എസ്.ഐ. ആയി പോസ്റ്റിങ് കിട്ടി നാലാം മാസമായിരുന്നു ജോര്‍ജിന്റെ കല്യാണം. സുന്ദരിയായ മേഴ്സി ജോര്‍ജിന്റെ ജീവിതത്തില്‍ പ്രണയവര്‍ണങ്ങള്‍ വാരിവിതറി. തിരുവനന്തപുരത്തായിരുന്ന ജോര്‍ജിനെ കാസര്‍കോട്ടേക്കും പിന്നെ സ്വന്തം നാടായ കോട്ടയത്തേക്കും ട്രാന്‍സ്ഫര്‍ ചെയ്തു സര്‍ക്കാര്‍ ജോലി പൂര്‍ത്തിയാക്കി. എന്നാല്‍ ജോലി പൂര്‍ത്തിയാക്കാതെ തന്നെ പല ദിവസങ്ങളിലും ജോര്‍ജ് മേഴ്സിയെയും കൂട്ടി കോട്ടയം പട്ടണത്തിലൂടെ കറങ്ങി.
തന്റെ ഭാര്യ തീര്‍ച്ചയായും അസൂയാവഹമായ രീതിയില്‍ സുന്ദരിയാണെന്ന് ജോര്‍ജിനു തോന്നിയത് ഈ സമയങ്ങളിലാണ്. മേഴ്സിയെ തൊട്ടുതലോടി കടന്നു പോവുന്ന നോട്ടങ്ങളിലെ ആരാധന അവളെക്കാള്‍ നന്നായി ജോര്‍ജ് തിരിച്ചറിഞ്ഞിരുന്നു.
പ്രമാദമായ പല കേസുകളും തെളിയിച്ചതിന്റെ ക്രെഡിറ്റ് തന്റെ പേരിലുണ്ടാവണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന ജോര്‍ജ് തന്റെ തെളിയിക്കപ്പെടാത്ത കൊലക്കേസ് ഡയറികള്‍ ഒന്നൊന്നായി ചികഞ്ഞെടുത്തു. സ് റ്റേഷനിലെ റൈറ്റര്‍ സൈമണ്‍ പുറത്തു പോയി നിന്നു ചിരിച്ചു. പ്രമാദമായ കൊലക്കേസുകള്‍, മോഷണക്കേസുകള്‍, ബലാല്‍സംഗ-സ്ത്രീപീഡനക്കേസുകള്‍ … എല്ലാം പുനരന്വേഷണത്തിനു ശേഷം അതേ പോലെ തന്നെ ജോര്‍ജ് തിരികെ വച്ചു. വെറുതെ ചൊറിയാന്‍ കേസുകളെക്കുറിച്ചു ചോദിച്ച സൈമണെ നോക്കി ജോര്‍ജ് വികാരാധീനനായി.- ഇതൊക്കെ നിസ്സാരമല്ലേ… എല്ലാം ഞാന്‍ തന്നെ തെളിയിച്ചാല്‍ പിന്നെ ഇനി വരുന്നവര്‍ക്കും ഇവിടെ എന്തെങ്കിലും പണി വേണ്ടെ… ഈ രാജ്യത്ത് അടിയന്തിരമായി പരിഹരിക്കേണ്ടതായി കിടക്കുന്ന വേറെ നൂറുകണക്കിനു പ്രശ്നങ്ങളിലാണ് ഇനി ഞാന്‍ ശ്രദ്ധിക്കുന്നത്… അഴിമതി.. രാഷ്ട്രീയകൊലപാതകങ്ങള്‍… തീവ്രവാദം !
സൈമണ്‍ വിട്ടു.
അങ്ങനെ വര്‍ഷം രണ്ടു കഴിഞ്ഞു. മേഴ്സി എന്ന ഭാര്യ അമ്മയായപ്പോള്‍ കൂടുതല്‍ സുന്ദരിയായി. അയല്‍പക്കത്തെ ചെറുപ്പക്കാരുടെ ആരാധന നിറഞ്ഞ കണ്ണുകള്‍ ഇടയ്ക്കിടെ എസ്.ജോര്‍ജിന്റെ വീട്ടുമുറ്റത്തേക്ക് അറിയാതെ പാറിവീണുകൊണ്ടിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ പതിവു പട്രോളിങ്ങിനിടയില്‍ ഒരു ദിവസം തെക്കോട്ടുള്ള ബസുകള്‍ കിടക്കുന്ന പ്ലാറ്റ്ഫോമിനരികെ സംശയാസ്പദമായ രീതിയില്‍ കണ്ട യുവാവിനെ എസ്.ഐ.ജോര്‍ജ് പിടിച്ചു- ഹു ആര്‍ യു ?
