Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 29 August 2020

ആകാശത്ത് അന്തംവിട്ട്.. ഭാഗം 3

ബഹിരാകാശ നിലയത്തിലെ അനൗഷയുടെ മുറി.
ഇനി ഞാൻ പറയുന്നത് ഇവിടെ പല്ല് തേക്കുന്നതും,കുളിക്കുന്നതുമൊക്കെ എങ്ങനെയെന്നാണ്.ഇവിടെ വൃത്തിയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് സമ്മതിച്ചേ പറ്റൂ.ഷവറിനെ കുറിച്ചും പൈപ്പിൽ വെള്ളം വരുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയേ വേണ്ട.ഇവിടെ വെള്ളം ഒഴുകുകയല്ല പൊങ്ങി കിടക്കുകയാണ്.അതിനാൽ ശരീരം വൃത്തിയാക്കുക എന്നത് വെല്ലുവിളി തന്നെയാണ്.ആറ് മാസമൊക്കെ ഇവിടെ താമസിക്കുന്നവരെ സമ്മതിച്ചേ പറ്റൂ.ഒരാൾക്ക് ദിവസം ഒരു നനഞ്ഞ ടവ്വലും രണ്ട് ഉണങ്ങിയ ടവ്വലും കിട്ടും.നനഞ്ഞ ടവ്വലുകൊണ്ട് ശരീരം നനച്ച് ഉണങ്ങിയ ടവ്വലുകൊണ്ട് തുടക്കുന്നു.

ശൂന്യാകാശത്ത് പല്ല് തേക്കുന്നത് എനിക്ക് ആഹ്ളാദകരമായി തോന്നി.ബ്രഷ് ചെയ്ത് വെള്ളം കവിൾ കൊണ്ട് കുലുക്കുഴിഞ്ഞതിനു ശേഷം അത് അങ്ങനെ തന്നെ വിഴുങ്ങാം.തുപ്പാൻ പറ്റില്ല.ഇവിടെയുള്ള ശാസ്ത്രജ്ഞർ പറയുന്നത് അതൊരു ഫ്രഷ് മിന്റ് ഇഫക്ട് എന്നാണ്.മുടി കഴുകുന്നതാവട്ടെ വളരെ രസകരമാണ് അല്ലെങ്കിൽ ഒരു പരീക്ഷണം എന്നും പറയാം.വെറുതെയല്ല ഇങ്ങോട്ട് വരുന്നവരൊക്കെ മുടി പറ്റെ വെട്ടുന്നത്.വെള്ളം നിറച്ച ഒരു ബാഗെടുത്ത് പതിയെ ഒരു വമ്പൻ വെള്ളകുമിളയുണ്ടാക്കി സാവധാനം മുടിയിൽ വച്ച് ഡ്രൈ ഷാമ്പുവും ഇട്ട് കഴുകുന്നു. അറിയാതെ തട്ടുകയോ മുട്ടുകയോ ചെയ്താൽ എല്ലായിടത്തും പൊങ്ങി പറന്നു നടക്കുന്ന വെള്ള കുമിളകളായിരിക്കും കാണുക.
ഇവിടെ ഏറ്റവും വിലപിടിപ്പുള്ള വസ്തു വെള്ളം തന്നെയാണ്. ഉപയോഗം കഴിഞ്ഞ വെള്ളത്തെ തനിയെ ഉന്നങ്ങാൻ വിടുന്നു.അന്തരീക്ഷത്തിലെ ഈർപ്പം പിടിച്ചെടുത്ത് വെള്ളമാക്കി ശുദ്ധീകരിച്ച് വീണ്ടും ഉപയോഗ്യമാക്കി തരുന്ന വാട്ടർ കണ്ടക്ഷൻ കളക്ഷൻ യൂണിറ്റുകളുണ്ട്.വ്യായാമം ചെയ്യുമ്പോഴുള്ള വിയർപ്പും ഇതിൽ പെടും.ഒരു റഷ്യൻ ബഹിരാകാശ സഞ്ചാരി എന്നോട് ഇപ്രകാരം പറഞ്ഞു "ഞങ്ങൾ വളരെ അടുപ്പമുള്ളവരാണ് സഹോദരി സഹോദരൻമാരെ പോലെ എല്ലാവരും അന്യോനം വിയർപ്പ് പാനം ചെയ്യുന്നു."എനിക്കത് ഇപ്പോഴാണ് മനസിലാകുന്നത്.


ഇവിടെ നിലയത്തിൽ വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുണ്ട്.റഷ്യൻ വിഭാഗത്തിൽ ട്രെഡ്മില്ലും സൈക്കിളും ഉണ്ട്.അമേരിക്കൻ വിഭാഗത്തിൽ പ്രതിരോധ പരിശീലന ഉപകരണവും സൈക്കിളും.ഭൂമിയുടെ ഏറ്റവും നല്ല ദൃശ്യം കിട്ടത്തക്കവണ്ണം വ്യായാമം ചെയ്യാം.ഭാരമില്ലായ്മ മൂലം പേശികൾക്കും എല്ലുകൾക്കുമുണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ കുറയ്ക്കാനാണ് വ്യായാമം.ഭാരമില്ലായ്മ അവസ്ഥയിൽ കുറേ നാൾ തുടർന്നാൽ പേശികൾ ബലഹീനമാവുകയും ചുരുങ്ങുകയും ചെയ്യാൻ തുടങ്ങും.കാൽസ്യം കുറഞ്ഞ് എല്ലുകളുടെ ഭാരം കുറയുകയും ചെയ്യും.
ബഹിരാകാശത്തിന്റെ എല്ലാ സൗന്ദര്യത്തിനും ആഹ്ളാദത്തിനും വില കൊടുത്തേ പറ്റൂ.

ഇവിടെ ദിവസം ആരംഭിക്കുന്നത് ഗ്രീൻവിച്ച് സമയം കാലത്ത് നാലു മണിക്കാണ് അവസാനിക്കുന്നത് രാത്രി ഏഴരക്കും.ഏഴരക്ക് ലൈറ്റണക്കും. എങ്കിലും എല്ലാവർക്കും അൽപ്പമൊന്ന് സല്ലപിക്കാനും ഭൂമിയിൽ വീട്ടുകാരെ വിളിക്കാനും ജനലിലൂടെ ഭൂമിയുടെ മോഹിപ്പിക്കുന്ന വശ്യത കാണാനുള്ള സമയമൊക്കെയാണിത്.നിങ്ങൾക്കറിയുമായിരിക്കും ഇവിടെ ഓരോ ഒന്നര മണിക്കൂറിലും നിലയം ഒരു തവണ ഭൂമിയെ വലംവച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് രാത്രി എന്നു പറയുബോൾ കൂരാ കൂരിരിട്ടാണെന്ന് കരുതരുത്. ഓരോ ചുറ്റലിലും അതി മനോഹരമായ സൂര്യന്റെ ഉദയവും അസ്തമയവും കാണാം. അതായത് ഒരു ദിവസത്തിൽ 32 തവണ.

തുടരും..

Friday, 28 August 2020

നെൽകൃഷി പടിയിറങ്ങിയപ്പോൾ..

130 ലക്ഷം വർഷങ്ങൾക്കുമുമ്പ് ഹിമാലയസാനുക്കളിൽ കാട്ടുനെല്ലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നു. 112 രാജ്യങ്ങളിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം  ഇനങ്ങളിലുള്ള നെല്ല് കൃഷി ചെയ്യുന്നു . അതിൽ  അറുപതിനായിരത്തോളം ഇനങ്ങൾ ഇന്ത്യയിൽ  ജനിച്ചതുമാണ് . ലോകത്തിലെ 2.5 ബില്ല്യൻ  ആൾക്കാർ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന ഒരു പുൽച്ചെടി ലോകത്തിലെ എല്ലാ ഭാഷകളിലുമായി ലക്ഷക്കണക്കിന് പദങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഈ പദങ്ങൾ നെല്ലിൻറെ കൃഷിയിൽ തുടങ്ങി ആരാധനാകർമങ്ങളിൽ ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ ശൈലികളിൽ എന്നുവേണ്ട മനുഷ്യൻറെ ജീവിതത്തിൻറെ സകല മുഖങ്ങളിലും വ്യാപരിച്ചു കിടക്കുന്നു.

കാട്ടു നെല്ലിനെ മെരുക്കിയെടുത്ത് കൃഷി ആരംഭിച്ചത് ആരാണെന്ന  തർക്കം ഇന്ത്യ, ചൈന, ബാലി ,ലാവോസ് ,തായ്ലന്റ്' വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു .എന്നാൽ ഈ മെരിക്കിയെടുക്കലിന് 7000 വർഷത്തിൽ കൂടുതൽ പഴക്കം അവകാശപ്പെടാനില്ല.

ചില രാജ്യങ്ങൾ അവരുടെ സംസ്കൃതിയിൽ നെല്ലിനെ ചേർത്ത് പിടിച്ചിരിക്കുന്നു. ലോകപ്രശസ്ത ജപ്പാനീസ് ബ്രാൻഡുകളായ ടയോട്ടയും ഹോണ്ടയും ' നെല്ലുമായി ബന്ധപ്പെട്ടതുതന്നെയാണ്. ടൊയോട്ടയ്ക്ക് സമർത്ഥമായ നെൽവയൽ എന്നും ഹോണ്ടയ്ക്ക് പ്രധാന നെൽവയൽ എന്നുമാണ് അർത്ഥം.


ഏതു സാഹചര്യങ്ങളിലും വളർന്നു പൊങ്ങാൻ ഉള്ള ഇതിൻറെ പ്രാപ്തിയാണ് ഇതിനെ ലോക വ്യാപകമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും 2750 അടി ഉയരമുള്ള നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിലും സമുദ്രനിരപ്പിൽ നിന്നും മൂന്ന് മീറ്റർ താഴ്ന്ന കുട്ടനാട്ടിലും നെൽ കൃഷി ചെയ്യുന്നുണ്ട് .

ഭയഭക്തി ബഹുമാനങ്ങളോടെയാണ് പൂർവികർ നെല്ല് കൈകാര്യം ചെയ്തിരുന്നത്. ശ്രീലക്ഷ്മിക്ക് തുല്യമാണ് നെല്ല് എന്നാണ് അവർ കരുതിയിരുന്നത്.

 നെല്ലിൻറെ പിറന്നാൾ 

കന്നിമാസത്തെ മകം നാൾ ആണ് നെല്ലിൻറെ പിറന്നാൾ. നെല്ലിൻറെ കറ്റകൾ കൊണ്ടുപോകുന്ന വഴിയിൽ ഉതിർന്നുവീണ 7 നെൽമണികൾ കഴുകിയെടുത്ത് , അതിലൊരെണ്ണം കിണറ്റിന്റെ കരയിൽ ഉപേക്ഷിച്ച് ബാക്കി ആറെണ്ണത്തിനെ കൊണ്ടുവന്ന്  മഞ്ഞൾ തേച്ചു കുളിപ്പിച്ചു, അതിൽ ഒരെണ്ണത്തിനെ കുളിപ്പിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ച് ബാക്കി അഞ്ചു നെന്മണികളെ ഭസ്മം ചന്ദനം കുങ്കുമം എന്നിവ  അണിയിച്ച് വെള്ളിത്താലത്തിൽ വസ്ത്രത്തിന് മുകളിൽ വച്ച് കുരവയുടെ സാന്നിധ്യത്തോടെ വീട്ടിനുള്ളിൽ നിലവിളക്കിന് സാന്നിധ്യത്തിൽ സ്ഥാപിക്കുന്നതാണ് ഈ ചടങ്ങ്.

താലപ്പൊലി എന്ന ചടങ്ങിൽ താലവും പൊലി (നെല്ലു )മാണ്. നിറപറയിൽ നെല്ലാണ് നിറ, ഗണപതിക്കൊരുക്കിൽ നിറനാഴിയിലെ നിറ നെല്ലാണ് , അക്ഷതം കുത്തിയ നെല്ലാണ് , പൊങ്കാലയും , പൊങ്കലും, പായസച്ചോറും അടയും അപ്പവും എല്ലാം നെല്ലിൻറെ വിഭവമാണ്.

പാച്ചോറ് ( പാൽ ചോറ് )

പച്ചരി ,ശർക്കര ,തേങ്ങ, ഉപ്പ്, മഞ്ഞൾ എന്നിവചേർത്ത് ഉണ്ടാക്കുന്ന ഒരു നിവേദ്യമാണ് പാച്ചോർ.
നെൽകൃഷി കരയിലും വയലിലും ചെയ്തിരുന്നു കരയിൽ കരനെല്ല് കൃഷിചെയ്തിരുന്നു അധികമായും കണ്ണേറുകളിൽ ( ചരിവ്)ആണ് കരനെല്ല് കൃഷി ചെയ്തിരുന്നത് അണ്ണൂരി. ചടകുറുവ, കമ്പിക്കാതൻ, പൊനപൻ, പച്ചിലക്കാടൻ തുടങ്ങി നൂറ് കണക്കിന് ഇനത്തിലുള്ള കരനെല്ല് ഉണ്ടായിരുന്നു .
നൻ നിലങ്ങളിലും പടു നിലങ്ങളിലും കൃഷിചെയ്തിരുന്നു .

കൃഷിയുമായി ബന്ധപ്പെട്ട പദങ്ങളിലേക്ക് വരാം..

ഏലായ്
വയലുകൾ നിറഞ്ഞ പ്രദേശം, തല കുളങ്ങൾ എലായുടെ ഏറ്റവും മുകളിലുള്ള കുളങ്ങൾ, അടയാണികൾ ചെറുതോടുകൾ, തൂമ്പുകൾ കുളത്തിലെ വെള്ളം അടയാണി യിലേക്ക് തുറക്കുന്ന ദ്വാരം, പടുവം ചെളി നിറഞ്ഞിരിക്കുന്നു താഴ്ചയുള്ള കുഴികൾ, ഞാറ്റടി നെൽച്ചെടി പാകി മുളപ്പിക്കുന്ന സ്ഥലം, ഞാറ്, കിളയൽ ,തൊഴിക്കൽ ,മരമടി, നുരിയിടൽ, പാകൽ, ഉഴവ്, മരമടി,കറ്റ, കളപറി, കടമ്പ് തിരിക്കൽ, വരമ്പ്, മട, കൊയ്ത്ത്, വയൽ അറുക്കൽ' ഞാറു നടൽ ഇലവടി, പാട്ട വാരൽ, വിത, പുനം, പൂന, പുത, ഊറ , ചൂട്, തുറു, മുടി, കുഴക്കുറ്റി, തോ ക്ലാറ്റ്, മയ് വള്ളി , നുരി, ആക്ക്, വളഞ്ഞിടൽ, ഞാറ്റുപാട്ട്, പൂവ്, ന ത്ത്, പൊതി, അടിപൊതി, എലിവി ല്ല്, മാടം, പുല്ലറുപ്പത്തി ,കൊറ്റ്, എലവടി, കളിയൽ, പിള്ളക്കൊറ്റ്, പാട്ടക്കൊസ്റ്റ്, നീരാണിക്കൊറ്റ്, പാറ്റക്കാർ, പ തിര, ചണ്ടി, പിണയൽ, പത്തായം ,പത്തായപ്പുര, ഉരൽ, ഉലക്ക , ഉമി, തവിട്, തീട്ടൽ, കൊഴിക്കൽ, ഇടങ്ങഴി, പക്ക, വൈക്കോൽ, നെല്ല് ചിട്ടി, പൊലിക്കാം, ചിറയാടി കൃഷി , പുത്തരി ഊണ്, ഇരുപത്തെട്ടും വരിച്ചിലും, എന്നിവ ചിലത് മാത്രം നൂറുകണക്കിന് പദങ്ങളാണ് മലയാളത്തിൽ ഒരു 40 വർഷത്തിനിടയിൽ പ്രയോഗത്തിൽ നിന്നും മറഞ്ഞു പോയത്. നെൽകൃഷി പോയത് വയലുകളുടെ ഇഷ്ടം മാത്രമല്ല ഭാഷയുടെ നഷ്ടം കൂടിയാണ് സൂചിപ്പിക്കുന്നത്..

Wednesday, 26 August 2020

ടച്ച് സ്ക്രീനുകളുടെ രഹസ്യം..?

മൊബൈൽ ഫോണുകളുടെ ടച് സ്ക്രീൻ എന്തെല്ലാമോ പ്രത്യേക തരം ഗ്ലാസുകൊണ്ട് നിർമ്മിച്ചതാണെന്നും കപ്പാസിറ്റീവ് ടച് സ്ക്രീൻ ആണെന്നുമെല്ലാം കേട്ടിട്ടൂള്ളവരിൽ ചിലർക്കെങ്കിലും ഈ സ്ക്രീനിനു മുകളിൽ നമ്മൾ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും പിന്നെയും യാതൊരു പ്രശ്നവുമില്ലാതെ ടച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംശയം ഉണ്ടായിട്ടുണ്ടാകുമല്ലോ. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്ലാസ്റ്റിക് കടലാസിന് സ്പർശന ശക്തി എങ്ങിനെയാണ്‌ കിട്ടുന്നത്?

Picture : Samsung S 20 +

പ്രതലത്തിൽ നമ്മൾ തൊടുമ്പോൾ തൊടുന്ന ഭാഗത്തെ കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്ന വിദ്യയാണല്ലോ കപ്പാസിറ്റീവ് ടച് സ്ക്രീനുകളുടേത്. ഇൻഡിയം ടിൻ ഡയോക്സൈഡ് എന്ന വസ്തു ആണ്‌ ടച് സ്ക്രീൻ സാങ്കേതിക വിദ്യയിൽ പൊതുവേ ഉപയോഗിക്കുന്നത്. ഒരേ സമയം സുതാര്യമായതും എന്നാൽ വൈദ്യുതിയെ കടത്തി വിടുന്നതുമായ ഒരു പദാർത്ഥമാണ്‌ ഇൻഡിയം ടിൻ ഡയോക്സൈഡ്. ഇത് ഒരു സുതാര്യമായ പെയിന്റ് പോലെ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ മുകളിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ തന്നെ പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പാസിറ്റീവ് പ്രൊജൿഷൻ സ്ക്രീനുകൾ ആണ്‌ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ അതിനെക്കുറിച്ച് അല്പം കാര്യങ്ങൾ - ടച് സ്ക്രീൻ ആയി ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഇരു വശങ്ങളിലുമായി പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകൾ നെടുങ്ങെനെയും കുറുകെയും ഉള്ള ഒരു ഗ്രിഡ് ആയി നേരത്തേ സൂചിപ്പിച്ച ഇൻഡിയം ടിൻ ഡയോക്സൈഡ് പോലെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു. ഇതിൽ വൈദ്യുതി നൽകുമ്പോൾ സാധാരണഗതിയിൽ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ പോലെയുള്ള വൈദ്യുത മണ്ഡലം ആയിരിക്കും രൂപപ്പെടുക. 

വിരൽ കൊണ്ട് സ്ക്രീനിൽ തൊടുമ്പോൾ നമ്മൂടെ ശരീരത്തിലെ ചാർജുമായി പ്രതിപ്രവർത്തിച്ച് തൊടുന്ന ഭാഗത്തെ വൈദ്യുത മണ്ഡലത്തിൽ വ്യതിയാനം സംഭവിക്കുകയും ഗ്രിഡിലെ പ്രസ്തുത ബിന്ദുവിലെ കപ്പാസിറ്റീവ് ടെർമിനലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ സ്പർശ ബിന്ദു സ്ക്രിനിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറീയാനാകുന്നു. ടച് സ്ക്രീനുകളിൽ നാം യഥാർത്ഥത്തിൽ തൊടുന്നത് നേരത്തെ സൂചിപ്പിച്ച ഗ്രിഡിൽ നേരിട്ടല്ല. മറിച്ച് അതിനു മുകളിലായും ഒരു ഗ്ലാസിന്റെ ഒരു പാളി ഉണ്ടായിരിക്കും. ടച് സ്ക്രീൻ പ്ലേറ്റുകളിലെ വൈദ്യുത മണ്ഡലം സ്ക്രീനുകളുടെ ഉപരിതലത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ തീവ്രത സ്ക്രീനിൽ നിന്നുമുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലുമാണ്‌. അതിനാൽ യഥാർത്ഥ ടച് സ്ക്രീൻ പ്ലേറ്റുകളിൽ ഉള്ള വൈദ്യുത മണ്ഡലം അതേ പോലെത്തന്നെ വലിയ വ്യത്യാസങ്ങളില്ലാതെ ഗ്ലാസ്, പോളിത്തീൻ തുടങ്ങിയ പദാർത്ഥങ്ങളുടെ നേർത്ത പാളികളിലൂടെ സുഗമമായി പ്രസരിപ്പിക്കാൻ കഴിയുന്നു. വളരെ ശക്തമായ വൈദ്യുത മണ്ഡലം ആണെങ്കിൽ സ്ക്രീനിൽ തൊടാതെ തന്നെ വായുവിൽ സ്ക്രീനിന്റെ ഉപരിതലത്തിനടുത്ത് വിരലുകൾ കോണ്ടു ചെന്നാൽ തന്നെ അതിനെ സ്പർശമായി തിരിച്ചറിയാനാകും.

ചോദ്യത്തിലേക്ക് തിരിച്ചു വരാം. ടാമ്പേഡ് ഗ്ലാസുകളും സ്ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകളുമെല്ലാം വളരെ കനം കുറഞ്ഞവ ആയതിനാൽ ടച് സ്ക്രീനുകളുടെ പ്രതലത്തിലുള്ള വൈദ്യുത മണ്ഡലത്തെ അതേ പോലെത്തന്നെ ഇവയുടെ പ്രതലത്തിലേയ്ക്കും വ്യാപിപ്പിക്കുവാൻ ഇവയ്ക്ക് കഴിയുന്നതുകൊണ്ടാണ്‌ ഇവ ഉപയോഗിക്കുമ്പോഴും ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഗ്ലാസ് മാത്രമല്ല ഒരു കടലാസു കഷണം സ്ക്രീനിന്റെ മുകളിൽ വച്ച് തൊട്ടു നോക്കൂ. അപ്പോഴും ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് കാണാം. ഇത്തരത്തിൽ കടലാസുകൾ ഒന്നിനു പിറകിൽ ഒന്നായി അടുക്കി വച്ച് പരിശോധിച്ച് നോക്കുക. രണ്ടോ മൂന്നോ‌ വയ്ക്കുമ്പോഴേയ്ക്കും സ്പർശം തിരിച്ചറീയാതാകുന്നു. ചില ഫോണുകളിൽ ചില ടാമ്പേഡ് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റിവിറ്റി കുറയുന്നതായി കണ്ടിട്ടീല്ലേ ഇതിനു കാരണം പ്രസ്തുത ഗ്ലാസ് കനം കൂടിയതായതുകൊണ്ടോ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടച് സ്ക്രീൻ കൂടുതൽ കാര്യക്ഷമമല്ലാത്തതുകൊണ്ടോ ആകാം. 

