Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 9 January 2020

ജൂലിയൻ അസാൻജിന്റെ വിക്കിലീക്സ്..

ഈ ലോകത്തിലെ ജനങ്ങളെ നമുക്ക്‌ രണ്ടായി തിരിക്കാനാവും, ഒന്ന്  അധികാരവർഗ്ഗവും രണ്ട് സാധാരണക്കാരും. അധികാരവർഗ്ഗം ശക്തരും വലിയ സ്വാധീനമുള്ളവരുമായിരിക്കും. സാധാരണക്കാർക്ക്‌ അധികാരവർഗ്ഗത്തോട് ഏറ്റുമുട്ടാൻ ശക്തിയോ സ്വാധീനമോ ഉണ്ടാവില്ല. അധികാരവർഗ്ഗത്തിന്റെ കൂട്ടുകാരായിരിക്കും സകല മാധ്യമങ്ങളും. അധികാരവർഗം അവരുടെ ശക്തിയും സ്വാധീനവും സമ്പത്തും ഉപയോഗിച്ച് മാധ്യമങ്ങളെ സ്വാധീനീക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ അധികാരവർഗ്ഗതത്തിന് സ്തുതിപാടകരാവുന്നു. ലോകത്ത് പരക്കെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വലിയൊരു തോതും ഈ അധികാരവർഗം എതിർക്കാൻ കെൽപ്പില്ലാത്ത സാധാരണക്കാരായ ജനങ്ങളുടെ മേൽ നടത്തുന്ന കുറ്റകൃത്യങ്ങളാണ്.

 സാഹചര്യം വിശദീകരിക്കാനായി ഒരു കഥ പറയാം. "ഒരിക്കൽ ഒരിടത്ത് ഒരു അധികാരി അയാളുടെ അയൽവാസിയായ സാധാരണക്കാരന്റെ വീട്ടിൽകേറി അയാളെ ആക്രമിക്കുകയും അയാളുടെ പക്കലുള്ള സ്വർണം തട്ടിയെടുക്കുകയും ചെയ്തു. അയാളെ ആക്രമിക്കുമ്പോൾ അധികാരി തന്റെ പക്കലുള്ള മൈക്ക് ഉപയോഗിച്ച് ലൗഡ്സ്പീക്കറിലൂടെ ഉച്ചത്തിൽ സാധാരണക്കാരൻ തന്നെ ആക്രമിക്കുന്നതായി ചുറ്റുപാടുമുള്ള പ്രാദേശങ്ങളിലേക്ക് വിളിച്ചു പറയുന്നു. ഇത് കേട്ട് ആളുകൾ സാധാരണക്കാരൻ അധികാരിയെ ആക്രമിച്ചെന്ന് വിശ്വസിക്കുന്നു. പക്ഷെ ഇതെല്ലാം മറ്റൊരാൾ ക്യാമറയിൽ പകർത്തുകയുണ്ടായി. സത്യം പുറംലോകത്തെ അറിയിക്കാൻ അയാൾ എല്ലാ മാധ്യമ സ്ഥാപനങ്ങളെയും സന്ദർശിച്ചെങ്കിലും അയാളെപോലെ തന്നെ അവരും അധികാരവർഗത്തിന്റെ നരനായാട്ടിനെ ഭയന്ന് അത് പുറത്തുവിടാൻ തയ്യാറായില്ല. ഫലത്തിൽ നിരപരാധി കുറ്റവാളിയും കുറ്റവാളി നിരപരാധിയുമായിമാറി." ഇങ്ങനെയിരിക്കെ എല്ലാവർക്കും അവരുടെ പക്കലുള്ള തെളിവുകൾ അധികാരവർഗത്തെ ഭയക്കാതെ പുറത്ത് വിടുവാൻ ഒരു മാധ്യമം ഒരാൾ തയ്യാറാക്കി. അദ്ദേഹമാണ് ജൂലിയൻ അസാൻജ്, അദ്ദേഹം സ്ഥാപിച്ച മാധ്യമമാണ് "വിക്കിലീക്സ്".

