിക്സിലെ സംഭാവനകളാൽ ഇദ്ദേഹം പ്രശസ്തനാണ്.
5. ബൈനറി കോഡ്
ഒരു യന്ത്രത്തെ, പ്രത്യേകിച്ച് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഭാഷയാണ് പ്രോഗ്രാമിംഗ് ഭാഷ. ഓരോ പ്രോഗ്രാമിംഗ് ഭാഷയും മനുഷ്യർ സംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷകൾ പോലെതന്നെ വ്യാകരണ നിയമങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. പ്രോഗ്രാമിങ് ഭാഷകളെ മൂന്നായി തരം തിരിക്കാം. 1)മെഷീൻ ലെവൽ ലാംഗ്വേജ്, 2)അസ്സംബ്ലി ലാംഗ്വേജ്, 3)ഹൈ ലെവൽ ലാംഗ്വേജ്. കമ്പ്യൂട്ടറിന് നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് മെഷീൻ ലെവൽ ലാംഗ്വേജ് അഥവാ യന്ത്രതല ഭാഷ. അസ്സെംബ്ലി ഭാഷയിലും ഹൈ ലെവൽ ഭാഷയിലും എഴുതുന്ന പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക് മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാൻ പറ്റൂ. ബിറ്റുകൾ അഥവാ ബൈനറി നമ്പറുകളുടെ ശ്രേണിയായാണ് നമ്മൾ യന്ത്രഭാഷാ നിർദ്ദേശങ്ങൾ നൽകുന്നത്.
രണ്ട് അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യാവ്യവസ്ഥയാണ് ബൈനറി നമ്പർ സിസ്റ്റം (Binary Number System) അഥവാ ദ്വയാങ്കസംഖ്യാ വ്യവസ്ഥ. സാധാരണ ഉപയോഗത്തിലുള്ള ദശാംശസംഖ്യാ വ്യവസ്ഥയിൽ (Decimal System), പത്ത് അക്കങ്ങളാണ് (0,1,2,3,4,5,6,7,8,9) സംഖ്യകളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്, എന്നാൽ ബൈനറി സംഖ്യാ വ്യവസ്ഥയിൽ, രണ്ടക്കങ്ങൾ (0,1 - ഒന്നും പൂജ്യവും) മാത്രമേ സംഖ്യകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ട്, ഒന്നിനു മുകളിലുള്ള സംഖ്യകൾ സൂചിപ്പിക്കുന്നതിന് രണ്ടോ അതിലധികമോ അക്കങ്ങൾ ഉപയോഗിക്കേണ്ടി വരും. ഉദാഹരണത്തിന്, 16 എന്ന അക്കം ബൈനറി സംഖ്യാരീതിയിൽ 10000 എന്നാണ് എഴുതുന്നത്; 100 എന്ന സംഖ്യ, 1100100 എന്നും. ഇത്തരം സംഖ്യകൾ കൈകാര്യം ചെയ്യുന്നത് മനുഷ്യർക്ക് ദുഷ്കരമാണെങ്കിലും, കംപ്യൂട്ടർ പോലെയുള്ള യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വളരെ യോജിച്ചതാണ്. BC 3 ആം നൂറ്റാണ്ടിൽ ഛന്ദസ്സൂത്രം എഴുതിയ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ പിംഗളനാണ് ദ്വയാംശസമ്പ്രദായം എന്ന ആശയം ആദ്യം ഉപയോഗിച്ചത്. വേദമന്ത്രങ്ങളിലെ വൃത്തങ്ങളുടെ (Prosody/meters) ഗണിതസവിശേഷതകൾ വിവരിക്കുന്നതിനാണ് ഈ സമ്പ്രദായം അദ്ദേഹം ഉപയോഗിച്ചിരുന്നത്. ചന്ദശാസ്ത്രത്തിന്റെ രചയിതാവാണ് പിംഗളൻ. ചന്ദശാസ്ത്രമാണ് സംസ്കൃതത്തിലെ അറിയപ്പെടുന്നതിൽ പഴയ ശബ്ദശാസ്ത്രം. പിംഗളനെപറ്റി വളരെ കുറച്ച് വിവരങ്ങൾ മാത്രമെ ലഭ്യമായിട്ടുള്ളു. പഴയ കാല ഇന്ത്യൻ സാഹിത്യ പാരമ്പര്യം അനുസരിച്ച് ഇദ്ദേഹം പാണിനിയുടെ (BC 4ആം നൂറ്റാണ്ട്) ഇളയ സഹോദരനൊ മഹാഭാഷ്യത്തിന്റെ രചയിതാവായ പതാഞ്ജലിയോ (BC 2ആം നൂറ്റാണ്ട്) ആണ്.
6. ദശാംശ സംഖ്യാസമ്പ്രദായം, ക്വാഡ്രാറ്റിക് ഫോർമുല, പൂജ്യം
പൂജ്യം കണ്ടുപിടിക്കുകയും ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത് ഭാരതീയരാണ്. BC 200-ൽ ജീവിച്ചിരുന്ന പിംഗളൻ തന്നെയാണ് തന്റെ ഛന്ദാസൂത്രത്തിൽ പൂജ്യം ഉപയോഗിച്ചിരുന്നത്. പത്ത് ആധാരമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ദശാംശ സംഖ്യാസമ്പ്രദായം. ഏറ്റവും സാർവത്രികമായ സംഖ്യാസമ്പ്രദായവും ഇതാണ്. സ്ഥാനവില അടിസ്ഥാനമാക്കി ഇന്നത്തെ രീതിയിൽ ദശാംശ സംഖ്യാസമ്പ്രദായത്തെ വികസിപ്പിച്ചെടുത്തത് പ്രാചീന ഭാരതീയരാണ്, ഇത് അറബികൾ വഴിയാണ് യൂറോപ്പിൽ എത്തിയത്.
AD 6 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്തൻ. പൂജ്യമുപയോഗിച്ചുള്ള ക്രിയകൾക്ക് ആദ്യമായി നിയമങ്ങളുണ്ടാക്കിയത് ഇദ്ദേഹമാണ്.
ന്യൂമറിക്കൽ അനാലിസിസ് എന്നറിയപ്പെടുന്ന ഗണിത ശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണ്. ഇന്നത്തെ രാജസ്ഥാനിലെ ഭിൻമാലിലാണ് ബ്രഹ്മഗുപതൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. അദ്ദേഹം ഗോളത്തിന്റെ വ്യാപ്തം കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം, ഒരു ശ്രേണിയിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം, വശങ്ങളുടെ നീളങ്ങൾ a,b,c ആയിട്ടുള്ള ത്രികോണങ്ങളുടെ വിസ്തീർണം കാണാനുള്ള സമവാക്യം, 1x^2+m^2=y^2 എന്ന രീതീലുള്ള അനിർദ്ധാര്യ സമീകരണങ്ങളുടെ മൂല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ (Quadratic formula) തുടങ്ങിയ നിരവധി കാര്യങ്ങൾ കണ്ടെത്തുകയും, കരണികളെ (surds) പറ്റിയും പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തുകയും, 'പൈ' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു.
7. ചന്ദ്രനിലെ ജലം
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) 2008 ഒക്ടോബർ 22ന് കൃത്യം 6:22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമായിരുന്നു ചന്ദ്രയാൻ. ആയിരത്തോളം ISRO ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിരുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതായിരുന്നു. പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ ആദ്യമായി ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ഐസ് രൂപത്തിലുള്ള ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന് ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ് ഈ കണ്ടെത്തൽ പുറത്തുവിട്ടത്.
8. പ്ലാസ്റ്റിക് സർജറി
BC 6 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് അദ്ദേഹം. 300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം ഇന്ന് അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രൂതനാണെന്നു കരുതപ്പെടുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും ഇദ്ദേഹം തന്നെ. മദ്യമായിരുന്നു സുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തലുകൾ. പ്രഗൽഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാൻ അദ്ദേഹം ശിഷ്യർക്കു നിർദ്ദേശങ്ങൾ നൽകിയിരുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നും സുശ്രൂതൻ അറിയപ്പെടുന്നു. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരണാസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു..
No comments:
Post a Comment