ചില ഫോണുകളിൽ കയ്യുറകൾ ഇട്ട് സ്പർശിച്ചാലും പ്രവർത്തിക്കുന്ന രീതിയിൽ ' ഗ്ലൗ മോഡ് ' എന്നൊരു ഫീച്ചർ കാണാം. ഇതിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് കട്ടിയുള്ള ഗ്ലൗ ഉപയോഗിച്ചാലും സ്പർശം തിരിച്ചറിയത്തക്ക രീതിയിൽ ടച് സ്ക്രീനിന്റെ വൈദ്യുത മണ്ഡലത്തിന്റെ തിവ്രത കൂട്ടുകയാണ്‌.
കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ഒരു പരിധിയിൽ കൂടുതൽ സെൻസിറ്റീവ് ആക്കുന്നത് ഉപയോഗത്തിനെ ദോഷകരമായി ബാധിക്കുന്നതിനാൽ സ്ക്രീനുകളെല്ലാം ഇലക്ട്രിക് ഫീൽഡ് ഒരു നിശ്ചിത പരിധിയിൽ നിർത്തിക്കൊണ്ട് കൃത്യത ലഭിക്കാനായി സ്വയം കാലിബറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ടച് സ്ക്രീൻ വെള്ളം നനഞ്ഞാൽ അത് ശരിയായി പ്രവർത്തിക്കാതാകുന്നതും എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വെള്ളം വൈദ്യുതിയെ കടത്തി വിടുന്നതാണല്ലോ.. ഇത്തരത്തിൽ സ്ക്രീനിനു മുകളിൽ വെള്ളം വീഴുമ്പോഴും സ്ക്രീൻ കപ്പാസിറ്റൻസിൽ വ്യത്യാസം വരുന്നു. അതോടെ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ ഇലക്ട്രിക് ഫീൽഡ് അല്ലാതെ വരികയും സ്പർശം ഇതിലൂടെ തിരിച്ചറിയാനുള്ള സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

Sunday, 23 August 2020

പ്രാചീന ഇന്ത്യയിലെ സ്വർണ്ണനാണയങ്ങൾ..

കുഷൻ ചക്രവർത്തിയായ വിമ കഡ്ഫിസസ് ആണ് ഇന്ത്യയിൽ ആദ്യമായി സ്വർണ്ണനാണയങ്ങൾ (ഏതാണ്ട് CE 100ൽ) അവതരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. വടക്കേ ഇന്ത്യ അടക്കിവാണ മഹാചക്രവർത്തി കനിഷ്കന്റെ മുൻഗാമിയായിരുന്നു വിമ.


കുഷൻ സാമ്രാജ്യം ദക്ഷിണ ഉസ്ബെകിസ്ഥാനും തജികിസ്ഥാനും മുതൽ ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലൂടെയും കടന്നുപോയി, കാഷ്മീരും ഏതാണ്ട് വടക്കേ ഇന്ത്യ മുഴുവനും ഉൾപ്പെട്ട് പാടലീപുത്ര (ഇന്നത്തെ ബീഹാറിന്റെ തലസ്ഥാനമായ പറ്റ്ന) വരെ വ്യാപിച്ചു കിടന്നിരുന്നു.

ഇന്ത്യയിലെ ഈ ആദ്യ നാണയങ്ങൾ പക്ഷേ അടിച്ചിറക്കിയത് ഏതാണ്ട് BCE ആറാം നൂറ്റാണ്ടിൽ ബുദ്ധന്റെ കാലത്ത് ഇൻഡോ-ഗംഗ സമതലത്തിലെ മഹാജനപദൻമാരാണ്. അത് തീർച്ചയായും അലക്സാണ്ടർ ചക്രവർത്തിയുടെ BCE നാലാം നൂറ്റാണ്ടിലെ വരവിനു മുമ്പായിരുന്നു. ആ കാലത്തെ നാണയങ്ങൾ അടയാളങ്ങളോ രൂപങ്ങളോ കൊത്തിവെച്ചവയായിരുന്നു. അവയിൽ പലതിലും കാളയുടെ രൂപമോ സ്വസ്തിക ചിഹ്നമോ ഉണ്ടായിരുന്നു.

കുഷൻ കാലഘട്ടത്തിലെ സ്വർണ്ണനാണയങ്ങൾ പൊതുവിൽ ഇന്ത്യൻ പുരാണങ്ങളിലെ രൂപങ്ങൾ ആലേഖനം ചെയ്തവയായിരുന്നു. ശിവനും ബുദ്ധനും കാർത്തികേയനുമായിരുന്നു നാണയങ്ങളെ അലങ്കരിച്ചിരുന്ന പ്രധാന ഇന്ത്യൻ മൂർത്തികൾ. മറ്റു രൂപങ്ങൾ ഗ്രീക്ക്, മെസോപ്പെട്ടോമീയൻ, സൊരാഷ്ട്രിയൻ പുരാണങ്ങളിൽ നിന്നുള്ളവയായിരുന്നു. ഇത് കാണിക്കുന്നത് അക്കാലത്ത് നിലനിന്നിരുന്ന വ്യത്യസ്ത മതങ്ങളുടെ സങ്കരമാണ്. ആധുനിക ഇന്ത്യ ഈ മൂല്യങ്ങളെ നെഞ്ചിലേറ്റിയിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും.

കനിഷ്കന്റെ ഭരണകാലത്തെ നാണയങ്ങളിൽ തുടക്കത്തിലുണ്ടായിരുന്നത് ഗ്രീക്ക് ഭാഷയിലെ ഇതിഹാസങ്ങളും ദൈവങ്ങളുമായി ബന്ധപ്പെട്ട രൂപങ്ങളായിരുന്നു. പിന്നീടത് കുഷൻമാർ സംസാരിച്ചിരുന്ന ഇറാനിയൻ ഭാഷയായ ബാക്ട്രിയനിലെ പുരാണങ്ങൾക്കും ബിംബങ്ങൾക്കും വഴിമാറി.

കുഷൻ നാണയങ്ങളിൽ രാജാവിന്റെ ചിത്രം ആലേഖനം ചെയ്തിരുന്നത് താടിയുള്ള, നീണ്ട കോട്ടും കാലുറയും ധരിച്ച, തോളുകളിൽ നിന്ന് തീജ്വാലകൾ വമിക്കുന്ന ഒരു രൂപമായിട്ടായിരുന്നു. കാലിൽ വട്ടത്തിലുള്ള വലിയ പാദരക്ഷയും കൈയിൽ നീണ്ട ഒരു വാളും ഉണ്ടായിരുന്നു. മിക്ക നാണയങ്ങളിലും രാജാവ് ഒരു ചെറിയ ബലിക്കല്ലിൽ അർച്ചന സമർപ്പിക്കുന്നത് കാണാം. കുഷൻ നാണയങ്ങളുടെ ശൈലി പിന്നീടു വന്ന രാജവംശങ്ങളെ, മുഖ്യമായും ഗുപ്തൻമാരെ (CE 4-5 നൂറ്റാണ്ട്) സ്വാധീനിച്ചതായി കാണാം..

Saturday, 22 August 2020

ആകാശത്ത് അന്തംവിട്ട്.. ഭാഗം 2

ശൂന്യാകാശയാത്രയിലെ അസ്വഭാവികമായ ചലനങ്ങൾ കൊണ്ട് വല്ലായ്മയുണ്ടാകാതിരിക്കാനുള്ള ഗുളിക വിക്ഷേപണത്തറയിൽ വച്ച് തന്നെ കഴിച്ചിരുന്നു.പേടകം ഭ്രമണപഥത്തിലെത്തി കറങ്ങി തുടങ്ങിയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യം ദിവസം ജനലിലൂടെ പുറത്തേക്ക് നോക്കരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും ആഗ്രഹം അടക്കാനാവാതെ ഞാൻ നോക്കി.ലോകം ചുറ്റും കറങ്ങുന്നു.സ്വന്തം വാഹനമാണ് കറങ്ങുന്നതെന്ന് നമുക്ക് തോന്നില്ലല്ലൊ.
അത്താഴത്തിന് കുറച്ച് ബിസ്ക്കറ്റും മറ്റും കഴിച്ചു. ഗുഹാ ഭിത്തികളിൽ തലകീഴാകി കിടക്കുന്ന വവ്വാലുകളെ പോലെ ഞാനും മുറിയുടെ തട്ടിൽ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയിൽ കേറി കിടന്നു.ഉറങ്ങുന്നതിനു മുൻപ് ഒരു മോഷൻ സിക്ക്നെസ് ഗുളിക കഴിച്ചു.കൂടെ മനംപിരട്ടാതിരിക്കാനുള്ള ഗുളിക കൂടി കഴിച്ചു.ഐപോഡ് എടുത്ത് ഹെഡ് ഫോണും വച്ച് ശാന്തമായ മനസുമായി ഞാൻ ഉറങ്ങാൻ കിടന്നു. തടാകത്തിൽ പൊങ്ങി കിടക്കുന്ന ഒരു അനുഭൂതി പോലെ എനിക്ക് തോന്നി.


രാവിലെ ഉറക്കമുണർന്ന് തലകീഴായി മൊഡ്യൂളിലേക്ക് പറന്നിറങ്ങി ചെന്ന് കിടപ്പ് മുറിയിലേക്ക് തിരികെ എത്തിയപ്പോഴാണ് ചെയ്തത് മണ്ടത്തരമാണെന്ന് മനസിലായത്. ആന്തരാവയവങ്ങൾ വയറ്റിൽ കിടന്ന് തുള്ളുന്നു, അതോടെ നിർത്തി ഓട്ടവും ചാട്ടവുമൊക്കെ. ശൂന്യാകാശത്ത് ആവശ്യത്തിനു മാത്രം ചലിക്കുക എന്നൊരു നയമുണ്ട്.എന്റെ അസ്വസ്ഥത കൂടി വന്നു.ശൂന്യാകാശത്ത് നമ്മുടെ നട്ടെല്ല് വലിഞ്ഞ് ഉയരം കൂടും. അത് നല്ലതാണെങ്കിലും കൂടെയുള്ള നടുവേദന സഹിക്കാൻ പറ്റില്ല.മാത്രമല്ല തലയിലേക്ക് ചോര ഇരച്ച് കയറി ഒടുക്കത്തെ തലവേദനയും.ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ചോര താഴേക്ക് വലിച്ച് താഴ്ത്താൻ പറ്റാത്തതാണ് കാരണം.മനംപിരട്ടൽ, തലവേദന, നടുവേദന ഇതും മൂന്നും കൂടെ രണ്ട് തവണ ചർദിക്കുകയും ചെയ്തപ്പോൾ ഏട്ടൻമാരുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു.പ്രശ്നമുണ്ടായാൽ അറ്റകൈയ്ക്ക് കുത്തിവെപ്പ് മരുന്നുണ്ടായിരുന്നു.മിഷയും മൈക്കും ചേർന്ന് കുത്തിവെപ്പ് എടുത്തു തന്നു. ഇഞ്ചക്ഷന്റെ ഫലമായി ഞാൻ ഉറക്കത്തിലേക്ക് വഴുതുബോൾ മിഷയും മൈക്കും ചേർന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓരോന്ന് ചെയ്യുന്നത് അറിയാമായിരുന്നു. ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടായല്ലൊ എന്നോർത്ത് വിഷമം തോന്നി.

രണ്ടാം ദിവസം ഉണർന്നപ്പോഴും ഇതു തന്നെ അവസ്ഥ.മോഹിച്ച് ബഹിരാകാശത്ത് എത്തിയിട്ട് ഒടുവിൽ ഇങ്ങനെയായല്ലൊ എന്നോർത്തു. എത്രയും പെട്ടന്ന് പേടകത്തിൽ നിന്നും നിലയത്തിലെത്തിയാൽ മതിയെന്നായി.പേടകം നിലയത്തിനടുതെത്തി ,അതിനോട് ബന്ധിക്കാൻ ഒരു പാട് സമയം വേണം.നിലയത്തിനോട് ഡോക്ക് ചെയ്ത് വായു ചോർച്ച ഇല്ലെന്ന് ഉറപ്പാക്കണം.ഇതിനൊക്കെ രണ്ട് മണിക്കൂറെങ്കിലും വേണം. പാതിമയക്കത്തിൽ ഡോക്കിംഗ് ജോലികൾ ചെയ്യുന്നത് ഞാനറിഞ്ഞിരുന്നു. ഉണർന്നപ്പോൾ എന്റെ ക്ഷീണമെല്ലാം മാറിയിരുന്നു.നിലയത്തിലേക്ക് കേറിയാൽ ഭൂമിയിലുള്ളവർ നമ്മളെ ക്യാമറയിലൂടെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും.സ്യൂട്ടൊക്കെമാറ്റി ഒന്ന് ഉഷാറായി മൈക്കിനോടും മിഷയോടും കൂടി നിലയത്തിന്റെ വാതിലിനടുത്തേക്ക് ചെന്നു.നന്നായി ശ്വാസമെടുക്കാൻ അവർ എന്നോട് പറഞ്ഞു.ബഹിരാകാശത്തേക്ക് ആദ്യമായിട്ടല്ലെ അതൊരു പ്രത്യേക മണമാണെന്ന് അവർ പറഞ്ഞു.

പേടകത്തിന്റെ വാതിൽ പതുക്കെ തുറന്നു.എന്തൊരൽഭുതം എനിക്ക് ബദാം ബിസ്ക്കറ്റ് വേവിക്കുന്ന മണമാണ് കിട്ടിയത്.പാചകത്തിന്റെ മണമാണെന്ന് പറഞ്ഞപ്പോൾ അവർ ചിരിച്ചു. ഞാൻ ഉറപ്പിച്ച് പറഞ്ഞു എന്തോ കത്തിക്കുന്നത് പോലെയുള്ള ഗന്ധം തന്നെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.അപ്പോഴേക്കും നിലയത്തിൽ ജെഫും പാഷയും ഞങ്ങളെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു.അവർ നിലയത്തിന്റെ വാതിൽ തുറന്നു.ബഹിരാകാശ നിലയത്തിലേക്ക് കാലെടുത്ത് വച്ചപ്പോൾ സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് തോന്നിയത്.സന്തോഷം അടക്കാനായില്ല അവസാനം ഞാനെന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു.. 

തുടരും...

Friday, 21 August 2020

എവറസ്റ്റിന്റെ ആരാണീ എവറസ്റ്..?

എവറസ്റ്റ്..



എവറസ്റ്റ് കൊടുമുടി കണ്ടു പിടിച്ച ആളാണോ? 
ഉ: അല്ല.

കൊടുമുടി ആദ്യമായി കീഴടക്കിയ ആളാണോ?.. 

ഉ:  അല്ല. 

 ആദ്യമായി മുകളിലെത്തിയത് എഡ്മണ്ട്  ഹിലാരിയും ടെൻസിംഗ് നോർഗേയുമല്ലേ..

ഇതുവരെ ഇങ്ങിനെയൊരു കാര്യം ആലോചിച്ചിട്ടു പോലുമില്ല. എവറസ്റ്റിന്റെ ഉയരം അറിയാം. ആദ്യം കീഴടക്കിയവരെ അറിയാം. ആദ്യം കീഴടക്കിയ ഇന്ത്യൻ  വനിത ബചേന്ദ്രിപാൽ ആണെന്നറിയാം.
ട്രെയിനപകടത്തിൽ ഒരു കാൽ മുറിച്ചുമാറ്റിയിട്ടും ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത അരുണിമ സിൻഹ ആത്മവിശ്വാസത്തിന്റെയും പെൺകരുത്തിന്റെയും പ്രതീകമായതും അറിയാം.

പക്ഷേ, ചെറുപ്പം മുതൽ ഒരു പാട് പ്രാവശ്യം  വായിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള  എവറസ്റ്റിന് എങ്ങിനെ ആ പേര് വന്നൂ..?

 എവറസ്റ്റും എവറസ്റ്റ് കൊടുമുടിയുമായുള്ള  ബന്ധമെന്താണ്

 എവറസ്റ്റ് കൊടുമുടിയും ആ പേര് വരാൻ കാരണമായ ജോർജ്ജ് എവറസ്റ്റ് എന്ന വ്യക്തിയും തമ്മിൽ നേരിട്ട് ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഇങ്ങിനെ ബന്ധമില്ലാത്ത ഒരാളുടെ പേര് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിക്ക് വന്നതിനു പിന്നിൽ രസകരമായ ഒരു കാരണമുണ്ട്.

ഇന്ത്യയുടെ പല ഭാഗങ്ങളും ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധീനതയിലായിരുന്ന കാലത്ത്, 1802-ൽ ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവൻ അഞ്ചു കൊല്ലം കൊണ്ട് അളന്ന് തിട്ടപ്പെടുത്തണം എന്നും നിർദ്ധേശിച്ച് ബ്രിട്ടീഷ്  പട്ടാളത്തിലെ മേജറും സർവ്വേയറുമായിരുന്ന വില്യം ലാംബട്ടനെ കമ്പനി ഉത്തരവാദിത്തം ഏൽപ്പിച്ചു. പക്ഷെ ചരിത്രത്തിൽ ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവ്വേ ഓഫ് ഇൻഡ്യ എന്നു രേഖപ്പെടുത്തിയ അതിബൃഹത്തായ ഈ ഉദ്യമം തീരാൻ നീണ്ട 69 വർഷങ്ങൾ വേണ്ടിവന്നു.

മദിരാശിയിൽ നിന്നും അളക്കാൻ തുടങ്ങിയ ലാംബട്ടൻ  21 കൊല്ലം കൊണ്ട് മഹാരാഷ്ട്ര വരെ അളന്ന് 70 വയസ്സിൽ അവിടെ വച്ച് ഇഹലോകവാസം വെടിഞ്ഞതിനെത്തുടർന്ന് സർവ്വേയുടെ ചുമതല ഏറ്റെടുത്തത് അസിസ്റ്റൻറായിരുന്ന ജോർജ്ജ് എവറസ്റ്റ് ആണ്. പിന്നീട് സർ പദവിയും സർവ്വേയർ ജനറൽ ഓഫ് ഇൻഡ്യ എന്ന പദവിയും ഇദ്ധേഹത്തിന് ബിട്ടീഷ് ഗവൺമെൻറ് നൽകുകയുണ്ടായി.

മഹാരാഷ്ട്ര മുതലുള്ള ഭൂപ്രദേശത്തിൽ കിഴക്ക് ബംഗ്ലാദേശ് മുതൽ പടിഞ്ഞാറ് പാക്കിസ്ഥാൻ വരെ അളന്ന ജോർജ്ജ് എവറസ്റ്റ്, 20 കൊല്ലം കഴിഞ്ഞ് ഇന്നത്തെ ഉത്തരാഖണ്ഡിലുള്ള മസൂറിയിൽ എത്തിയപ്പോൾ വളണ്ടറി റിട്ടയർമെന്റ് എടുത്തു അവിടെത്തന്നെ താമസവുമാക്കി.

പക്ഷെ റിട്ടയർ ചെയ്യുന്നതിന് മുൻപ്, 33 വയസ്സുള്ള  താരതമ്യേന ജൂനിയറും എന്നാൽ  മിടുക്കനുമായിരുന്ന ആൻഡ്രൂ സ്കോട്ട് വോഗിനെ സർവ്വേയർ ജനറലായി നിയമിക്കുകയും ചെയ്തു.
ഈ കടപ്പാട് വോഗിന് എന്നും എവറസ്റ്റിനോടുണ്ടായിരുന്നു.

സമതലങ്ങൾ കഴിഞ്ഞതോടെ ഹിമാലയവും കൊടുമുടികളും അളക്കുക എന്നതായി വോഗിന്റെ ബാക്കിയുള്ള സർവ്വേ ജോലികൾ. ജോർജ്ജ് എവറസ്റ്റ് തന്നെ "കമ്പ്യൂട്ടർ " എന്ന തസ്തികയിൽ നിയമിച്ച  മിടുക്കനായ രാധാനാഥ് സിക്ക്ദർ എന്ന ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു 1831 മുതൽ സർവ്വേയുടെ കണക്കുകൾ വിശകലനം ചെയ്യുകയും തിട്ടപ്പെടുത്തുകയും ചെയ്തിരുന്നത്.

രാധാനാഥിന്റെ സഹായത്തോടെ വോഗ് ഹിമാലയത്തിലെ പല കൊടുമുടികളും Peak XV എന്നു വിളിക്കപ്പെട്ടിരുന്ന (ഇന്നത്തെ എവറസ്റ്റ്)  കൊടുമുടിയും അളക്കാൻ ശ്രമം തുടങ്ങി. ഇതിനായി നേപ്പാൾ സർക്കാരിന്റെ അനുമതിക്കായി പലതവണ ശ്രമിച്ചെങ്കിലും ഈസ്റ്റിൻഡ്യാ കമ്പനിയുടെ സ്വഭാവം ശരിക്കറിയാമായിരുന്ന നേപ്പാൾ രാജാവ് അനുവാദം കൊടുത്തില്ല. ചൈനയുടെ അനുവാദമില്ലാതെ ടിബറ്റൻ പ്രദേശത്തും എത്താൻ കഴിഞ്ഞില്ല. 

