കുഷൻ ചക്രവർത്തിയായ വിമ കഡ്ഫിസസ് ആണ് ഇന്ത്യയിൽ ആദ്യമായി സ്വർണ്ണനാണയങ്ങൾ (ഏതാണ്ട് CE 100ൽ) അവതരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. വടക്കേ ഇന്ത്യ അടക്കിവാണ മഹാചക്രവർത്തി കനിഷ്കന്റെ മുൻഗാമിയായിരുന്നു വിമ.
കുഷൻ സാമ്രാജ്യം ദക്ഷിണ ഉസ്ബെകിസ്ഥാനും തജികിസ്ഥാനും മുതൽ ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലൂടെയും കടന്നുപോയി, കാഷ്മീരും ഏതാണ്ട് വടക്കേ ഇന്ത്യ മുഴുവനും ഉൾപ്പെട്ട് പാടലീപുത്ര (ഇന്നത്തെ ബീഹാറിന്റെ തലസ്ഥാനമായ പറ്റ്ന) വരെ വ്യാപിച്ചു കിടന്നിരുന്നു.
ഇന്ത്യയിലെ ഈ ആദ്യ നാണയങ്ങൾ പക്ഷേ അടിച്ചിറക്കിയത് ഏതാണ്ട് BCE ആറാം നൂറ്റാണ്ടിൽ ബുദ്ധന്റെ കാലത്ത് ഇൻഡോ-ഗംഗ സമതലത്തിലെ മഹാജനപദൻമാരാണ്. അത് തീർച്ചയായും അലക്സാണ്ടർ ചക്രവർത്തിയുടെ BCE നാലാം നൂറ്റാണ്ടിലെ വരവിനു മുമ്പായിരുന്നു. ആ കാലത്തെ നാണയങ്ങൾ അടയാളങ്ങളോ രൂപങ്ങളോ കൊത്തിവെച്ചവയായിരുന്നു. അവയിൽ പലതിലും കാളയുടെ രൂപമോ സ്വസ്തിക ചിഹ്നമോ ഉണ്ടായിരുന്നു.
കുഷൻ കാലഘട്ടത്തിലെ സ്വർണ്ണനാണയങ്ങൾ പൊതുവിൽ ഇന്ത്യൻ പുരാണങ്ങളിലെ രൂപങ്ങൾ ആലേഖനം ചെയ്തവയായിരുന്നു. ശിവനും ബുദ്ധനും കാർത്തികേയനുമായിരുന്നു നാണയങ്ങളെ അലങ്കരിച്ചിരുന്ന പ്രധാന ഇന്ത്യൻ മൂർത്തികൾ. മറ്റു രൂപങ്ങൾ ഗ്രീക്ക്, മെസോപ്പെട്ടോമീയൻ, സൊരാഷ്ട്രിയൻ പുരാണങ്ങളിൽ നിന്നുള്ളവയായിരുന്നു. ഇത് കാണിക്കുന്നത് അക്കാലത്ത് നിലനിന്നിരുന്ന വ്യത്യസ്ത മതങ്ങളുടെ സങ്കരമാണ്. ആധുനിക ഇന്ത്യ ഈ മൂല്യങ്ങളെ നെഞ്ചിലേറ്റിയിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും.
കനിഷ്കന്റെ ഭരണകാലത്തെ നാണയങ്ങളിൽ തുടക്കത്തിലുണ്ടായിരുന്നത് ഗ്രീക്ക് ഭാഷയിലെ ഇതിഹാസങ്ങളും ദൈവങ്ങളുമായി ബന്ധപ്പെട്ട രൂപങ്ങളായിരുന്നു. പിന്നീടത് കുഷൻമാർ സംസാരിച്ചിരുന്ന ഇറാനിയൻ ഭാഷയായ ബാക്ട്രിയനിലെ പുരാണങ്ങൾക്കും ബിംബങ്ങൾക്കും വഴിമാറി.
കുഷൻ നാണയങ്ങളിൽ രാജാവിന്റെ ചിത്രം ആലേഖനം ചെയ്തിരുന്നത് താടിയുള്ള, നീണ്ട കോട്ടും കാലുറയും ധരിച്ച, തോളുകളിൽ നിന്ന് തീജ്വാലകൾ വമിക്കുന്ന ഒരു രൂപമായിട്ടായിരുന്നു. കാലിൽ വട്ടത്തിലുള്ള വലിയ പാദരക്ഷയും കൈയിൽ നീണ്ട ഒരു വാളും ഉണ്ടായിരുന്നു. മിക്ക നാണയങ്ങളിലും രാജാവ് ഒരു ചെറിയ ബലിക്കല്ലിൽ അർച്ചന സമർപ്പിക്കുന്നത് കാണാം. കുഷൻ നാണയങ്ങളുടെ ശൈലി പിന്നീടു വന്ന രാജവംശങ്ങളെ, മുഖ്യമായും ഗുപ്തൻമാരെ (CE 4-5 നൂറ്റാണ്ട്) സ്വാധീനിച്ചതായി കാണാം..
No comments:
Post a Comment