സാറ ബാര്‍ട്‍മാന്
കൂട്ടിലടക്കപ്പെട്ട അടിമ
ജീവിച്ചിരുന്നപ്പോള്‍ കൂട്ടില്‍ അടച്ചു ശരീരം പ്രദര്‍ശിപ്പിച്ചു മരണശേഷവും പ്രദർശന വസ്തുവായി തുടർന്നു. ദ്രവീകരണം തടയുന്ന ലേപനങ്ങൾ പുരട്ടി ആ നഗ്ന ശരീരം മ്യൂസിയത്തിൽ സൂക്ഷിക്കുകയും പിന്നീട് ഗവേഷണത്തിന്റെ പേരിൽ അവയവങ്ങൾ മുറിച്ച് സൂക്ഷിച്ചു. പ്രകൃതി ശാസ്ത്രജ്ഞനായ ജോർജ് കുവിയർ അവളുടെ ശരീര ഭാഗങ്ങളെ കുറിച്ച് പഠിക്കുകയും ഇത്രയും അപ്മാനിക്കപെട്ട കറുത്ത വര്‍ഗ്ഗകാരിയായ സ്ത്രീ ലോകത്ത് കാണില്ല. അവളുടെ പേരാണ് സാറ ബാര്‍ട്‍മാന്‍ .
1789ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്‌റ്റേൺ കേപിലാണ് സാറയുടെ ജനനം. ഖൈഖോയിയിലെ കന്നുകാലി വളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ചിരുന്ന വർഗത്തിൽ പെട്ടവൾ. ഒരു കൊളോണിയൽ കുടുംബത്തിലെ സേവകരായിരുന്നു അവളുടെ കുടുംബം. രണ്ട് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. കൗമാരം പിന്നിടും മുമ്പേ അച്ഛനും. ഖൈഖോയിക്കാരനായ ഒരു ഡ്രമ്മറെയാണ് സാറ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ആ സമയത്താണ് കോളനിവല്‍ക്കരണം അവിടെ ശക്തമാകുന്നത്. ഡച്ചുകാര്‍ കറുത്തവര്‍ഗ്ഗക്കാരെ യാതൊരു ദയയുമില്ലാതെ കൊന്നുതള്ളിക്കൊണ്ടിരുന്നു. അതില്‍ അവളുടെ ഭര്‍ത്താവുമുണ്ട്. ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ അവളുടെ പ്രായം 16 വയസ്സാണ്. വിചിത്ര രൂപം കാരണം അവളെ അവർ കൊന്നില്ല. പകരം, ഉയർന്ന വിലക്ക് പീറ്റർ വില്യം സെസാർ എന്ന വ്യാപാരിക്ക് വിൽക്കുകയായിരുന്നു. അയാൾ അവളെ കേപ്ടൗണിലേക്ക് കൊണ്ടുപോയി. അവിടെ പീറ്ററിന്റെ സഹോദരൻ ഹെൻട്രിയുടെ വീട്ടിൽ ക്രൂരമായ മർദനങ്ങൾക്കും അവഹേളനങ്ങൾക്കും ഇരയായി അടിമ ജീവിതം തള്ളിനീക്കി. 810 ഒക്ടോബർ 29ന് ഇംഗ്ലീഷ് കപ്പൽ സർജനായ വില്യം ഡൺലോപ്പ് അവളെ കാണാനിടയായി. ശാരീരിക പ്രത്യേകത കണ്ട സായിപ്പിന് അവളിൽ കച്ചവട താത്പര്യങ്ങളുണർന്നു. അവളെ യൂറോപ്പിന് കാഴ്ച വസ്തുവാക്കിയാൽ ഉണ്ടാവുന്ന കമ്പോളത്തിന്റെ അനന്ത സാധ്യതകൾ അയാൾ ഗണിച്ചു. ഡൺലോപ്പിനൊപ്പം ഇംഗ്ലണ്ടിലേക്കും അയർലാൻഡിലേക്കും പോകാമെന്നും അവിടെ വീട്ടുജോലി ചെയ്യാമെന്നും വരുമാനത്തിൽ നിന്ന് ഒരു വിഹിതം ലഭിക്കുകയാണെങ്കിൽ തന്നെ പ്രദർശിപ്പിക്കാൻ അനുവദിക്കുമെന്ന വ്യവസ്ഥയോടെ കരാറെഴുതി അവൾ സ്വയം പോയതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതത്ര വിശ്വാസയോഗ്യമല്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അവൾ കരാറിൽ ഒപ്പിട്ടുവെന്നത് സംശയാസ്പദമാണ്. അന്നത്തെ ആഫ്രിക്കൻ അടിമകളെ പോലെ അവളും നിരക്ഷരയായിരുന്നു. രണ്ടാമതായി, സെസാർ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. അവർ സാറയെ ഉപയോഗിച്ചിട്ടുണ്ടാവണം. അവളെ ബലമായി കടത്തി കൊണ്ടുപോയതാവാനേ തരമുള്ളൂ.