ഏറെ ദുഷ്ക്കരമായിരുന്നെങ്കിലും വർഷങ്ങളുടെ പ്രയത്നഫലമായി ഇന്ത്യൻ ഭാഗത്ത് നിന്നു കൊണ്ട് തന്നെ, കൊടുമുടിയുടെ ഉയരം അളക്കുന്നതിൽ വോഗും കൂട്ടരും വിജയിച്ചു. അന്നത്തെ കണക്ക് പ്രകാരം 29,000 അടി കൃത്യമായി കിട്ടിയപ്പോൾ വിശ്വാസ്യതക്ക് വേണ്ടി രണ്ട് അടി കൂടെ കൂട്ടി 29,002 അടി എന്നാണ് പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് സർവ്വേ ടീം കൊടുമുടിക്ക് പേര് നിർദ്ധേശിക്കേണ്ടത്.


സാധാരണ ഗതിയിൽ പ്രദേശത്ത് പ്രചാരത്തിലിരിക്കുന്ന പേരുകൾ തന്നെയാണ് നിർദ്ധേശിക്കുക. ഇന്ത്യക്കാർ ഗൗരീ ശങ്കർ എന്നും ടിബറ്റിൽ ദോമോലാംഗ്മ എന്നും അറിയപ്പെട്ടിരുന്ന കൊടുമുടി, നേപ്പാളി ഭാഷയിലെ സാഗർ മാത എന്ന പേരിലാണ് പ്രസിദ്ധമായിരുന്നത്.

പക്ഷെ നേപ്പാളിന്റെ നിസ്സഹകരണത്തിൽ മനം മടുത്തിരുന്ന വോഗ് ഇംഗ്ലീഷ് പേര് തന്നെ വേണം എന്നു ശഠിക്കുകയും, തന്റെ ബോസായിരുന്ന ജോർജ്ജ് എവറസ്റ്റിന്റെ പേര് നിർദ്ധേശിക്കുകയും ചെയ്തു. പക്ഷെ അഭിമാനിയും തറവാടിയുമായിരുന്ന  എവറസ്റ്റ്, തന്റെ സംഭാവനകൾ ഒന്നുമില്ലാത്ത കാര്യത്തിൽ സ്വന്തം പേരു വരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റിക്ക് എഴുതുകയും ചെയ്തിരുന്നു.

പക്ഷെ,പേരുകളുടെ കാര്യത്തിൽ വിവിധ കോണുകളിൽ നിന്നും സമ്മർദ്ധം ഉണ്ടായ സാഹചര്യത്തിൽ, സൊസൈറ്റി തിടുക്കത്തിൽ എവറസ്റ്റിന്റെ പേര് 1865 ൽ  അംഗീകരിക്കുകയായിരുന്നു. 1857 ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഭരണം ഏറ്റെടുത്ത് അധികകാലം കഴിഞ്ഞിട്ടില്ലായിരുന്നു ആ കാലത്ത്. 

ഇങ്ങിനെയാണ് എവറസ്റ്റിന് എവറസ്റ്റ് എന്ന പേര് കിട്ടിയത്..

 

Thursday, 20 August 2020

ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ്..

പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ്. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയും ഈ ഗുഹയ്ക്കകത്താണ്. സമർസെറ്റിലെ ചെഡ്ഡർ ഗോർജിലുള്ള ഈ ഗുഹ അതിനാൽത്തന്നെ ടൂറിസ്റ്റുകളുടെയും പ്രിയകേന്ദ്രമാണ്. പക്ഷേ ഒരുകാലത്ത് നരഭോജികൾ വാണിരുന്നയിടമായിരുന്നു ഇതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 14,700 കൊല്ലം മുൻപായിരുന്നു അത്. 


ഇന്നു കാണുന്ന അതേ രൂപത്തിലേക്ക് പ്രാചീന മനുഷ്യര്‍ എത്തിക്കൊണ്ടിരിക്കുന്ന സമയം. കല്ലുകൊണ്ടും എല്ലുകൊണ്ടും ആയുധമുണ്ടാക്കാന്‍ അവർ അതിനോടകം പഠിച്ചു കഴിഞ്ഞിരുന്നു. കൂടാതെ ഗുഹകളിൽ പലതരം ചിത്രങ്ങളും വരച്ചിട്ടു. ‘ക്രോ മാഗ്നോൺസ്’ എന്നു വിളിപ്പേരുള്ള മനുഷ്യവിഭാഗത്തിലായിരുന്നു ഇക്കാലത്തുണ്ടായിരുന്നവർ ഉൾപ്പെട്ടിരുന്നത്. യൂറോപ്പിലെ ആധുനിക മനുഷ്യരുടെ ആരംഭത്തിന്റെ ഏറ്റവും വിശ്വസനീയമായ തെളിവായിരുന്നു ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ഗോഫ്സ് ഗുഹയിൽ നിന്നു ലഭിച്ച ഫോസിലുകൾ. 1920കളിലാണ് ആദ്യമായി ഇവ ലഭിക്കുന്നത്. പിന്നീട് അരനൂറ്റാണ്ടിലേറെക്കാലം ഗവേഷകർ ഇതിനെപ്പറ്റി പഠിച്ചു. 
കാർബൺ ഡേറ്റിങ് ഉൾപ്പെടെ പ്രയോഗിച്ചാണ് ഇവയുടെ യഥാർഥ പഴക്കം മനസിലാക്കിയത്. 

1980കളിൽ ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ പഠനത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ആ വിവരങ്ങൾ ലോകത്തിനു മുന്നിലെത്തിയത്. ഗോഫ്സ് ഗുഹകളിൽ നിന്നു ലഭിച്ച ഫോസിലുകളിൽ അക്കാലത്ത് നരഭോജികൾ ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ തെളിവുകളുണ്ടായിരുന്നു. എല്ലിൽ മൂർച്ചയേറിയ കല്ലു കൊണ്ടുണ്ടാക്കിയ മുറിവിന്റെ പാടുകളാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്. മൃഗങ്ങളുടെ എല്ലിൽ നിന്ന് മാംസം ചീന്തിയെടുക്കുന്നതിന് നടത്തുന്ന അതേ ആയുധപ്രയോഗത്തിന്റെ അടയാളങ്ങളായിരുന്നു മനുഷ്യന്റെ എല്ലിലും കണ്ടത്.
മാത്രവുമല്ല രണ്ട് വർഷം മുൻപ് മറ്റൊരു കാര്യവും മ്യൂസിയം ഗവേഷകർ കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയിന്മേലുള്ള മാംസം ചീന്തിക്കളഞ്ഞ് അതിന്റെ അരിക് കൃത്യമായി വെട്ടിയൊതുക്കി പാത്രമാക്കാനും ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ ഗോഫ്സ് കേവിലേക്കു വന്നിരുന്ന മനുഷ്യർ നരഭോജികളാണെന്നതിന് വ്യക്തമായ തെളിവുകൾ ഏറെയായിരുന്നു. പക്ഷേ എന്തിനു വേണ്ടിയായിരുന്നു ഈ മനുഷ്യമാംസത്തീറ്റ എന്ന കാര്യത്തിൽ ഗവേഷകർക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അതിനിടെയാണ് പുതിയ കണ്ടെത്തൽ. ഗോഫ്സ് കേവിൽ നിന്നു ലഭിച്ച എല്ലുകളിലെ മുറിപ്പാടുകളിൽ എല്ലാം ഇറച്ചിക്കു വേണ്ടി ഉണ്ടാക്കിയവയല്ല എന്നതായിരുന്നു അത്. മറിച്ച് ചില വെട്ടലുകളെല്ലാം മറ്റെന്തോ ഉദ്ദേശത്തോടു കൂടി ചെയ്തതാണ്. 

ഇംഗ്ലിഷ് അക്ഷരമായ ‘വി’ ആകൃതിയിലും മറ്റുമായി സമാനരൂപത്തിലുള്ള ഒട്ടേറെ വിചിത്ര അടയാളങ്ങളാണ് കൂർത്ത കല്ലുകൊണ്ട് എല്ലിൻ കഷ്ണങ്ങളിൽ നടത്തിയിരിക്കുന്നത്. നരഭോജികൾ തിന്ന ഒരു ശരീരത്തിലെ കയ്യിൽ നിന്നുള്ള എല്ലിലായിരുന്നു ഇത്തരത്തിലെ അടയാളങ്ങൾ കണ്ടെത്തിയത്. കയ്യിലെ ആ ഭാഗത്താകട്ടെ മാംസവും കുറവായിരുന്നു. അതിനാൽത്തന്നെ മാംസം ചീന്തിയെടുക്കാൻ ഉപയോഗിച്ചതല്ലെന്ന് ഉറപ്പ്. പാലിയോലിതിക് കാലത്തെ ഗുഹകളിൽ നിന്നും മറ്റും കണ്ടെത്തിയ ചില അടയാളങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നതും ദുരൂഹത കൂട്ടുന്നു. 

എന്തായിരിക്കും ഈ അടയാളങ്ങൾ എന്നതിന് ഗവേഷകർ ചൂണ്ടിക്കാട്ടുന്ന സാധ്യതകൾ ഇങ്ങനെ:

1) തങ്ങളുടെ എതിരാളികളെ കൊന്നൊടുക്കുന്ന ഏതെങ്കിലും ആദിമഗോത്രം അതിന്റെ അടയാളപ്പെടുത്തലായി തങ്ങളുടേതായ ഒരു പ്രത്യേക ചിഹ്നം വരച്ചു ചേർക്കുന്നതാകാം. തങ്ങളാണ് ഇതു ചെയ്തതെന്ന് ശത്രുവിനോട് ഉറപ്പിക്കാൻ വേണ്ടി!

2) ഭക്ഷിക്കപ്പെട്ടയാളുടേത് സ്വാഭാവിക മരണമാകാം. പക്ഷേ അക്കാലത്ത് ഏതോ അജ്ഞാതകാരണത്താൽ കടുത്ത ക്ഷാമം അനുഭവപ്പെട്ട് ആ ശവശരീരം കൂട്ടാളികൾക്ക് ഭക്ഷണമാക്കേണ്ടി വന്നു. മരിച്ചവരോടുള്ള ആദരസൂചകമായി നടത്തിയ മരണാനന്തര അടയാളപ്പെടുത്തലാകാം ആ ചിഹ്നങ്ങൾ.

3) ഇരുഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിക്കുന്നയിടമായിരുന്നിരിക്കാം ഗോഫ്സ് കേവ്. യുദ്ധമായതിനാല്‍ത്തന്നെ പുറത്തിറങ്ങാൻ പറ്റാത്തതിനാലോ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതിനാലോ മൃതദേഹം ഭക്ഷിച്ചതുമാകാം. അതിന് ദൈവത്തോടുള്ള ക്ഷമാപണമായിരിക്കാം എല്ലിൽ കുറിച്ചത്.

4) ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി ഭക്ഷിച്ചതാകാം. ഉദാഹരണത്തിന് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഭക്ഷിച്ചാൽ അയാളുടെ കരുത്തും തനിക്ക് ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നവരുണ്ട്. 

5) തങ്ങൾ കൊലപ്പെടുത്തിയ ശത്രുവിനോട് എതിർഗോത്രം കാണിക്കാവുന്ന അനാദരവിന്റെ അങ്ങേയറ്റമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.

6) ഡോഫ്സ് കേവ് കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രാചീന ആചാരത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ചിലർ കരുതുന്നു.

മനുഷ്യന്റെ എല്ലുകളിൽ ഇതാദ്യമായാണ്  ഇത്തരം കുത്തിവരയ്ക്കലുകൾ കണ്ടെത്തുന്നത്. ഏകദേശം 6.4 സെന്റിമീറ്റർ വലുപ്പം വരും ഓരോ അടയാളത്തിനും. മൃഗങ്ങളുടെ എല്ലുകളിൽ നേരത്തേത്തന്നെ ഇത്തരം അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ പല്ല് ആഭരണമായി കഴുത്തിലണിഞ്ഞിരുന്നവർ യൂറോപ്പിലുണ്ടായിരുന്നു എന്നു കണ്ടെത്തിയതിനു ശേഷം നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട് മേഖലയിലെ ഏറ്റവും നിർണായക കണ്ടെത്തലായിരിക്കുകയാണ് ഗോഫ്സ് ഗുഹ.

Wednesday, 19 August 2020

നയി ജാലി..... ?

നയി ജാലി "ലോകത്തിലെ ഏറ്റവും അതിസങ്കീർണ്ണമായ കൊത്തുപണി"
.
ഗുജറാത്തിലെ 'നയി ജാലി' അഥവാ
ലോകത്തിലെ ഏറ്റവും അതിസങ്കീർണ്ണമായ കൊത്തുപണി;
യുനസ്കോ 'ലോകത്തിലെ ഏറ്റവും അത്ഭുതകരവും സങ്കീർണ്ണവുമായ ഡിസൈൻ വർക്ക്'‌ എന്ന് വിശേഷിപ്പിച്ച, ചുവന്ന മണൽകല്ലിൽ ( Red Sand stone ) കൊത്തിയെടുത്ത അത്യപൂർവ്വ കലാസൃഷ്ടിയുണ്ട്‌ ഗുജറാത്തിലെ അഹമ്മദാബാദിൽ.


മലഞ്ചെരിവിൽ പടർന്ന് പന്തലിച്ച്‌ നിൽക്കുന്ന ലതാവൃക്ഷത്തെ ചുവന്ന കല്ലിലേക്ക്‌ ആവാഹിച്ച പോലെ ഒരു അപൂർവ്വ സൃഷ്ടിയാണത്‌. നയീ ജാലി എന്ന പേരിൽ അറിയപ്പെടുന്ന ഇത്‌ സ്ഥിതി ചെയ്യുന്നത്‌ ഗുജറാത്തിലെ അഹമ്മദാബാദിലെ പ്രസിദ്ദമായ സീദി സയ്യിദ്‌ മസ്ജിദിലാണ്. CE 1573ൽ ഗുജറാത്തിൽ ഭരണം നടത്തിയിരുന്ന മുസഫറിദ്‌ സൽത്തനത്തിലെ അവസാന സുൽത്താൻ ആയിരുന്ന ഷംസുദ്ദീൻ മുസഫർ ഷാ മൂന്നാമന്റെ സൈനിക മേധാവിയായിരുന്ന ബിലാൽ ജാജർ ഖാൻ ആണ് ഈ മസ്ജിദ്‌ നിർമ്മിച്ചത്‌.

നയീ ജാലി ഉൾപ്പടെയുളള ജാലികളാണ് ( Grills ) ഈ മസ്ജിദിനെ പ്രസിദ്ദമാക്കിയത്‌. വിവിധ രീതികളിലുളള ഇതിലെ ജാലികൾ രൂപകൽപ്പന ചെയ്തത്‌ ബുറാക്‌ ഖാൻ ലാഹോറി എന്ന ആർക്കിടെക്റ്റായിരുന്നു.

ഇത്രയും സങ്കീർണ്ണമായ ഒരു കൊത്തുവേല ലോകത്തിൽ തന്നെ അപൂർവ്വമായിരിക്കുമെന്ന് കഴിഞ്ഞ വർഷം അവിടം സന്ധർശ്ശിച്ച യുനസ്കോ പ്രതിനിധികൾ അഭിപ്രായപ്പെടുകയുണ്ടായി‌.
ഇന്ന് അഹമ്മദാബാദ്‌ നഗരത്തിന്റെ അനൗദ്യോഗിക മുഖമുദ്രയായി ഗുജറാത്ത്‌ ഗവൺമന്റ് കാണിച്ചിരിക്കുന്നത്‌ സീദി സയ്യിദ്‌ മസ്ജിദിലെ ഈ നയീ ജാലിയാണ്. അത്പോലെ അഹമ്മദാബാദില പ്രശസ്തമായ INDIAN INSTITUTE OF MANAGEMENT AHMEDABAD ( IIM )ന്റെ ഔദ്യോഗിക ചിഹ്നവും ഈ നയീ ജാലി തന്നെയാണ്.

ഇന്ന് നിരവധി ടൂറിസ്റ്റുകളും ആർക്കിടെക്റ്റുകളും ഈ അത്ഭുത ജാലി കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാഷ്ട്രങ്ങളിൽ നിന്നും ഇവിടം സന്ദർശിക്കുന്നുണ്ട്‌. ഈയടുത്ത്‌ ഇന്ത്യ സന്ദർശിച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സീദി സയ്യിദ്‌ മസ്ജിദിലെ നയീ ജാലി കാണാൻ വരികയുണ്ടായി.

ഈ മസ്ജിദിന്റെ നിർമ്മാണം കഴിഞ്ഞ്‌ കുറച്ച്‌ കാലം മാത്രമേ മുസഫർ ഷാക്ക്‌ അധികാരത്തിൽ തുടരാനായൊളളു. അപ്പോഴേക്കും മുഗൾ ചക്രവർത്തി അക്ബർ ഗുജറാത്ത്‌ ആക്രമിക്കുകയും മുസഫർ ഷായെ തോൽപ്പിച്ച്‌ ആഗ്രാ കോട്ടയിൽ തടവുകാരനാക്കുകയും ചെയ്തു.

പിന്നീട്‌ അവിടുന്ന് രക്ഷപ്പെട്ട മുസഫർ ഷാ മുഗളരെ തോൽപ്പിച്ച്‌ ഗുജറാത്തിന്റെ അധികാരം പിടിച്ചെടുത്തെങ്കിലും അധികകാലം അദ്ദേഹത്തിന് ഭരണത്തിൽ തുടരാനായില്ല. മുസഫർ ഷായുടെ അധികാരം നഷ്ടപ്പെടലോടെ ഗുജറാത്തിലെ മുസഫറിദ്‌ ഭരണകൂടം അവസാനിച്ചു. പിന്നീട്‌ ഗുജറാത്ത്‌ ഭരിച്ചത്‌ മുഗൾ സുൽത്താനായിരുന്നു..

Tuesday, 18 August 2020

ലോകത്തിന് ഇന്ത്യക്കാർ നൽകിയ സംഭാവനകൾ..

 ശാസ്ത്രസാങ്കേതിക വിദ്യയിൽ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ആധുനിക ലോകത്തിന് ഇന്ത്യക്കാർ നൽകിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാനകൾ എന്തൊക്കെയാണെന്ന് നോക്കാം.     
            
 1. ബട്ടണുകൾ

BC 2000 ങ്ങളിൽ സിന്ധു നദീതട സംസ്കാരത്തിൽ (indus valley civilization) മോഹൻജൊ-ദാരോയിയിലാണ് ആദ്യമായി ബട്ടണുകൾ ഉപയോഗിക്കപ്പെടുന്നത്. പക്ഷെ അവിടങ്ങളിൽ വസ്ത്രധാരണത്തിനു പകരം അലങ്കാരത്തിന് വേണ്ടിയായിരുന്നു കക്ക (seashell) കൊണ്ടുള്ള ബട്ടണുകൾ ഉപയോഗിച്ചിരുന്നത്. ആദ്യമായി ബട്ടണുകൾ വസ്ത്രധാരണത്തിനായി ഉപയോഗിച്ചു തുടങ്ങിയത് 13 ആം നൂറ്റാണ്ടിൽ ജർമ്മനിയിൽ വസ്ത്രങ്ങൾ അടയ്ക്കുന്നതിനായി ബട്ടണുകൾ ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ്. 13, 14 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ വ്യാപകമായി ബട്ടണുകൾ കൊണ്ട് അടക്കുന്ന ഉടുപ്പുകൾ ധാരാളമായി പ്രചരിക്കാൻ തുടങ്ങിയതുകൊണ്ട് അവ പെട്ടെന്നു ലോകവ്യാപകമാവുകയായിരുന്നു. പക്ഷെ ബട്ടണുകൾ ആദ്യമായി പിറവികൊണ്ടത് നമ്മുടെ പിൻഗാമികളുടെ സിന്ധുനദീതട നാഗരികതയിലാണ്.

2. ഷാംപൂ

ഭാരതീയരാണ് ഷാമ്പുവിന്റെ ഉപജ്ഞാതാക്കൾ. ഷാമ്പു എന്ന പദം ഹിന്ദിയിലെ ചാംപൊ (chāmpo - चाँपो) എന്ന പദത്തിൽ നിന്നാണ് പിറന്നത്. 1762 കളിൽ മുഗൾ സാമ്രാജ്യകാലത്ത് ബംഗാളിലെ നവാബ്മാർക്ക് തല മസാജ് ചെയ്യാനായി ഉപയോഗിച്ചിരുന്ന മസ്സാജ് ഓയിലായിട്ടായിരുന്നു ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. 1762 കളിലാണ് ഈ പദം ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെടുന്നത്. കേശണ്ണ (hair oil) ഉപയോഗിച്ച് തലതിരുമ്മൽ ആണ് ചാംപൊ. സാകെ ദീൻ മുഹമ്മദ് എന്ന ബംഗാളിയാണ് ഈ തിരുമ്മൽ പ്രക്രിയ ബ്രിട്ടീഷുകാർക്ക് പരിചിതമാക്കിയത്. 19ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലണ്ടിലെ ബ്രൈറ്റൺ (Brighton) എന്ന സഥലത്ത് ഐറിഷുകാരിയായ ഭാര്യയോടൊപ്പം തുരുമ്മൽ പാർലർ തുടങ്ങുകയും അത് വളരെ പ്രശസ്ക്തിയാർജ്ജിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മുഹമ്മദ് പിൽക്കാലത്ത് ജോർജ്ജ് നാലാമൻ, വില്യം അഞ്ചാമൻ ചക്രവർത്തിമാരുടെ കേശപാലകനാവുകയും (Shampooing Surgeon) ചെയ്തു. അങ്ങനെ കുറച്ച് കാലങ്ങൾക്കുള്ളിൽ ചാംപോ വളരെ പ്രശസ്തമാവുകയും അങ്ങനെ ചാംപോ, ഷാംപൂവായി രൂപാന്തരപ്പെടുകയും ചെയ്യുകയായിരുന്നു.