ഒരു യാത്രക്കാരന്‍ ! -ചെറുപ്പക്കാരന്‍ പരുങ്ങി.
എവിടെയാണ് നിന്റെ വീട് ?
കോഴിക്കോട് ചെറൂപ്പേല്..
എങ്ങോട്ടാണ് യാത്ര ?
ഉത്തരം പറയും മുമ്പേ ചെറൂപ്പക്കാരന്‍ ഓടാന്‍ ഭാവിച്ചു. കരുത്തനായ എസ്.ഐയുടെ കൈത്തലങ്ങള്‍ അവനെ അടിച്ചു താഴെയിട്ടു.
ഇന്‍ക്രെഡിബിള്‍ !
അവന്റെ പോക്കറ്റില്‍ നിന്ന് ഏതാനും പേഴ്ലുകള്‍ താഴെ വീണു. ആദ്യം ജോര്‍ജിനു സങ്കടം തോന്നി. കര്‍ത്താവേ! ജീവിക്കാന്‍ വേണ്ടി പേഴ്സ് വിറ്റു നടക്കുന്ന ഒരു പാവപ്പെട്ടവനെയാണല്ലോ ഞാനടിച്ചു വീഴ്ത്തിയത്. പിന്നെയാണ് പോക്കറ്റടിയുടെ അനന്തസാധ്യതകളെക്കുറിച്ച് ജോര്‍ജ് ചിന്തിച്ചത്. നിലത്തു കിടന്ന പേഴ്സുകള്‍ ഓരോന്നായി ജോര്‍ജ് പെറുക്കിയെടുത്തു.
ചുറ്റും ആളു കൂടി. പേഴ്സുകള്‍ കൈയ്യില്‍ നിരത്തിപ്പിടിച്ച് ജോര്‍ജ് ചെറൂപ്പക്കാരനെ നോക്കി. ചെറൂപ്പക്കരന്‍ മിന്നല്‍വേഗത്തിലെണീറ്റു പാഞ്ഞു.
പാവം ജോര്‍ജിനെ നോക്കി ജനം ചിരിച്ചു. താന്‍ തോറ്റിട്ടില്ല എന്നു സ്ഥാപിക്കാന്‍ എസ്.ഐ.ജോര്‍ജ് പറഞ്ഞു- അല്ലെങ്കിലും എനിക്കു വേണ്ടത് അവനെയല്ല.. ഈ പേഴ്സുകളായിരുന്നു…!
ഞാന്‍ പറഞ്ഞില്ലേടാ… അവന്‍മാര്‍ ഒത്തുകളിയാ…-ഒരു ജനം പറഞ്ഞു- അവന്‍ അടിച്ചോണ്ടു വന്ന പേഴ്സുകള്‍ വാങ്ങിയിട്ട് പിന്നേം വിട്ടിരിക്കുവാ… കൃഷിയല്ലേ.. നമ്മള്‍ നാട്ടുകാരു തന്നെ കൈകാര്യം ചെയ്യേണ്ടി വരും. കാലാവസ്ഥ മോശമാകുന്നത് കണ്ട് ജോര്‍ജ് പിന്‍വാങ്ങി. സ്റ്റേഷനിലെത്തി പേഴ്സുകള്‍ പരിശോധിച്ചു. ഒന്നിലും പൈസയില്ല. കുറെ വിസിറ്റിങ് കാര്‍ഡുകള്‍, തുണ്ടുകടലാസുകള്‍, പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍, ഫോണ്‍ നമ്പരുകള്‍. പുരുഷന്മാരുടെ പേഴ്ലിന് ഒരേ സ്വഭാവമാണെന്ന് ജോര്‍ജിനു തോന്നി.
അവസാനത്തെ പേഴ്സ് പരിശോധനക്കെടുത്ത ജോര്‍ജ് ഞെട്ടി. അതിന്റെ ഉള്ളില്‍ വളരെ വ്യക്തമായി കാണാവുന്ന പാകത്തില്‍ തന്റെ ഭാര്യയുടെ ഫോട്ടോ. ജോര്‍ജ് വിയര്‍ത്തു. കൈകള്‍ വിറച്ചു. ആ പേഴ്സ് അടിമുടി പരിശോധിച്ചു. ആ ഫോട്ടോയും 27.50 പൈസയ്ക്ക് യാത്ര ചെയ്തതിന്റെ കെ.എസ്.ആര്‍.ടി.സി. ബസ് ടിക്കറ്റുമല്ലാതെ യാതൊന്നും അതിലുണ്ടായിരുന്നില്ല. അത് തന്റെ ഭാര്യ മേഴ്സി തന്നെയാണെന്ന് ജോര്‍ജ് ഉറപ്പു വരുത്തി. അതെ, ഇത് തന്റെ വീട്ടിലെ ആല്‍ബത്തിലിരുന്ന ചിത്രമാണ്. അതോ മേഴ്സിയെപ്പോലെ മറ്റാരെങ്കിലും…
ജോര്‍ജ് ഫോണെടുത്തു ഭാര്യയെ വിളിച്ചു- മോളെ നിന്നെപ്പോലെ കുടുംബത്തില്‍ വേറെയാരെങ്കിലും ?
