കത്തുകള്‍ വഴി ആറ് തവണ. ഫോണിലൂടെ അനന്തമായി. നേരിട്ടു മൂന്നു തവണ. ഇത്രയധികം സങ്കീര്‍ണ്ണമായി അഭ്യര്‍ഥിച്ചിട്ടും അപേക്ഷിച്ചിട്ടും ചെറിയാന്റെ പ്രണയം ലിസ തിരിച്ചറിഞ്ഞില്ല.
കത്തുകളില്‍ പ്രണയാഭ്യര്‍ഥനയുടെ നൂതന പരീക്ഷണങ്ങള്‍ നിരവധി നടത്തിയതാണ് ചെറിയാന്‍. ഡിജിറ്റല്‍ യുഗത്തില്‍ പഴയ കമിതാക്കളുടെ മാതിരി പേനകൊണ്ട് കടലാസില്‍ എഴുതിയ പ്രേമലേഖനം നല്‍കിയതു തന്നെ ഒരു പരീക്ഷണമായിരുന്നു. ഓരോ കത്തിലും ചെറിയാന്‍ തന്റെ പ്രേമത്തെക്കുറിച്ച്, മനോഹരവും സുഗന്ധപൂരിതവുമായ സ്വന്തം മനസ്സിനെക്കുറിച്ച്,
ഹൃദയവിശാലതയെക്കുറിച്ച് ഒക്കെ വളരെ കാര്യമായി എഴുതിയിരുന്നെങ്കിലും ലിസക്കൊച്ചിനിളക്കമുണ്ടായില്ല.
എല്ലാ കത്തുകള്‍ക്കും അടിസ്ഥാനപരമായി ഒരേ സ്വഭാവമായിരുന്നു. കൊമേര്‍ഷ്യല്‍ സിനിമ പോലെ ചേരുവകള്‍ പാകത്തിന്. തുടക്കത്തില്‍ കുറച്ചു സാഹിത്യം. പിന്നെ ലിസയുടെ അഴകിന്റെ അപൂര്‍വതകളെക്കുറിച്ചുള്ള വര്‍ണന, അടുത്ത് ഖണ്ഡികയില്‍ സ്വന്തം മാഹാത്മ്യങ്ങള്‍ സാന്ദര്‍ഭികമായെന്നോണം നാടകീയമായി…
എല്ലാ കത്തുകളുടെയും അവസാനഭാഗത്ത് സമാനമായ ചില നിബന്ധനകള്‍ ചെറിയാന്‍ ആവര്‍ത്തിച്ചിരുന്നു. എന്നെ ഇഷ്ടമാണെങ്കില്‍ നാളെ ക്ലാസ്സില്‍ വരുന്പോള്‍ വെള്ളയില്‍ നീല പൂക്കളുള്ള ചുരിദാറും നീല ഷാളും ധരിക്കണം. ലിസയുടെ എല്ലാ വേഷങ്ങളും തന്നെ വിവിധ കത്തുകളിലൂടെ എഴുതി ചോദിച്ചിട്ടും ഒരു ദിവസം പോലും ലിസ ചെറിയാനു വേണ്ടി ഒന്നും ഡെഡിക്കേറ്റ് ചെയ്തില്ല.
തന്റെ കോംബിനേഷന്‍ ഇഷ്ടമാവാത്തതുകൊണ്ടാണ് തന്നെ ഇഷ്ടമാണെന്ന് സമ്മതിക്കുന്ന ചുരിദാര്‍ ധരിക്കാന്‍ അവള്‍ വൈകുന്നതെന്ന് സ്വയം ആശ്വസിച്ച് ചെറിയാന്‍ ചുരിദാര്‍ എടുത്തു പറയുന്നത് നിര്‍ത്തി. ഏതെങ്കിലും ചുവന്ന ചുരിദാര്‍, നീലയോ പച്ചയോ ചുരിദാര്‍ എന്നിങ്ങനെ ഭയങ്കരമായ കോംപ്രമൈസുകള്‍ക്ക് ചെറിയാന്‍ വിധേയനായി. താനയക്കുന്ന കത്തുകളൊക്കെ കൃത്യമായി അവള്‍ക്കു കിട്ടുന്നുണ്ടെന്ന് ചെറിയാനുറപ്പായത് അങ്ങനെയാണ്. താന്‍ നിര്‍ദേശിക്കുന്ന കളര്‍ റേഞ്ചിലുള്ള വേഷം ധരിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിക്കുന്നതിലെ ഡെഡിക്കേഷന്‍ ചെറിയാനെ ആകർഷിച്ചു.