3. പരുത്തി കൃഷി

പരുത്തികൊണ്ടുള്ള വസ്ത്രങ്ങൾ അഥവാ കോട്ടൺ വസ്ത്രങ്ങൾ ലോകത്തിനു പരിചയപ്പെടുത്തിയത് ഇന്ത്യക്കാരാണ്. ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത നാരാണ്‌ പരുത്തി അഥവാ കോട്ടൺ (Cotton). ഈ നാരുണ്ടാകുന്ന ചെടിയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ്‌ പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ്‌ പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. ചരിത്രാതീതകാലം മുതൽക്കേ പരുത്തി; സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു. 4000 വർഷങ്ങൾക്കു മുമ്പ് സിന്ധു നദീതട നാഗരികതയിൽ നിലവിലുണ്ടായിരുന്ന മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
അതിനുശേഷമുണ്ടായ ഗ്രീക്ക് നാഗരികതയിൽ പോലും പുരാതന ഗ്രീക്കുകാർ മൃഗങ്ങളുടെ തൊലികളായിരുന്നു ധരിക്കാൻ ഉപയോഗിച്ചിരുന്നത്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അത് ഉപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

4. ഫൈബർ ഒപ്റ്റിക്സ്

പ്രകാശത്തെ സംവഹിക്കാൻ കഴിവുള്ള സ്ഫടികത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ നാരുകളെയാണ് ഒപ്റ്റിക്കൽ ഫൈബറുകൾ എന്നു പറയുന്നത്. ഒപ്റ്റിക്കൽ ഫൈബറുകളുടെ രൂപകല്പനയെയും ഉപയോഗത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫൈബർ ഒപ്റ്റിക്സ് (Fiber optics). നിലവിൽ ഇവയെ ലോകവ്യാപകമായി ആശയ വിനിമയത്തിന് പയോഗിക്കുന്നതിനു പുറമെ പ്രകാശിത അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനും അനേകം നാരുകൾ കൂട്ടി ചേർത്ത് ദൃശ്യങ്ങൾ സംവഹിക്കുന്നതിനും ഉപയോഗിക്കുന്നു. വളരെ അയവുള്ളതും, സന്ദേശങ്ങൾ വഹിക്കുന്ന കേബിൾ ആയും ഉപയോഗിക്കാവുന്നതു കാരണം ഒപ്റ്റിക്കൽ ഫൈബർ വാർത്താവിനിമയത്തിനായും, കമ്പ്യൂട്ടറുകൾ പരസ്‌പരം ബന്ധിപ്പിക്കാനും മറ്റുമായി ധാരാളം ഉപയോഗിച്ചുവരുന്നു. 

പ്രസരണ നഷ്ടം കൂടാതെ ഒപ്റ്റിക്കൽ ഫൈബറിൽ കൂടി പ്രകാശം വളരെ ദൂരം സഞ്ചരിക്കുമെന്ന ആനുകൂല്യം ഉള്ളതുകൊണ്ട് ദീർഘദൂര വാർത്താവിനിമയത്തിനായി ഇതു കൂടുതലായി ഉപയോഗിച്ചു വരുന്നു.
'ഒർബിറ്റൽ ആങ്കുലർ മോമെൻടം മൾടിപ്ലെക്സിങ്ങ്' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 400 Gbit/സെക്കന്റ്‌ വേഗതയിൽ ഇവയിലൂടെ സന്ദേശം അയക്കാമെന്ന് ശാസ്ത്രഞ്ജന്മാർ 2013 ജൂണിൽ തെളിയിച്ചു. രേഖപ്പെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിൽ ഒറ്റ കമ്പിയിലൂടെ സന്ദേശം അയച്ചത്‌ 2011ൽ 101 Tbit/സെക്കന്റ്‌ വേഗതയിലാണ്. എന്നാൽ അനേകം കമ്പിയിലൂടെ ഏറ്റവും വേഗത്തിൽ സന്ദേശം അയച്ചത്‌ 2013ൽ 1.05 പെടബിറ്റ്/സെക്കന്റ്‌ വേഗതയിലാണ്.
1952 ൽ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ നരിന്ദർ സിംഗ് കപാനിയാണ് ആദ്യത്തെ ഫൈബർ ഒപ്റ്റിക്കൽ കേബിൾ കണ്ടുപിടിച്ചത്. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ഇദ്ദേഹമാണ്. "ഫൈബർ ഒപ്റ്റിക്സ്" എന്ന വാക്ക് ഇതിനെ വിശേഷിപ്പിക്കാനായി ആദ്യമായി ഉപയോഗിച്ചത് തന്നെ ഇദ്ദേഹമായിരുന്നു. ഫൈബർ ഒപ്റ്റിക്സിലെ സംഭാവനകളാൽ ഇദ്ദേഹം പ്രശസ്തനാണ്.

5. ബൈനറി കോഡ്

ഒരു യന്ത്രത്തെ, പ്രത്യേകിച്ച് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഭാഷയാണ് പ്രോഗ്രാമിംഗ്‌ ഭാഷ. ഓരോ പ്രോഗ്രാമിംഗ് ഭാഷയും മനുഷ്യർ സംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷകൾ പോലെതന്നെ വ്യാകരണ നിയമങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. പ്രോഗ്രാമിങ് ഭാഷകളെ മൂന്നായി തരം തിരിക്കാം. 1)മെഷീൻ ലെവൽ ലാംഗ്വേജ്, 2)അസ്സംബ്ലി ലാംഗ്വേജ്, 3)ഹൈ ലെവൽ ലാംഗ്വേജ്. കമ്പ്യൂട്ടറിന് നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് മെഷീൻ ലെവൽ ലാംഗ്വേജ് അഥവാ യന്ത്രതല ഭാഷ. അസ്സെംബ്ലി ഭാഷയിലും ഹൈ ലെവൽ ഭാഷയിലും എഴുതുന്ന പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക്‌ മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാൻ പറ്റൂ. ബിറ്റുകൾ അഥവാ ബൈനറി നമ്പറുകളുടെ ശ്രേണിയായാണ് നമ്മൾ യന്ത്രഭാഷാ നിർദ്ദേശങ്ങൾ നൽകുന്നത്‌.

രണ്ട് അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യാവ്യവസ്ഥയാണ് ബൈനറി നമ്പർ സിസ്റ്റം (Binary Number System) അഥവാ ദ്വയാങ്കസംഖ്യാ വ്യവസ്ഥ. സാധാരണ ഉപയോഗത്തിലുള്ള ദശാംശസംഖ്യാ വ്യവസ്ഥയിൽ (Decimal System), പത്ത് അക്കങ്ങളാണ് (0,1,2,3,4,5,6,7,8,9) സംഖ്യകളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്, എന്നാൽ ബൈനറി സംഖ്യാ വ്യവസ്ഥയിൽ, രണ്ടക്കങ്ങൾ (0,1 - ഒന്നും പൂജ്യവും) മാത്രമേ സംഖ്യകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുള്ളു. അതുകൊണ്ട്, ഒന്നിനു മുകളിലുള്ള സംഖ്യകൾ സൂചിപ്പിക്കുന്നതിന് രണ്ടോ അതിലധികമോ അക്കങ്ങൾ ഉപയോഗിക്കേണ്ടി വരും. ഉദാഹരണത്തിന്, 16 എന്ന അക്കം ബൈനറി സംഖ്യാരീതിയിൽ 10000 എന്നാണ് എഴുതുന്നത്; 100 എന്ന സംഖ്യ, 1100100 എന്നും. ഇത്തരം സംഖ്യകൾ കൈകാര്യം ചെയ്യുന്നത് മനുഷ്യർക്ക് ദുഷ്കരമാണെങ്കിലും, കംപ്യൂട്ടർ പോലെയുള്ള യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വളരെ യോജിച്ചതാണ്. BC 3 ആം നൂറ്റാണ്ടിൽ ഛന്ദസ്സൂത്രം എഴുതിയ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ പിംഗളനാണ് ദ്വയാംശസമ്പ്രദായം എന്ന ആശയം ആദ്യം ഉപയോഗിച്ചത്. വേദമന്ത്രങ്ങളിലെ വൃത്തങ്ങളുടെ (Prosody/meters) ഗണിതസവിശേഷതകൾ വിവരിക്കുന്നതിനാണ് ഈ സമ്പ്രദായം അദ്ദേഹം ഉപയോഗിച്ചിരുന്നത്. ചന്ദശാസ്ത്രത്തിന്റെ രചയിതാവാണ്‌ പിംഗളൻ. ചന്ദശാസ്ത്രമാണ്‌ സംസ്കൃതത്തിലെ അറിയപ്പെടുന്നതിൽ പഴയ ശബ്ദശാസ്ത്രം. പിംഗളനെപറ്റി വളരെ കുറച്ച് വിവരങ്ങൾ മാത്രമെ ലഭ്യമായിട്ടുള്ളു. പഴയ കാല ഇന്ത്യൻ സാഹിത്യ പാരമ്പര്യം അനുസരിച്ച് ഇദ്ദേഹം പാണിനിയുടെ (BC 4ആം നൂറ്റാണ്ട്) ഇളയ സഹോദരനൊ മഹാഭാഷ്യത്തിന്റെ രചയിതാവായ പതാഞ്ജലിയോ (BC 2ആം നൂറ്റാണ്ട്) ആണ്.

6. ദശാംശ സംഖ്യാസമ്പ്രദായം, ക്വാഡ്രാറ്റിക് ഫോർമുല, പൂജ്യം

പൂജ്യം കണ്ടുപിടിക്കുകയും ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത്  ഭാരതീയരാണ്. BC 200-ൽ ജീവിച്ചിരുന്ന പിംഗളൻ തന്നെയാണ് തന്റെ ഛന്ദാസൂത്രത്തിൽ പൂജ്യം ഉപയോഗിച്ചിരുന്നത്. പത്ത് ആധാരമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ദശാംശ സംഖ്യാസമ്പ്രദായം. ഏറ്റവും സാർവത്രികമായ സംഖ്യാസമ്പ്രദായവും ഇതാണ്. സ്ഥാനവില അടിസ്ഥാനമാക്കി ഇന്നത്തെ രീതിയിൽ ദശാംശ സംഖ്യാസമ്പ്രദായത്തെ വികസിപ്പിച്ചെടുത്തത് പ്രാചീന ഭാരതീയരാണ്, ഇത് അറബികൾ വഴിയാണ് യൂറോപ്പിൽ എത്തിയത്.
 AD 6 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്തൻ. പൂജ്യമുപയോഗിച്ചുള്ള ക്രിയകൾക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയത് ഇദ്ദേഹമാണ്. 

ന്യൂമറിക്കൽ അനാലിസിസ്‌ എന്നറിയപ്പെടുന്ന ഗണിത ശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണ്. ഇന്നത്തെ രാജസ്ഥാനിലെ ഭിൻമാലിലാണ് ബ്രഹ്മഗുപതൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. അദ്ദേഹം ഗോളത്തിന്റെ വ്യാപ്തം കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം, ഒരു ശ്രേണിയിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം, വശങ്ങളുടെ നീളങ്ങൾ a,b,c ആയിട്ടുള്ള ത്രികോണങ്ങളുടെ വിസ്തീർ‌ണം കാണാനുള്ള സമവാക്യം, 1x^2+m^2=y^2 എന്ന രീതീലുള്ള അനിർദ്ധാര്യ സമീകരണങ്ങളുടെ മൂല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ (Quadratic formula) തുടങ്ങിയ നിരവധി കാര്യങ്ങൾ കണ്ടെത്തുകയും, കരണികളെ (surds) പറ്റിയും പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തുകയും, 'പൈ' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു.

7. ചന്ദ്രനിലെ ജലം

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) 2008 ഒക്ടോബർ 22ന് കൃത്യം 6:22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമായിരുന്നു ചന്ദ്രയാൻ‍. ആയിരത്തോളം ISRO ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിരുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതായിരുന്നു. പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ ആദ്യമായി ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ഐസ് രൂപത്തിലുള്ള ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവിട്ടത്.

8. പ്ലാസ്റ്റിക് സർജറി

BC 6 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് അദ്ദേഹം. 300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു.
 
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം ഇന്ന് അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രൂതനാണെന്നു കരുതപ്പെടുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും ഇദ്ദേഹം തന്നെ. മദ്യമായിരുന്നു സുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.

തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നുവെന്നാണ്‌ കണ്ടെത്തലുകൾ. പ്രഗൽഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാൻ അദ്ദേഹം ശിഷ്യർക്കു നിർദ്ദേശങ്ങൾ നൽകിയിരുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നും  സുശ്രൂതൻ അറിയപ്പെടുന്നു. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരണാസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു..

ആകാശത്ത് അന്തംവിട്ട്.. ഭാഗം 1

ബഹിരാകാശത്ത് എത്തിയാൽ എങ്ങനെയാണ് കുളിക്കുന്നത്..?പല്ല് തേക്കുന്നത്..?പുറത്തേക്ക് നോക്കിയാൽ എന്താണ് കാണുന്നത്..? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ബഹിരാകാശ ടൂറിസ്റ്റായ അനൗഷെ അൻസാരി നമുക്ക് പറഞ്ഞു തന്നത്..


ആദ്യം അനൗഷയെ പരിചയപ്പെടാം.40കാരിയായ കോടിശ്വരിയായ ഇറാൻ വംശജയായ അമേരിക്കൻ വ്യവസായിയാണവർ.ബഹിരാകാശത്തേക്ക് മനുഷ്യരെ കയറ്റിയ വാഹനം അയക്കുകയും രണ്ടാഴ്ചക്കു ശേഷം ആ യാത്ര ആവർത്തിക്കുകയും ചെയ്യുന്നവർക്ക് അമേരിക്കയിലെ എക്സ് പ്രൈസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമ്മാനമായ 45 കോടി രൂപ നൽകിയത് പ്രോഡിയെ സിസ്റ്റംസ് എന്ന ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ അധ്യക്ഷയായ അനൗഷെയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഇറാനിൽ നിന്ന് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുമ്പോൾ കൗമാര പ്രായമായിരുന്നു. അമേരിക്കയിൽ ജോർജ് മെസൺ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദമെടുത്തു.ജോർജ് വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ടെലികോം ടെക്നോളജീസ് എന്ന കമ്പനി ഭർത്താവും കുടുംബവുമായി ചേർന്ന് സ്ഥാപിച്ചു.പിന്നീട് ആ കമ്പനിസോണറ്റ് നെറ്റ് വർക്സ് എന്ന കമ്പനി ഏറ്റെടുത്തു.2000 ൽ നടന്ന ഈ ലയനത്തിലൂടെ ഇവർക്ക് ലഭിച്ചത് 2475 കോടി രൂപയാണ്.ശേഷം പ്രോഡിയ സിസ്റ്റംസ് എന്ന കമ്പനി സ്ഥാപിച്ചു.

2006 SEP 22 മോസ്കോ.
ബഹിരാകാശ വിനോദ സഞ്ചാരി അനൂഷെ അൻസാരി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ( ISS) ഒൻപത് ദിവസത്തെ ബഹിരാകാശ വാസം ആരംഭിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.അനൂഷക്കു വേണ്ടി അല്പം സ്വകാര്യത നൽകാനായി പ്രത്യേകം വേർതിരിച്ച ഉറങ്ങാനുള്ള അറ അവർ നൽകിയിരുന്നു.

ഭാരമില്ലായ്മ മൂലം കട്ടിലിൽ കെട്ടിയിട്ട ഉറക്ക സഞ്ചിയിലാണ് മറ്റുള്ളവരെപോലെ അനൂഷയും വിശ്രമിക്കുക.രക്തപ്രവാഹം സാധാരണ നിലയിൽ നിലനിർത്താൻ പ്രത്യേക കാൽ പട്ടകളൊക്കെ കെട്ടി അനൗഷെ സുഖമായിരിക്കുന്നുവെന്ന് ഭൂമിയിലിരുന്ന് നിരീക്ഷിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
റഷ്യയിലെ ബൈക്കനൂർ വിക്ഷേപണതയിൽ നിന്ന് അമേരിക്കൻ ടെലികമ്യൂണികേഷൻ ബിസിനസ് രംഗത്തെ അതികായ അനൗഷയും റഷ്യൻ കോസ്മോനോട്ട് മിഖായിൽ ട്യൂറിനും അമേരിക്കൻ അസ്ട്രോനോട്ട് മൈക്കൽ ലോപ്പസ് അലേഗ്രിയയും കയറിയ സോയൂസ് പേടകവുമായി റോക്കറ്റ് കുതിച്ചുയർന്നത് സെപ്റ്റംബർ 20 നായിരുന്നു.

ഏകദേശം 90 കോടി രൂപ നൽകിയാണ് അനൂഷെ ബഹിരാകാശത്തേക്ക് ടിക്കറ്റെടുത്തത്.രണ്ട് ദിവസത്തെ യാത്രയും 9 ദിവസത്തെ വാസവും അടക്കം 11 ദിവസം.ബഹിരാകാശത്തിരുന്ന് അവിടത്തെ വിശേഷങ്ങൾ ടൈപ്പ് ചെയ്ത് ഇന്റനെറ്റ് മുഖേന റഷ്യയിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്കയച്ച കുറിപ്പുകൾ അവരാണ് ലോകത്തിനു മുൻപിൽ തുറന്നു വച്ചത്.
സങ്കീർണമായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ അനേകം പരിശീലനങ്ങൾ നടത്തിയാണ് ഓരോ ശാസ്ത്രജ്ഞരും ബഹിരാകാശത്തേക്ക് പോകുന്നത്.ഇതിൽ നിന്നും വ്യത്യസ്തമാണ് അനൗഷെ.ഒരു സാധാരണക്കാരിയുടെ നോട്ടത്തിൽ ബഹിരാകാശത്തെ അത്ഭുത കാഴ്ചകളും ജീവിതവും അവർ ലോകത്തിനു മുന്നിൽ ഡയറി കുറിപ്പുകളായി കുറിച്ചിട്ടു.ഓരോ ദിവസത്തെ കുറിപ്പുകൾക്കും നൂറുകണക്കിന് മറുപടികളാണ് ലോകം തിരിച്ചയച്ചത്.

2006 SEP 22 ഗ്രീൻവിച്ച് സമയം രാവിലെ പതിനൊന്നര.
" ഇവിടെ എനിക്ക് e-mail അപ്പോഴപ്പോൾ വായിക്കാനാവില്ല.ദിവസം മൂന്ന് തവണയായി മെയിലുകളെല്ലാം കൂടി ഭൂമിയിൽ നിന്ന് ഇങ്ങോട്ട് അയക്കുകയാണ് ചെയ്യുന്നത്.ബ്രൗസർ ഇല്ലാത്തതിനാൽ എന്റെ കുറിപ്പുകൾക്കുള്ള നിങ്ങളുടെ മറുപടികളെല്ലാം വായിക്കാനും കഴിയുന്നില്ല. കുറച്ച് പേരുടെ ചോദ്യങ്ങളും ആശംസകളും ഭൂമിയിലെ സ്പേസ് സെന്ററിൽ നിന്ന് ഒന്നിച്ച് അയച്ചുതരികയാണ് .എന്റെ അനുഭവങ്ങളിൽ പങ്കാളികളാകാൻ താല്പര്യപൂർവ്വം ഒരുപാടു പേർ ഭൂമിയിലുണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞാൻ.ഭൂമിയിൽ നിന്ന് കുതിച്ചുയർന്നപ്പോൾ മുതലുള്ള അനുഭവങ്ങൾ ഞാൻ എഴുതാമെന്ന് പറഞ്ഞിരുന്നല്ലൊ".

തുടരും..

Monday, 17 August 2020

നുണ പരിശോധന എങ്ങിനെ..?

ഒരാൾ പറയുന്നത് സത്യമാണോ എന്ന് മനസ്സിലാക്കാനുദ്ദേശിച്ച് രൂപം കൊടുത്ത അനവധി ശാസ്ത്രീയ പരീക്ഷണ രീതികളുണ്ട്. ഇവയെ പൊതുവായി നുണപരിശോധന എന്നാണ് വിവക്ഷിക്കുക. നുണ പരിശോധനക്ക് ഉപയോഗിക്കുന്ന പ്രധാന ശാസ്ത്രീയ പരിശോധനകളാണ് പോളിഗ്രാഫ് ടെസ്റ്റ്, നാർക്കോ അനാലിസിസ്, ബ്രയിൻ മാപ്പിങ് എന്നിവ. ആഗോളതലത്തിലും കേരളത്തിലും പല കുറ്റാന്വേഷണ കേസുകളുടേയും അന്വേഷണത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. സാക്ഷിയുടെയോ പ്രതിയുടെയോ സമ്മതത്തോടെ മാത്രമേ ഇന്ത്യയിൽ ഈ പരിശോധനകൾ നടത്താൻ അനുമതിയുള്ളൂ.


കുറ്റാന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധനയ്ക്ക് പ്രധാനമായും പൊതുവെ ഉപയോഗിക്കുന്ന ഒരു പരീക്ഷണ രീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്. 1921-ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ജോൺ അഗസ്റ്റസ് ലാർസണാണ് ഈ പരീക്ഷണ രീതി കണ്ടുപിടിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തിൽ സെൻസറുകൾ പോലെയുള്ള ചില ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയിൽ അന്തിമ നിഗമനത്തിൽ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് അറിയാതെതന്നെ പ്രസ്തുത വ്യകതിയുടെ  ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ സൂഷ്മമായി നിരീക്ഷിച്ചാണ് ആ വ്യക്തി പറയുന്നത് സത്യമാണോ നുണയാണോ എന്നുള്ള നിഗമനത്തിൽ വിദഗ്ദർ എത്തിച്ചേരുന്നത്. ഇന്ത്യയിൽ പ്രസ്തുത പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഈ പരിശോധന നടത്താൻ അനുവാദമുള്ളൂ. ഈ പരിശോധനയുടെ കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

കുറ്റാന്വേഷണ ഏജൻസികൾ പ്രതികളിൽ നിന്നും തെളിവ് ശേഖരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു ശാസ്ത്രീയ മാർഗ്ഗമാണ് നാർകോ അനാലിസിസ്. 'ബോധംകെടുത്തുക' എന്നർഥം വരുന്ന 'നാർക്ക്' (Narkk) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'Narko' എന്ന ഇംഗ്ലിഷ് പദത്തിന്റെ ആരംഭം. യുദ്ധത്തടവുകാരെയും കുറ്റവാളികളെയും ചില സന്ദർഭങ്ങളിൽ മനോരോഗികളെയും, ബാർബിറ്റ്യുറേറ്റുകൾ (Barbiturates) പോലുള്ള ലഹരിമരുന്നുകൾ കുത്തിവച്ച് ചോദ്യം ചെയ്യുകയോ കൗൺസിലിങ്ങിന് വിധേയമാക്കുകയോ ചെയ്യുന്ന രീതിയെ സൂചിപ്പിക്കാനാണ് ആദ്യകാലങ്ങളിൽ ഈ പദം ഉപയോഗിച്ചിരുന്നത്. 1922-ൽ ഹോർസ്ലി എന്ന അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവരിൽ ട്രൂത്ത് സിറം (Truth Serum) എന്നറിയപ്പെടുന്ന മരുന്നുകൾ കുത്തിവച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്‌. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വിലക്കുകളോ ആത്മനിയന്ത്രണമോ ഇല്ലാതെ സത്യസന്ധമായി ഉത്തരം നൽകത്തക്ക രീതിയിൽ വ്യക്തികളുടെ തലച്ചോറിൽ രാസമാറ്റമുണ്ടാക്കാൻ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന ഈ മരുന്നുകൾക്ക്‌ കഴിയും. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ പൂർണായും സത്യമാണെന്ന്‌ ഉറപ്പിക്കാൻ കഴിയുകയില്ല. വേണ്ടത്ര മുൻകരുതലില്ലാതെ ഈ ട്രൂത്ത്‌ സിറങ്ങൾ കുത്തിവച്ചാൽ ഒരുപക്ഷെ മരണം വരെ സംഭവിക്കാനിടയുണ്ട്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരിൽ വളരെ സൂക്ഷിച്ചുമാത്രമേ ഈ പരിശോധന നടത്താറുള്ളൂ.


ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ച്‌ വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരു അവസ്ഥയിലേക്ക്‌ മനുഷ്യനെ എത്തിക്കാൻ കഴിവുള്ളവയാണ്‌ നാർക്കോട്ടിക്ക് മരുന്നുകൾ. ഇത്തരം നാർക്കോട്ടിക്കുകളാണ്‌ പലപ്പോഴും ട്രൂത്ത്‌ സിറങ്ങളായി ഉപയോഗിക്കുന്നത്‌. ഇപ്രകാരം മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ്‌ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികൾ ഉത്തരം നൽകുക. 1943-ൽ സ്റ്റീഫൻ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച "നാർകോ അനാലിസിസ്‌ എ ന്യൂ ടെക്‌നിക്‌ ഇൻ ഷോർട്‌ കട്ട്‌ സൈക്കോതെറാപ്പി" എന്ന പുസ്‌തകത്തിലാണ്‌ മനശാസ്‌ത്ര ചികിത്സാരീതിയെന്ന്‌ വിശേഷിപ്പിച്ച്‌ നാർകോ പരിശോധനയെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിക്കുന്നത്‌. ചില പ്രത്യേക മരുന്നുകൾ കുത്തിവയ്‌ക്കുമ്പോൾ വ്യക്തികൾ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന്‌ സന്ദർഭവശാൽ ഹോഴ്‌സിലി കണ്ടെത്തുകയായിരുന്നു.

മറ്റൊരു മുഖ്യ നുണപരിശോധന രീതിയാണ് ബ്രെയിൻ മാപ്പിങ് ഇതൊരു മസ്തിഷ്ക പ്രവർത്തന നിരീക്ഷണ രീതിയാണ്. മനുഷ്യന്റെയോ, മറ്റേതെങ്കിലും ജീവികളുടെയോ മസ്തിഷ്കത്തിന്റെ ജൈവ സവിശേഷതകളും സ്വഭാവങ്ങളും അളവുകളും സ്ഥലീയമായി അടയാളപ്പെടുത്തി മാപ്പുകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടം ന്യൂറോസയൻസ് സങ്കേതിക വിദ്യകളെയാണ് ബ്രെയിൻ മാപ്പിംഗ് എന്നു വിളിക്കുന്നത്. ഇതിലൂടെ ഒരു വ്യക്തി പറയുന്നത് നുണയാണോ സത്യമാണോയെന്ന്  കണ്ടെത്താനും സാധിക്കുന്നതാണ്.

ഐ ട്രാക്കിംഗ് ടെക്നോളജി, വോയിസ്‌ സ്ട്രെസ് അനാലിസിസ്, നോൺ വെർബൽ ബിഹേവിയർ ഒബ്സർവേഷൻ എന്നിവയാണ് മറ്റ് അറിയപ്പെടുന്ന നുണ പരിശോധനാ രീതികൾ. പക്ഷെ ഇത്രയൊക്കെ നുണ പരിശോധന  രീതികളുണ്ടെങ്കിലും ഇവയൊന്നും ഒരാൾക്കും തരണം ചെയ്യാൻ പറ്റാത്തതാണെന്നോ എപ്പോഴും ഫലപ്രദമാണെന്നോ കൃത്യതയുള്ളതാണെന്നോ, ഉറപ്പുള്ളതായി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. 


ഇതിൽ പലപ്പോഴും പിഴവുകൾ പറ്റാറുമുണ്ട്. ചില പ്രത്യേക മാനസിക രോഗികളിൽ ഈ പരീക്ഷണ രീതികളൊന്നും തന്നെ ഫലപ്രദമല്ല കാരണം അവർ ചിലപ്പോൾ ഒരു മിഥ്യയെ ആയിരിക്കാം സത്യമാണെന്ന് വിശ്വസിക്കുന്നത്. ഇത്തരത്തിൽ പല സന്ദർഭങ്ങളിലും നുണ പരിശോധനകൾ അപ്രസക്തമാവാറുണ്ട്. CIA പോലുള്ള ചില രഹസ്യാന്വേഷണ ഏജൻസികളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുമ്പ് അവരെ നുണ പരിശോധനക്ക് വിധേയമാക്കാറുണ്ട്. അമേരിക്ക പോലെ ചില രാജ്യങ്ങളൊഴിച്ചാൽ ഭൂരിഭാഗം ലോകരാജ്യങ്ങളിലും നുണപരിശോധനാ റിപ്പോർട്ടുകളെ ശക്തമായ തെളിവുകളായി കണക്കാക്കാറില്ല..

Saturday, 15 August 2020

പൊതുവിജ്ഞാനത്തിനായി..

ചിലരെങ്കിലും കരുതിയിരിക്കുന്നത് NEWS ന്റെ പൂർണ രൂപം North East West South എന്നാണ്.പുതുമ എന്നർത്ഥമുള്ള nouvelles എന്ന ഫ്രഞ്ച് വാക്കാണ് ഇംഗ്ലീഷിൽ news ആയത്.ഇതിന് നാല് ദിക്കുകളുമായി ബന്ധമൊന്നുമില്ല.

POLICE എന്നതിന്റെ പൂർണരൂപം Politeness,Obedience,Loyalty,Intelligence,Courage, Efficiency എന്ന് പറയുന്നതും തെറ്റാണ്.ഭരണം എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കായ politeia എന്ന വാക്കാണ്  ഇംഗ്ലീഷിൽ police ആയത്.police ന് പല രാജ്യങ്ങളിലും വ്യത്യസ്ത പേരുമാണ്.ചിത്രം കാണുക.


MBBS പൂർണരൂപം Bachelor of Medicine Bachelor of Surgery(BMBS) ഇത് ചേർച്ചയില്ലായ്മ വരുന്നത് ഇംഗ്ലീഷ് അർത്ഥമാണ് മുകളിൽ.യഥാർത്ഥത്തിൽ ലാറ്റിൻ വാക്കിയ Medicinae Baccalaureus ,Baccalaureus Chirurgiae (MBBC)എന്നതാണ്. ഇംഗ്ലീഷും ലാറ്റിനും കൂട്ടി ചേർത്ത് Medicinae Baccalaureus ,Bachelor of Surgery എന്ന് ഉപയോഗിക്കുന്നു.

നോട്ടീസുകളുടേയും മറ്റും അടിയിൽ NB എന്ന് കണ്ടിട്ടുണ്ടാവും.ഇത് ശ്രദ്ധിക്കൂ എന്നർത്ഥമുള്ള nota bene എന്ന ലാറ്റിൻ വാക്കാണത്.

സുഹ്യത്തുക്കൾ തമാശരൂപേണ വഴക്കു പറയാനായി ചില ചിഹ്നങ്ങൾ ഉപയോഗിക്കാറുണ്ട്.!%@€*~€¿ ഇതുപോലെ കുറേയുണ്ട്.ഇതിനെ grawlix എന്നാണ് പറയുക.

Acute nasopharyngitis നിസാരമായ ജലദോഷത്തിന്റെ ശാസ്ത്രീയനാമമാണിത്.

പുതിയ പുസ്തകങ്ങൾ കിട്ടിയാൽ പേജുകൾ മണക്കാറുണ്ടൊ? ബിബ്ലിയോസ്മിയ(Bibliosmia) എന്നാണതിനെ പറയുക.

JCB, പൊക്കിളിയൻ, മണ്ണുമാന്തിയന്ത്രം ഇതെല്ലാംഒന്നുതന്നെ.എസ്കവേറ്റ്ഴ്സുകളെയാണ് സാധാരണയായി JCB എന്നു വിളിക്കുന്നത്. JC ബാംഫോർഡ് എസ്കവേറ്റേഴ്സ് ലിമിറ്റഡ് എന്ന കമ്പനി ജോസഫ് സിറിൾ ബാംഫോർഡ് നിർമിച്ചതാണ്.നിർമാണ - വ്യവസായ - കൃഷി ആവശ്യങ്ങൾക്കായി 300 ലധികം യന്ത്രങ്ങൾ ഈ കമ്പനി നിർമിക്കുന്നുണ്ട്. ട്രേഡ്മാർക്ക് പ്രകാരം JCB എന്ന പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1945 ഒക്ടോബറിലാണ് JC ബാംഫോർഡ് കമ്പനി സ്ഥാപിക്കുന്നത്.ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ കമ്പനിക്ക് ഫാക്ടറികളുണ്ട്. 150 ഓളം രാജ്യങ്ങളിലേക്ക് JCB കമ്പനി നിർമിച്ച യന്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. JCB യുടെ ഉപകരണങ്ങൾ ലോകം മുഴുവൻ സ്ഥാപിച്ചതിനു തെളിവാണ് മറ്റു കമ്പനികളുടെ ഇത്തരം ഉപകരണങ്ങളെ JCB എന്ന് വിളിക്കുന്നത്. ഓക്സ്ഫഡ് ഡിക്ഷണറിയിലും JCB യുണ്ട്..

Friday, 14 August 2020

അനങ്ങൻമലയും.. ചരിത്രവും..

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അനങ്ങന്നടി പഞ്ചായത്തില്‍ ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി പാതയുടെ ഓരത്ത് കാണപ്പെടുന്ന കരിങ്കല്‍മലയാണ് അനങ്ങന്‍മല. 

ഒറ്റപ്പാലത്തുനിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വരോട് തൊട്ട് തൃക്കടീരിവരെയുള്ള ദൂരമത്രയും അനങ്ങന്‍മലയെ കണ്ടുകൊണ്ടിരിക്കാം. കറുത്തിരുണ്ട ആകാരത്തോടു കൂടി ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന അനങ്ങന്‍മലയ്ക്കു കീഴിലുള്ള പ്രദേശം എന്ന നിലയ്ക്കാണ് അനങ്ങനടി എന്ന സ്ഥലനാമം ഉണ്ടായത്. കേരളത്തിന്റെ ആധുനിക ചരിത്രത്തില്‍ അത്ര വലിയ പ്രാധാന്യമൊന്നും കല്‍പിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രദേശത്തിനു പക്ഷെ പ്രാചീന കേരള ചരിത്രത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നതായി കാണാം. 


അനങ്ങന്‍മലയുടെ വടക്കുവശത്തെ പ്രകൃതി സൗന്ദര്യങ്ങളെ അടിസ്ഥാനമാക്കി ആ പ്രദേശത്തെ ടൂറിസ്റ്റ് സാധ്യതകള്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ് ആരംഭിച്ചത്. എന്നാല്‍, അനേകം സസ്യ-ഔഷധങ്ങളുടെ ലഭ്യത കൊണ്ടും വിവിധ ഗോത്രവര്‍ഗങ്ങളുടെ അധിവാസം കൊണ്ടും സന്ന്യാസിമാരും സൂഫികളും അടങ്ങിയ പരിവ്രാജകരുടെ സാന്നിധ്യം കൊണ്ടും വന്യമൃഗങ്ങളുടെ വിഹാരം കൊണ്ടുമെല്ലാം സജീവമായ ഒരു ഭൂതകാല ചരിത്രം അനങ്ങന്‍മലയ്ക്കുണ്ട്. ആ വശത്തേക്കു കടന്നുചെല്ലുന്ന വിശദ പഠനങ്ങള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല.

ജൈനമുനിമാര്‍ ധാരാളമായി അധിവസിച്ചിരുന്ന ഒരു പ്രദേശമാണ് അനങ്ങന്‍മലയുടെ വടക്കേ ചെരിവിലുള്ള കീഴൂര്‍. കീഴൂരിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ജൈന മഹര്‍ഷിമാരുടെ ലിഖിതങ്ങളില്‍ കാണാമെന്ന് തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകനായിരുന്ന മുരുകദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. കീഴൂര്‍ ഭാഗത്ത് മുക്കാല്‍ നൂറ്റാണ്ടുവരെയും കാണപ്പെട്ടിരുന്ന ഗുഹകള്‍ ജൈനമുനിയറകളായിരുന്നു. പിന്നീടവ മണ്ണടിഞ്ഞ് അപ്രത്യക്ഷമായിപ്പോയി.

1970കള്‍ തൊട്ട് മലയാളം തമിഴ് ഉള്‍പ്പെടേ പല ദക്ഷിണേന്ത്യന്‍ ഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും പ്രധാന ആകര്‍ഷണ സ്ഥലമായി അനങ്ങന്‍മലയുടെ പരിസര പ്രദേശങ്ങള്‍ മാറുകയുണ്ടായി. രജനീകാന്തിന്റെയും കമലഹാസന്റെയും എം.ജി.ആറിന്റെയും നിരവധി ചിത്രങ്ങള്‍ ഈ പ്രദേശത്ത് ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ആകര്‍ഷണത്തിനുമുന്‍പു തന്നെ എഴുത്തുകാര്‍ അനങ്ങന്‍മലയുടെ ഗരിമയും പ്രകൃതി സൗന്ദര്യവും പകര്‍ത്തിയിരുന്നു. അപ്പു നെടുങ്ങാടി എഴുതിയ ‘കുന്ദലത’, ഇ.വി രാമന്‍പിള്ളയുടെ ‘വള്ളുവക്കോനാതിരി’ തുടങ്ങിയ നോവലുകളില്‍ അനങ്ങന്‍മല കടന്നുവന്നു. അതിനുംമുന്‍പ് പ്രാചീന തമിഴ് കവി തോലറുടെ കവിതകളിലും രമണമഹര്‍ഷിയുടെ ചില വരികളിലും ദ്രുതാചലം എന്ന പേരില്‍ പരാമര്‍ശിക്കപ്പെട്ടത് അനങ്ങന്‍മലയാണ് എന്ന അഭിപ്രായമുണ്ട്.

പരിവ്രാജകരുടെ മല

സൂഫി കവിയായിരുന്ന ഇച്ച മസ്താന്റെ ‘വിരുത്തങ്ങള്‍’ എന്നറിയപ്പെട്ട വരികളില്‍ ചിലതില്‍ അനങ്ങന്‍മല കടന്നുവന്നിട്ടുണ്ട്. ഹിമാലയ സഞ്ചാര സാഹിത്യകൃതികളില്‍ ഏറെ പ്രസിദ്ധമായ ‘ഹിമഗിരി വിഹാരം’ എന്ന കൃതി എഴുതിയ തപോവന സ്വാമികള്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കീഴൂര്‍ പ്രദേശത്ത് പര്‍ണശാല കെട്ടിത്താമസിച്ചിരുന്ന ബ്രഹ്മാനന്ദ തീര്‍ഥപാദ സ്വാമികള്‍ ഉള്‍പ്പെടെ പല സന്ന്യാസിമാരും അനങ്ങന്‍മലയെ കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ഹൈന്ദവ പൂര്‍വികര്‍ക്കിടയില്‍ സവിശേഷമായ പരിഗണന നല്‍കപ്പെട്ടിരുന്ന ഒരു മലയാണ് അനങ്ങന്‍. തെക്കന്‍ കേരളത്തില്‍നിന്നുള്ള തൈക്കാട്ട് അച്ചാവിനെ പോലുള്ള ചില ഹൈന്ദവ സിദ്ധരും അനങ്ങന്‍മലയുടെ താഴ്‌വാരത്തില്‍ വന്ന് ഔഷധസസ്യങ്ങള്‍ ശേഖരിച്ചുപോയിരുന്നതായി പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

വള്ളുവനാടിന്റെ നാട്ടുവൈദ്യ പാരമ്പര്യത്തില്‍ അനങ്ങന്‍മല ചെലുത്തിയ സ്വാധീനത്തിന്റെ അടയാളമായിരുന്നു അരനൂറ്റാണ്ടു മുന്‍പുവരെയും സമീപ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന നാട്ടുവൈദ്യ പരമ്പരകള്‍. തൈക്കാട്ട് മൂസ്സന്മാരും തൃത്താല മേഴത്തൂര്‍ വൈദ്യന്മാരും അനങ്ങന്‍മലയുടെ ഔഷധസമൃദ്ധിയെ ആശ്രയിച്ചവരായിരുന്നു. ആയുര്‍വേദവുമായും നാട്ടുവൈദ്യവുമായും ബന്ധപ്പെട്ട അനങ്ങന്‍മലയുടെ പ്രാചീനബന്ധം സ്ഥാപിക്കാനായി പണ്ടു പറയപ്പെട്ടിരുന്ന ഒരു കഥയാണ് ഹനുമാന്‍ മൃതസഞ്ജീവനി അന്വേഷിച്ച് ഈ മലയില്‍ വന്നിരുന്നുവെന്നത്. ഹനുമാന്‍ മലയുടെ മുകളില്‍ കാലുകുത്തിയപ്പോള്‍ മല ചലിച്ചുവെന്നും അങ്ങനെയാണ് അനങ്ങന്‍ എന്ന പേരുണ്ടായതെന്നും പറയപ്പെട്ടിരുന്നു. മലയുടെ ഏറ്റവും മുകളിലുള്ള ഒരടയാളം ഹനുമാന്റെ കാലടിപ്പാടായി കുട്ടികളൊക്കെ പറഞ്ഞുവന്നിരുന്നു. എന്നാല്‍, അത് ആദം നബിയുടെ കാലടിയാണെന്ന ഒരു മുസ്‌ലിം വേര്‍ഷനും കേള്‍വികള്‍ക്കിടയിലുണ്ട്.

കേള്‍വികളും കഥകളും എത്തരത്തില്‍ ആയിരുന്നാലും ശരി അനങ്ങന്‍മലയുടെ കിഴക്കും വടക്കും താഴ്‌വാരങ്ങളില്‍ അനേകം ഹിന്ദു-മുസ്‌ലിം സാധകര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെയും വസിച്ചിരുന്നതായി വ്യക്തമായ പരാമര്‍ശങ്ങള്‍ കാണാം. ഖാദിരിയ്യാ സൂഫികള്‍ക്ക് പാലക്കാട് ജില്ലയിലുണ്ടായിരുന്ന സ്വാധീനം അത്തരം പരാമര്‍ശങ്ങള്‍ സാധൂകരിക്കുന്നുണ്ട്. ഇച്ച മസ്താന്‍ തന്നെയും അനങ്ങന്‍മലയുടെ താഴ്‌വാരത്ത് കുറച്ചുകാലം താമസിച്ചിരുന്നു. 

അതാവട്ടെ മുന്‍നൂറ്റാണ്ടുകളില്‍ ആ പ്രദേശത്തിന് കേരളീയ സൂഫി പാരമ്പര്യ ചരിത്രത്തിലുണ്ടായിരുന്ന പ്രാധാന്യത്തിന്റെയും പരിഗണനയുടെയും ഓര്‍മപ്പെടുത്തലുമായിരുന്നു. വള്ളുവനാട്ടെ മുസ്‌ലിംകളുടെ ഓര്‍മകളില്‍ ഇന്നും ജീവിച്ചിരിക്കുന്ന ബീരാന്‍ ഔലിയ എന്നറിയപ്പെട്ടിരുന്ന ആത്മീയ സാധകന്റെയും ഇഷ്ടപ്രദേശമായിരുന്നു അനങ്ങന്‍മലയുടെ താഴ്‌വാരങ്ങള്‍.
കുറുവ, ഉരുള, ചോല നായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട മലനിവാസികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍വരെയും അനങ്ങന്‍മലയ്ക്കു മുകളിലും താഴ്‌വാരങ്ങളിലുമായി അധിവസിച്ചുവന്നു. നാലു പതിറ്റാണ്ടുമുന്‍പാണ് അനങ്ങന്‍മലയില്‍ നിന്ന് ആദിമ ഗോത്രവിഭാഗങ്ങള്‍ പറ്റെ ഒഴിഞ്ഞുപോയത്. തേനും ഔഷധച്ചെടികളും കാട്ടുഫലങ്ങളും വിറകുമെല്ലാം അനങ്ങന്‍മലയുടെ താഴ്‌വരയിലെത്തിച്ച് വില്‍പന നടത്തിയിരുന്ന ആദിവാസികളെ കുറിച്ച് ബ്രിട്ടീഷ് റവന്യു രേഖകളില്‍ വിവരങ്ങളുണ്ട്. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളിലെ ആഢ്യ ഹൈന്ദവ പ്രമാണിമാര്‍ക്കു വനവിഭവങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നതിന്റെ രേഖകളും കാണാം. പതിഞ്ഞ മൂക്കും വിടര്‍ന്ന കണ്ണുകളും കുറിയ ശരീരവുമുള്ള കുറുവ വിഭാഗത്തില്‍പെട്ട ആദിവാസികളെയാണ് ഏറ്റവും ഒടുവിലത്തെ ഘട്ടങ്ങളില്‍ മലയുടെ സമീപ പ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്നത്.