1810ന്റെ അവസാനത്തിൽ അവൾ ഇംഗ്ലണ്ടിലെത്തി. “കൂട്ടിലടച്ച ആഫ്രിക്കൻ ഇരുകാലിമൃഗം’എന്ന കൂറ്റൻ പരസ്യവാചകമെഴുതി അയാൾ ടിക്കറ്റിന് കാഴ്ചക്കാരെ ക്ഷണിച്ചു. സാറയുടെ നഗ്നശരീരം ഒരു മീറ്റർ മാത്രം ഉയരമുള്ള കൂട്ടിൽ പ്രദർശിപ്പിച്ചത് കാണാൻ ഇംഗ്ലീഷുകാർ കൂട്ടമായെത്തി. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ അവൾ ഹഠാദാകർഷിച്ചു. കറുത്ത ശരീരം യൂറോപ്പിൽ കണികാണാൻ പോലും കിട്ടാത്ത കാലമായിരുന്നല്ലോ അത്. മൃഗത്തെ പോലെ നാണം മറക്കാതെ കൂട്ടിനുള്ളിൽ ഞെരിപിരികൊള്ളുന്ന സാറയെ നുള്ളിയും പിച്ചിയും വെള്ളക്കാർ ക്രൂരമായ ആനന്ദം കണ്ടെത്തി. ഇതിനിടെ, ബ്രിട്ടനിൽ അടിമത്വത്തിനെതിരെ മനുഷ്യപ്പറ്റുള്ളവരുടെ പ്രചാരണങ്ങൾ കൂടുതൽ ശക്തിയാർജിച്ചു. സ്വാഭാവികമായും സാറ ബാർട്മാന്റെ അവകാശ നിഷേധവും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ, പ്രദർശിപ്പിക്കാൻ സാറ സമ്മതം നൽകിയ വ്യാജ സാക്ഷ്യപത്രം നൽകി ഡൺലോപ്പ് നിയമത്തിന്റെ കുരുക്കിൽ നിന്ന് വഴുതിമാറി. അവളെ ക്രൂരമായി ചൂഷണം ചെയ്ത് അയാൾ ധാരാളം സമ്പാദിച്ചുകൂട്ടി. ഇക്കാലയളവിൽ അഭിസാരികയാവേണ്ട ഗതികേടും അവൾക്ക് വന്നുഭവിച്ചു1814 സെപ്തംബർ, ഇംഗ്ലണ്ടിൽ സാറയുടെ പ്രദർശനത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ അവളെ ഫ്രാൻസിലേക്ക് കൊണ്ടുപോയി. റക്‌സ് എന്ന ഫ്രഞ്ച് സർക്കസുകാരൻ ഡൺലോപ്പിൽ നിന്ന് ഉയർന്ന വിലക്ക് അവളെ സ്വന്തമാക്കി. കടുവകളെയും ആനകളെയും പഠിപ്പിക്കുന്നത് പോലെ അവളെയും അയാൾ കാണികളെ ഹരംകൊള്ളിക്കുന്ന അഭ്യാസങ്ങൾ പരിശീലിപ്പിച്ചു.വഴങ്ങാതിരുന്നപ്പോൾ ശക്തമായ മർദനമുറകൾക്ക് വിധേയയാക്കി. മൃഗങ്ങളോട് ആജ്ഞാപിക്കുന്നത് പോലെയാണ് അയാൾ അവളോട് കൽപ്പനകൾ ഉരുവിട്ടത്. കാലുകൾ രണ്ടെണ്ണമാണെങ്കിലും അയാളുടെ അധമദൃഷ്ടിയിൽ സാറ മൃഗമായിരുന്നു!
