Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 22 August 2020

ആകാശത്ത് അന്തംവിട്ട്.. ഭാഗം 2

ശൂന്യാകാശയാത്രയിലെ അസ്വഭാവികമായ ചലനങ്ങൾ കൊണ്ട് വല്ലായ്മയുണ്ടാകാതിരിക്കാനുള്ള ഗുളിക വിക്ഷേപണത്തറയിൽ വച്ച് തന്നെ കഴിച്ചിരുന്നു.പേടകം ഭ്രമണപഥത്തിലെത്തി കറങ്ങി തുടങ്ങിയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യം ദിവസം ജനലിലൂടെ പുറത്തേക്ക് നോക്കരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും ആഗ്രഹം അടക്കാനാവാതെ ഞാൻ നോക്കി.ലോകം ചുറ്റും കറങ്ങുന്നു.സ്വന്തം വാഹനമാണ് കറങ്ങുന്നതെന്ന് നമുക്ക് തോന്നില്ലല്ലൊ.
അത്താഴത്തിന് കുറച്ച് ബിസ്ക്കറ്റും മറ്റും കഴിച്ചു. ഗുഹാ ഭിത്തികളിൽ തലകീഴാകി കിടക്കുന്ന വവ്വാലുകളെ പോലെ ഞാനും മുറിയുടെ തട്ടിൽ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയിൽ കേറി കിടന്നു.ഉറങ്ങുന്നതിനു മുൻപ് ഒരു മോഷൻ സിക്ക്നെസ് ഗുളിക കഴിച്ചു.കൂടെ മനംപിരട്ടാതിരിക്കാനുള്ള ഗുളിക കൂടി കഴിച്ചു.ഐപോഡ് എടുത്ത് ഹെഡ് ഫോണും വച്ച് ശാന്തമായ മനസുമായി ഞാൻ ഉറങ്ങാൻ കിടന്നു. തടാകത്തിൽ പൊങ്ങി കിടക്കുന്ന ഒരു അനുഭൂതി പോലെ എനിക്ക് തോന്നി.


രാവിലെ ഉറക്കമുണർന്ന് തലകീഴായി മൊഡ്യൂളിലേക്ക് പറന്നിറങ്ങി ചെന്ന് കിടപ്പ് മുറിയിലേക്ക് തിരികെ എത്തിയപ്പോഴാണ് ചെയ്തത് മണ്ടത്തരമാണെന്ന് മനസിലായത്. ആന്തരാവയവങ്ങൾ വയറ്റിൽ കിടന്ന് തുള്ളുന്നു, അതോടെ നിർത്തി ഓട്ടവും ചാട്ടവുമൊക്കെ. ശൂന്യാകാശത്ത് ആവശ്യത്തിനു മാത്രം ചലിക്കുക എന്നൊരു നയമുണ്ട്.എന്റെ അസ്വസ്ഥത കൂടി വന്നു.ശൂന്യാകാശത്ത് നമ്മുടെ നട്ടെല്ല് വലിഞ്ഞ് ഉയരം കൂടും. അത് നല്ലതാണെങ്കിലും കൂടെയുള്ള നടുവേദന സഹിക്കാൻ പറ്റില്ല.മാത്രമല്ല തലയിലേക്ക് ചോര ഇരച്ച് കയറി ഒടുക്കത്തെ തലവേദനയും.ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ചോര താഴേക്ക് വലിച്ച് താഴ്ത്താൻ പറ്റാത്തതാണ് കാരണം.മനംപിരട്ടൽ, തലവേദന, നടുവേദന ഇതും മൂന്നും കൂടെ രണ്ട് തവണ ചർദിക്കുകയും ചെയ്തപ്പോൾ ഏട്ടൻമാരുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു.പ്രശ്നമുണ്ടായാൽ അറ്റകൈയ്ക്ക് കുത്തിവെപ്പ് മരുന്നുണ്ടായിരുന്നു.മിഷയും മൈക്കും ചേർന്ന് കുത്തിവെപ്പ് എടുത്തു തന്നു. ഇഞ്ചക്ഷന്റെ ഫലമായി ഞാൻ ഉറക്കത്തിലേക്ക് വഴുതുബോൾ മിഷയും മൈക്കും ചേർന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓരോന്ന് ചെയ്യുന്നത് അറിയാമായിരുന്നു. ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടായല്ലൊ എന്നോർത്ത് വിഷമം തോന്നി.

രണ്ടാം ദിവസം ഉണർന്നപ്പോഴും ഇതു തന്നെ അവസ്ഥ.മോഹിച്ച് ബഹിരാകാശത്ത് എത്തിയിട്ട് ഒടുവിൽ ഇങ്ങനെയായല്ലൊ എന്നോർത്തു. എത്രയും പെട്ടന്ന് പേടകത്തിൽ നിന്നും നിലയത്തിലെത്തിയാൽ മതിയെന്നായി.പേടകം നിലയത്തിനടുതെത്തി ,അതിനോട് ബന്ധിക്കാൻ ഒരു പാട് സമയം വേണം.നിലയത്തിനോട് ഡോക്ക് ചെയ്ത് വായു ചോർച്ച ഇല്ലെന്ന് ഉറപ്പാക്കണം.ഇതിനൊക്കെ രണ്ട് മണിക്കൂറെങ്കിലും വേണം. പാതിമയക്കത്തിൽ ഡോക്കിംഗ് ജോലികൾ ചെയ്യുന്നത് ഞാനറിഞ്ഞിരുന്നു. ഉണർന്നപ്പോൾ എന്റെ ക്ഷീണമെല്ലാം മാറിയിരുന്നു.നിലയത്തിലേക്ക് കേറിയാൽ ഭൂമിയിലുള്ളവർ നമ്മളെ ക്യാമറയിലൂടെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും.സ്യൂട്ടൊക്കെമാറ്റി ഒന്ന് ഉഷാറായി മൈക്കിനോടും മിഷയോടും കൂടി നിലയത്തിന്റെ വാതിലിനടുത്തേക്ക് ചെന്നു.നന്നായി ശ്വാസമെടുക്കാൻ അവർ എന്നോട് പറഞ്ഞു.ബഹിരാകാശത്തേക്ക് ആദ്യമായിട്ടല്ലെ അതൊരു പ്രത്യേക മണമാണെന്ന് അവർ പറഞ്ഞു.

പേടകത്തിന്റെ വാതിൽ പതുക്കെ തുറന്നു.എന്തൊരൽഭുതം എനിക്ക് ബദാം ബിസ്ക്കറ്റ് വേവിക്കുന്ന മണമാണ് കിട്ടിയത്.പാചകത്തിന്റെ മണമാണെന്ന് പറഞ്ഞപ്പോൾ അവർ ചിരിച്ചു. ഞാൻ ഉറപ്പിച്ച് പറഞ്ഞു എന്തോ കത്തിക്കുന്നത് പോലെയുള്ള ഗന്ധം തന്നെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.അപ്പോഴേക്കും നിലയത്തിൽ ജെഫും പാഷയും ഞങ്ങളെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു.അവർ നിലയത്തിന്റെ വാതിൽ തുറന്നു.ബഹിരാകാശ നിലയത്തിലേക്ക് കാലെടുത്ത് വച്ചപ്പോൾ സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് തോന്നിയത്.സന്തോഷം അടക്കാനായില്ല അവസാനം ഞാനെന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു.. 

തുടരും...

No comments:

Post a Comment