Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 17 August 2020

നുണ പരിശോധന എങ്ങിനെ..?

ഒരാൾ പറയുന്നത് സത്യമാണോ എന്ന് മനസ്സിലാക്കാനുദ്ദേശിച്ച് രൂപം കൊടുത്ത അനവധി ശാസ്ത്രീയ പരീക്ഷണ രീതികളുണ്ട്. ഇവയെ പൊതുവായി നുണപരിശോധന എന്നാണ് വിവക്ഷിക്കുക. നുണ പരിശോധനക്ക് ഉപയോഗിക്കുന്ന പ്രധാന ശാസ്ത്രീയ പരിശോധനകളാണ് പോളിഗ്രാഫ് ടെസ്റ്റ്, നാർക്കോ അനാലിസിസ്, ബ്രയിൻ മാപ്പിങ് എന്നിവ. ആഗോളതലത്തിലും കേരളത്തിലും പല കുറ്റാന്വേഷണ കേസുകളുടേയും അന്വേഷണത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. സാക്ഷിയുടെയോ പ്രതിയുടെയോ സമ്മതത്തോടെ മാത്രമേ ഇന്ത്യയിൽ ഈ പരിശോധനകൾ നടത്താൻ അനുമതിയുള്ളൂ.


കുറ്റാന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധനയ്ക്ക് പ്രധാനമായും പൊതുവെ ഉപയോഗിക്കുന്ന ഒരു പരീക്ഷണ രീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്. 1921-ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ജോൺ അഗസ്റ്റസ് ലാർസണാണ് ഈ പരീക്ഷണ രീതി കണ്ടുപിടിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തിൽ സെൻസറുകൾ പോലെയുള്ള ചില ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയിൽ അന്തിമ നിഗമനത്തിൽ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് അറിയാതെതന്നെ പ്രസ്തുത വ്യകതിയുടെ  ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ സൂഷ്മമായി നിരീക്ഷിച്ചാണ് ആ വ്യക്തി പറയുന്നത് സത്യമാണോ നുണയാണോ എന്നുള്ള നിഗമനത്തിൽ വിദഗ്ദർ എത്തിച്ചേരുന്നത്. ഇന്ത്യയിൽ പ്രസ്തുത പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഈ പരിശോധന നടത്താൻ അനുവാദമുള്ളൂ. ഈ പരിശോധനയുടെ കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

കുറ്റാന്വേഷണ ഏജൻസികൾ പ്രതികളിൽ നിന്നും തെളിവ് ശേഖരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു ശാസ്ത്രീയ മാർഗ്ഗമാണ് നാർകോ അനാലിസിസ്. 'ബോധംകെടുത്തുക' എന്നർഥം വരുന്ന 'നാർക്ക്' (Narkk) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'Narko' എന്ന ഇംഗ്ലിഷ് പദത്തിന്റെ ആരംഭം. യുദ്ധത്തടവുകാരെയും കുറ്റവാളികളെയും ചില സന്ദർഭങ്ങളിൽ മനോരോഗികളെയും, ബാർബിറ്റ്യുറേറ്റുകൾ (Barbiturates) പോലുള്ള ലഹരിമരുന്നുകൾ കുത്തിവച്ച് ചോദ്യം ചെയ്യുകയോ കൗൺസിലിങ്ങിന് വിധേയമാക്കുകയോ ചെയ്യുന്ന രീതിയെ സൂചിപ്പിക്കാനാണ് ആദ്യകാലങ്ങളിൽ ഈ പദം ഉപയോഗിച്ചിരുന്നത്. 1922-ൽ ഹോർസ്ലി എന്ന അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവരിൽ ട്രൂത്ത് സിറം (Truth Serum) എന്നറിയപ്പെടുന്ന മരുന്നുകൾ കുത്തിവച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്‌. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വിലക്കുകളോ ആത്മനിയന്ത്രണമോ ഇല്ലാതെ സത്യസന്ധമായി ഉത്തരം നൽകത്തക്ക രീതിയിൽ വ്യക്തികളുടെ തലച്ചോറിൽ രാസമാറ്റമുണ്ടാക്കാൻ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന ഈ മരുന്നുകൾക്ക്‌ കഴിയും. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ പൂർണായും സത്യമാണെന്ന്‌ ഉറപ്പിക്കാൻ കഴിയുകയില്ല. വേണ്ടത്ര മുൻകരുതലില്ലാതെ ഈ ട്രൂത്ത്‌ സിറങ്ങൾ കുത്തിവച്ചാൽ ഒരുപക്ഷെ മരണം വരെ സംഭവിക്കാനിടയുണ്ട്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരിൽ വളരെ സൂക്ഷിച്ചുമാത്രമേ ഈ പരിശോധന നടത്താറുള്ളൂ.


ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ച്‌ വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരു അവസ്ഥയിലേക്ക്‌ മനുഷ്യനെ എത്തിക്കാൻ കഴിവുള്ളവയാണ്‌ നാർക്കോട്ടിക്ക് മരുന്നുകൾ. ഇത്തരം നാർക്കോട്ടിക്കുകളാണ്‌ പലപ്പോഴും ട്രൂത്ത്‌ സിറങ്ങളായി ഉപയോഗിക്കുന്നത്‌. ഇപ്രകാരം മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ്‌ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികൾ ഉത്തരം നൽകുക. 1943-ൽ സ്റ്റീഫൻ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച "നാർകോ അനാലിസിസ്‌ എ ന്യൂ ടെക്‌നിക്‌ ഇൻ ഷോർട്‌ കട്ട്‌ സൈക്കോതെറാപ്പി" എന്ന പുസ്‌തകത്തിലാണ്‌ മനശാസ്‌ത്ര ചികിത്സാരീതിയെന്ന്‌ വിശേഷിപ്പിച്ച്‌ നാർകോ പരിശോധനയെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിക്കുന്നത്‌. ചില പ്രത്യേക മരുന്നുകൾ കുത്തിവയ്‌ക്കുമ്പോൾ വ്യക്തികൾ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന്‌ സന്ദർഭവശാൽ ഹോഴ്‌സിലി കണ്ടെത്തുകയായിരുന്നു.

മറ്റൊരു മുഖ്യ നുണപരിശോധന രീതിയാണ് ബ്രെയിൻ മാപ്പിങ് ഇതൊരു മസ്തിഷ്ക പ്രവർത്തന നിരീക്ഷണ രീതിയാണ്. മനുഷ്യന്റെയോ, മറ്റേതെങ്കിലും ജീവികളുടെയോ മസ്തിഷ്കത്തിന്റെ ജൈവ സവിശേഷതകളും സ്വഭാവങ്ങളും അളവുകളും സ്ഥലീയമായി അടയാളപ്പെടുത്തി മാപ്പുകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടം ന്യൂറോസയൻസ് സങ്കേതിക വിദ്യകളെയാണ് ബ്രെയിൻ മാപ്പിംഗ് എന്നു വിളിക്കുന്നത്. ഇതിലൂടെ ഒരു വ്യക്തി പറയുന്നത് നുണയാണോ സത്യമാണോയെന്ന്  കണ്ടെത്താനും സാധിക്കുന്നതാണ്.

ഐ ട്രാക്കിംഗ് ടെക്നോളജി, വോയിസ്‌ സ്ട്രെസ് അനാലിസിസ്, നോൺ വെർബൽ ബിഹേവിയർ ഒബ്സർവേഷൻ എന്നിവയാണ് മറ്റ് അറിയപ്പെടുന്ന നുണ പരിശോധനാ രീതികൾ. പക്ഷെ ഇത്രയൊക്കെ നുണ പരിശോധന  രീതികളുണ്ടെങ്കിലും ഇവയൊന്നും ഒരാൾക്കും തരണം ചെയ്യാൻ പറ്റാത്തതാണെന്നോ എപ്പോഴും ഫലപ്രദമാണെന്നോ കൃത്യതയുള്ളതാണെന്നോ, ഉറപ്പുള്ളതായി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. 


ഇതിൽ പലപ്പോഴും പിഴവുകൾ പറ്റാറുമുണ്ട്. ചില പ്രത്യേക മാനസിക രോഗികളിൽ ഈ പരീക്ഷണ രീതികളൊന്നും തന്നെ ഫലപ്രദമല്ല കാരണം അവർ ചിലപ്പോൾ ഒരു മിഥ്യയെ ആയിരിക്കാം സത്യമാണെന്ന് വിശ്വസിക്കുന്നത്. ഇത്തരത്തിൽ പല സന്ദർഭങ്ങളിലും നുണ പരിശോധനകൾ അപ്രസക്തമാവാറുണ്ട്. CIA പോലുള്ള ചില രഹസ്യാന്വേഷണ ഏജൻസികളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുമ്പ് അവരെ നുണ പരിശോധനക്ക് വിധേയമാക്കാറുണ്ട്. അമേരിക്ക പോലെ ചില രാജ്യങ്ങളൊഴിച്ചാൽ ഭൂരിഭാഗം ലോകരാജ്യങ്ങളിലും നുണപരിശോധനാ റിപ്പോർട്ടുകളെ ശക്തമായ തെളിവുകളായി കണക്കാക്കാറില്ല..

No comments:

Post a Comment