“സാറാ ബാർട്മാൻ ആൻഡ് ഹോട്ട്‌നോട്ട് വീനസ്: എ ഗോസ്റ്റ് സ്‌റ്റോറി’ എന്ന സാറയുടെ ഇരുൾ മുറ്റിയ ജീവിതകഥ പറയുന്ന പുസ്തകത്തിൽ എമോറി യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസർമാരായ ക്ലിഫ്റ്റൺ ക്രയ്‌സും പാമെലസ്‌കെല്ലിയും ഇങ്ങനെ പറയുന്നുണ്ട്:
“പാരീസിലെത്തിയപ്പോഴേക്കും അവളുടെ ശരീരം ദയനീയവും വ്രണാവസ്ഥയിലുമായിരുന്നു.അവളെ ഒരു സാക്ഷാൽ മൃഗത്തെ പോലെയാണ് അവർ പരിഗണിച്ചിരുന്നത്. ഒരു ഘട്ടത്തിൽ മറ്റ് മൃഗങ്ങളെ പോലെ അവളുടെ കഴുത്തിലും കോളർ സ്ഥാപിച്ചിരുന്നു.’ ഫ്രാൻസിലെ ജനത ഏറെ ആവേശത്തോടെയാണ് സാറയെ വരവേറ്റത്. മഞ്ഞ് പെയ്യുന്ന തണുത്തുറഞ്ഞ രാത്രികളിൽ നൂൽബന്ധം പോലുമില്ലാതെ വന്യ
മൃഗങ്ങളോടൊപ്പം അവരിലൊരാളായി സംഭീതയായി കഴിയേണ്ടി വന്നു. മിക്ക ദിവസങ്ങളിലും കാണ്ടാമൃഗത്തോടൊപ്പം ഒരു കൂട്ടിലായിരുന്നു പ്രദർശിപ്പിച്ചിരുന്നുവെന്നത് അവൾ നേരിട്ട ക്രൂരതയുടെ ആഴം കാണിക്കുന്നുണ്ട്. പൂർണ നഗ്നയായാണത്രെ അവളെ പ്രദർശിപ്പിച്ചത്.
അവളുടെ ശാഠ്യത്തിന് വഴങ്ങി ചിലപ്പോഴെങ്കിലും അരക്കെട്ടിനേക്കാൾ അൽപ്പം നീളമുള്ള മുന്‍ഭാഗം മറയ്ക്കാന്‍ മാത്രം ചെറിയ തുണി യവര്‍ അനുവദിച്ചിരുന്നു.പാരീസിലെ എല്ലുകോച്ചുന്ന തണുപ്പിൽ സാറയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരുന്നു. “മൃഗം’ ചത്താലെന്ത് എന്ന് കരുതിയത് കൊണ്ടാവണം, സർക്കസുകാരൻ അവൾക്ക് ശരിയായ പരിചരണം നൽകിയതുമില്ല. അതിനിടെ, അവൾക്ക് ന്യുമോണിയ ബാധിച്ചു. അത് മൂർച്ചിച്ച് 1816ൽ 27 ാം വയസ്സിൽ കൊടിയ ക്രൂരതകൾ സഹിക്കുന്ന കറുത്ത വർഗക്കാരുടെ പ്രതീകമായി അവൾ ലോകത്തോട് വിട പറഞ്ഞു.