ജൈവവൈവിധ്യം

മുന്‍നൂറ്റാണ്ടുകളില്‍ വന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ താഴ്‌വാരമായിരുന്നു അനങ്ങന്‍മലയുടേത്. ബ്രിട്ടീഷുകാര്‍ റെയില്‍പാത നിര്‍മാണത്തിനും കൊച്ചിന്‍ പാലത്തിന്റെ നിര്‍മാണത്തിനുമായി ഈ വനപ്രദേശത്തുനിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. വേനല്‍ക്കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പലതരം വന്യജീവികളുടെ വംശനാശത്തിന് ഇതു വഴിയൊരുക്കി. കടുവയും പുലിയും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ അനങ്ങന്‍മലയുടെ വനപ്രദേങ്ങളിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പാലക്കാടുവഴി മദിരാശിയില്‍നിന്നെത്തിയ ചില സായിപ്പന്മാര്‍ അനങ്ങന്‍മലയുടെ ചെരുവില്‍ കൂടാരം കെട്ടി താമസിക്കുകയും മൃഗവേട്ട നടത്തുകയും ചെയ്തതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഒറ്റപ്പാലം അമ്പലപ്പാറ ദേശക്കാരനായിരുന്ന ഭാസ്‌കര മേനവന്റെ ‘വള്ളുവനാടും മദിരാശി സംസ്ഥാനവും’ എന്ന പുസ്തകത്തില്‍ കാണാം. ഇദ്ദേഹം ബ്രിട്ടീഷ് റവന്യു വകുപ്പില്‍ ജീവനക്കാരനായിരുന്നു.

അനങ്ങന്‍മലയുടെ ഏറ്റവും വലിയ സവിശേഷത മഴക്കാലത്ത് അതിനുണ്ടാകുന്ന ഭാവപരിണാമങ്ങളാണ്. വേനലില്‍ ഉണങ്ങിക്കരിഞ്ഞു കറുത്തിരുണ്ട കരിങ്കല്‍കുന്നായി കാണപ്പെടുന്ന മല മഴപെയ്തു തുടങ്ങുന്നതോടെ പച്ചപ്പണിയാന്‍ തുടങ്ങും. ഓരോ മഴയ്ക്കുമുന്‍പും മലയിലേക്കു കനത്ത കോടമേഘങ്ങള്‍ ഇറങ്ങിവന്ന് അത്തരമൊരു മല അവിടെ ഉണ്ടായിരുന്നെന്ന് തോന്നിപ്പിക്കാത്ത വിധം അപ്രത്യക്ഷമാകും. മുകളില്‍നിന്നു കുത്തിയൊലിച്ചു ചോലകള്‍ വഴി താഴേക്കിറങ്ങുന്ന മലവെള്ളം സമീപത്തെ പാടങ്ങളിലേക്ക് ചെന്നുചേര്‍ന്നിരുന്നു. പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നതില്‍ ഈ ചോലകള്‍ വലിയ പങ്കുവഹിച്ചു. നാലു പതിറ്റാണ്ടുമുന്‍പുവരെയും അനങ്ങന്‍മലയിലെ ചോലകള്‍ വേനലിലും സജീവമായിരുന്നു. താഴ്‌വാരത്തെ ജനങ്ങള്‍ വേനലില്‍ അത്തരം ചോലകളില്‍ ചെന്നു കുളിക്കുകയും അലക്കുകയും ചെയ്തിരുന്നു ഒരുകാലം വരെയും. പിന്നീട് മഴക്കാലത്തുമാത്രം സജീവമാകുന്ന താല്‍ക്കാലിക നീര്‍ച്ചാലുകളായി മാറി അവ. ചോലകളില്‍ മുന്‍പൊക്കെ ധാരാളം അപൂര്‍വ മത്സ്യഇനങ്ങള്‍ കാണാമായിരുന്നു. നാട്ടിലെ ജലാശയങ്ങളിലും പാടങ്ങളിലും വെള്ളക്കെട്ടുകളിലുമൊന്നും കാണാതിരുന്ന അത്തരം അപൂര്‍വ മത്സ്യങ്ങള്‍ ‘ചോലമീനുകള്‍’ എന്ന വേറിട്ട പേരിലാണ് അറിയപ്പെട്ടിരുന്നത്. മലമുകളില്‍ വറ്റാതെ കിടന്നിരുന്ന ആഴമേറിയ വെള്ളക്കുഴികളില്‍ വളര്‍ന്നിരുന്ന ചോലമീനുകള്‍ മഴവെള്ളത്തില്‍ താഴേക്കിറങ്ങി വന്നു പാടങ്ങളിലെത്തുമായിരുന്നു. മലയിറങ്ങുന്ന മീനുകളെ സാധാരണ മീനുകള്‍ക്കൊപ്പം തിന്നാന്‍ അനങ്ങന്‍മലയുടെ താഴ്‌വാരങ്ങളിലെയും പാടപ്രദേശങ്ങളിലെയും ജനങ്ങള്‍ മടിച്ചു. എന്നാല്‍, മലനിവാസികള്‍ അവയെ പിടികൂടി ചുട്ടുതിന്നിരുന്നു. കറുത്തിരുണ്ടതും തലയില്‍ തീച്ചുവപ്പും പാണ്ടുള്ളതും തുറിച്ചുനോക്കുന്നതു പോലെ വലിയ കണ്ണുകള്‍ ഉള്ളവയൊക്കെയുമായിരുന്നു ചോലമീനുകള്‍. ഈ രൂപവ്യതിയാനമാണു നാട്ടുജനങ്ങളെ അവ ഭക്ഷിക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ചത്.

ഉരുള്‍പൊട്ടലുകളും പ്രളയവും

അനങ്ങന്‍മലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി വലിയ വെള്ളപ്പൊക്കാനുഭവം നേരിട്ടത്തിന്റെ മൂന്നു വിവരണങ്ങള്‍ ബ്രിട്ടീഷ് രേഖകളില്‍ കാണാം. 1820നും 1920നും ഇടയിലാണ് ഈ മൂന്ന് പ്രളയങ്ങളും ഉണ്ടായത്. എന്നാല്‍, താഴ്‌വാരപ്രദേശത്തെ പഴമക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു മഹാപ്രളയത്തെ കുറിച്ചുള്ള കേട്ടുകേള്‍വി വിവരണങ്ങള്‍ ഏതു കാലത്തിന്റേതാണെന്നു വ്യക്തമല്ല. കരിങ്കല്‍മലയുടെ പ്രത്യക്ഷ രൂപത്തില്‍ കാണുന്നതിന് ഉള്ളില്‍ നിറയെ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട് എന്ന വിശ്വാസം പഴമക്കാര്‍ക്കിടയിലുണ്ടായിരുന്നു. ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന വിധത്തില്‍ ചില അറ്റ വേനലുകളിലും മലക്കുമുകളിലെ കിണര്‍രൂപത്തിലുള്ള കുഴികളില്‍ തെളിജലം കാണപ്പെടുകയും ചെയ്തിരുന്നു. 

ഇങ്ങനെ മലക്കുള്ളില്‍ കെട്ടികിടക്കുന്ന വെള്ളം പാറപ്പഴുതുകളിലൂടെ പൊട്ടിയൊലിച്ചുവന്നാണു പ്രളയം ഉണ്ടാകുന്നതെന്നു പഴമക്കാര്‍ കരുതി.
അനങ്ങന്റെ താഴ്‌വാരത്ത് സമീപകാലങ്ങളില്‍ പോലും കൊടുംവേനലില്‍ വറ്റാതെ കിടന്ന കിണറുകള്‍ അത്ഭുതകരമായ തെളിമയുള്ളവയായിരുന്നു. ഉരുള്‍പൊട്ടലെന്ന ദുരന്തം ചില വര്‍ഷങ്ങളില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ സുരക്ഷിതമായിരുന്നു. എന്നാല്‍, ഇത്തവണ കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ ഉരുള്‍പൊട്ടലുകളുണ്ടായ പെരുമഴ നാളുകളില്‍ അനങ്ങന്‍മലയുടെ ചില ഭാഗങ്ങളില്‍നിന്നു അസാധാരണ ശബ്ദങ്ങള്‍ കേട്ടതായി സമീപവാസികളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കാലവര്‍ഷം അതിന്റെ പ്രാചീനപ്രകൃതത്തിലേക്കു തിരിച്ചുപോകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോളെല്ലാം അനങ്ങന്‍മലയും ഇത്തരത്തില്‍ അതിന്റെ പ്രാചീനമുഴക്കങ്ങള്‍ പുറത്തെടുക്കാറുണ്ട്. ഉറങ്ങിക്കിടക്കുന്ന ഭൂതകാലം അനങ്ങന്‍മലയ്ക്കുണ്ട്..



Thursday, 13 August 2020

ശരിയായ വ്യായാമം എങ്ങനെ ചെയ്യാം..?

വ്യായാമം ചെയ്യുമ്ബോള്‍ അതിന്റെ ഫലം കിട്ടണമെങ്കില്‍ അതിന്റെ ശാസ്ത്രീയത മനസ്സിലാക്കി തന്നെ ചെയ്യണം. പലരും വ്യായാമം ചെയ്യുമ്ബോള്‍ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നുംതന്നെ ശ്രദ്ധിക്കാറില്ല.

മാത്രമല്ല വ്യായാമത്തിനു മുന്‍പ് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് ; വ്യായാമം ചെയ്യുന്ന ഒരു വ്യക്തിക്ക് പ്രത്യേകിച്ച്‌ രോഗങ്ങള്‍ ഒന്നുമില്ലെങ്കിലും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.

. ഇറുകിയ വസ്ത്രങ്ങള്‍ കൂടുതലും വ്യായാമം ചെയ്യുന്ന സമയത് ധരിക്കാതിരിക്കുന്നതാണ് ഉത്തമം.

•  അയവുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.

•  ശരീരത്തിന്റെ ചലനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക.

•  അത്‌ലറ്റിക് ഷൂ ഉപയോഗിക്കുക 

•  പരമാവധി ഹീല്‍ ഉള്ള ചെരുപ്പുകള്‍ ഒഴിവാക്കുക.

•  വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതാണ് നമ്മുടെ ആരോഗ്യത്തിനു ഏറ്റവും ഉത്തമം
 
•  അത് ആരോഗ്യ നില തന്നെ മെച്ചപ്പെടുത്താന്‍ വളരെ സഹായിക്കുന്നു.

•  45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ദിവസേന വ്യായാമം ചെയ്യാനാണ് വിദഗ്ധരുടെ ഉപദേശം.

ഇവ കൂടാതെ അമിതമായ വ്യായാമം ശരീരത്തിന് ദോഷവും ചെയ്യുന്നു എന്നതാണ് വാസ്തവം.കാലിനോ നടുവിനോ നെഞ്ചിനോ വേദന അനുഭവപ്പെടുക.വല്ലാത്ത ക്ഷീണം തോന്നുക,അമിതമായി വിയര്‍ക്കുക,സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, ശ്വാസംമുട്ടല്‍ അനുഭവപ്പെടുക,അമിതമായ ദാഹം അനുഭവപ്പെടുക എന്നിവ അമിത വ്യായാമത്തിന്റെ ലക്ഷണങ്ങളാണ്..

Wednesday, 12 August 2020

ആരോഗ്യ ചിന്തകൾ.. മൂത്രമൊഴിക്കാതെ പിടിച്ചു നിന്നാൽ..?

ചാറ്റിങ്ങിലോ ഗെയിമുകളിലോ ഒക്കെ ലയിച്ചിരിക്കുമ്പോൾ ആവും പലർക്കും മൂത്രശങ്ക അനുഭവപ്പെടുന്നത്. അതും അല്ലെങ്കിൽ വല്ല ജോലിതിരക്കുകളിലോ യാത്രകളിലോ ആയിരിക്കുമ്പോൾ. 

ഇതുകൊണ്ടൊക്കെ തന്നെ ടോയ്‌ലറ്റിൽ പോകാൻ പലരും മടി കാണിക്കുകയും ചെയ്യും. എന്നാൽ മൂത്രം ഒഴിക്കാൻ തോന്നുന്ന സമയങ്ങളിൽ അത് പിടിച്ചു നിർത്തുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പലരും ബോധവാന്മാരും ബോധവതികളും അല്ല.

മൂത്രം ഒഴിക്കാതിരുന്നാൽ അസുഖങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. എന്നാൽ ഇതുമൂലം മാരകമായ അസുഖങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം.
 
കിഡ്നി സ്റ്റോൺ

ഉപ്പും, മിനറൽസും മൂത്രത്തിൽ കട്ട പിടിച്ച് മൂത്രത്തിൽ ചെറിയതരം കല്ല് രൂപപ്പെടുന്നു. പിന്നീടത് വളർന്ന് വലിയ ബോൾ രൂപത്തിലാകുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. ഈ സ്റ്റോൺ കിഡ്നിയിൽ തന്നെ ഇരിക്കാം, അല്ലെങ്കിൽ മൂത്രാശയത്തിൽ നിന്നും കിഡ്നിയിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളിൽ നല്ല വേദന അനുഭവപ്പെടാം. അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ കാണിക്കാം. ഈ അസുഖം പ്രധാനമായും ഉണ്ടാകുന്നത് മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്നവരിൽ ആണ്. മൂത്രത്തിലെ ലവണങ്ങൾ ക്രിസ്റ്റൽ ആയി മാറുകയും ഈ ക്രിസ്റ്റലുകൾ രൂപാന്തരപ്പെട്ടു കിഡ്നി സ്റ്റോൺ ആയി മാറുകയും ചെയ്യുന്നു.കിഡ്നി സ്റ്റോൺ ചെറിയൊരു രോഗമായി ആരും കാണരുത്. ഇത് വലിയ അപകടകാരിയാണ്. ഒരു നിശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. തുടക്കത്തിൽ നിങ്ങൾക്ക് ഇത്തരം പ്രശ്നം തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ ഒന്നിലേറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ നിങ്ങൾ ചികിത്സ തേടേണ്ടതാണ്.
 
അണുബാധ

മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാൽ മൂത്രനാളം വഴി മൂത്രസഞ്ചിയിൽ അണുക്കൾ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയിൽ യൂറിനറി ഇന്ഫെക്ഷൻ എന്ന് പറയുന്നത്. എന്നാൽ കിഡ്നി മുതൽ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങള് ഏറിയും മാറിയുമിരിക്കും.യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തിൽ മൂത്രം കെട്ടിനിൽക്കുന്നത് അണുക്കൾ വളരാനുള്ള സാഹചര്യം ഒരുക്കുന്നു.
 
മൂത്രസഞ്ചി വീക്കം

മൂത്രസഞ്ചി വീക്കം സാധാരണയായി പുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന കാരണം മൂത്രം കെട്ടിനിർത്തുന്നതിലൂടെ ഉണ്ടാകുന്ന അതികഠിനമായ വേദനയും തുടർന്നുണ്ടാകുന്ന നീര് വയ്ക്കലും ആണ്.മാത്രമല്ല ഇതിന്റെ ഭാഗമായി മൂത്രം ഒഴിക്കുമ്പോൾ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.

ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്ജ്ജലീകരണം സംഭവിയ്ക്കുകയും ചെയ്യുകയും ഇത് കിഡ്നിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു. മാനസികാരോഗ്യത്തേയും ഇത് കാര്യമായി തന്നെ ബാധിയ്ക്കുന്നു എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.മാനസികമായി ഉത്കണ്ഠയുണ്ടാകുന്നതിനാണ് ഇതിലൂടെ കൂടുതലും കാരണമാകുന്നത്. മൂത്രം ഒഴിക്കാതെ ഇരുന്ന ഒരാൾ കുഴഞ്ഞു വീണു മരിച്ചു എന്നൊരു വാർത്ത കണ്ടാൽ ഇനി ആരും ഞെട്ടണ്ട പകരം കാരണം ഇവയിൽ ഏതെങ്കിലും ആണെന്ന് ഓർക്കുക..

Tuesday, 11 August 2020

വിഷം കുടിക്കുന്ന ചെടികൾ..

മണ്ണിൽ ലയിച്ചുചേർന്നിട്ടുള്ള ലോഹങ്ങളെ ആഗിരണം ചെയ്യാൻ ചിലചെടികൾക്ക് സവിശേഷമായ കഴിവുകൾ ഉണ്ട്. ഇങ്ങനെയുള്ള ചെടികൾ മണ്ണിൽ നിന്നും വിശ്വസിക്കാനാവാത്തത്ര സാന്ദ്രതയിൽ ലോഹങ്ങളെ സ്വീകരിച്ച് അതിന്റെ ശരീരത്തിൽ സൂക്ഷിക്കുന്നു. ഇത്തരം സസ്യങ്ങൾ ഹൈപ്പർഅക്യൂമുലേറ്റർ (Hyperaccumulator) എന്നാണ് അറിയപ്പെടുന്നത്. ആകെയുള്ള ഏതാണ്ട് മൂന്നുലക്ഷത്തോളം സസ്യങ്ങളിൽ അഞ്ഞൂറോളം പുഷ്പിക്കുന്ന സസ്യങ്ങൾ ഈ സ്വഭാവം കാണിക്കുന്നവയാണ്.

പലപ്പോഴും വ്യവസായവൽക്കരണത്തിന്റെയും ഖനനത്തിന്റെയും ഭാഗമായി പരിസ്ഥിതി മലിനീകരണപ്പെട്ടത് പൂർവ്വസ്ഥിതിയിലാക്കാൻ സസ്യങ്ങൾക്കുള്ള ഈ ശേഷി ഉപയോഗിക്കാവുന്നതാണ്. ഈ പരിപാടി ഫൈറ്റോറെമഡിയേഷൻ ( Phytoremediation) എന്നറിയപ്പെടുന്നു. ഇത്തരം ചെടികൾ നടുന്നതുവഴി ആ പ്രദേശങ്ങളിലെ മണ്ണിലെ വിഷമയമുള്ള ലോഹങ്ങൾ നീക്കം ചെയ്യാൻ കഴിയും, എന്നുമാത്രമല്ല ഈ ലോഹങ്ങളെ വേർതിരിച്ചെടുക്കാനും ഈ രീതി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഈ ലോഹങ്ങളെ ചെടികൾ വലിച്ചെടുക്കുന്നത് എളുപ്പമാക്കുവാൻവേണ്ടി മറ്റു ചിലപദാർത്ഥങ്ങളും മണ്ണിൽ ചേർക്കാറുണ്ട്. പരിസ്ഥിതിസൗഹൃദഖനനങ്ങളിലും ഈ മാർഗം ഉപയോഗിക്കാനാവും. ഇങ്ങനെ മാലിന്യം വലിച്ചെടുത്ത ചെടികളെ സംഭരിച്ച് അവയിൽനിന്നും ആ ലോഹങ്ങളെ വേർതിരിക്കുന്ന പ്രക്രിയയ്ക്ക് ഫൈറ്റോഎക്സ്ട്രാക്ഷൻ (Phytoextraction) എന്നാണ് പറയുന്നത്.

ലോകത്തേറ്റവും നിക്കൽ ഖനനം ചെയ്യുന്നത് ഫിലിപ്പൈൻസിൽ ആണ്. നിക്കൽ ലോഹം പലതരത്തിലും വിഷമയമാണ്. ആറരക്കോടിവർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ അതിൽ ഉണ്ടായിരുന്ന നിക്കൽ മണ്ണിൽ‌പ്പരന്നത് വലിച്ചെടുത്ത് വിഷമയമായ ചെടികളെ ഭക്ഷിച്ചാണ് ജീവികളും ദിനോസറുകളും മരണമടഞ്ഞതെന്ന് ഒരു സിദ്ധാന്തം പോലുമുണ്ട്. ഫിലിപ്പൈൻസിൽ പുതുതായി കണ്ടെത്തിയ ഒരു ചെടിക്ക് മണ്ണിൽനിന്നും മറ്റുചെടികൾ വലിച്ചെടുക്കുന്നതിന്റെ ആയിരം മടങ്ങ് നിക്കൽ ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. അതിനാൽത്തന്നെ ആ ചെടിക്ക് റിനോറിയ നിക്കോളിഫെറ (Rinorea niccolifera) എന്നാണ് പേരു നൽകിയിരിക്കുന്നത്. എട്ടുമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിന്റെ അതേ ജനുസിൽപ്പെട്ട ഒരു മരം നമ്മുടെ നാട്ടിൽ ഉണ്ട്, റിനോറിയ ബംഗാളെൻസിസ് (Rinorea bengalensis). ഈ ചെടിയും നിക്കലിനെ സ്വാംശീകരിക്കാൻ കഴിവുള്ളതാണ്. 

ഈ ചെടിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ചെറുപുലിത്തെയ്യൻ എന്ന ശലഭം മുട്ടയിടുന്നതായിക്കണ്ടെത്തിയിട്ടുള്ള ഏകസസ്യം റിനോറിയ ബംഗാളെൻസിസ് ആണ്. എങ്ങാനും ഈ ചെടി ഇല്ലാതായാൽ അതോടൊപ്പം ആ ശലഭവും ഇല്ലാതാകുമെന്നുസാരം. 

1972-ലെ വന്യജീവിസംരക്ഷണനിയമത്തിലെ സംരക്ഷിതവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പൂമ്പാറ്റയാണ് ചെറുപുലിത്തെയ്യൻ .

ലോഹങ്ങളെ വലിച്ചെടുക്കാനുള്ള കഴിവുള്ള ചെടികൾ വേറെയുമുണ്ട്. ചെർണോബിൽ ദുരന്തത്തെത്തുടർന്ന് സീഷിയം ലോഹവും സ്ട്രോൺഷിയം ലോഹവും കലർന്ന ഒരു തടാകത്തിൽ നിന്നും അവയെ നീക്കം ചെയ്യാൻ സൂര്യകാന്തിച്ചെടിയെയാണ് ഉപയോഗിച്ചത്.  റേഡിയോ ആക്ടീവതയുള്ള ലോഹങ്ങളെ തന്റെ വേരിൽക്കൂടി വലിച്ചെടുത്ത് ഇലകളിലും കാണ്ഡങ്ങളിലും സംഭരിക്കുവാൻ സൂര്യകാന്തിച്ചെടികൾക്ക് ഒരു പ്രത്യേകകഴിവാണുള്ളത്. അതിനാൽത്തന്നെ അന്താരാഷ്ട്ര ആണവനിർമ്മാർജ്ജനത്തിന്റെ പ്രതീകമാണ് സൂര്യകാന്തിപ്പൂവ്. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ അപകടത്തെത്തുടർന്ന് ആ പ്രദേശങ്ങളിലും ചുറ്റുപാടുകളിലും ആവുന്നിടത്തെല്ലാം ജപ്പാനിലെ ആൾക്കാർ ദശലക്ഷക്കണക്കിനു സൂര്യകാന്തിച്ചെടികളാണ് നട്ടുവളർത്തുന്നത്.

