നയി ജാലി "ലോകത്തിലെ ഏറ്റവും അതിസങ്കീർണ്ണമായ കൊത്തുപണി"
.
ഗുജറാത്തിലെ 'നയി ജാലി' അഥവാ
ലോകത്തിലെ ഏറ്റവും അതിസങ്കീർണ്ണമായ കൊത്തുപണി;
യുനസ്കോ 'ലോകത്തിലെ ഏറ്റവും അത്ഭുതകരവും സങ്കീർണ്ണവുമായ ഡിസൈൻ വർക്ക്' എന്ന് വിശേഷിപ്പിച്ച, ചുവന്ന മണൽകല്ലിൽ ( Red Sand stone ) കൊത്തിയെടുത്ത അത്യപൂർവ്വ കലാസൃഷ്ടിയുണ്ട് ഗുജറാത്തിലെ അഹമ്മദാബാദിൽ.
മലഞ്ചെരിവിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന ലതാവൃക്ഷത്തെ ചുവന്ന കല്ലിലേക്ക് ആവാഹിച്ച പോലെ ഒരു അപൂർവ്വ സൃഷ്ടിയാണത്. നയീ ജാലി എന്ന പേരിൽ അറിയപ്പെടുന്ന ഇത് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലെ പ്രസിദ്ദമായ സീദി സയ്യിദ് മസ്ജിദിലാണ്. CE 1573ൽ ഗുജറാത്തിൽ ഭരണം നടത്തിയിരുന്ന മുസഫറിദ് സൽത്തനത്തിലെ അവസാന സുൽത്താൻ ആയിരുന്ന ഷംസുദ്ദീൻ മുസഫർ ഷാ മൂന്നാമന്റെ സൈനിക മേധാവിയായിരുന്ന ബിലാൽ ജാജർ ഖാൻ ആണ് ഈ മസ്ജിദ് നിർമ്മിച്ചത്.
നയീ ജാലി ഉൾപ്പടെയുളള ജാലികളാണ് ( Grills ) ഈ മസ്ജിദിനെ പ്രസിദ്ദമാക്കിയത്. വിവിധ രീതികളിലുളള ഇതിലെ ജാലികൾ രൂപകൽപ്പന ചെയ്തത് ബുറാക് ഖാൻ ലാഹോറി എന്ന ആർക്കിടെക്റ്റായിരുന്നു.
ഇത്രയും സങ്കീർണ്ണമായ ഒരു കൊത്തുവേല ലോകത്തിൽ തന്നെ അപൂർവ്വമായിരിക്കുമെന്ന് കഴിഞ്ഞ വർഷം അവിടം സന്ധർശ്ശിച്ച യുനസ്കോ പ്രതിനിധികൾ അഭിപ്രായപ്പെടുകയുണ്ടായി.
ഇന്ന് അഹമ്മദാബാദ് നഗരത്തിന്റെ അനൗദ്യോഗിക മുഖമുദ്രയായി ഗുജറാത്ത് ഗവൺമന്റ് കാണിച്ചിരിക്കുന്നത് സീദി സയ്യിദ് മസ്ജിദിലെ ഈ നയീ ജാലിയാണ്. അത്പോലെ അഹമ്മദാബാദില പ്രശസ്തമായ INDIAN INSTITUTE OF MANAGEMENT AHMEDABAD ( IIM )ന്റെ ഔദ്യോഗിക ചിഹ്നവും ഈ നയീ ജാലി തന്നെയാണ്.
ഇന്ന് നിരവധി ടൂറിസ്റ്റുകളും ആർക്കിടെക്റ്റുകളും ഈ അത്ഭുത ജാലി കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാഷ്ട്രങ്ങളിൽ നിന്നും ഇവിടം സന്ദർശിക്കുന്നുണ്ട്. ഈയടുത്ത് ഇന്ത്യ സന്ദർശിച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സീദി സയ്യിദ് മസ്ജിദിലെ നയീ ജാലി കാണാൻ വരികയുണ്ടായി.
ഈ മസ്ജിദിന്റെ നിർമ്മാണം കഴിഞ്ഞ് കുറച്ച് കാലം മാത്രമേ മുസഫർ ഷാക്ക് അധികാരത്തിൽ തുടരാനായൊളളു. അപ്പോഴേക്കും മുഗൾ ചക്രവർത്തി അക്ബർ ഗുജറാത്ത് ആക്രമിക്കുകയും മുസഫർ ഷായെ തോൽപ്പിച്ച് ആഗ്രാ കോട്ടയിൽ തടവുകാരനാക്കുകയും ചെയ്തു.
പിന്നീട് അവിടുന്ന് രക്ഷപ്പെട്ട മുസഫർ ഷാ മുഗളരെ തോൽപ്പിച്ച് ഗുജറാത്തിന്റെ അധികാരം പിടിച്ചെടുത്തെങ്കിലും അധികകാലം അദ്ദേഹത്തിന് ഭരണത്തിൽ തുടരാനായില്ല. മുസഫർ ഷായുടെ അധികാരം നഷ്ടപ്പെടലോടെ ഗുജറാത്തിലെ മുസഫറിദ് ഭരണകൂടം അവസാനിച്ചു. പിന്നീട് ഗുജറാത്ത് ഭരിച്ചത് മുഗൾ സുൽത്താനായിരുന്നു..
No comments:
Post a Comment