മരണാനന്തരവും അവളുടെ ശരീരം മറ കണ്ടില്ല. ജീവിത കാലം പോലെ അവൾ മരണശേഷവും പ്രദർശന വസ്തുവായി തുടർന്നു. ദ്രവീകരണം തടയുന്ന ലേപനങ്ങൾ പുരട്ടി ആ നഗ്ന ശരീരം 1974 വരെ പാരിസ് മ്യൂസിയത്തിൽ സൂക്ഷിക്കുകയാണുണ്ടായത്. പിന്നീട് ഗവേഷണത്തിന്റെ പേരിൽ അവയവങ്ങൾ മുറിച്ച് സൂക്ഷിച്ചു. പ്രകൃതി ശാസ്ത്രജ്ഞനായ ജോർജ് കുവിയർ അവളുടെ ശരീര ഭാഗങ്ങളെ കുറിച്ച് പഠിക്കുകയും മനുഷ്യനും മൃഗങ്ങൾക്കും ഇടയിലുള്ള കണ്ണിയാണ് സാറയെന്ന നിഗമനത്തിലെത്തുകയും ചെയ്തു. ആഫ്രിക്കൻ വംശജർ അമിത ലൈംഗികാസക്തിയുള്ളവരും കുറഞ്ഞ വംശവുമാണെന്ന വാർപ്പുമാതൃക സ്ഥാപിക്കാനും അവളെ ഉപയോഗപ്പെടുത്തി.
1940കളോടെ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മുറവിളികൾ ഉയർന്നു തുടങ്ങി. 1981ൽ പാലിയന്റോളജിസ്റ്റായ സ്റ്റീഫൻ ജയ് ഗൾഡ് രചിച്ച “ദ മിസ്‌മെഷർ ഓഫ് മാനി’ലൂടെയാണ് സാറയുടെ കഥ ലോകം പുനർവായിക്കുന്നത്. ഇതോടെ സാറയുടെ അവകാശങ്ങൾക്കായുള്ള മുറവിളികൾക്ക് ആഗോള പ്രാധാന്യം കൈവന്നു. ഗൊയാൻ വംശജയായ ഡയാന ഫറസ് എഴുതിയ “I have came to take you home’ എന്ന കവിത ഈ പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. 1994ലെ പൊതുതിരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ വിജയത്തോടെ നെൽസൺ മണ്ടേല, സാറയുടെ ഭൗതിക ശരീരം വിട്ടുതരാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് ദേശീയ അസംബ്ലിയിൽ നിരവധി നിയമ പോരാട്ടങ്ങൾക്കും സംവാദങ്ങൾക്കും ശേഷം 2002 മാർച്ച് ആറിന് ഫ്രാൻസ് ഈ അഭ്യർഥന അംഗീകരിച്ചു.
മെയ് ആറിന് ടാംഗൂസ്‌വാലിയിലേക്ക് അവളുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചയച്ചു. ഹാർക്കി പട്ടണത്തിലെ വെർഗാസെറിംഗ്‌സ്‌കോപ്പിലെ കുന്നിൻമുകളിൽ സമ്പൂർണ ബഹുമതികളോടെ അടക്കം ചെയ്തു. 2010ൽ പുറത്തിറങ്ങിയ “ബ്ലാക്ക് വീനസ്’ എന്ന ചലച്ചിത്രം അവളുടെ പച്ചയായ ജീവിതം അങ്ങനെ തന്നെ വരഞ്ഞിടുന്നതാണ്. രാജ്യ ചരിത്രങ്ങളുടെയും വിവിധ വർഗങ്ങളുടെയും പ്രതിനിധിയായ സാറ ബാർട്മാൻ ഇന്ന് ദക്ഷിണാഫ്രിക്കയുടെ ഒരു ബിംബമാണ്. 1999ൽ കേപ്ടൗണിൽ ആരംഭിച്ച ഗാർഹിക പീഡനം അനുഭവിക്കുന്നവർക്കുള്ള അഭയ കേന്ദ്രത്തിന് സാർജി ബാർട്മാൻ സെന്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ഓഫ്‌ഷോർ പ്രകൃതി സംരക്ഷണ കപ്പലിന്റെ പേരും സാറയെന്നാണ്. കേപ്ടൗൺ സർവകലാശാല ക്യാമ്പസിന്റെ മധ്യഭാഗത്തുള്ള ഹാളിന് സാറ ബാർട്മാൻ ഹാൾ എന്ന് പിൽക്കാലത്ത് പുനർനാമകരണം ചെയ്തു..
No comments:
Post a Comment