നെവര്‍..ഞാന്‍ ഞാന്‍ മാത്രമാണ്..ന്തേ വേറെ വേണോ ?
നോ..നോ.. വഴിയില്‍ ഇന്ന് നിന്റെ ഛായയുള്ള ഒരുത്തിയെ കണ്ടു.. അപ്പോള്‍ വെറുതെ ചേദിച്ചുവെന്നു മാത്രം !
ജോര്‍ജ് ഫോണ്‍ വച്ചു. വിറയോടിരുന്നു. ഇപ്പോള്‍ ചിത്രം വ്യക്തമാണ്. വീട്ടിലെ ആല്‍ബത്തിലിരുന്ന ചിത്രം അവള്‍ ആര്‍ക്കോ നല്‍കിയിരിക്കുന്നു. അവന്റെ പേഴ്സ് ആണ് പോക്കറ്റടിക്കരാന്റെ കൈയ്യില്‍ നിന്ന് തനിക്ക് ലഭിച്ചത്. ജോര്‍ജ് നേരേ കണ്‍ ട്രോള്‍ റൂമില്‍ വിളിച്ചു. പോക്കറ്റടിക്കാരന്റെ ലക്ഷണങ്ങള്‍ പറഞ്ഞു കൊടുത്തു.
ഇവനെ ഉടനെ പൊക്കണം.. തീവ്രവാദിയാണോ എന്നു സംശയമുണ്ട്…
രാത്രിയാണെങ്കിലും ജോര്‍ജിന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പേഴ്സില്‍ നിന്നു കിട്ടിയ അവശേഷിക്കുന്ന തെളിവായ ബസ് ടിക്കറ്റുമായി കെ. എസ്. ആര്‍. ടി. സി. സ്ററേഷനില്‍ ചെന്നു.-
ഈ ടിക്കറ്റ് ആര് എങ്ങോട്ടെടുത്തു അയാള്‍ എവിടെയിറങ്ങി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ പറ്റുമോ ?
എന്‍ക്വയറിയാശാന്‍ അഴികള്‍ക്കിടയിലൂടെ നോക്കി- നിങ്ങള്‍ പൊലീസുകാരന്‍ തന്നെയല്ലേ ?
ജോര്‍ജ് മടങ്ങി. കലുഷിതമായിരുന്നു അയാളുടെ മനം. വീട്ടില്‍ മേഴ്സി തനിച്ചാണ്. അയല്‍പക്കത്തെ വീടുകളിലെല്ലാം ചെറുപ്പക്കാര്‍. അവരില്‍ ആരുടേതായിരിക്കും ഈ പേഴ്സ് ?
അതോ ദൂരെയെവിടെയെങ്കിലുമുള്ള ആരെങ്കിലുമാണോ ? വിവാഹത്തിനു മുമ്പേ ഉള്ള ബന്ധമായിരുന്നിരിക്കാം. മറക്കാന്‍ തീരുമാനിച്ച് പിരിഞ്ഞതാവാം ഇരുവരും. പിരിയാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ പിന്നെയും… ജോര്‍ജ് സ് റ്റേഷനില്‍ മടങ്ങിയെത്തി മേശമേല്‍ തല വച്ചു കിടന്നു.
ഫോണ്‍ ബെല്ലടിച്ചു. കണ്‍ ട്രോള്‍ റൂമില്‍ നിന്നാവും. ജോര്‍ജ് പ്രതീക്ഷയോടെ ഫോണെടുത്തു. മേഴ്സിയായിരുന്നു.-അച്ചായന്‍ ഇന്നു വരുന്നില്ലയോ ? ഹും.. ഞാന്‍ വരുന്നില്ലെങ്കില്‍ വരാന്‍ വേറെയാളുണ്ടാവും..-ജോര്‍ജ് മനസ്സില്‍ പറഞ്ഞു. നിമിഷങ്ങള്ക്കകം കണ്‍ ട്രോള്‍ റൂമില്‍ നിന്നു വിളിച്ചു- പ്രതി പിടിയില്‍. പ്രതിയെ ഹാജരാക്കിയപ്പോള്‍ ജോര്‍ജ് വിറ കൊണ്ടു- നിനക്കെവിടെ നിന്നു കിട്ടി ഈ പേഴ്സ് ? സംഗതി വേറെ ലൈനാണെന്ന് പ്രതിക്കു മനസ്സിലായി-നെടുമ്പാശ്ശേരി വിമാനത്താവളത്തീന്ന് !