 വിക്കിലീക്സ് ഒരു വെബ്സൈറ്റ് ആയാണ് അറിയപ്പെടുന്നതെങ്കിലും അതിന് പിന്നിൽ പ്രവർത്തിക്കുന്നത് മാധ്യമ പ്രവർത്തകരുടെ ഒരു വലിയ സംഘടനയാണ്. 1971 ൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലാണ് ജൂലിയൻ ജനിച്ചത്. ജൂലിയന്റെ അമ്മ ഒരു ആന്റി-വാർ ആക്ടിവിസ്റ്റായിരുന്നു. 1980 കളിൽ തന്റെ 16 ആമത്തെ വയസ്സിലാണ് ജൂലിയൻ ആദ്യമായി ഒരു കമ്പ്യൂട്ടർ കാണുന്നത്. തുടക്കത്തിൽ കമ്പ്യൂട്ടർ മാന്വലുകളിൽ നിന്നാണ് അവൻ കമ്പ്യൂട്ടറിനെ കുറിച്ച്‌ പഠിച്ചത്. അക്കാലത്ത് സോഫ്റ്റ്‌വെയർ കമ്പനികൾ ഉണ്ടാക്കിയ പ്രോഗ്രാമുകളിലെ എൻക്രിപ്ഷൻ ബ്രേക്ക്‌ ചെയ്യുകയും അവ നവീകരിക്കുകയും ചെയ്യുകയായിരുന്നു ജൂലിയന്റെ ഹോബി. ശേഷം അവൻ സ്വയം പ്രോഗ്രാമുകൾ എഴുതാൻ തുടങ്ങി. മോഡങ്ങളുടെ വരവോടെ അവൻ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലേക്ക് ഹാക്കിങ്ങിലൂടെ നുഴഞ്ഞുകയറാൻ പഠിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ അവന് ലോകത്തിലെ പലകോണുകളിലായി ഹാക്കർമാരുടെ ഒരു വലിയ സൗഹൃദസംഘം തന്നെ ഉണ്ടായിരുന്നു. അപ്പോൾ എല്ലാ ഹാക്കർമാർക്കും ഒരു ഇരട്ടപ്പേര് (nickname) ഉണ്ടായിരുന്നു. Mendax എന്നായിരുന്നു ജൂലിയന്റെ ഇരട്ടപ്പേര്. ഹാക്കർമാരിലെ ഇരട്ടപ്പേരുള്ള Phoenix, Trax, Prime suspect എന്നിവർ ജൂലിയന്റെ ഉറ്റസുഹൃത്തുക്കൾ ആയിരുന്നു. ഇവർ ഇവരുടെ ഹാക്കർ സംഘത്തിനിട്ട പേരാണ് ഇന്റർനാഷണൽ സബ്വേഴ്‌സിവ്സ് (International Subversives). ഇവർ സംഘം ചേർന്ന് കാനേഡിയൻ ടെലികോം കമ്പനിയായ നോർട്ടെൽ, പെന്റഗണിലെ നാസ തുടങ്ങിയ സ്ഥാപനങ്ങളുടെ നെറ്റ്‌വർക്കുകളിൽ നുഴഞ്ഞു കയറിയിരുന്നു. 1992 ൽ ജൂലിയനും അവന്റെ കൂട്ടുകാരും ചേർന്ന് ഹാക്കർമാർക്കും ക്രിപ്റ്റോഗ്രാഫേഴ്സിനുമായി സൈഫെർഫങ്ക്സ് (Cypherphunks) എന്ന സംഘടന തുടങ്ങി. 1994 ഇൽ കാനേഡിയൻ ടെലികമ്യൂണിക്കേഷൻ കമ്പനിയായ നോർട്ടെൽ, യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസ്, നാസ, എന്നീ നെറ്റ്‌വർക്കുകൾ ഹാക്കിങ് വഴി നുഴഞ്ഞു കയറിയതിന് 31 ഹാക്കിങ് കേസുകൾ പിടിയിലായ ജൂലിയന്റെയും കൂട്ടരുടെയും മേൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് ചാർജ് ചെയ്ത് അറസ്റ്റ് ചെയ്യുകയുണ്ടായി. ചെറു പ്രായത്തിന്റെയും ശ്രമകരമായ ബാല്യത്തിന്റെയും ആനുകൂല്യം കൊണ്ട് ശിക്ഷ 2100 ഡോളർ പിഴയിൽ മാത്രം അപ്പോൾ ഒതുങ്ങി.