പലകാരണങ്ങളാൽ ഒരിക്കൽ ഗുണനിലവാരം കുറഞ്ഞുകഴിഞ്ഞാൽ തിരിച്ച് പരിസ്ഥിതിയെ പൂർവ്വനിലയിലാക്കാനും വിഷപദാർത്ഥങ്ങളെ അരിച്ചുമാറ്റുവാനും ചെടികളുടെ ഈ കഴിവിനെ ഉപയോഗിക്കാറുണ്ട്. ചെടികൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മാലിന്യനിർമ്മാർജ്ജനം തീരെ ചെലവുകുറഞ്ഞ പരിപാടിയാണ്. വേണ്ടരീതിയിൽ ഉള്ള സസ്യങ്ങൾ നട്ടുസംരക്ഷിക്കുകയേ വേണ്ടൂ. അവ വളരുന്നതിനനുസരിച്ച് മണ്ണിലെ വിഷലോഹങ്ങൾ ആഗിരണം ചെയ്യപ്പെട്ട് ചെടിയിൽ സംഭരിക്കപ്പെടും. യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാത്തതുകൊണ്ടും മണ്ണിനെ ഇളക്കിമറിക്കേണ്ടാത്തതിനാലും ഈ പ്രക്രിയ വളരെ ലാഭകരമാണ്. എന്നാൽ മരം വളരുന്ന വേഗത കുറവായതിനാൽ ഏറെക്കാലം വേണ്ടിവരും ഇത് വിജയകരമായിത്തീരാൻ, അവയുടെ വേരുകൾക്ക് എത്താൻ പറ്റുന്ന ആഴത്തിൽ ഉള്ള ലോഹങ്ങളെ മാത്രമേ ഇവയ്ക്ക് വലിച്ചെടുക്കാനാവുകയുള്ളൂ. ഇങ്ങനെ വിഷത്തെ ആഗിരണം ചെയ്ത ചെടികളെ സുരക്ഷിതമായി ഒഴിവാക്കേണ്ടതുമുണ്ട്.

എന്തിനാവും സസ്യങ്ങൾ ഇങ്ങനെ കൊടും വിഷമായ മൂലകങ്ങളെ സ്വന്തം ശരീരത്തിൽ ശേഖരിക്കുന്നത്? ഒരുപക്ഷേ തങ്ങളുടെ ഇലകൾ തിന്നാൻ വരുന്ന ജീവികളെ പിന്തിരിപ്പിക്കാനാവും. എങ്ങനെയൊക്കെയാണെങ്കിലും ഭൂമിയിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾതന്നെ മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ പൂർവ്വനിലയിലാക്കാനും വേണ്ടിവരുന്നു എന്നത് സസ്യങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും വീണ്ടും എടുത്തുകാണിക്കുന്നു..

 

Monday, 10 August 2020

ക്ലെപ്റ്റോപാരസൈറ്റിസവും.. ബ്രൂഡ് പാരസൈറ്റിസം.. ഇവ എന്താണ്..?

കാക്കക്കൂട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്ന ചുമതല കാക്കയുടെ തലയിൽ കെട്ടിവെക്കുന്ന കുയിലുകളുടെ തട്ടിപ്പിനെ ബ്രൂഡ് പാരസൈറ്റിസം (Brood Parasitism) എന്നാണ്പറയുക.പക്ഷികളിൽ മാത്രമല്ല തേനീച്ചകളിലും ഉണ്ട് ഇത്തരക്കാർ.കുക്കൂ തേനീച്ചകളാണ് (cuckoo bee)ഒരുപടി മുന്നിൽ നിൽക്കുന്നത്.മറ്റുള്ളവരുടെ ആഹാരവും കൂടും തട്ടിയെടുക്കുന്ന ക്ലെപ്റ്റോപാരസൈറ്റിസവും ഇവരിലുണ്ട്.

രണ്ട് തരത്തിലാണ് പെൺ തേനീച്ചകൾ തട്ടിപ്പ് നടത്തുന്നത്..

ഒന്ന് കൂട്ടിൽ കയറി മുട്ടയിട്ട് പോരുക.

രണ്ട് തേനീച്ച കോളനിയിൽ കയറി റാണിയെ കൊന്ന് കോളനി സ്വന്തമാക്കുക.

മണം പിടിക്കാൻ അപാരകഴിവുള്ള ഇവർ ദിവസങ്ങളോളം നിരീക്ഷണം നടത്തും.കൂടിന്റെ യഥാർത്ഥ ഉടമസ്ഥർ മുട്ടയിട്ട് വിരിയുന്ന ലാർവകർക്ക് തീറ്റയൊരുക്കി പുറത്ത് പോകുന്ന നേരത്ത് ഇവർ കൂട്ടിൽ കയറി സമീപത്ത് മുട്ടയിടും.യഥാർത്ഥ അവകാശിയുടെ മുട്ട ഏതേലും വിരിഞ്ഞിട്ടുണ്ടേൽ അവയേയും ഭക്ഷണമാക്കും.അതിക്രമിച്ച് കടക്കുന്ന തേനീച്ചയുടെ മുട്ടകൾ വേഗം വിരിയുന്നവയാണ്.ഈ ലാർവകൾ കൂട്ടിലെ ഭക്ഷണം തീർക്കുകയും യഥാർത്ഥ അവകാശികളായ ലാർവകളെ തിന്നുകയും ചെയ്യും.ജോലിക്കാർ തീരെ കുറവുള്ളവയും വളരെ കൂടുതലുള്ളതുമായ കൂടുകൾ ഇവർ തിരഞ്ഞെടുക്കാറില്ല.ഏതാണ്ട് ഒരുപോലിരിക്കുന്ന തേനീച്ചകളുടെ കൂടുകളിലാണ് തട്ടിപ്പ് നടത്തുന്നത്. മറ്റുള്ളവർക്ക് തിരിച്ചറിയാൻ പ്രയാസമാവുമിത്. സ്വന്തമായി കൂടോ ഭക്ഷണം തേടാൻ ജോലിക്കാരൊ ഇല്ലാതിരുന്ന കുക്കൂവിന് ചുളുവിൽ റാണിയാവാം.അതിക്രമിച്ചു കയറിയ കുക്കൂ തേനീച്ചയ്ക്ക് റാണിയാവാൻ പറ്റിയില്ലെങ്കിലും അതിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പെൺ തേനീച്ചകൾക്ക് അതിനുള്ള അവസരമുണ്ടായേക്കാം.

Sunday, 9 August 2020

റോസ് വാട്ടർ..

റോസാപ്പൂവിന്റെ ഇതളുകൾ ഏറെനേരം വെള്ളത്തിലിട്ട് നിർമ്മിക്കുന്ന പാനീയമാണ് റോസ് വാട്ടർ. സുഗന്ധലേപന നിർമ്മാണത്തിനായി റോസ് ഇതളുകൾ ഡിസ്റ്റിൽ ചെയ്യുമ്പോൾ ലഭിക്കുന്ന ഉപഉൽപ്പന്നമാണിത്. ഇത് ഭക്ഷണപദാർഥങ്ങൾക്ക് രുചി നൽകാനും, മതപരമായ ആഘോഷങ്ങൾക്കും, സൗന്ദര്യവർധക പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നു. റോസ് വാട്ടറിൽ പഞ്ചസാര ചേർത്താണ് റോസ് സിറപ്പ് നിർമ്മിക്കുന്നത്.യൂറോപ്പിലും ഏഷ്യയിലുമാണ് റോസ് വാട്ടർ പ്രധാനമായും ഉപയോഗത്തിലുള്ളത്.


ഉദ്ഭവം

പൂവിതളുകളിൽ നിന്നും സുഗന്ധലേപനങ്ങൾ നിർമ്മിക്കുന്ന വിദ്യ പുരാതന ഗ്രീക്കുകാർക്കും, പേർഷ്യക്കാർക്കും അറിയാമായിരുന്നു. റോസ് വാട്ടർ 'ഗൊലാബ്' എന്ന പേരിൽ പേർഷ്യയിൽ പ്രസിദ്ധമായിരുന്നു. ഡിസ്റ്റിലറികളിൽ വ്യാവസായിക അടിസ്ഥാനത്തിൽ റോസ് വാട്ടർ നിർമ്മിക്കുന്ന സങ്കേതം വികസിപ്പിച്ചെടുത്തത് പേർഷ്യൻ രസതന്ത്രജ്ഞനായ അവിസീനിയയാണ്. അത്തർ നിർമ്മാണത്തിനു ശേഷം ബാക്കിയാവുന്ന ദ്രാവകം റോസ് വാട്ടറിനായി ചിലയിടങ്ങളിൽ ഉപയോഗിക്കുന്നു.

ഉപയോഗങ്ങൾ

അറേബ്യൻ വിഭവങ്ങളിൽ പലതിലും റോസ് വാട്ടർ ധാരാളമായി ഉപയോഗിക്കുന്നു. ഇറാനിൽ റോസ് വാട്ടർ ചായ, ഐസ്ക്രീം, മധുര പലഹാരങ്ങൾ എന്നിവയിൽ ചേർക്കുന്നു. ഇന്ത്യയിലും പാകിസ്താനിലും പാലുൽപ്പന്നങ്ങൾക്ക് നിറവും ഗന്ധവും നൽകാൻ റോസ് വാട്ടർ ഉപയോഗിക്കുന്നു. ചുവന്ന വീഞ്ഞിനു പകരമുള്ള ഹലാൽ ചേരുവയായും റോസ് വാട്ടർ ഉപയോഗത്തിലുണ്ട്. ഗുലാബ് ജാമുൻ നിർമ്മിക്കുന്നത് റോസ് വാട്ടർ പാനീയത്തിലാണ്. ആയുർവേദത്തിൽ കണ്ണിന് കുളിർമ നൽകാൻ റോസ് വാട്ടർ ചേർത്ത ദ്രാവകങ്ങൾ ഉപയോഗിക്കുന്നു. മുസ്ലീം തീർഥാടനകേന്ദ്രമായ കഅബ വൃത്തിയാക്കുന്നത് സംസം വെള്ളത്തിൽ റോസ് വാട്ടർ ചേർത്ത മിശ്രിതം കൊണ്ടാണ്.

മൂട്ടകൾ ഉറക്കം കെടുത്തുമ്പോൾ..

ജീവിതത്തിൽ ഇതുവരെ മൂട്ട കടി കൊള്ളാത്തവർ ഇത് വായിക്കണ്ട. നിങ്ങളുടെ ജന്മം എന്തിന് കൊള്ളാം! അതൊരു ഒന്നൊന്നര കാലം തന്നെയായിരുന്നു. ഹ ഹ

മൂട്ടയെ കണ്ടുകിട്ടാൻ ഇക്കാലത്ത് കുറച്ച് വിഷമമാണ്. കുറച്ച് വർഷം മുമ്പ് വരെ നമ്മുടെ നാട്ടിലെ സ്ഥിതി ഇതായിരുന്നില്ല. പലർക്കും ഇരിക്കപ്പൊറുതികൊടുക്കാതിരുന്നതും ഉറക്കം നഷ്ടമാക്കിയതും  ഇവരായിരുന്നു. സിനിമക്കൊട്ടകളിലെ സീറ്റുകളും, റയിൽവേ സ്റ്റേഷനിലെ മരബെഞ്ചുകളും, ഹോസ്റ്റൽ മുറികളിലെ കട്ടിലുകളും അവ അടക്കിവാണു, മൂട്ടരാവുകൾ എല്ലാവരുടെയും പേടീസ്വപ്നമായിരുന്നു. രത്രികൾ നിദ്രാവിഹീനങ്ങളാക്കാൻ മൂട്ടകൾക്ക് പ്രത്യേക കഴിവുതന്നയുണ്ടായിരുന്നു.. പായയും കിടക്കകളും വെയിലത്തിട്ടും, നായ്തുമ്പ ( മൂട്ടക്കൊല്ലി ) പോലുള്ള ചെടികളുടെ ഇലയും തണ്ടും വിതറിയും, വിഷമരുന്നടിച്ചും ഇവയെ കൊല്ലാൻ പലവിദ്യകളും നോക്കും. വെയിൽകൊണ്ട് ചൂടുപിടിച്ചാൽ പായമടക്കുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങി ഇവ മുറ്റത്ത് ഓടാൻ തുടങ്ങും. അപ്പോൾ പെരുവിരൽകൊണ്ട് ചതച്ച്കൊല്ലാൻ മൂട്ടകടികൊണ്ട ആർക്കും തോന്നിപ്പോകും. പക്ഷെ മൂട്ടയെകൊല്ലുമ്പോൾ വല്ലാത്തൊരു നാറ്റമുണ്ടാകും, അതുകൊണ്ട് മാത്രം ചിലർ മടിക്കും...


    മൂട്ടകൾ മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങീട്ട് ആയിരക്കണക്കിന് വർഷമായി.. Cimex lectularius  എന്നാണിതിന്റെ ശാസ്ത്ര നാമം   സിമിസിഡെ കുടുംബത്തിൽ പെട്ട ഈ  ചോരകുടിയൻ പരാദജീവി കാഴ്ചക്ക് വളരെ ചെറുതാണ്. ചുകപ്പ് കലർന്ന ബ്രൗൺ നിറം. അര സെന്റീമീറ്ററിനടുത്ത് നീളം .പരിചയമില്ലാത്തവർക്ക് കാഴ്ചയിൽ വളരെചെറിയ കുഞ്ഞുപാറ്റയാണെന്ന് തോന്നും. വിരിഞ്ഞിറങ്ങിയ ഉടനുള്ള മൂട്ടകുഞ്ഞുങ്ങൾക്ക് നിറം കുറവായിരിക്കും, സുതാര്യമായ ശരീരം. വളർച്ച പൂർത്തിയാകുന്നതിനനുസരിച്ച്, ചോരകുടിക്കാൻ കിട്ടുന്നതിനനുസരിച്ച് കടും നിറത്തിലേക്ക് മാറും.. ഉറുമ്പിന്റേതുപോലെ ജോറായുള്ള ഓട്ടമാണ് ഇവർക്ക്..ചോര മാത്രമാണിതിന്റെ ഭക്ഷണം  .  

പകലൊക്കെ കിടക്കയുടെ ചുളിവുകൾക്കുള്ളിലും മരവിടവുകളിലും ഒക്കെ ഒളിച്ചിരിക്കും. ഇവ രാത്രിയാണ്  ചോര തേടി പുറത്തിറങ്ങുക. നമ്മുടെ  ചർമ്മത്തിനുള്ളിൽ തുളച്ചാണ് ചൊറകുടി. കാര്യമായ  വിഷമമൊന്നും ഇവയുടെ കടികൊണ്ട് നമുക്ക് ഉണ്ടാകുന്നില്ലെങ്കിലും, വല്ലാത്തൊരു ശല്യക്കാരാണിവർ. കടികിട്ടിയ സ്ഥലത്ത് ചൊറിച്ചിലും, തൊലിയിൽ തിണിർപ്പും, ചുവന്ന പാടും ഒക്കെ ചിലർക്ക് ഉണ്ടാകും. അപൂർവ്വം ചിലർക്ക് കടുത്ത അലർജി ലക്ഷണങ്ങൾ കാണും. കുറച്ച് പേർക്ക് മാനസികമായ വിഭ്രമമായിരിക്കും ഉണ്ടാകുക. മൂട്ടകടിക്കുമോ എന്ന പേടികൊണ്ട് ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഇടക്ക് കിടക്കവിരിയിൽ മൂട്ടയെ തിരഞ്ഞ്, നേരം പുലർത്തും അവർ.. ചോരകുടിക്കുമെങ്കിലും കൊതുകുകളെപ്പോലെ അതിന്റെ കൂടെ രോഗം പകർത്തുന്ന പരിപാടിയൊന്നും മൂട്ടകൾക്കില്ല. (അപൂർവ്വമായി ആർബോ വൈറസുകൾ ഇവയിലൂടെ പകരുന്നതായി കണ്ടിട്ടുണ്ട്.) ഐഡ്സും മഞ്ഞപ്പിത്തവും ഒന്നും മൂട്ടകടിയിലൂടെ പകരുന്നതായി ഇതുവരെ കണ്ടെത്തീട്ടില്ല- ആശ്വാസം
 
മനുഷ്യർക്കൊപ്പം പരാദജീവിയായി ജീവിക്കാൻ തുടങ്ങിയ ഇവ അതിജീവനത്തിനുള്ള അപാരമായ കഴിവുകൾ നേടീട്ടുണ്ട്. മൈനസ് 15 ഡിഗ്രിസെൽഷിയസിൽ പോലും 5 ദിവസം പിടിച്ച് നിൽക്കാൻ ഇവർക്ക് കഴിയും. തണുപ്പ് കൂടിയാൽ ഇവ ഒരു തരം ശിശിരനിദ്രയിലേക്ക് വീഴും. വളരെക്കുറച്ച് ഊർജ്ജം മാത്രം ചിലവാക്കി ജീവൻ പോകാതെ നോക്കും.. –  റെഫ്രിജറേറ്ററിനുള്ളിൽ പോലും ഇവ വേഗത്തിലൊന്നും ചാവില്ലെന്നർത്ഥം.എന്നാൽ ചൂട് അത്രയ്ക്ക് സഹിക്കാനാവില്ല. പുറത്ത്ചൂടുകൂടി ശരീരഭാരത്തിന്റെ മൂന്നിലൊരുഭാഗം ഉണങ്ങി വരണ്ട് ചാട്ടപോലെ ആയാലും  ഇവ എളുപ്പത്തിൽ ചത്തുപോകില്ല. ഇത്തിരി രക്ത സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ വീണ്ടും ഉശാർ ആയിക്കോളും. പക്ഷെ 45 ഡിഗ്രി സെൽഷിയസ് ചൂടിനപ്പുറം അതിന് അതിജീവിക്കാനാവില്ല.

 രസകരമായ കാര്യം ചൂട് കുറവുള്ളപ്പോൾ ഒരുവർഷം വരെ പട്ടിണികിടന്നാലും ഇവ ചാകില്ല എന്നതാണ്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് പോലും ആദ്യത്തെ രക്തസദ്യ കിട്ടാൻ ആഴ്ചകൾ താമസിച്ചാലും പ്രശ്നമൊന്നുമില്ല.. ചോരയല്ലാതെ മറ്റൊന്നും കുടിക്കാത്ത മൂട്ടകൾക്ക് അത്യാവശ്യം വേണ്ട ഈർപ്പം അന്തരീക്ഷത്തിൽ നിന്നും സ്വയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്.  കാർബൺ ഡയോക്സൈഡ്, ചൂട് ,രാസഘടകങ്ങൾ എന്നിവയുടെയൊക്കെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാണ് മനുഷ്യരുണ്ടോ അരികിൽ എന്ന് ഇവ മനസിലാക്കുന്നത്. നമ്മുടെ ശരീരത്തിൽ വസ്ത്രം മൂടാത്ത എല്ലാ ഭാഗത്തും ഇവർ  കടിക്കുമെങ്കിലും മുഖം , കഴുത്ത്, കൈകൾ, പുറം എന്നിവിടങ്ങളാണ് കൂടുതൽ ഇഷ്ടം. കടിക്കുമ്പോൾ ഉമിനീരിനൊപ്പം, രക്തം കട്ടപിടിക്കാതിരിക്കാനും വേദനയറിയാതിരിക്കാനുമുള്ള ചില രാസവസ്തുക്കളും ഉള്ളിലേക്ക് കടത്തും..അതുകൊണ്ട് കടികൊള്ളുമ്പല് നമ്മളറിയില്ല. കടിച്ച് മൂട്ട സ്ഥലം വിട്ട ശേഷമായിരിക്കും നമ്മൾക്ക് ചൊറിച്ചിലും വേദനയും തുടങ്ങുക...മൂട്ടശല്യം രണ്ടാം ലോക മഹായുദ്ധകാലത്ത് സഖ്യശക്തികളിലെ പട്ടാളബാരക്കുകളിലെ ഉറക്കം കളഞ്ഞിരുന്നു..

