വേനല്‍ക്കാല പച്ചക്കറിക്കൃഷി പൂര്‍ണമായും ജലസേചനംവഴിയാണ് നിര്‍വഹിക്കുന്നത്. ചൂട് കൂടുകയും വെള്ളക്ഷാമം ഏറുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ പച്ചക്കറിയില്‍ ജലസേചനം ചെയ്യുന്നതില്‍ ചില ശാസ്ത്രീയസമീപനങ്ങള്‍ സ്വീകരിക്കണം. പൊതുവെ പറഞ്ഞാല്‍ പച്ചക്കറിക്ക് ജലസേചനം ചെയ്യുമ്പോള്‍ പലരും ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതു കാണാറില്ല. അത് അനാവശ്യമായ ജലനഷ്ടവും മണ്ണിലെ പോഷകനഷ്ടവും ചിലപ്പോള്‍ ഉല്‍പ്പാദനത്തിനുതന്നെ വിപരീത ഫലവും ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് വെള്ളം നനയ്ക്കുമ്പോള്‍ ഇനിപ്പറയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
മണ്ണില്‍ ജൈവവളസാന്നിധ്യം നല്ലതുപോലെ ഉണ്ടാവണം. ചെടികളുടെ പോഷണത്തിനെന്നതുപോലെതന്നെ ജലസംഗ്രഹണത്തിനും ഇതാവശ്യമാണ്. ഒരു സ്പോഞ്ചുപോലെ നനയ്ക്കുന്ന വെള്ളത്തെ ജൈവവളം സ്വാംശീകരിച്ചുവച്ച് സാവകാശം ചെടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ ഇത് മണ്ണിനെ അയവുള്ളതാക്കുകയും കീഴോട്ടുള്ള വേരുപടലങ്ങളില്‍ വെള്ളം എളുപ്പം ലഭിക്കുന്നതിനും സഹായിക്കും.
നേഴ്സറികളിലും പച്ചക്കറികള്‍ പറിച്ചുനട്ട് ഏതാനും ദിവസങ്ങളിലും അല്‍പ്പമാത്രയളവില്‍ മാത്രമെ വെള്ളം ആവശ്യമുള്ളു. പമ്പുകൊണ്ടോ, കുടമുപയോഗിച്ചോ നനയ്ക്കുമ്പോള്‍ ധാരാളം വെള്ളം ആവശ്യമായി വരും. പകരം പൂപ്പാളി ഉപയോഗിച്ച് നനച്ചുകൊടുക്കുക.
പച്ചക്കറിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലെലാം മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കത്തക്കവിധത്തില്‍ ആവശ്യമായ അളവിലേ വെള്ളം നനയ്ക്കേണ്ടതുള്ളു.
എന്നാല്‍, കൂടുതല്‍ പടര്‍ന്ന് പന്തലിലും നിലത്തും വ്യാപിക്കുമ്പോഴും പൂത്ത് കായകള്‍ ഉണ്ടാവുന്ന സമയത്തും കൂടുതല്‍ വെള്ളം കൊടുക്കണം. ധാരാളം വെള്ളം കൃഷിയിടത്തിലൂടെ ഒഴിച്ച് ഒഴുക്കിവിടുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഇത് മേല്‍മണ്ണിലെ പോഷകഘടകങ്ങള്‍ ഒലിച്ച് നഷ്ടപ്പെടാനും താഴോട്ടിറങ്ങി ചെടിക്ക് പ്രയോജനപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കും. പ്രത്യേകിച്ചും പച്ചക്കറിയില്‍ ഉപരിതല സ്പര്‍ശിയായ വേരുകളാണുള്ളതെന്നതും ശ്രദ്ധിക്കുക.
കൂടുതല്‍ കൃഷിചെയ്യുന്ന ഇടങ്ങളില്‍ തുള്ളി നനരീതി (ഡ്രിപ് ഇറിഗേഷന്‍ മെത്തേഡ്) സ്വീകരിച്ചാല്‍ ചെലവിലും വെള്ളത്തിന്റെ അളവിലും കുറവുണ്ടാക്കാനാകും.
വെള്ളം നനയ്ക്കുമ്പോള്‍ ഇലപ്പടര്‍പ്പുകള്‍ക്ക് മുകളിലൂടെ പതിച്ച് നനയ്ക്കുന്ന ഒരുരീതി കാണാറുണ്ട്. ഇത് രോഗങ്ങളെ പകര്‍ത്താന്‍ ഇടയാക്കും. ചീരയിലെ വെള്ളപ്പൊട്ട്രോഗം, വെള്ളരി വര്‍ഗത്തിലെ പൂര്‍ണ പൂപ്പ്രോഗം എന്നിവ ഇത്തരത്തിലാണ് കൂടുതല്‍ പകരുന്നത്. പരമാവധി മണ്ണില്‍ ഒഴുക്കിനനയ്ക്കാന്‍ ശ്രമിക്കുക.
പച്ചക്കറിക്ക് വെള്ളം നനയ്ക്കുന്ന സമയവും പ്രാധാന്യമര്‍ഹിക്കുന്നു. വേനല്‍ച്ചൂടില്‍ വെള്ളം പെട്ടെന്നുതന്നെ ബാഷ്പീകരിക്കുമെന്നതിനാല്‍ വൈകുന്നേരങ്ങളില്‍ മാത്രം ജലസേചനം ചെയ്യുക.
വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയവ വിളവെടുക്കുന്നതിനും ഏതാനും ദിവസം മുമ്പേ നന നിര്‍ത്തുന്നത് നല്ലതാണ്. അല്ലാത്തപക്ഷം വിളയാനുള്ള കാലദൈര്‍ഘ്യം കൂടാനും ജലാംശം അധികമാകുമ്പോള്‍ എളുപ്പം കേടുവരാനും സാധ്യത ഉണ്ടാകും.
നിലത്തു പടര്‍ന്നുവളരുന്ന ഇനങ്ങളും വഴുതന, വെണ്ട, തക്കാളി തുടങ്ങിയവയും കൃഷിചെയ്യുമ്പോള്‍ പടുരന്നതിനുമുമ്പേ നിലത്ത് കരിയിലയോ മറ്റോ ഇട്ട് പുതകൊടുക്കുന്നത് വെള്ളത്തിന്റെ ബാഷ്പീകരണനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ കായകള്‍ മണ്ണില്‍ നേരിട്ടു പതിഞ്ഞുകിടക്കുമ്പോഴുള്ള രോഗ–കീട ബാധ ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും.
വെള്ളം നനയ്ക്കുമ്പോള്‍ ചിലയിനങ്ങളുടെ വേരുപടലം കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കും. ചെടിയുടെ ചുവട്ടില്‍മാത്രം (കുഴിയില്‍ മാത്രം) ഒഴിക്കുന്നതിനെക്കാള്‍ ഫലപ്രദം വേരുപടലഭാഗങ്ങളില്‍ സ്ഥിരമായി ഈര്‍പ്പം ലഭ്യമാക്കുന്നതരത്തില്‍ നനച്ചുകൊടുക്കുന്നതാണ്..