 2003 ൽ അദ്ദേഹം ഫിസിക്സിലും ഗണിതത്തിലും ബിരുദത്തിനായി ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. പക്ഷെ ഡിഗ്രി പൂർത്തിയാക്കാതെ അദ്ദേഹം 2006 ൽ തന്നെ യൂണിവേഴ്സിറ്റി വിട്ടു. ശേഷം 2006 ൽ തന്നെ അദ്ദേഹം വിക്കിലീക്സ് എന്ന വെബ്സൈറ്റ് സ്ഥാപിച്ചു. പൊതുജനങ്ങളിൽ ആർക്കും വിക്കിലീക്സിലേക്ക് അവരുടെ പക്കലുള്ള വിവരങ്ങൾ അയക്കാമെന്നും വിവരം നൽകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഒരിക്കലും പുറത്ത് വരില്ലെന്നും വിക്കിലീക്സ് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ശേഷം അദ്ദേഹം തന്റെ ശ്രദ്ധ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുള്ള ലോകരാജ്യങ്ങളിലേക്ക് തിരിക്കുകയും ആ രാജ്യങ്ങളിലേക്ക് നീണ്ട യാത്രകൾ നടത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഓരോ ലോകരാജ്യങ്ങളിലും അദ്ദേഹം തന്റെ വിക്കിലീക്സിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തി. വിക്കിലീക്സിന് ആയിരത്തോളം അംഗങ്ങളെ ലോകത്തിന്റെ പലകോണുകളിൽ നിന്നും അദ്ദേഹം
 സമ്പാദിച്ചു. അംഗങ്ങളിൽ മാധ്യമ പ്രവർത്തകർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ തുടങ്ങി സമൂഹത്തിലെ പല തട്ടുകളിലും പ്രവർത്തിക്കുന്നവർ ഉണ്ടായിരുന്നു. അവർ ഒരുമിച്ച് വിക്കിലീക്സിനായി പ്രവർത്തിക്കാൻ തുടങ്ങി. തുടർന്ന് വിക്കിലീക്സിലേക്ക് പല നാടുകളിലെ ആളുകളും, അവിടുത്തെ ഭരണകൂടങ്ങളും കോർപ്പറേറ്റുകളും നടത്തുന്ന അഴിമതികളെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചും ക്രൂരകൃത്യങ്ങളെക്കുറിച്ചും തെളിവ് സഹിതം അവർക്ക് രഹസ്യവിവരങ്ങൾ അയക്കുവാൻ തുടങ്ങി. വിക്കിലീക്സ് അവ ഓരോന്നായി പുറത്ത് വിടുവാനും തുടങ്ങി. പുറത്തായ തെളിവുകളോടുകൂടിയ രഹസ്യവിവരങ്ങൾ ലോകരാജ്യങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു. ജനങ്ങൾക്ക്‌ അവരുടെ രാജ്യങ്ങളിലെ ഭരണകൂടങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ തന്നെ മാറാൻ തുടങ്ങി. ഇതുമൂലം പ്രസ്തുത രാജ്യങ്ങളിൽ പൊതുജന പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെടുകയും പ്രസ്തുത രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഭരണാധികാരികളും മാറ്റപ്പെടുകയും ചെയ്തു. ഇതിനെല്ലാം തന്നെ ജൂലിയൻ അസാൻജ് ഒരു മുഖ്യ കാരണമായിമാറി.

  മുൻ കെനിയൻ പ്രസിഡന്റ്‌ ഡാനിയൽ അരാപ് മൊയുടെ ഭരണകാലത്ത് നടത്തിയ വൻ അഴിമതികളും കൊലകളും, കെനിയൻ പോലീസ് നടത്തുന്ന മനുഷ്യാവകാശവിരുദ്ധമായ കൊലകൾ, 'ജൂലിയസ് ബെയർ ഗ്രൂപ്പിന്റെ സ്വിസ്സർലാൻഡിലെ മൾട്ടിനാഷണൽ ബാങ്കായ ജൂലിയസ് ബെയർ ബാങ്ക് നടത്തിയ വൻ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ആസ്തി മറച്ചുവെക്കൽ എന്നിവ', അമേരിക്കൻ ആർമി ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ തടവുകാരോട് നടത്തുന്ന വൻ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും, ചൈനയിൽ ടിബറ്റൻ വംശജർ അടിച്ചമർത്തപ്പെട്ടത്, പെറുവിൽ ഭരണാധികാരികൾ എണ്ണകമ്പനികളുമായി നടത്തിയ വൻ അഴിമതികൾ തുടങ്ങിയവയെല്ലാം വിക്കിലീക്സ് 2006 മുതൽ 2009 വരെ ലോകത്തിനു മുന്നിൽ പുറത്തുവിട്ട വെളിപ്പെടുത്തലുകളിൽ ഏറ്റവും പ്രധാനമായവയാണ്.

 എങ്കിലും വിക്കിലീക്സിനെ ലോകം ഉറ്റുനോക്കിയ വലിയ വെളിപ്പെടുത്തലുകൾ നടന്നത് 2009 നു ശേഷമായിരുന്നു. വിക്കിലീക്സ് 2010 ൽ പുറത്തുവിട്ട അമേരിക്കൻ ആർമിയിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി ചോർത്തി നൽകിയ "കൊളാറ്ററൽ മർഡർ" എന്ന് വിക്കിലീക്സ് വിശേഷിപ്പിച്ച മിലിറ്ററിയുടെ രഹസ്യ വീഡിയോ ലോകമനസാക്ഷിയെ പിടിച്ചു കുലുക്കുന്നതായിരുന്നു.