എങ്കില്‍ രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ എന്നുറപ്പിച്ച ചെറിയാന്‍ ഒടുവില്‍ എഴുതി- നാളെ ഏതു ചുരിദാറിട്ടു വന്നാലും ലിസയ്ക്ക് എന്നെ ഇഷ്ടമാണെന്ന് ഞാന്‍ വിശ്വസിക്കും ! കടുത്ത എതിര്‍പ്പുണ്ടെങ്കില്‍ അവള്‍ വരാതിരുന്നേക്കുമെന്ന് അവന്‍ ഭയപ്പെട്ടു. പക്ഷെ അവള്‍ വന്നു. ലിസ ജീവിതത്തില്‍ ആദ്യമായി സാരിയുടുക്കുന്നത് അന്നായിരുന്നു. തന്റെ ഉദ്യമങ്ങളെല്ലാം പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണെന്ന് അതോടെ ചെറിയാനു ബോധ്യമായി.
പ്രണയനൈരാശ്യം ബാധിച്ച ചെറിയാനെ അതിന്റെ പേരില്‍ കൂട്ടുകാര്‍ ചൊറിയാന്‍ തുടങ്ങി. അങ്ങനെ അവള്‍ മാത്രം മിടുക്കിയായാല്‍ പറ്റില്ലല്ലോ എന്നായി ക്രിയാത്മകചിന്ത. റോഡില്‍ വച്ച് ചുംബിക്കുന്നതിനെക്കുറിച്ചും വീട്ടില്‍ ചെന്ന് വിവാഹമാലോചിക്കുന്നതിനെക്കുറിച്ചും പറ്റിയാല്‍ ഒന്നു റേപ്പ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ ഹോസ്ററല്‍മുറിയിലിരുന്ന് ചര്‍ച്ച ചെയ്തു. ഒടുവില്‍ ലളിതമായ ഒരു പ്രതിവിധി കണ്ടെത്തി.
ഹോസ്റ്റലിന്റെ ചരിത്രാതീതകാലം മുതല്‍ ഇടനാഴിയിലെ കയറില്‍ ആരോ ഉണങ്ങാനിട്ടിരുന്ന മെന്‍സ് ഹോസ്റ്റലിന്റെ എംബ്ലമായിരുന്ന ജട്ടിയായിരുന്നു സംഗതി. ജട്ടിയെ ജട്ടിയെന്നു വിളിക്കാന്‍ അതിന്റെ രൂപം മാത്രമേയുണ്ടായിരുന്നുള്ളൂ. പഴക്കം കൊണ്ടുണ്ടായ വൈരൂപ്യത്തിനു പുറമേ അതില്‍ ഉപയോഗത്തിന്റെ മഹിമകൊണ്ട് ധാരാളം ദ്വാരങ്ങളുമുണ്ടായിരുന്നു. അവര്‍ എബ്ലം കയറില്‍ നിന്നെടുത്തു. ഒരു ബോട്ടില്‍ പശയില്‍ അത് മുക്കിയെടുത്തു, സുഗനധം പൂശി ഉണങ്ങാനിട്ടു.
ഉണങ്ങിവന്നപ്പോള്‍ മഹത്തായ കലാസൃഷ്ടിപോലെ അത് ദൃഡമായിരുന്നു. ഒരു കടലാസ് പെട്ടിയില്‍ അതിനെ പായ്ക്ക് ചെയ്ത് റെഡിയാക്കി. പുറത്ത് ലിസയുടെ വിലാസമെഴുതി. വടിവൊത്ത അക്ഷരങ്ങളില്‍ ഫ്രം വിലാസത്തില്‍ ചെറിയാന്റെയും.
പോസ്റ്റ് !
