Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 21 August 2020

എവറസ്റ്റിന്റെ ആരാണീ എവറസ്റ്..?

എവറസ്റ്റ്..



എവറസ്റ്റ് കൊടുമുടി കണ്ടു പിടിച്ച ആളാണോ? 
ഉ: അല്ല.

കൊടുമുടി ആദ്യമായി കീഴടക്കിയ ആളാണോ?.. 

ഉ:  അല്ല. 

 ആദ്യമായി മുകളിലെത്തിയത് എഡ്മണ്ട്  ഹിലാരിയും ടെൻസിംഗ് നോർഗേയുമല്ലേ..

ഇതുവരെ ഇങ്ങിനെയൊരു കാര്യം ആലോചിച്ചിട്ടു പോലുമില്ല. എവറസ്റ്റിന്റെ ഉയരം അറിയാം. ആദ്യം കീഴടക്കിയവരെ അറിയാം. ആദ്യം കീഴടക്കിയ ഇന്ത്യൻ  വനിത ബചേന്ദ്രിപാൽ ആണെന്നറിയാം.
ട്രെയിനപകടത്തിൽ ഒരു കാൽ മുറിച്ചുമാറ്റിയിട്ടും ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത അരുണിമ സിൻഹ ആത്മവിശ്വാസത്തിന്റെയും പെൺകരുത്തിന്റെയും പ്രതീകമായതും അറിയാം.

പക്ഷേ, ചെറുപ്പം മുതൽ ഒരു പാട് പ്രാവശ്യം  വായിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള  എവറസ്റ്റിന് എങ്ങിനെ ആ പേര് വന്നൂ..?

 എവറസ്റ്റും എവറസ്റ്റ് കൊടുമുടിയുമായുള്ള  ബന്ധമെന്താണ്

 എവറസ്റ്റ് കൊടുമുടിയും ആ പേര് വരാൻ കാരണമായ ജോർജ്ജ് എവറസ്റ്റ് എന്ന വ്യക്തിയും തമ്മിൽ നേരിട്ട് ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഇങ്ങിനെ ബന്ധമില്ലാത്ത ഒരാളുടെ പേര് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിക്ക് വന്നതിനു പിന്നിൽ രസകരമായ ഒരു കാരണമുണ്ട്.

ഇന്ത്യയുടെ പല ഭാഗങ്ങളും ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധീനതയിലായിരുന്ന കാലത്ത്, 1802-ൽ ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവൻ അഞ്ചു കൊല്ലം കൊണ്ട് അളന്ന് തിട്ടപ്പെടുത്തണം എന്നും നിർദ്ധേശിച്ച് ബ്രിട്ടീഷ്  പട്ടാളത്തിലെ മേജറും സർവ്വേയറുമായിരുന്ന വില്യം ലാംബട്ടനെ കമ്പനി ഉത്തരവാദിത്തം ഏൽപ്പിച്ചു. പക്ഷെ ചരിത്രത്തിൽ ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവ്വേ ഓഫ് ഇൻഡ്യ എന്നു രേഖപ്പെടുത്തിയ അതിബൃഹത്തായ ഈ ഉദ്യമം തീരാൻ നീണ്ട 69 വർഷങ്ങൾ വേണ്ടിവന്നു.

മദിരാശിയിൽ നിന്നും അളക്കാൻ തുടങ്ങിയ ലാംബട്ടൻ  21 കൊല്ലം കൊണ്ട് മഹാരാഷ്ട്ര വരെ അളന്ന് 70 വയസ്സിൽ അവിടെ വച്ച് ഇഹലോകവാസം വെടിഞ്ഞതിനെത്തുടർന്ന് സർവ്വേയുടെ ചുമതല ഏറ്റെടുത്തത് അസിസ്റ്റൻറായിരുന്ന ജോർജ്ജ് എവറസ്റ്റ് ആണ്. പിന്നീട് സർ പദവിയും സർവ്വേയർ ജനറൽ ഓഫ് ഇൻഡ്യ എന്ന പദവിയും ഇദ്ധേഹത്തിന് ബിട്ടീഷ് ഗവൺമെൻറ് നൽകുകയുണ്ടായി.

മഹാരാഷ്ട്ര മുതലുള്ള ഭൂപ്രദേശത്തിൽ കിഴക്ക് ബംഗ്ലാദേശ് മുതൽ പടിഞ്ഞാറ് പാക്കിസ്ഥാൻ വരെ അളന്ന ജോർജ്ജ് എവറസ്റ്റ്, 20 കൊല്ലം കഴിഞ്ഞ് ഇന്നത്തെ ഉത്തരാഖണ്ഡിലുള്ള മസൂറിയിൽ എത്തിയപ്പോൾ വളണ്ടറി റിട്ടയർമെന്റ് എടുത്തു അവിടെത്തന്നെ താമസവുമാക്കി.

പക്ഷെ റിട്ടയർ ചെയ്യുന്നതിന് മുൻപ്, 33 വയസ്സുള്ള  താരതമ്യേന ജൂനിയറും എന്നാൽ  മിടുക്കനുമായിരുന്ന ആൻഡ്രൂ സ്കോട്ട് വോഗിനെ സർവ്വേയർ ജനറലായി നിയമിക്കുകയും ചെയ്തു.
ഈ കടപ്പാട് വോഗിന് എന്നും എവറസ്റ്റിനോടുണ്ടായിരുന്നു.