സത്യം പറയെടാ !
പാലാ കുരിശുപള്ളീടെ മുന്നീന്നാണേ !!
പത്തു മിനിട്ടു കൊണ്ട് വേറെ 15 സ്ഥലങ്ങള്‍ കൂടി പറഞ്ഞിട്ട് പ്രതി ലോക്കപ്പില്‍ കിടന്നുറങ്ങാന്‍ പോയി. എസ്.ഐ.ജോര്‍ജ് ഉറക്കമില്ലാതെ ഒരാഴ്ച പിന്നിട്ടു. ഇടയ്ക്ക് കോളനിയിലെ ഒരു മോഷണക്കേസില്‍ സംശയമുണ്ടെന്നു പറഞ്ഞ് അടുത്തുള്ള വീടുകളിലെ മുഴുവന്‍ ചെറുപ്പക്കാരെയും കൊണ്ടു വന്നു മർദ്ദിച്ചതിന് എസ് പി യുടെ ശാസനയും കിട്ടി. ഭാര്യയും ജോലിയുമില്ലാത്ത ജീവിതമാണ് മുന്നിലുള്ളതെന്ന് ജോര്‍ജിനു തോന്നി.
ഒടുവില്‍ ഒരു ഞായറാഴ്ച പള്ളിയില്‍ പോയി വന്ന ജോര്‍ജ് പേഴ്സുമായി മേഴ്ലസിയെ സമീപിച്ചു- ഇത് നീ കണ്ടിട്ടുണ്ടോ ?
അവളുടെ മുഖത്ത് വിവിധഭാവങ്ങളൊന്നും മിന്നിമറഞ്ഞില്ല. അവള്‍ ഓര്‍ത്തു നോക്കി.
കണ്ടിട്ടുള്ളതു പോലെ… !
മിടുക്കി. സഹകരിക്കുന്നുണ്ട്. പോക്കറ്റില്‍ നിന്ന് ഫോട്ടോ കൂടി എടുത്തു- ഇതോ ?
യ്യോ ?..ഇതു ഞാനല്ലേ ? ശൊ ! അന്നൊക്കെ ഞാനെന്തു ഭംഗിയായിരുന്നല്ലേ ?
ആരെടുത്തതാണീ ഫോട്ടോ ?
യ്യോ ! ഇതച്ചായനെടുത്തതല്ലേ ? മൂന്നാറില്‍ വച്ച് …ഇത് നമ്മുടെ ആല്‍ബത്തിലുണ്ടായിരുന്നല്ലോ… ഇപ്പോ എവിടുന്നു കിട്ടി ?
നീയിതാര്‍ക്കാണ് കൊടുത്തത് ?
ആര്‍ക്കു കൊടുക്കാന്‍ … കല്യാണം കഴിഞ്ഞ് കോട്ടയത്ത് പോസ്റ്റിങ് കിട്ടിയപ്പോള്‍ അച്ചായനല്ലേ അത് പേഴ്സില്‍ വയ്ക്കാനെടുത്തോണ്ടു പോയത്.. ആ പേഴ്സ് അച്ചായന്റെ കൈയ്യീന്ന് പോക്കറ്റടിച്ചു പോയിരുന്നല്ലോ … ഇതു തന്നെയാണല്ലോ ആ പേഴ്സ് .. ഇപ്പൊ ഇതൊക്കെ എവിടുന്നു കിട്ടി ?
ജോര്‍ജിന്റെ മനസ്സിലൂടെ ഒരു വെളിച്ചം കടന്നു പോയി. ദൈവമേ ഒരു വര്‍ഷം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് തന്നെ മോഷണം പോയ പേഴ്സാണല്ലോ ഇത്. തന്റെ ഭാര്യയെ സംശയിച്ചു പോയതില്‍ ജോര്‍ജിനു കുറ്റബോധം തോന്നി.
ഈ പേഴ്സ്… ഇത് ഞാന്‍ വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയതാണ്… നിനക്ക് ഒരു സര്‍ പ്രൈസാകട്ടെയെന്ന് കരുതി പൊലീസ് രീതിയില്‍ ചോദിച്ചതല്ലേ !
ദൃഢമായ ആലിംഗനത്തിലമര്‍ന്ന് കൂടുതല്‍ ദൃഢമായ ബന്ധത്തിന്റെ കുളിര്‍മയില്‍ സ്വയം മറന്ന ജോര്‍ജിനൊപ്പം മുറിയിലേക്കു കയറുമ്പോള്‍ മതിലിനപ്പുറത്തു നിന്ന് ആശ്വാസത്തോടെ ചിരിച്ച ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കാന്‍ അവള്‍ മറന്നില്ല.
No comments:
Post a Comment