ലിസ ഗിഫ്ട് പായ്ക്കറ്റ് കൈപ്പറ്റുന്നതും തുറന്നു നോക്കുന്നതും ഞെട്ടുന്നതും ചെറിയാന്റെ പേരു കണ്ട് കലികൊള്ളുന്നതും പ്രിന്‍സിപ്പലിന്റെ അടുത്ത് പരാതിപ്പെടുന്നതുമായ രംഗങ്ങള്‍ പലകുറി ഹോസ്റ്റലിലെ മുറികളില്‍ അവതരിപ്പിക്കപ്പെട്ടു.
പക്ഷെ പ്രതീക്ഷയില്‍ നിന്ന് വിപരീതമായി ലിസ പരാതിപ്പെട്ടില്ല. ചെറിയാനെ കണ്ടപ്പോള്‍ ഭാവമാറ്റം കാണിച്ചുമില്ല. ചെറിയാന് മൂഡു പോയി. സാധനം ലിസയുടെ കയ്യില്‍ തന്നെ ഡെലിവര്‍ ചെയ്തതായി പോസറ്റ്മാനെ കണ്ട് ഉറപ്പുവരുത്തി. പിന്നെയീ പെണ്ണനിനെന്തു പറ്റി ? ചെറിയാനെല്ലാറ്റിനോടും വിരക്തിയായി.
ക്ലാസ്സ് കഴിയാറായി.
അവസാനത്തെ ദിവസവും കഴിഞ്ഞ് വീട്ടിലേക്കു പോവുന്പോള്‍ വഴിയില്‍ ലിസ അവനെ കാത്തുനിന്നിരുന്നു. ഇത് മറ്റതിനുള്ള മറുപടിയാണ് !
ചെറിയാനെ തനിയെ വിട്ടിട്ട് കൂട്ടുകാര്‍ പിന്നില്‍ ശ്വാസമടക്കി കാത്തു നിന്നു.
അവള്‍ ചെരുപ്പൂരി അടിക്കുമോ ?ചിലപ്പോള്‍ അവളുടെ പഴയത് വല്ലതും കൊടുക്കുമായിരിക്കും…
സ്തോഭജനകമായ നിമിഷങ്ങള്‍ കടന്നുപോയി. ഒന്നും സംഭവിച്ചില്ല. ചെറിയാനെ ആദ്യം കാണുന്നതു പോലെ നോക്കി നിന്ന ലിസ ഒരു കത്ത് അവന് നീട്ടി. അത് വാങ്ങി പോവാന്‍ ഭാവിച്ചപ്പോള്‍ അവള്‍ പറഞ്ഞു അതിൽ ഒന്നും എഴുതിയിട്ടില്ല !
ചെറിയാന് ശങ്കിച്ചു നിന്നു. അവന്റെ കണ്ണില്‍ നോക്കിക്കൊണ്ട് ലിസ ഉറച്ചു പറഞ്ഞു- പിന്നേ… രണ്ടാഴ്ച മുന്പ് ഇയാളുടെ പേരില്‍ എനിക്കൊരു സാധനം കിട്ടിയിരുന്നു… ഹോസ്റ്റലിലുള്ള ആരോ അയച്ചതാ.. ഇയാളുടെ പേരുപയോഗിച്ചതിലേ എനിക്കു സങ്കടമുള്ളൂ… കൂട്ടുകാരെയൊന്നും വിശ്വസിക്കണ്ടാ കേട്ടോ ?
കേട്ടെങ്കിലും ചെറിയാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇവളിത്ര മണ്ടിയാണോ ? ഇനി ബോംബ് അയച്ചുകൊടുക്കനമായിരിക്കും.
തിരിഞ്ഞു നടക്കാന്‍ ഭാവിക്കുന്പോള്‍ അവള്‍ പറഞ്ഞു-പിന്നേ.. കൂട്ടുകാരോട് പറഞ്ഞേരേ ലിസയ്ക് ചോദിക്കാനും പറയാനും ഇയാളുണ്ടെന്ന് !
പെട്ടെന്ന് ചെറിയാന് അതിന്റെ പൊരുള്‍ മനസ്സിലായില്ല. ഇവനിത്ര മണ്ടനാണോ എന്നു വിചാരിച്ച് നാണം ഭാവിച്ച് ലിസമോള്‍ നടന്നകലുവോളം പൊരുള്‍ മനസ്സിലായ ചെറിയാന് ബോധം വീണില്ല.
No comments:
Post a Comment