 ആർമി ഹെലികോപ്റ്ററിൽ ഘടിപ്പിച്ചിരുന്ന ക്യാമറ പകർത്തിയ ആ വീഡിയോയിൽ ഉണ്ടായിരുന്നത് ഇതായിരുന്നു, 2007 ൽ അമേരിക്കൻ അധിനിവേശ കാലത്ത് ഇറാഖിലെ ബാഗ്ദാദിൽ റോന്ത് ചുറ്റിയിരുന്ന അമേരിക്കൻ ആർമി ഹെലികോപ്റ്റർ നിരായുധരായിരുന്ന നിരപരാധികളായ ആളുകളെ വെടിവെച്ചു കൊല്ലുന്നു, വെടികൊണ്ട് വീണ ആളുകളെ രക്ഷിക്കാനായി എത്തിയ വാനിൽ കുട്ടികളുമുണ്ടായിരുന്നു, വെടികൊണ്ടയാളെ വാനിലേക്ക് കൊണ്ടുപോവാൻ രണ്ടുപേർ ശ്രമിക്കവേ, ഹെലികോപ്റ്ററിൽ നിന്നും അമേരിക്കൻ പട്ടാളക്കാർ കുട്ടികളുണ്ടെന്നു പോലും നോക്കാതെ വീണ്ടും വാനിലേക്കും വെടിയുതിർക്കുന്നു. ആൾക്കൂട്ടത്തിൽ ക്യാമറയുമായി എത്തിയ അന്താരാഷ്ട്ര ന്യൂസ്‌ ഏജൻസിയായ റോയിറ്റേഴ്സിന്റെ രണ്ട് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 18 ഓളം നിരപരാധികൾ അമേരിക്കൻ പട്ടാളത്താൽ കൊലചെയ്യപ്പെട്ടു. ഇറാഖിൽ അമേരിക്കൻ സൈന്യം നടത്തിയ മനുഷ്യത്വരഹിത കുരുതികളുടെ ഒരു തുറന്ന് കാട്ടലായിരുന്നു ആ വീഡിയോ. വെടിവെപ്പിനെക്കുറിച്ച് "കലാപകാരികൾ നടത്തിയ വെടിവെപ്പ്" എന്ന അമേരിക്കൻ മാധ്യമങ്ങൾ പടച്ചുവിട്ട നുണക്കഥകൾ ഇതോടെ പൊളിച്ചടുക്കപ്പെട്ടു. വീഡിയോയിൽ അമേരിക്കൻ ആർമി ഉദ്യോഗസ്ഥർ പൊതുജനത്തിനു നേരെ വെടിവെക്കാൻ നിർദ്ദേശം നൽകുന്ന ശബ്ദവും വെടിവെച്ച ശേഷം താഴെയുള്ള മൃതശരീരങ്ങളെ നോക്കി പട്ടാളക്കാർ "ലുക്ക്‌ അറ്റ് ദോസ് ഡെഡ് ബസ്റ്റാർഡ്സ്, നൈസ് " എന്ന് പറയുന്നതും വളരെ വ്യക്തമായി കേൾക്കാൻ കഴിയുന്നതായിരുന്നു. വീഡിയോ പുറംലോകം കണ്ടതോടെ ലോകവ്യാപകമായി അമേരിക്കൻ ഭരണകൂടത്തിനും സേനക്കുമെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. ലോകജനതക്ക് മുന്നിൽ അമേരിക്കൻ ഭരണകൂടം നാണക്കേട് കൊണ്ട് തലകുനിക്കേണ്ടിവന്നു. ഇതോടെ ജൂലിയൻ അസാൻജും വിക്കിലീക്സും അമേരിക്കൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിമാറി. അവർ ജൂലിയൻ അസാൻജിനെതിരെ കരുക്കൾ നീക്കാൻ തുടങ്ങി.

  തുടർന്ന് വിക്കിലീക്സിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്കായി 2010, ആഗസ്റ്റിൽ സ്വീഡനിൽ എത്തിയ അസാൻജ്, അവിടെ രണ്ട് യുവതികളുമായി ബന്ധം സ്ഥാപിച്ചു. ആ ബന്ധം വളരെ അടുപ്പമുള്ളതാവുകയും അവർ തമ്മിൽ പതിയെ ലൈംഗികബന്ധങ്ങൾ തന്നെ ആരംഭിക്കുകയും ചെയ്തു. പക്ഷെ അസാൻജിനെ കാത്തിരുന്നത് ശത്രുക്കൾ അസാൻജിനായി ഒരുക്കിയിരുന്ന 'ഹണി ട്രാപ്' എന്ന കുടുക്കായിരുന്നു. 

അസാൻജും യുവതികളും തമ്മിലുള്ള ബന്ധം പരസ്പരസമ്മതത്തോടുകൂടിയുള്ളതാണെങ്കിലും യുവതികൾ അസാൻജിനെതിരെ സ്വീഡൻ പോലീസിൽ ലൈംഗിക പീഡനത്തിന് അസാൻജിനെതിരെ പരാതി നൽകി. തെളിവുകളുടെ അഭാവത്തിൽ കോടതി അസാൻജിനെ ആദ്യം കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും, അസാൻജ് സ്വീഡനിൽ നിന്ന് ലണ്ടനിലേക്ക് പോവുകയും ചെയ്തെങ്കിലും പരാതിക്കാർ നൽകിയ പുനഃരന്വേഷണ അപേക്ഷ സ്വീകരിച്ച കോടതി, പുനഃരന്വേഷണം പ്രഖ്യാപിച്ചു. അമേരിക്കയുടെ സ്വീഡൻ ഭരണകൂടവുമായുള്ള ഒത്തുകളികളാൽ സ്വീഡൻ പോലിസ് അദ്ദേഹത്തിനെതിരെ പല തെളിവുകളും കെട്ടിച്ചമച്ചുണ്ടാക്കി. 

കോടതി ഉത്തരവ് പ്രകാരം അപ്പോൾ ബ്രിട്ടനിൽ കഴിയുന്ന അസാൻജിനെ വിട്ടുതരാൻ സ്വീഡൻ ബ്രിട്ടനോട് അപേക്ഷ നൽകി. പക്ഷെ അപ്പോഴും ഭീഷണികൾക്ക് ഭയപ്പെടാതെ അസാൻജ് ധീരമായി തന്റെ കൃത്യങ്ങളുമായി മുന്നോട്ട് പോവുകതന്നെ ചെയ്തു. തുർന്ന് വിക്കിലീക്സിനു ലഭിച്ച ചോർത്തപ്പെട്ട അമേരിക്കൻ ആർമി രഹസ്യ ഡോക്യുമെന്റുകൾ, "അഫ്ഗാൻ വാർ ഡയറി", "ഇറാഖ് വാർ ലോഗ്സ്" എന്നീ തലക്കെട്ടുകളോടെ വിക്കിലീക്സ് പുറത്തുവിട്ടു. വിക്കിലീക്സ് പുറത്തുവിട്ട 4 ലക്ഷത്തോളം ആർമി ഡോക്യുമെന്റുകൾ; അമേരിക്ക നടത്തിയ അധിനിവേശ യുദ്ധങ്ങളിലെ സാധാരണക്കാരുടെ യഥാർത്ഥ മരണ സംഖ്യ, യുദ്ധത്തിൽ നടന്ന വൻ മനുഷ്യാവകാശ ലംഘനങ്ങൾ, തീവ്രവാദ സംഘടനകളോട് അമേരിക്കക്കുള്ള പ്രീണനം എന്നിവ പുറംലോകത്തിന് തുറന്നുകാട്ടി. അത് അമേരിക്കൻ ആർമിയുടെ ചരിത്രത്തിലെ തന്നെ വലിയ ലീക്ക് ആയിരുന്നു.

  ശേഷം 2011 ൽ  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിലേക്ക് 1966 മുതൽ 2010 വരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ അമേരിക്കൻ എംബസികളിൽ നിന്ന് അമേരിക്കൻ നയതന്ത്രജ്ഞർ പ്രസ്തുത രാജ്യങ്ങളിലെ ഭരണത്തലവന്മാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെക്കുറിച്ചുള്ള വിശകലനങ്ങൾ, പ്രസ്തുത രാജ്യങ്ങളിലെ നയതന്ത്രം, സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചുള്ള രഹസ്യങ്ങൾ മുതലായവയെല്ലാം അടങ്ങിയ രണ്ടരലക്ഷത്തോളം അമേരിക്കൻ നയതന്ത്രജ്ഞ മെസ്സേജുകൾ വിക്കിലീക്സ് "കേബിൾഗേറ്റ്" എന്ന പേരിൽ പുറത്തുവിട്ടു. അന്യരാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ചാരപ്രവർത്തികൾ, അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളിലെ തന്നെ നേതാക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തുക, അമേരിക്ക അന്യരാജ്യങ്ങളിൽ അമേരിക്കൻ കോർപ്പറേറ്റുകൾക്കായി നടത്തുന്ന അനധികൃത സഹായങ്ങൾ തുടങ്ങി അമേരിക്കയുടെ പല തട്ടിപ്പുകളും കാപട്യങ്ങളും ലോകരാജ്യങ്ങൾക്ക് മുന്നിൽ കേബിൾഗേറ്റിലൂടെ വിക്കിലീക്സ് ലോകത്തിനു മുന്നിൽ തുറന്നുകാട്ടി..

No comments:

Post a Comment