സമതലങ്ങൾ കഴിഞ്ഞതോടെ ഹിമാലയവും കൊടുമുടികളും അളക്കുക എന്നതായി വോഗിന്റെ ബാക്കിയുള്ള സർവ്വേ ജോലികൾ. ജോർജ്ജ് എവറസ്റ്റ് തന്നെ "കമ്പ്യൂട്ടർ " എന്ന തസ്തികയിൽ നിയമിച്ച  മിടുക്കനായ രാധാനാഥ് സിക്ക്ദർ എന്ന ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു 1831 മുതൽ സർവ്വേയുടെ കണക്കുകൾ വിശകലനം ചെയ്യുകയും തിട്ടപ്പെടുത്തുകയും ചെയ്തിരുന്നത്.

രാധാനാഥിന്റെ സഹായത്തോടെ വോഗ് ഹിമാലയത്തിലെ പല കൊടുമുടികളും Peak XV എന്നു വിളിക്കപ്പെട്ടിരുന്ന (ഇന്നത്തെ എവറസ്റ്റ്)  കൊടുമുടിയും അളക്കാൻ ശ്രമം തുടങ്ങി. ഇതിനായി നേപ്പാൾ സർക്കാരിന്റെ അനുമതിക്കായി പലതവണ ശ്രമിച്ചെങ്കിലും ഈസ്റ്റിൻഡ്യാ കമ്പനിയുടെ സ്വഭാവം ശരിക്കറിയാമായിരുന്ന നേപ്പാൾ രാജാവ് അനുവാദം കൊടുത്തില്ല. ചൈനയുടെ അനുവാദമില്ലാതെ ടിബറ്റൻ പ്രദേശത്തും എത്താൻ കഴിഞ്ഞില്ല. 

ഏറെ ദുഷ്ക്കരമായിരുന്നെങ്കിലും വർഷങ്ങളുടെ പ്രയത്നഫലമായി ഇന്ത്യൻ ഭാഗത്ത് നിന്നു കൊണ്ട് തന്നെ, കൊടുമുടിയുടെ ഉയരം അളക്കുന്നതിൽ വോഗും കൂട്ടരും വിജയിച്ചു. അന്നത്തെ കണക്ക് പ്രകാരം 29,000 അടി കൃത്യമായി കിട്ടിയപ്പോൾ വിശ്വാസ്യതക്ക് വേണ്ടി രണ്ട് അടി കൂടെ കൂട്ടി 29,002 അടി എന്നാണ് പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് സർവ്വേ ടീം കൊടുമുടിക്ക് പേര് നിർദ്ധേശിക്കേണ്ടത്.


സാധാരണ ഗതിയിൽ പ്രദേശത്ത് പ്രചാരത്തിലിരിക്കുന്ന പേരുകൾ തന്നെയാണ് നിർദ്ധേശിക്കുക. ഇന്ത്യക്കാർ ഗൗരീ ശങ്കർ എന്നും ടിബറ്റിൽ ദോമോലാംഗ്മ എന്നും അറിയപ്പെട്ടിരുന്ന കൊടുമുടി, നേപ്പാളി ഭാഷയിലെ സാഗർ മാത എന്ന പേരിലാണ് പ്രസിദ്ധമായിരുന്നത്.

പക്ഷെ നേപ്പാളിന്റെ നിസ്സഹകരണത്തിൽ മനം മടുത്തിരുന്ന വോഗ് ഇംഗ്ലീഷ് പേര് തന്നെ വേണം എന്നു ശഠിക്കുകയും, തന്റെ ബോസായിരുന്ന ജോർജ്ജ് എവറസ്റ്റിന്റെ പേര് നിർദ്ധേശിക്കുകയും ചെയ്തു. പക്ഷെ അഭിമാനിയും തറവാടിയുമായിരുന്ന  എവറസ്റ്റ്, തന്റെ സംഭാവനകൾ ഒന്നുമില്ലാത്ത കാര്യത്തിൽ സ്വന്തം പേരു വരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റിക്ക് എഴുതുകയും ചെയ്തിരുന്നു.

പക്ഷെ,പേരുകളുടെ കാര്യത്തിൽ വിവിധ കോണുകളിൽ നിന്നും സമ്മർദ്ധം ഉണ്ടായ സാഹചര്യത്തിൽ, സൊസൈറ്റി തിടുക്കത്തിൽ എവറസ്റ്റിന്റെ പേര് 1865 ൽ  അംഗീകരിക്കുകയായിരുന്നു. 1857 ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഭരണം ഏറ്റെടുത്ത് അധികകാലം കഴിഞ്ഞിട്ടില്ലായിരുന്നു ആ കാലത്ത്. 

ഇങ്ങിനെയാണ് എവറസ്റ്റിന് എവറസ്റ്റ് എന്ന പേര് കിട്ടിയത്..

 

No comments:

Post a Comment