വൈറ്റമിൻ ഡി-യെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ കുറവ്! കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഇതൊരു പ്രശ്നം തന്നെയാണ്.*
ഇത് ശരീരത്തിന് ആവശ്യമുള്ളതാണോ?
സംശയമുണ്ടോ?
അത്യാവശ്യം തന്നെ!
നമ്മൾ പലരും കാത്സ്യത്തെപ്പറ്റി കേട്ടിട്ടുണ്ട് അല്ലേ? എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അത് അത്യാവശ്യമാണ്. എന്നാൽ, ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ് വൈറ്റമിൻ ഡി. അതായത് നമ്മൾ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിൻ ഡി ഇല്ലെങ്കിൽ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അത് തന്നെയാണ് പ്രാധാന്യവും.
എവിടെ നിന്നാണ് വൈറ്റമിൻ ഡി കിട്ടുന്നത്?
മറ്റു വൈറ്റമിനുകൾ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തിൽ നിന്നും കിട്ടും. സൂര്യരശ്മികൾ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളിൽ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു അവയവങ്ങളാണ് കരളും വൃക്കകളും.
എന്തുകൊണ്ട് വിറ്റാമിൻ ഡി കുറയുന്നു?
അതിനുള്ള കാരണം വളരെ ലളിതമാണ്. ഇന്ന് ആരാണ് വെയിൽ കൊള്ളുന്നത്?അധികം ചെറുപ്പക്കാരും എ.സി. മുറികളിൽ ആണ് ജോലിചെയ്യുന്നത്. കുട്ടികളാകട്ടെ, പുറത്തു പോയി വെയിലത്തു കളിക്കാറുമില്ല. എല്ലാവരും മൊബൈൽ ഫോണിൽ ഗെയിം കളികളും മറ്റുമായി വീട്ടിൽത്തന്നെ ഒതുങ്ങുന്നു. നമ്മുടെ പ്രധാന വരുമാനമാർഗം കൃഷിയായതിനാൽ പണ്ടെല്ലാവരും വെയിലത്തു പണിയെടുക്കുന്നവരായിരുന്നു. കുട്ടികളോ? സ്കൂൾ വിട്ടു വന്നാൽ തൊടിയിലും പറമ്പിലുമായി കളിയോട് കളി! അതുകൊണ്ട് തന്നെ അവർക്കെല്ലാം വേണ്ടത്ര വൈറ്റമിൻ ഡി യും ഉണ്ടായിരുന്നു.
ഇന്നത്തെ ജീവിതശൈലി തന്നെയാണ് വൈറ്റമിൻ ഡി കുറവിന് പ്രധാനകാരണം.
ജനിച്ച ഉടൻ കുഞ്ഞിന് വൈറ്റമിൻ ഡി കൊടുത്തു തുടങ്ങണോ?
അതെ, ജനിച്ചതു മുതൽ ഒരു വയസ്സ് വരെ കുഞ്ഞിന് വൈറ്റമിൻ ഡി തുള്ളിമരുന്നുകൾ കൊടുക്കേണ്ടതാണ്. പൊതുവേ അമ്മമാരിൽ വൈറ്റമിൻ ഡി കുറവാണെന്നാണ് ലോകത്തുടനീളം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത്.
ഇന്ത്യയിലെ അമ്മമാരിലാണ് കൂടുതൽ പ്രശ്നം. അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്കു കൈമാറപ്പെടുന്ന വൈറ്റമിൻ ഡി യുടെ അളവും വളരെ കുറവായിരിക്കും.
സ്വന്തം ശരീരത്തിൽത്തന്നെ കുറവായ ഒരു വസ്തു അമ്മമാർ എങ്ങനെയാണ് മക്കളിലേക്ക് പകരുക അല്ലേ?അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളും ജന്മനാ രക്തത്തിൽ വൈറ്റമിൻ ഡി യുടെ അളവ് കുറഞ്ഞാണ് പിറക്കുന്നത്.
ഇതിന്റെ ഫലമോ അവരുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തിന്റെ അളവ് കുറയും. അങ്ങനെ പല പ്രശ്നങ്ങളും അവർക്കുണ്ടാകുകയും ചെയ്യും.
ഇതെല്ലാം പ്രതിരോധിക്കാനാണ് ജനിച്ചതു മുതൽ ഒരു വയസ്സ് വരെ വൈറ്റമിൻ ഡി തുള്ളിമരുന്ന് അവർക്ക് നൽകണമെന്ന് പറയുന്നത്.
സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടോ
സൂര്യപ്രകാശമേൽക്കാത്തവരിൽ വൈറ്റമിൻ ഡി കുറവായിരിക്കും. അതു കൊണ്ട് മുകളിൽ പറഞ്ഞ ഭക്ഷണസാധനങ്ങൾ നല്ലവണ്ണം കഴിക്കാൻ ശ്രമിക്കുക. ആർത്തവം നിന്ന മധ്യവയസ്സു കഴിഞ്ഞവർക്ക് ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി എല്ലുകൾ സ്വാഭാവികമായി തന്നെ ക്ഷീണിക്കും. അപ്പോൾ വൈറ്റമിൻ ഡി കൂടി കുറഞ്ഞാൽ കൂനിന്മേൽ കുരു വന്ന പോലാകും. കാത്സ്യം ഒട്ടും തന്നെ ശരീരത്തിൽ ഉണ്ടാകില്ല. ഫലമോ എല്ലുകൾ ഒടിയാൻ വരെ കാരണമാകാം.
അപ്പോൾ ഈ രണ്ടുവിഭാഗവും ഭക്ഷണശീലങ്ങളിലും ജീവിതചര്യകളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും ഒരു 15 മിനിറ്റ് എങ്കിലും വെയിൽ കൊള്ളുക.
കാത്സ്യവും വൈറ്റമിൻ ഡി യും ധാരാളമായി ഉള്ള ആഹാരസാധനങ്ങൾ കഴിക്കുക. *40 വയസ്സ് കഴിഞ്ഞാൽ കാത്സ്യം ഗുളികകൾ ആവശ്യമെങ്കിൽ കഴിക്കേണ്ടതാണ്..
എങ്ങനെ ചികിത്സിക്കാം
ചികിത്സ പല വിധമാണ്. അത് വൈറ്റമിൻ ഡി എത്രത്തോളം കുറഞ്ഞിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
വല്ലാതെ കുറഞ്ഞ അവസ്ഥകളിൽ പെട്ടെന്ന് കൂട്ടുവാനായി ഇഞ്ചക്ഷൻ ചെയ്യേണ്ടിവരും. അതിനുശേഷം മരുന്നും കഴിക്കേണ്ടിവരും. പക്ഷേ മരുന്നുകൊണ്ട് മാത്രം കാര്യമില്ലെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും ശരിയായ ചികിത്സയുടെ ഭാഗങ്ങളാണ്.
വൈറ്റമിൻ ഡി കിട്ടുന്ന ഭക്ഷണപദാർഥങ്ങൾ
• മുട്ടയുടെ മഞ്ഞക്കരു
• മത്സ്യങ്ങൾ
• മീന്മുട്ട
• മീനെണ്ണ
• പാൽ
• പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി മുതലായവ
• ഓറഞ്ച്
• ധാന്യങ്ങൾ
• സോയാബീൻ
• കൂൺ (mushroom)
No comments:
Post a Comment