Friday, 7 August 2020

ഭൂമിയിലെ നിഗൂഢതകൾ.. (അഞ്ചാം ഭാഗം)

ഭൂമിയിലെ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ഓസ്ട്രേലിയയിലെ ബ്ലാക്ക് മൌണ്ടൻ പർവ്വതം. പ്രത്യേകരൂപത്തിലുള്ള കറുത്ത കല്ലുകൾ കൊണ്ട് അടുക്കപ്പെട്ട ഒരു പർവ്വതമാണിത്, അതുകൊണ്ടുതന്നെ ധാരാളം ഗുഹകളും തുരങ്കങ്ങളും ഇവിടെ കാണപ്പെടുന്നു. ഇവിടേക്ക് പോയ അനേകം ആളുകൾ മാത്രമല്ല അവരെ അന്വേഷിക്കാൻ ചെന്ന സുരക്ഷാ സേനകൾ പോലും തിരോധാനം ചെയ്യപ്പെട്ടു. ഈ മലകൾക്ക് മുകളിലൂടെ പറക്കുമ്പോൾ വിമാനങ്ങളിൽ ഈ പ്രദേശത്തെ കാന്തികശക്തി മൂലം നാവിഗേഷൻ ഉപകരങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ സമീപവാസികൾ ഇവിടെ നിന്നും പൊട്ടിത്തെറികളുടെ ശബ്ദങ്ങളും വിചിത്രമായ രോദനങ്ങളും കേൾക്കുന്നതായും പറയന്നുണ്ട്. അവരുടെ വിശ്വാസപ്രകാരം ഇത് റെയിൻബോ സെർപന്റ് എന്ന ഭീകരസർപ്പത്തിന്റെ വാസസ്ഥലമാണത്രേ.
ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയമുള്ള എൽ പാസോ ഹൈവേയ്ക്കു സമീപം മെക്സിക്കോയിലുള്ള ഒരു മരുഭൂമി പ്രാദേശമാണ് സോൺ ഓഫ് സൈലൻസ് (Zone of Silence). ഇവിടുത്തെ സസ്യങ്ങളും മരുഭൂമിയിലെ ജീവികളും വൈചിത്ര്യം നിറഞ്ഞതാണ്. ഒരുതരം മ്യൂട്ടേഷൻ ബാധിച്ചവ. കൂടാതെ ഇതേ സ്ഥലത്ത് പണ്ടുമുതലേ ധാരാളം ഉൽക്കകൾ പതിച്ചിട്ടുമുണ്ടത്രേ. ചില സമയങ്ങളിൽ ഇവിടെ പതിവായി റേഡിയോ സിഗ്നലുകൾ വർക്ക് ചെയ്യാതിരിക്കുന്നുണ്ട്, മൊബൈൽ ഫോണുകളിൽ സിഗ്നനൽ പോലും ആ സമയങ്ങളിൽ കാണിക്കാറില്ല. 1970 ൽ അമേരിക്കൻ സൈന്യം ന്യൂമെക്സിക്കോയിൽ നടത്തിയ ഒരു പരീക്ഷണ മിസൈൽ വിക്ഷേപണത്തിൽ, വീഴാൻ ടാർഗെറ്റ് ചെയ്ത സ്ഥലവും കടന്ന് മൈലുകൾ താണ്ടി ഒരഞ്ജാത ശക്തിയുടെ ആകർഷണം പോലെ ഇവിടെ വന്ന് മിസൈൽ പതിക്കുകയുണ്ടായി. ഇന്നും അതിന്റെ കാരണം കണ്ടുപിടിക്കാൻ ആർക്കുമായിട്ടില്ല. തദ്ദേശനിവാസികളുടെ പല നിറം പിടിപ്പിച്ച കഥകളും ഈ പ്രദേശത്തെ പറ്റിയുണ്ട്.
ടർക്കിയിലെ കപാഡോക്കിയയിലെ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന ഗുഹാനഗരവും സമാനമായ നിഗൂഡതകൾ പേറുന്നു. ലോകത്തെ അതിപ്രാചീന നിർമ്മിതികളിൽ ഒന്നാണിത്. ഭൂമിശാസ്ത്രപരമായി ഇവിടെയുണ്ടായിരുന്ന ജനത ഭൂമിക്കടിയിൽ താമസിക്കേണ്ട യാതൊരു ആവശ്യവുണ്ടായിരുന്നില്ല. എന്നിട്ടും എന്തോ അഞ്ജാത കാരണത്താൽ ഈ മനുഷ്യർ ഭൂമിക്കടിയിൽ ആഴത്തിൽ 13 നിലകളിലായി അതിവിദഗ്ധമായി മനുഷ്യവാസകേന്ദ്രങ്ങൾ പണിതിരിക്കുന്നു. ഇവയിൽ ഏറ്റവും താഴേത്തട്ടുവരെ സുഗമമായി വായുസഞ്ചാരം ലഭിക്കത്തക്ക വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അന്നത്തെ നിർമ്മാണരീതികൾ വച്ച് യന്ത്രങ്ങളുടെ സഹായമില്ലാതെ ഇത്രയും വൈദഗ്ദ്ധ്യത്തോടെ ഭൂമിക്കടിയിൽ ഒരു നഗരം പണിതുയർത്തണമെങ്കിൽ അതിനു പിന്നിൽ ഒരു അമാനുഷികമായ ശക്തിയൊ ബുദ്ധിയോ ഇടപെട്ടിട്ടുണ്ടാകണമെന്നാണ് ഗവേഷകർ പറയുന്നത്.

Wednesday, 5 August 2020

ഇൻകാ സാമ്രാജ്യം.. ഒരു ചുരുളഴിയാത്ത രഹസ്യം..

കൊളമ്പിയൻ കാലഘട്ടത്തിനു മുമ്പുള്ള അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഇൻകാ സാമ്രാജ്യം. 16ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇൻകാ സാമ്രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ, സൈനിക കേന്ദ്രങ്ങൾ ഇന്നത്തെ പെറുവിലെ കുസ്ക്കോയിലാണ് സ്ഥിതി ചെയ്തിരുന്നത്. 13 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെറുവിലെ മലനിരകളിൽ നിന്ന് ഇൻകാ സംസ്കാരം ഉദിച്ചുയർന്നിരുന്നു. ഈ സാമ്രാജ്യത്തിൻറെ അവസാനത്തെ ശക്തികേന്ദ്രം 1572 ൽ സ്പാനിഷുകാർ കീഴടക്കുകയായിരുന്നു.
അക്കാലങ്ങളിൽ ഇൻകാകളുടെ ജനസംഖ്യ ഒരു കോടിയോളം വരുമായിരുന്നുവെന്ന്‌ ചില പണ്ഡിതന്മാർ കണക്കാക്കുന്നു. തലസ്ഥാനവും പ്രധാന നഗരവുമായിരുന്ന കൂസ്‌ക്കോയിൽ ഏകദേശം 50,000 പേർ വസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. 20ലേറെ ചെറുനഗരങ്ങൾ ഇൻകാ സാമ്രാജ്യത്തിലുണ്ടായിരുന്നു. ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമായിരുന്നു മാച്ചു പിക്ച്ചു (Machu picchu). പെറുവിലെ കുസ്ക്കോ നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 8,000 അടി ഉയരത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോൺ നദിയുടെ ഒരു കൈവഴിയാണ്‌ ഉറുബാംബ. ഇൻകൻ സമ്രാജ്യത്തിൽപ്പെട്ട വളരെ പ്രശസ്തമായ പ്രദേശമാണ്‌ മാച്ചു പിക്ച്ചു, "ഇൻകാകളുടെ നഷ്ടപ്പെട്ട നഗരം" (The Lost City Of incas) എന്നാണ് ഇതറിയപ്പെടുന്നത്. നിഗൂഢതകളും രഹസ്യങ്ങളും ഉറങ്ങി കിടക്കുന്ന ചരിത്രഭൂമി കൂടിയാണ് മാച്ചു പിക്ച്ചു. അവിടെയുള്ള പലനിർമ്മിതികൾക്കും പിന്നിൽ അന്യഗ്രഹ ജീവികളാണെന്ന് വിശ്വസിക്കുന്നവർ പോലുമുണ്ട്. 1460 ന്‌ അടുത്താണത്രെ ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറു വർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം ഈ പ്രദേശം കൈയ്യൊഴിയപ്പെടുകയായിരുന്നു.


പിക്ച്ചു എന്നാല്‍ സ്പാനിഷ്‌ ഭാഷയില്‍ പര്‍വ്വതമെന്നാണ് അർത്ഥം. മാച്ചു പിക്ച്ചു എന്ന പുരാതന നഗരം ആന്റിസ് പര്‍വതനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പുരാതന നഗരത്തിന് പ്രത്യേകതകള്‍ ഏറെയാണ്. വിദൂരത്തിൽ പര്‍വതങ്ങള്‍ക്കു നടുവില്‍ ഉയരത്തിലായി ഇങ്ങനെയൊരു സ്വപ്ന നഗരി എന്തിനായിരുന്നുവെന്ന് സാധരണക്കാരായ സന്ദര്‍ശകര്‍ പോലും ഒന്ന് ചിന്തിച്ചുപോകും. മാച്ചു പിക്ച്ചുവിനെ രണ്ട് മുഖ്യ വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. നഗര വിഭാഗവും കാര്‍ഷിക വിഭാഗവും. 
 ഈ നഗരം കാണുന്ന ഒരാള്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതിന്റെ കെട്ടിട നിര്‍മാണ രീതിയെയായിരിക്കും. ഇതിന്റെ നിര്‍മാണത്തിന് പൊതുവേ നിശ്ചിത രൂപത്തില്‍ മുറിച്ചെടുത്ത കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും കൊട്ടാരങ്ങൾ, കോട്ടകൊത്തളങ്ങൾ, ദേവാലങ്ങള്‍ തുടങ്ങിയ എല്ലാ പ്രധാന നിര്‍മാണവും ക്ലാസിക്കല്‍ ഇൻകാ ശില്‍പ്പകലാ സംബ്രദായമായ ആശ്ലര്‍ രീതിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. മിനുസ്സപ്പെടുത്തിയെടുത്ത കൂറ്റന്‍ കല്ലുകള്‍ സിമന്റോ ചാന്തോ ഇല്ലാതെ ചേര്‍ത്തുവച്ചുള്ള ഒരു പ്രത്യേക നിർമാണ രീതിയാണിത്. ഒട്ടും സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന ഈ മലകള്‍ക്ക് നടുവില്‍ ചക്രങ്ങളുടെയും യന്ത്രങ്ങളുടെയും മറ്റും സഹായമില്ലാതെ ഇത്തരം കല്ലുകളെത്തിച്ച് പണിതീര്‍ത്ത ഈ മഹാനഗരം ഏവരെയും അത്ഭുതപ്പെടുത്തന്നതാണ്. പെറു, പണ്ട് മുതല്‍ക്കേ ഭൂകമ്പങ്ങള്‍ക്ക് വളരെ സാധ്യതയുള്ള രാജ്യമായിരുന്നു. സിമന്റും ചാന്തും ഉപയോഗിക്കാത്ത നിര്‍മാണം ഈ കെട്ടിടങ്ങളെ ഭൂകമ്പങ്ങളിൽ നിന്ന്  അതിജീവിപ്പിക്കുകയായിരുന്നു. ഭൂചലനങ്ങൾക്കൊപ്പം ഈ കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുമെങ്കിലും കല്ലുകള്‍ മുറിച്ചടുത്ത രീതി കാരണം അവ വീണ്ടും യഥാസ്ഥാനങ്ങളില്‍ തിരികെ വന്നുചേരുകയായിരുന്നു. 20 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കുസ്ക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആകെ അതിജീവിച്ചത് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ഇവിടത്തെ കെട്ടിടങ്ങളായിരുന്നു. ഭൂചലനങ്ങളെ അതിജീവിക്കുന്നതില്‍ ഇൻകാ ചുമരുകൾക്കൊപ്പം ഈ സങ്കേതത്തിന്റെ രൂപകൽപ്പനയും സഹായിക്കുന്നുണ്ട്. വാതിലുകള്‍ക്കും ജനലുകള്‍ക്കും വിഷമചതുർഭുജ (Trapezoidal) ആകൃതിയാണുള്ളത്. അതോടൊപ്പം അവ താഴെനിന്നും മുകളിലേക്ക് ചെരിച്ചാണ് നിർമിക്കപ്പെട്ടിരിക്കുന്നത്.


മാച്ചു പിക്ച്ചു പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം (Hiram Bingham) ആണ്‌ 1911 ൽ ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി. 1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നുവെന്നാണ്‌ അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാം ബിങ്ഹാമിനേക്കാൾ മുമ്പ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന്‌ ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്. ഇൻകാകൾ സൂര്യ ആരാധനയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു, ഇതുതന്നെയായിരുന്നു രാജ്യത്തിന്റെ ഔദ്യോഗികമതവും. ഇൻകാ ദൈവങ്ങൾ മൊത്തത്തിൽ ആദിത്യന്റെ സന്തതികളായി കരുതപ്പെട്ടിരുന്നു. ഇൻകാകൾ മൺമറഞ്ഞവരെ ആദരവോടെ കരുതിയിരുന്നു. അവരുടെ അസ്ഥികൾ ശവകൂടിരങ്ങളിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടുപോന്നു. ഇൻകാകൾ അവരുടെ രാജാക്കന്മാരെയും ആരാധിച്ചിരുന്നു, മരണാനന്തരം അവരുടെ "മമ്മി"കളെയും.
കളിമണ്ണ് ഉപയോഗിച്ചുള്ള പാത്രനിർമാണത്തിലും പ്രതിമ നിർമാണത്തിലും ഇൻകാകൾ വിദഗ്‌ധരായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മാച്ചു പിക്‌ചുവിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള മൺപാത്രങ്ങൾക്ക്‌ ഗ്രീക്ക്‌ പാത്രങ്ങളോട്‌ സാദൃശ്യമുണ്ടായിരുന്നു. മഴു, പിച്ചാത്തി, കച്ചാടി, ചവണ, സൂചി, കരണ്ടി, വള, മണി, ചിലങ്ക തുടങ്ങിയ ഉപകരണങ്ങളും അലങ്കാരവസ്‌തുക്കളും ഇവർ പിത്തളയിൽ നിർമിച്ചിരുന്നു. കൊട്ടാരങ്ങൾ ദേവാലയങ്ങൾ എന്നിവയുടെ പ്രധാനമുറികളിൽ, പലതരം രൂപങ്ങളും അനുഷ്‌ഠാനങ്ങളുടെ രൂപമാതൃകകളും ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള സ്വർണത്തകിടുകൾ ഇവർ പതിച്ചിരുന്നു. മരങ്ങൾ, ചെടികൾ, പക്ഷികൾ എന്നിവയുടെ രൂപമാതൃകകൾ സ്വർണത്തിലോ വെള്ളിയിലോ ഉണ്ടാക്കി ഉദ്യാനങ്ങൾ അലങ്കരിക്കുന്നതിൽ ഇവർ തൽപ്പരരായിരുന്നു. സ്വർണപ്പണിയിൽ വിദഗ്‌ധരായിരുന്ന ഇൻകാകൾ നിർമിച്ച പുഷ്‌പചഷകങ്ങളും ആഭരണങ്ങളും പ്രതിമകളും മറ്റും സ്‌പെയിൻകാർ ഇവരിൽനിന്ന്‌ ധാരാളമായി പിടിച്ചെടുത്തിട്ടുണ്ട്. അതിൽ അപൂർവം ചിലത് മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.


അതിലോലമായ സൂക്ഷ്‌മോപകരണങ്ങൾ ഉണ്ടാക്കുവാൻ പറ്റിയ ഒരു ലോഹമിശ്രിതത്തിന്റെ നിർമാണരീതികൾ അവർക്കറിയാമായിരുന്നു. തലയോട്ടി തുറന്നുള്ള ശസ്‌ത്രക്രിയക്കുവരെ ഉപയോഗിച്ചിരുന്ന ശസ്‌ത്രക്രിയാ ഉപകരണങ്ങൾ ഇവർ നിർമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വർണഭംഗിയുള്ള അങ്കികളും മറ്റു വസ്‌ത്രങ്ങളും നെയ്യുന്നതിൽ ഇൻകാ വനിതകൾ വിദഗ്‌ധകളായിരുന്നു. ലോഹപ്പണി, മൺപാത്രങ്ങളുടെയും ആടയാഭരണങ്ങളുടെയും നിർമാണം തുടങ്ങിയവയിൽ ഇങ്കാകൾ പ്രദർശിപ്പിച്ച സാമർഥ്യം അവരുടെ സൗന്ദര്യബോധത്തിന്റെയും കലാവൈദഗ്‌ധ്യത്തിന്റെയും നിദർശനങ്ങളായാണ്‌ കണക്കാക്കപ്പെടുന്നത്.
ഇൻകാകൾ സ്വന്തമായ ഒരു അക്ഷരമാലയ്‌ക്കോ ചിത്രലിപിക്കോ രൂപം നല്‌കിയിട്ടില്ലെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. സ്‌പാനിഷ്‌ കുടിയേറ്റക്കാലത്ത്‌ ആശയവിനിമയത്തിനും ആലേഖനത്തിനുമായി "ഖ്യുപു' (Quipu) എന്ന സാങ്കേതികമാർഗമാണ്‌ ഇൻകാകൾ ഉപയോഗിച്ചിരുന്നത്‌. പല നീളത്തിൽ, നിരവധി കെട്ടുകളുള്ള വർണ്ണനൂലുകളെ ഒരു പ്രത്യേക രീതിയിൽ സംവിധാനപ്പെടുത്തിയാണ്‌ ഖ്യുപുകൾ ഉണ്ടാക്കിയിരുന്നത്‌. ഖ്യുപുകൾ മുഴുവൻ സ്‌പാനിഷ്‌ ആക്രമണകാരികൾ നശിപ്പിച്ചുകളയപ്പെടുകയായിരുന്നു.


ഇൻകാകളുടെ സൈനികഘടന കെട്ടുറപ്പുള്ളതായിരുന്നു. യുദ്ധവും സൈനികശക്തിയും ഇൻകാ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശിലകളാണ്‌. ഇൻകാകളുടെ യുദ്ധം ഏറ്റവും അപരിഷ്‌കൃതമായ രീതിയിലായിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിർമിക്കപ്പെട്ട കോട്ടകൾ ഇൻകാ സമ്രാജ്യത്തിന്റെ യഥാർഥ ശക്തികേന്ദ്രങ്ങളായിരുന്നു, പ്രത്യേക കോണങ്ങളോടും മൂലകളോടുംകൂടി നിർമിക്കപ്പെട്ടിരുന്ന ഈ കോട്ടകളുടെ പാർശ്വങ്ങളിലൂടെ ആക്രമണകാരികൾക്കെതിരെ തീവമിപ്പിക്കുവാൻ വരെ സംവിധാനങ്ങളുണ്ടായിരുന്നത്രെ. വളരെ ഭാരം വരുന്ന ഒറ്റക്കല്ലുകൾതന്നെ ഈ കോട്ടകളുടെ നിർമിതിക്കായി ഉപയോഗിക്കപ്പെട്ടു.
നൂറ്റാണ്ടുകൾക്ക് ശേഷവും ഈ കല്ലുകളുടെ അടുക്കുകൾക്കിടയിലേക്ക്‌ നേർത്ത ഒരു കത്തിപോലും കടത്താൻ സാധിക്കാത്തവിധം അസാമാന്യമായ വൈദഗ്‌ധ്യം ഇവർ കെട്ടിടനിർമാണത്തിൽ പ്രകടിപ്പിച്ചിരുന്നു. കമാനാകൃതിയിലും അർധകമാനാകൃതിയിലുമുള്ള കെട്ടിടങ്ങളും ഇവർ നിർമിച്ചിരുന്നുവെങ്കിലും സമചതുരാകൃതിയിലുള്ള കെട്ടിടങ്ങളായിരുന്നു അധികവും. പശ്ചാത്തലത്തിന്‌ അനുയോജ്യമായ നിർമാണശൈലിയാണ്‌ ഇവർ പൊതുവേ സ്വീകരിച്ചിരുന്നത്‌. മാച്ചു പിക്ച്ചുവിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഭീമാകാരങ്ങളായ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളിൽ നിന്ന് എഞ്ചിനീയറിങ്ങിലും ഗൃഹനിർമാണത്തിലും വിവിധ കരകൗശലങ്ങളിലും ഇവർക്കുണ്ടായിരുന്ന അന്യാദൃശമായ കഴിവുകളെക്കുറിച്ച് തെളിവുകൾ ലഭിച്ചിരുന്നു. ഇൻകാ വംശക്കാരുടെ എഞ്ചിനീയറിംഗ് മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാച്ചു പിക്ച്ചുവിലെ കെട്ടിടങ്ങൾ. മതിലുകൾ, മട്ടുപ്പാവുകൾ, ജലശേഖരണത്തിനും വിതരണത്തിനും കൃഷിക്കുമൊക്കെ അവർ കണ്ടെത്തിയ മാർഗങ്ങൾ, മണ്ണൊലിപ്പ് തടയാൻ ഉപയോഗിച്ച വിദ്യകൾ തുടങ്ങിയവയൊക്കെ ആധുനിക കെട്ടിടനിർമാണ വിദഗ്ധരെ പോലും അതിശയിപ്പിക്കുന്നതാണ്. തലസ്ഥാനമായ കൂസ്‌ക്കോയിൽ നിന്ന്‌ നാനാ ദിക്കുകളിലേക്കും ഇവർ റോഡുകൾ വെട്ടിയിരുന്നു. പ്രധാന റോഡുകൾ ഇടറോഡുകൾ മൂലം പരസ്‌പരം ബന്ധിക്കപ്പെട്ടുമിരുന്നു. ദുരാരോഹമായ പാറക്കെട്ടുകളിൽകൂടിപ്പോലും അവർ റോഡുവെട്ടിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇൻകാകൾക്ക് ലിപി ഇല്ലാതിരുന്നതുകൊണ്ട് മാച്ചു പിക്ച്ചു നഗരം അവർ എന്തിന് നിർമിച്ചുവെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്, അതിപ്പോഴും ചുരുളഴിയാത്ത രഹസ്യമായാണ് നിലകൊള്ളുന്നത്.

ഇൻകാ സാമ്രാജ്യം അസാധാരണമാംവിധം കെട്ടുറപ്പുള്ളതായിരുവെന്നതിന്‌ നാല് ശതാബ്‌ദക്കാലത്തെ അന്യൂനമായ അതിന്റെ നിലനിൽപ്പ് തന്നെ തെളിവാണ്‌. 1533-ൽ ഫ്രാൻസിസ്‌കോ പിസാറോയുടെ നേതൃത്വത്തിൽ സ്‌പെയിൻകാർ ഇൻകാകളെ തോല്‌പിച്ചു കീഴടക്കുകയായിരുന്നു. സ്‌പാനിഷ്‌ ആക്രമണകാരികൾ ഇവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്‌തതായി പരാമർശമുണ്ട്‌, എന്നാൽ അതല്ല ഇൻകാകളിൽ വസൂരി പടരുകയായിരുന്നെന്നും അവരെല്ലാവരും കൂട്ടത്തോടെ മരണപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്, പക്ഷെ യഥാർത്ഥത്തിൽ ഇവർക്കെന്തു സംഭവിച്ചെന്നോ, ഇവരെന്തിന് മാച്ചു പിക്ച്ചു നഗരം ഉപേക്ഷിച്ചുവെന്നോ, അധിനിവേശകരാൽ എന്തുകൊണ്ട് മാച്ചു പിക്ച്ചു തകർക്കപ്പെട്ടില്ല എന്നതിനോ ആർക്കും കൃത്യമായ ഉത്തരമില്ല, ഇവയും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളായിത്തന്നെ നിലനിൽക്കുന്നു..

കൂടുതൽ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു